National
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് മുൻഗണനയെന്നു സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ.
പശ്ചിമേഷ്യയിലെ യുദ്ധം മൂലം തടസപ്പെട്ട എണ്ണ, എൽപിജി ലഭ്യത ഉറപ്പാക്കാനും രാജ്യത്ത് ഉത്പാദനം കൂട്ടാനും നടപടിയെടുത്തുവെന്നും കേന്ദ്രമന്ത്രിമാർ യോഗത്തിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇല്ലാതിരുന്ന സർവകക്ഷി യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഡോ. എസ്. ജയശങ്കർ, നിർമല സീതാരാമൻ, കിരണ്‍ റിജിജു തുടങ്ങിയവർ പങ്കെടുത്തു.
പാർലമെന്റ് സമ്മേളനം നടക്കുന്പോൾ പ്രശ്നം സഭയിൽ ചർച്ച ചെയ്യാതെ കോണ്‍ഫറൻസ് റൂമിൽ സംസാരിക്കുന്നതിൽ പ്രതിഷേധിച്ച് തൃണമൂൽ കോണ്‍ഗ്രസ് സർവകക്ഷി യോഗം ബഹിഷ്കരിച്ചു.
സോണിയ ഗാന്ധി ആശുപത്രിയിലായതിനാൽ രാഹുൽ ഗാന്ധിയും, കേരളത്തിലായതിനാൽ മല്ലികാർജുൻ ഖാർഗെയും എത്തിയില്ല.
കേരളത്തിൽനിന്നുള്ള പാർട്ടി നേതാക്കളെല്ലാം തെരഞ്ഞെടുപ്പു പ്രചാരണത്തിലായതിനാൽ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് മാത്രമാണു മലയാളി എംപിമാരിൽ ഇന്നലെ സർവകക്ഷി യോഗത്തിനെത്തിയത്.
കോണ്‍ഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, താരിഖ് അൻവർ, ജെഡിയുവിലെ രാജീവ് രഞ്ജൻ സിംഗ്, എസ്പിയുടെ ധർമേന്ദ്ര യാദവ്, ബിജെഡിയിലെ സസ്മിത് പത്ര തുടങ്ങിയവരും പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തിനെത്തി.
ഹോർമുസ് കടലിടുക്കു വഴി കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ അറിയിച്ചു. രണ്ടു കപ്പലുകളെത്തിയത് ഇന്ത്യയുടെ നയതന്ത്രവിജയമാണെന്നും അവകാശപ്പെട്ടു. പശ്ചിമേഷ്യയിലെ പ്രതിസന്ധി ആശങ്കാജനകമാണെന്ന് നേരത്തേ ലോക്സഭയിലും രാജ്യസഭയിലും നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
National
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഭേദഗതി ചെയ്യുന്നതിനുള്ള സമവായ ശ്രമങ്ങളിലേക്കു കടന്ന് കേന്ദ്രസര്‍ക്കാര്‍. 2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും അംഗബലം വര്‍ധിപ്പിക്കുകയെന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടിവച്ചിരിക്കുന്നത്.
ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ല്‍ നിന്ന് 816 ആക്കുന്നതോടെ വനിതകൾക്കു മതിയായ പ്രാതിനിധ്യം ഉറപ്പാനാകുമെന്നാണ് സർക്കാർ വാദം.
2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തുന്നതോടെ സീറ്റുകളുടെ 816 ആയി ഉയരും. ഇതില്‍ 273 എണ്ണം വനിതാസംവരണ മണ്ഡലങ്ങളാകുമെന്നും കരുതുന്നു. ഇതനുസരിച്ച് കേരളത്തില്‍ ലോക്സഭാ സീറ്റുകള്‍ മുപ്പതായും നിയമസഭാ സീറ്റുകള്‍ 210 ആയും ഉയരും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ആദ്യയോഗത്തില്‍ ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എന്‍സിപി (എസ്പി) ശിവസേന (യുബിറ്റി) എഐഎംഐഎം എന്നീ കക്ഷികളാണ് പങ്കെടുത്തത്.
കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികളെ വരുംദിവസങ്ങളിൽ അമിത് ഷാ കാണും. സ്ത്രീകള്‍ക്കു 33 ശതമാനം സീറ്റുകള്‍ സംവരണം ഉറപ്പാക്കാത്തതെ ന്താണെന്ന് കേന്ദ്രസര്‍ക്കാരിനോട് അടുത്തിടെ സുപ്രീംകോടതി ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചർച്ചകൾ വേഗത്തിലാക്കിയത്.
Kerala
കോട്ടയം: രാജ്യത്ത് ഗാര്‍ഹിക- വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ പ്രതിസന്ധി സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് സത്യാവസ്ഥ വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ മാണി എംപി.
സിലിണ്ടര്‍ വിതരണത്തിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാന്‍ പ്രായോഗിക നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഡിജിറ്റൽ ഡാറ്റാ സംരക്ഷണത്തിലൂടെ (ഡിപിഡിപി) വിവരാവകാശ നിയമത്തിൽ (ആർടിഐ) ഭേദഗതി വരുത്തിയതു സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി.
വിഷയം സങ്കീർണവും അതീവ സംവേദനക്ഷമതയുമുള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഭേദഗതി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്.
വിഷയം ഇരുഭാഗങ്ങളിലെയും മൗലികാവകാശങ്ങളെ സ്പർശിക്കുന്നതാണെന്നു വ്യക്തമാക്കിയ പരമോന്നത കോടതി വിഷയത്തിൽ പ്രതികരണം തേടി കേന്ദ്രസർക്കാരിനു നോട്ടീസ് അയച്ചിട്ടുണ്ട്.
ഡിപിഡിപിയുടെ വിവിധ വ്യവസ്ഥകൾ വിവരാവകാശ നിയമപ്രകാരം തേടുന്ന ‘വ്യക്തിഗത’ സ്വഭാവമുള്ള വിവരങ്ങൾ തടഞ്ഞുവയ്ക്കുന്നതിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകരും സംഘടനകളും സമർപ്പിച്ച ഹർജികളാണു കോടതി പരിഗണിച്ചത്.
ഡിപിഡിപിയുടെ വിവിധ വ്യവസ്ഥകൾ ആർടിഐയുടെ ഭേദഗതിക്കു കാരണമാകുന്നതിനാൽ ഡിപിഡിപിയുടെ ഭരണഘടനാസാധുതയെയും ഹർജികളിൽ ചോദ്യം ചെയ്തു.
ഹർജിക്കാരിലൊരാൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ആർടിഐയും സ്വകാര്യതയും തമ്മിൽ സന്തുലിതമാക്കുന്നതിനുള്ള ചട്ടക്കൂട് ഇതിനോടകം സുപ്രീംകോടതി തയാറാക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയെങ്കിലും പുതിയ നിയമചട്ടക്കൂട് പുതിയതും ആഴത്തിലുമുള്ള വിശകലനത്തിനു വിധേയമാക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി. വിഷയം സുപ്രീംകോടതി ഇനി മാർച്ചിൽ പരിഗണിക്കും.
District News
കൊച്ചി: കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം പൂര്‍ണമായി പൂര്‍ത്തിയാക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടനം നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തട്ടിപ്പാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. നൂറു രോഗികള്‍ക്കുപോലും ചികിത്സ നല്‍കാനുള്ള സംവിധാനങ്ങളും സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ശിലയിട്ട പദ്ധതി 10 വര്‍ഷം കഴിഞ്ഞിട്ടും മൂന്നു നിലകളില്‍ പോലും സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 370 രോഗികളെ കിടത്തി ചികിത്സിക്കാന്‍ 1,247 ജീവനക്കാരെ നിയമിക്കണമായിരുന്നു. അധികബാധ്യതയെന്ന പേരില്‍ അത് വെട്ടിക്കുറച്ചു. 159 പേരെയും അധികമായി 14 പേരെയും നിയമിക്കണമെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. നിയമനം നടത്തിയിട്ടില്ലെന്നും ഷിയാസ് പറഞ്ഞു.
അതിവേഗ റെയിലിനായി മെട്രോമാന് ഇ.ശ്രീധരന്റെ സേവനം വിനിയോഗിക്കുന്നതില്‍ സിപിഎമ്മും മന്ത്രി പി.രാജീവും ഇരട്ടത്താപ്പ് കാണിക്കുകയാണ്. ശ്രീധരന് അവതരിപ്പിച്ച അതിവേഗ റെയില്‍ പദ്ധതിയെ എതിര്‍ക്കുകയാണ് ഇപ്പോള്‍ അവര്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ സേവനം ഉപയോഗിക്കാന്‍ സിപിഎം തയാറല്ലെന്നും അദ്ദേഹം ആരോപിച്ചു.
Kerala
തിരുവനന്തപുരം: മഹാമാരിയും പ്രകൃതിദുരന്തങ്ങളും നേരിട്ട സന്ദർഭത്തിൽ വിവിധ രാജ്യങ്ങൾ നൽകാനിരുന്ന ദുരിതാശ്വാസ സഹായം കേന്ദ്രസർക്കാരിന്റെ പിടിവാശി മൂലം നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ചില രാജ്യത്തിലെ ഭരണാധികാരികൾ കേരളത്തിനു സഹായം നൽകാനായി മുന്നോട്ടു വന്നിരുന്നു. പക്ഷേ കേന്ദ്ര സർക്കാർ അത്തരം സഹായങ്ങൾ സ്വീകരിക്കില്ലായെന്നു കർക്കശ നിലപാട് എടുത്തതിന്റെ ഭാഗമായി അവ കേരളത്തിനു ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 5715.92 കോടി രൂപയും രണ്ടാം ഇടതുസർക്കാരിന്റെ കാലത്ത് ഇതുവരെ 2569.15 കോടി രൂപയും ചികിത്സാ സഹായം നൽകി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉത്തരവായിട്ടും നൽകാതിരുന്ന 36.40 കോടി രൂപയുടെ കുടിശിക എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണു കൊടുത്തുതീർത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളിൽ സമൂഹമാധ്യമായ എക്സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങൾ എക്സിലെ എഐ ചാറ്റ്ബോട്ടായ ഗ്രോക്കുപയോഗിച്ച് മോശം രീതിയിൽ എഡിറ്റ് ചെയ്യുന്നത് വ്യാപകമായിരുന്നു.
ലൈംഗീക ചുവയുള്ള രീതിയിൽ കുട്ടികളുടെയടക്കം ചിത്രങ്ങൾ എഐ എഡിറ്റ് ചെയ്തിട്ടും അത് നിയന്ത്രിക്കാനോ നീക്കം ചെയ്യാൻ എക്സ് ഒരു ശ്രമം നടത്തിയിരുന്നില്ല. എഐ ദുരുപയോഗത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് കേന്ദ്ര നീക്കം. 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകണമെന്നാണ് നിർദ്ദേശം.
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടും 2021-ലെ ഐടി നിയമങ്ങളും പ്രകാരമുള്ള നിയമപരമായ ജാഗ്രത പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എക്സിന് നോട്ടീസ് നൽകിയത്.