National
മുംബൈ: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് നടത്തിയ സമരം വിജയം കണ്ടതിന് പിന്നാലെ തുടർ സമര പരിപാടികൾ ആലോചിക്കാനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വസതിയിൽ പ്രധാന നേതാക്കൾ യോഗം ചേരും.
ഓഗസ്റ്റ് അഞ്ചിന് മുംബൈയിലെ ഛത്രപതി സംബാജി നഗറിലുള്ള ദീപ്കെയുടെ വസതിയിലാണ് യോഗം. സമരക്കാർക്കെതിരായ നിയമനടപടികൾ, തുടർ സമരപരിപാടികൾ, സംഘടന ശക്തിപ്പെടുത്തൽ മുതലായവ ചർച്ചയാകും.
യോഗത്തിന് മുന്നോടിയായി വളണ്ടിയർമാരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അഭിപ്രായങ്ങൾ ആരായാൻ പ്രധാന നേതാക്കൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന യോഗത്തിന് ശേഷം നേതാക്കൾ വാർത്താസമ്മേളനം വിളിച്ചു തുടർ സമര പരിപാടികൾ പ്രഖ്യാപിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴ കണക്കിലെടുത്ത് ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, കോട്ടയം, ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് അവധി.
പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്.
അതേസമയം മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല. അഞ്ച്, ആറ് തീയതികളിൽ മഴ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Kerala
കണ്ണൂർ: നടക്കുന്നതിനേക്കാൾ ഉത്തമം നീന്തലാണത്രേ. വിഷയം വ്യായാമത്തെ കുറിച്ചല്ല, പിച്ചവച്ച് തുടങ്ങും മുൻപ് പള്ളിക്കുന്ന് തയ്യിൽ കുളത്തിലെ നീന്തൽ താരമായ ലുആൻ എന്ന 11 മാസം പ്രായമുള്ള കുഞ്ഞിനെ കുറിച്ചാണ്.
കഴുത്തിൽ എയർബാഗിട്ട് തയ്യിൽ കുളത്തിൽ നീന്തുന്ന ലുആൻ വെള്ളത്തെയും അതിന്റെ ആഴത്തെയും തെല്ലും പേടിക്കുന്നില്ലെന്നതാണ് കണ്ട് നിൽക്കുന്നവരിൽ പോലും ആശ്ചര്യം ഉണർത്തുന്നത്. ഏച്ചൂർ കമാൽ പീടികയിലെ റിദ്വാനിൽ അദിപിന്റെയും നർത്തകിയായ ലക്ഷ്മിശ്രീയുടെയും മകനാണ് ലുആൻ.
രണ്ടു വർഷം മുന്‍പ് അമ്മ ലക്ഷ്മിശ്രീ നീന്തൽ പഠിച്ച പള്ളിക്കുന്ന് തയ്യിൽ കുളത്തിൽ തന്നെയാണ് ലുആന്റെയും നീന്തൽ പരിശീലനം. ലക്ഷ്മിശ്രീയെ നീന്തൽ പഠിപ്പിച്ച സ്വിമ്മിംഗ് വേവ്സ് കൂട്ടായ്മയാണ് പിഞ്ചുകുഞ്ഞിനെയും പരിശീലിപ്പിക്കുന്നത്.
കുളക്കരയിൽ എത്തുന്പോൾ തന്നെ ലുആൻ കൊകൊട്ടി ചിരിച്ച് സന്തോഷം പ്രകടിപ്പിക്കും. കുഞ്ഞിന്റെ കഴുത്തിൽ എയർബാഗ് ഘടിപ്പിച്ച് വെള്ളത്തിലിറക്കിയാൽ പിന്നെ മുന്നോട്ടും പിന്നോട്ടും കൈകാൽ തുഴഞ്ഞ് ചിരിച്ചുല്ലസിച്ച് നീന്തൽ തുടങ്ങും. കരച്ചിലോ മടുപ്പോ ഇല്ലാതെ, എത്ര സമയം വേണമെങ്കിലും കുളത്തിൽ കഴിയുന്നതിന് തരിന്പ് പോലും പേടിയില്ല.
പ്രസവത്തിന്റെ മൂന്നു ദിവസം മുന്‍പു വരെ താൻ നീന്തിയിരുന്നുവെന്നും കുഞ്ഞിനെ ചെറുപ്പത്തിലേ നീന്തൽ പഠിപ്പിക്കണമെന്ന് തങ്ങൾ തീരുമാനിച്ചിരുന്നുവെന്നും ലക്ഷ്മിശ്രീ പറയുന്നു. ഇത്ര ചെറുപ്പത്തിലേ കുഞ്ഞിനെ നീന്തൽ പഠിപ്പിക്കണോ എന്നു ചോദിക്കുന്നവരോട് ഇതിലും നേരത്തെ പഠിപ്പിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നുവെന്ന് ലക്ഷ്മിശ്രീ വ്യക്തമാക്കി.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ ഫെറിക്ക് തീപിടിച്ച് അഞ്ച് മരണം. അപകടത്തെ തുടർന്ന് 41 പേരെ കാണാതായതാണ് റിപ്പോർട്ടുകൾ. അപകടസമയം 271 യാത്രക്കാരാണ് ഫെറിയിൽ ഉണ്ടായിരുന്നത്. 225 പേരെ രക്ഷപ്പെടുത്തി.
കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. കിഴക്കൻ ജാവ പ്രവിശ്യയിലെ സുരബായയിൽ നിന്ന് തെക്കൻ സുലവേസിയിലെ മകാസറിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫെറിക്ക്, മദുര ദ്വീപിന് സമീപത്തുവെച്ചാണ് തീപിടിച്ചത്.
അപകടം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശത്ത് കടലിൽ തെരച്ചിൽ തുടരുകയാണ്. ഫെറിയിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. രക്ഷാപ്രവർത്തനത്തിനായി നിരവധി കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ 'ഇഡിയറ്റ്സ്' പരാമർശത്തെയും അൺപാർലമെന്ററി പദപ്രയോഗങ്ങളെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അടിസ്ഥാന പാർലമെന്ററി മര്യാദകളെക്കുറിച്ച് പ്രതിപക്ഷ നേതാവിന് അവബോധമുണ്ടോയെന്ന് ചോദ്യം ചെയ്ത മന്ത്രി, രാജ്യത്തിന്റെ ഭാവിയായ യുവാക്കളെ 'ഇഡിയറ്റ്സ്' എന്ന് വിശേഷിപ്പിച്ചതിലും വലിയ തെറ്റ് മറ്റൊന്നുമില്ലെന്ന് കുറ്റപ്പെടുത്തി. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ 'പൊതുപരീക്ഷ ഭേദഗതി ബിൽ' ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.
ഡൽഹിയിൽ സമരം ചെയ്തവർക്ക് നേരെ വെടിവെപ്പ് നടന്നിട്ടില്ലെന്നും കണ്ണീർവാതകം മാത്രമാണ് ഉപയോഗിച്ചതെന്നും ജിതേന്ദ്ര സിംഗ് ആവർത്തിച്ചു. വെടിവെപ്പിന് ഉത്തരവിടാനുള്ള അധികാരം മജിസ്ട്രേറ്റിനാണെന്നും അല്ലാതെ മന്ത്രിക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയാകാൻ കഴിയാത്തതിന്റെ നിരാശയിലാണ് രാഹുൽ ഗാന്ധി ജൂലൈ 21-ന് പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിന് മുന്നിൽ ധർണയിരുന്നതെന്നും മന്ത്രി പരിഹസിച്ചു.
National
ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെയും നീറ്റ് പരീക്ഷാ സംവിധാനത്തിന്റെയും തുടര്‍ച്ചയായ പരാജയങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ചകളും ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചയ്ക്കിടയിലാണ് കേന്ദ്രസർക്കാരിനെതിരേ അദ്ദേഹം രംഗത്തെത്തിയത്.
രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ആരോപിച്ച കെ.സി. വേണുഗോപാൽ, 2014ല്‍ 8,668 ആയിരുന്ന വിദ്യാർഥി ആത്മഹത്യകള്‍ ഇപ്പോൾ 14,488 ആയി ഉയർന്നതായും അതിൽ 21 ശതമാനവും പരീക്ഷാപരാജയം മൂലമാണെന്നും കുറ്റപ്പെടുത്തി. രാജ്യത്ത് ഒരു ലക്ഷത്തോളം സര്‍ക്കാര്‍ സ്കൂളുകൾ പൂട്ടിയപ്പോൾ കോച്ചിംഗ് സെന്ററുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു.
എന്നാൽ ഈ നടപടി നിമിത്തം പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപ ഫീസ് നല്കി കോച്ചിംഗ് നേടാന്‍ കഴിയില്ല. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കൊണ്ടുവന്ന പേരിനു മാത്രമുള്ള നിയമങ്ങള്‍ കൊണ്ടു മാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നും കെ.സി. വേണുഗോപാല്‍ ലോക്സഭയിൽ പറഞ്ഞു.
National
ന്യൂഡൽഹി: സമരം ചെയ്ത വിദ്യാർത്ഥികൾക്കും പ്രവർത്തകർക്കും എതിരെയുള്ള കേസുകൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ സമരം പുനരാരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കേന്ദ്ര സർക്കാരിന് താക്കീത് നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് ജന്തർ മന്തറിൽ 37 ദിവസമായി നടന്നു വന്ന സമരം സിജെപി താത്കാലികമായി അവസാനിപ്പിച്ചിരുന്നു.
എന്നാൽ, പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന ധാരണ ലംഘിച്ച് ബീഹാറിലും ബംഗാളിലും നൂറുകണക്കിന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരീക്ഷണവും ഉപദ്രവവും തുടരുകയാണെന്നും സിജെപി വക്താവ് അശുതോഷ് റാങ്ക ആരോപിച്ചു. ഡൽഹി പോലീസും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ പോലീസും ചുമത്തിയ എഫ്ഐആറുകൾ ഉടനടി പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം.
തത്കാലം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്നും രാജ്യത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഭിജീത് ദിപ്കെ നേതൃത്വം നൽകുന്ന സംഘടന വ്യക്തമാക്കി.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര സർക്കാരും വിദ്യാർത്ഥി സമരക്കാരും തമ്മിലുള്ള പോര് തുടരുന്നു. സമരം നടത്തുന്ന 'കോക്രോച്ച് ജനതാ പാർട്ടിക്ക്' ഒപ്പം വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്താൻ ഏത് സമയത്തും തയ്യാറാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ, കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലോ ഓഫീസിലോ ചർച്ചയ്ക്കില്ലെന്നും, ജന്തർ മന്തറിലോ മറ്റ് നിഷ്പക്ഷ വേദികളിലോ മാത്രമേ ചർച്ച നടത്തൂ എന്നും സമരക്കാർ നിലപാടെടുത്തു.
കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗും ആരോഗ്യ മന്ത്രി ജെ.പി. നദ്ദയും ചേർന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ നാല് തവണ ചർച്ചയ്ക്കുള്ള ഔദ്യോഗിക നിർദേശം നൽകിയിട്ടുണ്ടെന്നും, സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻവിധികളുമില്ലെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ജെ.പി. നദ്ദയുടെ വസതിയിലോ ഓഫീസിലോ ചർച്ചകൾ നടത്താമെന്നാണ് സർക്കാർ ക്ഷണിച്ചിരിക്കുന്നത്.
എന്നാൽ, സർക്കാരിന്റെ ഈ ക്ഷണം സിജെപി തള്ളി. മന്ത്രിമാരുടെ വീടുകളിലേക്കോ ഓഫീസുകളിലേക്കോ ചർച്ചയ്ക്ക് പോകില്ലെന്നും, ജനങ്ങളുടെ കോടതിയായ ജന്തർ മന്തറിലോ അല്ലെങ്കിൽ സുരക്ഷാ കാരണങ്ങളുണ്ടെങ്കിൽ സമരസ്ഥലത്തിന് സമീപമുള്ള ഏതെങ്കിലും നിഷ്പക്ഷ വേദിയിലോ മാത്രമേ ചർച്ചകൾ നടക്കൂ എന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമാധാനപരമായി സമരം ചെയ്യുന്ന ആർക്കെങ്കിലും എതിരെ പുതിയ എഫ്ഐആറുകളോ മറ്റ് പ്രതികാര നടപടികളോ ഉണ്ടാകില്ലെന്ന് സർക്കാർ പരസ്യ ഉറപ്പ് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ക്രൂരമായ പോലീസ് അതിക്രമം നേരിട്ട് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് ഡൽഹി പോലീസ്.
വ്യാഴാഴ്ച എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഡൽഹി പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 21കാരി സാക്ഷിയാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നത്. പെൺകുട്ടി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഡൽഹി പോലീസ് അറിയിച്ചു.
ഇതിന് പിന്നാലെ സാക്ഷിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ച് ആശുപത്രി അധികൃതരും മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. സാക്ഷി നിലവിൽ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.
തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സാക്ഷിക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന രണ്ട് എംബിബിഎസ് വിദ്യാർഥികൾ സിപിആർ നൽകുകയും പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
Kerala
പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങളുണ്ടെന്നും ചികിത്സയ്ക്കെന്ന പേരിൽ നടത്തുന്ന വിദേശയാത്രകൾ ഇതിനുവേണ്ടിയാണെന്നും സ്വപ്ന ആരോപിച്ചു.
പിണറായി വിജയനേക്കാൾ ശക്ത അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് എല്ലാ വിദേശയാത്രകളിലും അവർ ഒപ്പം പോയിരുന്നത്. പിണറായിക്ക് ബിസിനസ് തന്ത്രങ്ങൾ മെനയാനുള്ള ബുദ്ധിയോ സമയമോ ഇല്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
തന്റെ ജീവിതം തകർത്തത് പിണറായി ആണെന്നും, തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുമെന്നും പറഞ്ഞ സ്വപ്ന പിണറായി വിജയൻ തനിക്കെതിരെ എടുത്തത് വ്യാജ കേസുകളാണെന്നും ആരോപിച്ചു.
ഫോൺ പിടിച്ചു വച്ച് രേഖകൾ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരും. ഒരു തരം വിട്ടുവീഴ്ചകൾക്കും തയാറല്ല. പിണറായി സർക്കാർ അധികാരത്തിൽ നിന്ന് പോയത് കൊണ്ടാണ് കേരളത്തിലേക്ക് തിരിച്ചു വന്നതെന്നും സ്വപ്ന വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണുന്നതിൽ ആരാധകർക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി. ഫൈനൽ മത്സരം തടസമില്ലാതെ ആസ്വദിക്കാൻ ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ ഏത് വിലകൊടുത്തും വൈദ്യുതി വാങ്ങുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള പോരാട്ടം ആവേശം ചോരാതെ കാണാൻ, കൂടുതൽ പണം മുടക്കി വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ തീരുമാനം.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതും, പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും വൈദ്യുതി വകുപ്പിന് വെല്ലുവിളിയായിരുന്നു. ഇതേതുടർന്ന് സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു. എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും ഉപഭോക്താക്കളുടെ താത്പര്യം മുൻനിർത്തി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെഎസ്ഇബി അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
Kerala
മലപ്പുറം: മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് തുടർന്ന് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടിൽ വച്ച് മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസം നേരിട്ട കുട്ടിയെ വീട്ടുകാർ ഉടൻ തന്നെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിലടക്കം തിരിമറി നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു ബിജെപി സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കൾക്കെതിരേ അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറിയായിട്ടുള്ള വനിതാ നേതാവിനെ പാർട്ടി ഓഫീസിന്റെ ചുമതലകളിൽനിന്നും മാറ്റി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു 11 കോടിയോളം രൂപയുടെ തിരിമറി നടന്നെന്ന ഗുരുതരമായ ആരോപണത്തെ തുടർന്നു പാർട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വനിതാ നേതാവ് ഫണ്ട് അപഹരിച്ചുവെന്നു കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ കർശന ഇടപെടലിനെ തുടർന്നാണു നേതാവിനെതിരേ നടപടിയെടുത്തത്.
സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനു പുറമെ ബിജെപി സംസ്ഥാന സമിതി അംഗം പാങ്ങപ്പാറ രാജീവ്, പള്ളിപ്പുറം വിജയകുമാർ എന്നിവർക്കെതിരെയും സാന്പത്തിക തിരിമറി ആരോപണത്തെ തുടർന്നു അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. രണ്ടു നേതാക്കളെയും പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കാൻ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
Editorial
ലഹരിവിരുദ്ധ കൊടുങ്കാറ്റായി മാറിയ തൂഫാനു പിന്നാലെ അഴിമതിയുടെ അടിവേരറക്കാൻ ‘പ്രോജക്ട് സീറോ’ എന്ന പേരിൽ ആഭ്യന്തരവകുപ്പ് വജ്രക്കോടാലി പണിയുന്നെന്ന വിവരം ആവേശകരമാണ്. തൂഫാന്റെ പ്രകടനമാണ് പ്രോജക്ട് സീറോയും വിജയിക്കുമെന്ന പ്രതീക്ഷ നൽകുന്നത്.
ലഹരിയുടെ അന്തർ സംസ്ഥാന-അന്തർദേശീയ പണ്ടകശാലകളെ തകർക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും കേരളത്തിലെ നരകവ്യാപാരികളെ ആഭ്യന്തരവകുപ്പ് ഓടിച്ചിട്ടു പിടിക്കുന്നതു നാടു കാണുന്നുണ്ട്. വന്യജീവി ആക്രമണം തടയുന്നതിലും സുപ്രീംകോടതി സർവസ്വാതന്ത്ര്യം കൊടുത്തിട്ടും തെരുവുനായകളെ ഒതുക്കുന്നതിലും അന്പേ പരാജയപ്പെട്ട വകുപ്പുകൾക്ക്, തൂഫാന്റെ രുദ്രതാണ്ഡവവും പ്രോജക്ട് സീറോയുടെ വിളംബരവും ക്രിയാത്മക പ്രകോപനമായിരുന്നെങ്കിൽ!
അഴിമതിക്ക് ഒരാമുഖം പറയാം. ഒരു പഞ്ചായത്ത് ഓഫീസിൽ, വില്ലേജിൽ, പോലീസ് സ്റ്റേഷനിൽ, സർക്കാർ ആശുപത്രിയിൽ... ഒരിക്കലെങ്കിലും കൈക്കൂലി കൊടുക്കാത്ത പ്രായപൂർത്തിയായ ഇന്ത്യക്കാരനുണ്ടോ? ഉത്തരം പറയണ്ട, നാം നമ്മുടെ രാജ്യത്തെ തിരിച്ചറിഞ്ഞാൽ മതി. നമ്മുടെ ജീവിതം കെട്ടിപ്പടുക്കാൻ മാതാപിതാക്കളും അവരുടെ മാതാപിതാക്കളുമൊക്കെ എത്രയോ പേർക്കു കൈക്കൂലി കൊടുത്തിട്ടുണ്ടാകും.
മറ്റുള്ളവരുടെ അധ്വാനം ചൂഷണം ചെയ്യുന്ന എത്രയോ പരാന്നഭോജികൾ ഇന്നും നാണമില്ലാതെ ജീവിക്കുന്നു. അതൊക്കെ മാറ്റുമെന്നാണ് ‘പ്രോജക്ട് സീറോ’ എന്ന പദ്ധതിയുമായെത്തിയ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. പക്ഷേ, ഇതു വല്ലതും നടക്കുമോ എന്നായിരിക്കും ഏതൊരു മലയാളിയുടെയും ആത്മഗതം. കാരണം, നമുക്കതു ചിന്തിക്കാനാകില്ല. മറ്റൊന്ന്, അഴിമതിയെന്ന മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ് സർക്കാർ ഓഫീസിലെ കൈക്കൂലി ഉൾപ്പെടുന്ന അഴിമതി.
ഭരിക്കുന്നവരുടെയും അവരുടെ പാർട്ടികളുടെയും അഴിമതി നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ്. ട്രാൻസ്പെരൻസി ഇന്റർനാഷണൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവിട്ട 2025ലെ അഴിമതിപ്പട്ടികയിലെ 182 രാജ്യങ്ങളിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഉദ്യോഗസ്ഥർ മാത്രമല്ല, ഭരണകൂടവും ചേർന്നാണ് രാജ്യത്തെ വികൃതമാക്കിയത്. നിരാശരാകുന്നില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനതല ലഹരിവേട്ട തുടരുന്ന കേരളത്തിന് അഴിമതിവേട്ടയിലും മാതൃകയാകാനാകും.
സർക്കാർ ഓഫീസുകളിലേതുൾപ്പെടെ അഴിമതി പൂർണമായും ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയാണ് ‘പ്രോജക്ട് സീറോ’. ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ തെളിവുകളായി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കാം. 5,000 രൂപ പാരിതോഷികം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല. (ഈ ഒളികാമറ ഓപ്പറേഷനൊന്നും സാധാരണക്കാരെക്കൊണ്ട് പറ്റുന്ന കാര്യമല്ലെന്നതു വേറെ കാര്യം.) കേസിന്റെ തത്സ്ഥിതി അറിയാൻ ഏകജാലക ഓണ്‍ലൈൻ പോർട്ടൽ ഒരുക്കും.
അഴിമതിക്കാരായ ജീവനക്കാർക്കെതിരേ അന്വേഷണത്തിന് അനുമതി ലഭിക്കാൻ വൈകുന്നത് ഉൾപ്പെടെയുള്ള തടസങ്ങൾ നീക്കും. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ 100 ദിവസത്തെ പ്രത്യേക ക്ലിയറൻസ് ഡ്രൈവ് നടപ്പിലാക്കും. കൈക്കൂലിക്കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വർഷമെന്നത് ആറു മാസമാക്കിയിട്ടുണ്ട്. 24 വർഷത്തിനുശേഷം വിജിലൻസ് മാനുവൽ പരിഷ്കരിക്കുകയാണ്.
അഴിമതിക്കാരായ നേതാക്കളെയും വെറുതേ വിടില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. അതു കൈ പൊള്ളിക്കുന്ന പണിയാണ്. രാജ്യത്ത് ഇന്നുവരെ സാധ്യമായിട്ടില്ലാത്തത്. സർക്കാരിന് അനഭിമതരായവരുടെ അഴിമതി മാത്രം അന്വേഷിക്കുകയും മറ്റുള്ളവരുടെ വാഷിംഗ് മെഷീനാകുകയും ചെയ്യുന്ന കുപ്രസിദ്ധ മാതൃകയെക്കുറിച്ചല്ല പറഞ്ഞത്. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ഉപകരണമായതോടെ ലോക അഴിമതിപ്പട്ടികയിൽ ഇന്ത്യക്കു തറ ടിക്കറ്റെടുക്കേണ്ടിവന്ന കഥയാണത്. അഴിമതി അർബുദമാണെന്ന പഴമൊഴി പണ്ടേയുണ്ട്.
പക്ഷേ, അത് ജനാധിപത്യത്തിൽ പൗരനുള്ള വിശ്വാസത്തെയും നവീകരണത്തിനും സർഗാത്മകതയ്ക്കുമുള്ള സഹജാവബോധത്തെയും കാർന്നുതിന്നുന്നുവെന്ന് കൂട്ടിച്ചേർത്തത് അമേരിക്കൻ പ്രസിഡന്റായിരുന്ന ജോ ബൈഡനാണ്. 2015ൽ അർബുദ ബാധിതനായ മകന്റെ ചികിത്സയ്ക്കുവേണ്ടി വീടു വിൽക്കാനൊരുങ്ങിയ അമേരിക്കൻ വൈസ് പ്രസിഡന്റാണ് ബൈഡൻ. വിവരമറിഞ്ഞ പ്രസിഡന്റ് ഒബാമ അതു തടഞ്ഞുകൊണ്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്ത്യയിൽ അധികാരസ്ഥാനത്തുള്ള എത്ര പേർക്ക് ഇങ്ങനെ ചികിത്സയ്ക്കു കിടപ്പാടം വിൽക്കേണ്ടിവരും?
അഴിമതിവിരുദ്ധ വായാടികളായ ഭരണകർത്താക്കളുടെ സഹായത്താൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഡീപ് സ്റ്റേറ്റ് ആയി മാറിയ ചങ്ങാത്ത മുതലാളിമാരെയൊന്നും തൊടാനാകില്ല. പെട്രോളും എഥനോളുംപോലെ, അത്തരം ഭരണകൂട കലർപ്പുകളെ തിരിച്ചറിയാനുമാകില്ല. മനുഷ്യരെ കൊള്ളയടിച്ചു പാപ്പരാക്കിയവർ ദൈവങ്ങൾക്കു നേരേ തിരിഞ്ഞ കാലത്ത്, നമുക്ക് ഈ ഉദ്യോഗസ്ഥതല അഴിമതി നിർമാർജനംപോലും വലിയ കാര്യമാണ്.
എന്താണ് ആഭ്യന്തര മന്ത്രി പറഞ്ഞുവരുന്നത്; കൈക്കൂലി വാങ്ങുന്ന പോലീസുകാരും വില്ലേജ് ഓഫിസർമാരും പഞ്ചായത്ത്-കളക്ടറേറ്റ്-സെക്രട്ടേറിയറ്റ് ജീവനക്കാരും ഡോക്ടർമാരും പൊതുമരാമത്ത് എൻജിനിയർമാരും പിൻവാതിൽ തുറന്നിടുന്ന സർവകലാശാല ഉദ്യോഗസ്ഥരും പിഎസ്സി അണിയറക്കാരുമൊന്നും ഇനിയുണ്ടാകില്ലെന്നു തന്നെയാണോ?
ആഭ്യന്തരവകുപ്പ് ജനാധിപത്യത്തിന്റെ ആത്മീയവകുപ്പാകട്ടേ. പ്രോജക്ട് സീറോ അഴിമതിക്കുമേലുള്ള ചുടലനൃത്തമാകട്ടേ! അഴിമതിക്കാരേ, അപരന്റെ നെറ്റിയിലെ വിയർപ്പുണങ്ങാത്ത നിങ്ങളുടെ കൈകൾ കഴുകുക; തലകുനിച്ചുനിൽക്കാനിടയുള്ള നിങ്ങളുടെ മക്കളെയും മറ്റു കുടുംബാംഗങ്ങളെയും ഓർത്തെങ്കിലും.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രോസിക്യൂഷന് അനുമതി ഉത്തരവുമായി ബന്ധപ്പെട്ട് പുതിയ വനം, കശുവണ്ടി സെക്രട്ടറി കെ. ബിജുവിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു ഹര്‍ജി. ഹൈക്കോടതിയെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി പ്രോസിക്യൂഷന് അനുമതി നല്കിയ നടപടി ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
മൂന്നാം തവണയും പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്കിയ കടകംപള്ളി മനോജാണ് ഉപഹര്‍ജിയിലൂടെ ബിജുവിനെതിരേയും നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവ് പ്രതികളെ സഹായിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
ഹൈക്കോടതി വിചാരണക്കോടതി പോലെ പ്രവര്‍ത്തിച്ചെന്നും അപ്പീല്‍ നല്‍കാനുള്ള അവകാശം നിലനിര്‍ത്തിയാണ് പ്രോസിക്യൂഷന് അനുമതി നല്കുന്നതെന്നുമുള്ള പരാമര്‍ശത്തോടെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉപഹര്‍ജിയില്‍ പറയുന്നു. വനം, കശുവണ്ടി സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ബെഞ്ചില്‍ പരിഗണനയ്ക്കെത്തുന്നുണ്ട്. ഇതോടൊപ്പം ഉപഹര്‍ജിയും പരിഗണിച്ചേക്കും.
Editorial
കോടതിയുടെ അവധിത്തലേന്ന് അനധികൃത കൈയേറ്റം നടത്തിയാൽ നിയമത്തെ അട്ടിമറിക്കാമെന്നു ക്രിമിനലുകൾക്കറിയാം. കളമശേരി മാർത്തോമ്മാ ഭവൻ കൈയേറിയതും അങ്ങനെയാണ്. ആ കൈയേറ്റങ്ങൾക്കു സർക്കാരിപ്പോൾ കാവലുമിട്ടു. സഭയും ദീപികയും പെട്ടെന്നു പ്രതികരിക്കാതിരുന്നത് എന്തെന്ന വർഗീയ കുത്തിത്തിരിപ്പിനുകൂടി മറുപടി പറയാം.
ഈ മുഖപ്രസംഗം ആപത്കരമായ രണ്ടു വിഷയങ്ങളെക്കുറിച്ചാണ്. ഒന്ന്, കളമശേരി മാർത്തോമ്മാ ഭവന്റെ മതിൽ പൊളിച്ച് കൈയേറ്റം നടത്തിയവരെക്കുറിച്ചും അതിനു കാവൽ നിൽക്കുന്ന സർക്കാർ സംവിധാനത്തെക്കുറിച്ചുമാണ്.
കോടതികളുടെ അവധിദിവസങ്ങൾക്കു തലേന്ന് കൈയേറ്റം നടത്തി നിയമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ പരാതിക്കാരും നിയമസംവിധാനങ്ങളും നിസഹായരാകുന്ന സ്ഥിതിയാണിത്. രണ്ട്, രാത്രിയിലെത്തിയ കുറ്റവാളികൾക്കു പിന്നാലെ, ഈ സംഭവത്തെ കത്തോലിക്കാ സഭയ്ക്കും ദീപികയ്ക്കും എതിരേ ആയുധമാക്കാൻ അതിരാവിലെയെത്തിയ ചില വർഗീയ സംഘടനകളുടെ ഭിന്നിപ്പിക്കൽ തന്ത്രങ്ങളെക്കുറിച്ചാണ്. രണ്ടും നാടിനാപത്താണ്.
കളമശേരിയിൽ കൈയേറ്റം നടന്നത് ഓണത്തലേന്നാണ്. പുലർച്ചെ ഒന്നിനും നാലിനുമിടയ്ക്കാണ് ഏകദേശം 70 പേരടങ്ങുന്ന ക്രിമിനൽസംഘം കളമശേരി, എച്ച്എംടി കോളനിക്കടുത്ത് കന്യാസ്ത്രീ മഠം ഉൾപ്പെടെയുള്ള മാർത്തോമ്മാ ഭവനിലെത്തിയത്. വാഹനങ്ങളും ക്രെയിനും മാരകായുധങ്ങളുമായെത്തിയവർ ആദ്യമേതന്നെ മഠത്തിന്റെ സിസിടിവികൾ തകർത്തു.
100 മീറ്ററോളം മതിൽ തകർത്ത് റെഡിമെയ്ഡ് മുറികൾ മാർത്തോമ്മാ ഭവന്റെ വളപ്പിൽ സ്ഥാപിച്ചു. ജലവിതരണ പൈപ്പുകൾ തകർത്തു, കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചു. ‘പ്രോപ്പർട്ടി ഓഫ് എം.എച്ച്. ബിൽഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്’ എന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 45 വർഷമായി നിലവിലുള്ള സ്ഥാപനം കൈയേറിയവർക്കെതിരേ മാർത്തോമ്മാ ഭവൻ അധികൃതർ പരാതി കൊടുത്തിട്ടും ഈ നിമിഷം വരെ പോലീസ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചിട്ടില്ല.
രണ്ടാമത്തെ കാര്യം, കോടതിയുടെ അവധിദിവസങ്ങൾക്കു തലേന്ന് ഇത്തരം കൈയേറ്റങ്ങൾ നടത്തിയാൽ പരാതിക്കാരൻ നിസഹായനാകും. അവധി തീർന്നു കോടതിയിലെത്തിയാൽ തത്സ്ഥിതി നിലനിർത്തി കേസ് തുടരാനാകും മിക്കവാറും വിധിയുണ്ടാകുക. കൈയൂക്കുള്ളവർ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഈ പഴുതടയ്ക്കാൻ സർക്കാരിനോ കോടതികൾക്കോ സാധിച്ചിട്ടില്ല.
നിയമത്തെ നോക്കുകുത്തിയാക്കിയ ഈ സംഭവം വേദനാജനകമെങ്കിലും ഏതെങ്കിലും മതത്തിന്റെ സംഘടിതനീക്കമായി ചിത്രീകരിക്കരുതെന്നും അത്തരം ശ്രമങ്ങൾ തെറ്റാണെന്നും തത്കാലം വാർത്തപോലും കൊടുക്കേണ്ടതില്ലെന്നുമായിരുന്നു മാർത്തോമ്മാ ഭവന്റെയും സഭയുടെയും നിലപാട്. പക്ഷേ, കൈയേറ്റക്കാരെ ഒഴിപ്പിക്കാനോ അവരെ കണ്ടെത്തി കേസെടുക്കാനോ ഒരു നടപടിയുമില്ലെന്നു കണ്ടതോടെയാണ് മാർത്തോമ്മാ ഭവന്റെ സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക ഒആർസി കൂടുതൽ പ്രതികരണത്തിനു തയാറായത്. ഉത്തരവാദിത്വത്തോടെയുള്ള ആ പ്രതികരണങ്ങൾ ദീപിക യഥാസമയം കൊടുത്തിട്ടുമുണ്ട്.
അതിൽ ഇങ്ങനെ പറയുന്നു: “1982ൽ മാർത്തോമ്മാ ഭവനു സ്ഥലം കൈമാറിയ ഉടമസ്ഥന്റെ മക്കൾ 2010ൽ വസ്തുതകൾക്കു നിരക്കാത്ത വാദങ്ങളുമായി മറ്റൊരാൾക്ക് അതേ സ്ഥലം വിറ്റു. സ്ഥലത്തിന്റെ യഥാർഥ ഉടമസ്ഥർ മാർത്തോമ്മാ ഭവന് തന്നെയെന്ന് എറണാകുളം സബ് കോടതി അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിയോ അവരുടെ പേരിൽ മറ്റാരുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ലെന്നും ഉത്തരവിട്ടിട്ടുള്ളതാണ്. എന്നിട്ടും കൈയേറി. ഇപ്പോഴും നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി സ്ഥലത്തുള്ള പോലീസ് ഇടപെടുന്നില്ല.
അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ കുറ്റകൃത്യത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയാറാകണം. ജനപ്രതിനിധികളും ഇടപെടണം.”
സാമൂഹിക ഐക്യത്തിനു വിഘാതമാകാതെ പ്രശ്നം പരിഹരിക്കാനാണ്, ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവസമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നതെന്നും ഇനിയും നിഷ്ക്രിയത്വം തുടരാനാണ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മനോഭാവമെങ്കിൽ നിയമ, പ്രതിഷേധ നടപടികളിലേക്കു നീങ്ങാൻ നിർബന്ധിതരാകുമെന്നും ഫാ. ജോർജ് പാറയ്ക്ക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇക്കാരണങ്ങളാലാണ് സഭയോ ദീപികയോ എടുത്തുചാടി പ്രതികരിക്കാതിരുന്നത്. മുന്നോട്ടും ഇതേ സമീപനം തന്നെയായിരിക്കും. പക്ഷേ, വർഗീയ സാധ്യതകൾക്കു തക്കംപാർത്തിരിക്കുന്ന ക്രൈസ്തവ വർഗീയ സംഘടനയും കൂട്ടാളികളും രംഗത്തെത്തി. പ്രതിസ്ഥാനത്ത് മുസ്ലിം നാമധാരികളാണ് എന്നതു മാത്രമായിരുന്നു ധാർമികരോഷത്തിനു കാരണം. ആ രാഷ്ട്രീയം നാം ഏറ്റെടുക്കില്ല.
പുരോഹിതരും കന്യാസ്ത്രീകളും ഉൾപ്പെടെ ക്രൈസ്തവരെ ആൾക്കൂട്ട വിചാരണ നടത്തുകയും ആക്രമിക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്ത സംഘപരിവാറിനു മംഗളപത്രമെഴുതിക്കൊണ്ടിരിക്കുന്നവരും ചങ്ങാതിമാരായ രാഷ്ട്രീയ ഭിക്ഷാംദേഹികളുമാണ് സഭയെ സംരക്ഷിക്കാനും ദീപികയെ മാധ്യമപ്രവർത്തനം പഠിപ്പിക്കാനും ശ്രമിക്കുന്നത്. വർഗീയവിഷത്തിന്റെ ഈ കാസയിൽനിന്നു കുടിക്കരുതെന്ന് ജാതി-മത ഭേദമെന്യേ വിവേകമുള്ളവരെല്ലാം മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്.
ക്രൈസ്തവരെ ഏതോ ആലയിലേക്ക് ആട്ടിത്തെളിക്കാനുള്ള അച്ചാരം വാങ്ങി ക്രിസ്തുവിനെ ദുരുപയോഗിക്കുന്ന ഇത്തരം വ്യക്തിതാത്പര്യ-ഇതരമതവിദ്വേഷ സംഘങ്ങളെക്കുറിച്ച് ‘പാനപാത്രമേതായാലും വിഷം കുടിക്കരുത്’ എന്ന മുഖപ്രസംഗത്തിൽ ദീപിക മുന്നറിയിപ്പു നൽകിയിരുന്നു. അതു വീണ്ടും ഓർമിപ്പിക്കുന്നു.
മൂവാറ്റുപുഴ നിർമല കോളജിലുൾപ്പെടെ നിസ്കാരമുറി അനുവദിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുയർത്തിയപ്പോൾ അവിടെയെന്നല്ല, കേരളത്തിലെ ഒരു ക്രൈസ്തവ സ്ഥാപനത്തിലും അത് അനുവദിക്കില്ലെന്ന് ദീപിക മുഖപ്രസംഗമെഴുതി. വഖഫ് നിയമത്തിന്റെ മതേതര-ഭരണഘടനാവിരുദ്ധ വകുപ്പുകളെ ഉൾപ്പെടെ ചെറുത്തിട്ടുണ്ട്.
ഗാസ വിഷയത്തിൽ യുദ്ധത്തെ എതിർക്കുന്നതിനൊപ്പം ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഭാഗമായ ഹമാസിനെ തുറന്നുകാണിക്കുകയും ചെയ്തു. സംഘപരിവാർ ക്രൈസ്തവരെ ആക്രമിച്ചപ്പോൾ മാത്രമല്ല, മുസ്ലിംകളെ ആൾക്കൂട്ടക്കൊലപാതകം നടത്തിയപ്പോഴും ബിജെപി സംസ്ഥാനങ്ങളുടെ ബുൾഡോസർ രാജിനെതിരേയും തൂലിക ചലിപ്പിച്ചു.
കാഷ്മീർ വിഷയത്തിലെയും തീവ്രവാദ ആക്രമണങ്ങളിലെയുമൊക്കെ കേന്ദ്രസർക്കാരിന്റെ ധീരമായ നിലപാടിനെ പിന്തുണച്ചു. കോൺഗ്രസിനും സിപിഎമ്മിനുമെതിരേയും ശക്തമായെഴുതി. ഇതൊന്നും സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും ഇല്ലാതാക്കാനല്ല; ജനാധിപത്യത്തെയും മതേതരത്വത്തെയും മാധ്യമധർമത്തെയും ഒറ്റിക്കൊടുക്കാതിരിക്കാനാണ്.
വളർന്നുവരുന്ന വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കാനുള്ള ശ്രമത്തിൽനിന്നു പിന്തിരിയില്ലെന്ന് ദീപിക വായനക്കാർക്കും കേരള സമൂഹത്തിനും ഉറപ്പ് നൽകുന്നു. അത് അനായാസ മാധ്യമപ്രവർത്തനമല്ലെന്നറിയാം. പക്ഷേ, മാതൃരാജ്യത്തോടും വിശ്വസാഹോദര്യത്തോടുമുള്ള ആ ഉത്തരവാദിത്വം കത്തോലിക്ക സഭയുടെ ക്രൈസ്തവ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്ന സ്ഥാപക പിതാക്കന്മാരുടെ നിലപാടുകൾ വഴിയിലുപേക്ഷിക്കില്ല.
ഈ നിലപാടിന്, അനുദിനം വർധിക്കുന്ന വരിക്കാരും വായനക്കാരും നൽകുന്ന പിന്തുണയാണ് ദീപികയുടെ പ്രചോദനം. ക്രിയാത്മക വിമർശനങ്ങൾക്കനുസരിച്ച് തിരുത്താനും മടിക്കാറില്ല. എന്നാൽ, ഈ പത്രത്തെ ഏതെങ്കിലും വർഗീയതയുടെയോ രാഷ്ട്രീയത്തിന്റെയോ തൊഴുത്തിൽ കെട്ടാനുള്ള ശ്രമങ്ങൾ സ്വീകാര്യമല്ല; അണിഞ്ഞിരിക്കുന്നത് ക്രൈസ്തവ മുഖംമൂടിയാണെങ്കിലും, വർഗീയത വിനാശമാണ്. നാം ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും ഉൾപ്പെടുന്ന യഥാർഥ വിശ്വാസികളും മതേതര വിശ്വാസികളും ഒന്നിച്ചുനിന്നു പറയണം ‘മാ നിഷാദ’.