കോക്രോച് ജനതാ പാർട്ടിയുടെ സമരം ജന്തർ മന്തറിൽ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര സർക്കാരും വിദ്യാർത്ഥി സമരക്കാരും തമ്മിലുള്ള പോര് തുടരുന്നു. സമരം നടത്തുന്ന 'കോക്രോച്ച് ജനതാ പാർട്ടിക്ക്' ഒപ്പം വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്താൻ ഏത് സമയത്തും തയ്യാറാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ, കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലോ ഓഫീസിലോ ചർച്ചയ്ക്കില്ലെന്നും, ജന്തർ മന്തറിലോ മറ്റ് നിഷ്പക്ഷ വേദികളിലോ മാത്രമേ ചർച്ച നടത്തൂ എന്നും സമരക്കാർ നിലപാടെടുത്തു.
കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗും ആരോഗ്യ മന്ത്രി ജെ.പി. നദ്ദയും ചേർന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ നാല് തവണ ചർച്ചയ്ക്കുള്ള ഔദ്യോഗിക നിർദേശം നൽകിയിട്ടുണ്ടെന്നും, സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻവിധികളുമില്ലെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ജെ.പി. നദ്ദയുടെ വസതിയിലോ ഓഫീസിലോ ചർച്ചകൾ നടത്താമെന്നാണ് സർക്കാർ ക്ഷണിച്ചിരിക്കുന്നത്.
എന്നാൽ, സർക്കാരിന്റെ ഈ ക്ഷണം സിജെപി തള്ളി. മന്ത്രിമാരുടെ വീടുകളിലേക്കോ ഓഫീസുകളിലേക്കോ ചർച്ചയ്ക്ക് പോകില്ലെന്നും, ജനങ്ങളുടെ കോടതിയായ ജന്തർ മന്തറിലോ അല്ലെങ്കിൽ സുരക്ഷാ കാരണങ്ങളുണ്ടെങ്കിൽ സമരസ്ഥലത്തിന് സമീപമുള്ള ഏതെങ്കിലും നിഷ്പക്ഷ വേദിയിലോ മാത്രമേ ചർച്ചകൾ നടക്കൂ എന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമാധാനപരമായി സമരം ചെയ്യുന്ന ആർക്കെങ്കിലും എതിരെ പുതിയ എഫ്ഐആറുകളോ മറ്റ് പ്രതികാര നടപടികളോ ഉണ്ടാകില്ലെന്ന് സർക്കാർ പരസ്യ ഉറപ്പ് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
Tags : NEET question paper Cockroach Janata Party Latest News DeepikaNewspaper