Sports
പുതുച്ചേരി: 76-ാമത് ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം സെമിയിൽ. ക്വാർട്ടറിൽ 72-47നു ഹരിയാനയെ കീഴടക്കിയാണ് കേരളം സെമിയിലേക്കു മുന്നേറിയത്.
കേരളത്തിനായി കെ. ആർത്തിക 18 പോയിന്റ് നേടി. നിലവിലെ ചാമ്പ്യന്മാരായ തമിഴ്നാടാണ് സെമിയിൽ കേരളത്തിന്റെ എതിരാളികൾ. രാജസ്ഥാനെ (64-36) തോൽപ്പിച്ചാണ് തമിഴ്നാട് സെമിയിൽ കടന്നത്.
അതേസമയം, കേരളത്തിന്റെ ആൺകുട്ടികൾ ക്വാർട്ടറിൽ പുറത്തായി. ചണ്ഡിഗഡാണ് കേരളത്തെ തോൽപ്പിച്ചത്; 71-87.
Kerala
കൊച്ചി: കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതുമൂലം ജനങ്ങള്‍ക്ക് ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് (എച്ച്ആര്‍പിഎം) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല പറഞ്ഞു.
ആരോഗ്യ, ക്ഷേമ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പ്രതിസന്ധിയിലാക്കും. എസ്എസ്എല്‍സി, പ്ലസ്ടു ഫലപ്രഖ്യാപനം വരാനിരിക്കെ ബന്ധപ്പെട്ട വകുപ്പിന് മന്ത്രിപോലും ഇല്ലാത്തതു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
ന്യൂഡൽഹി: മുഖ്യമന്ത്രിപദ തർക്കത്തിൽ പ്രവർത്തകർ നടത്തുന്ന ചേരിപോര് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ. മല്ലികാർജുൻ ഖാർഖെയും രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർ പ്രവർത്തകരോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനു തൊട്ടുപിന്നാലെ സംസ്ഥാനത്തെ പ്രധാനനഗരങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ നീക്കംചെയ്യാൻ ആരംഭിച്ചു. നിലവിലെ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നും സംസ്ഥാനത്തെ അന്തരീക്ഷം ശാന്തമായതിന് ശേഷം മാത്രമേ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാൻ കഴിയുകയുള്ളുവെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹം നേതാക്കളോട് വിയോജിപ്പ് അറിയിച്ചുവെന്ന് റിപ്പോർട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും സംസ്ഥാനം തൂക്കുസഭയിലേക്ക് നീങ്ങുമെന്നും മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ ഭരണമുറപ്പിക്കാൻ ബിജെപിയുടെ പിന്തുണ അനിവാര്യമായി വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം കേരളത്തിലുണ്ടാകും. നിർണായകമായ സീറ്റുകൾ നേടി ബിജെപി നിയമസഭയിൽ കരുത്തുറ്റ സാന്നിധ്യമാകും. സർക്കാരുണ്ടാക്കാൻ ബിജെപിയുടെ നിലപാട് പ്രധാനമാകുന്ന സ്ഥിതിവിശേഷം വരുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും പേരിൽ ജനങ്ങൾ ബിജെപിയെ നെഞ്ചേറ്റിക്കഴിഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ എന്തുതന്നെയായാലും യഥാർത്ഥ വിധി ബിജെപിക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറന്മുള മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന കുമ്മനം രാജശേഖരൻ അവിടെ വലിയ വിജയപ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് അപ്രതീക്ഷിത തിരിച്ചടി നൽകിക്കൊണ്ട് എൻഡിഎ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും കൂടുതൽ മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടുമെന്നുമാണ് ബിജെപി ക്യാമ്പിന്റെ കണക്കുകൂട്ടൽ.
Kerala
തിരുവനന്തപുരം: മാസങ്ങൾ നീണ്ട പ്രചാരണങ്ങൾക്കും വാശിയേറിയ പോരാട്ടങ്ങൾക്കും ശേഷം സംസ്ഥാനത്തിന്റെ ഭരണചക്രം ആര് തിരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളാണ്.വോട്ടെണ്ണൽ നടപടികൾക്കായി 15,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി.
കേരളത്തിൽ യുഡിഎഫ് 80 മുതൽ 100 സീറ്റുകൾ വരെയാണ് പ്രതീക്ഷിക്കുന്നത്. എക്സിറ്റ് പോളുകളും യുഡിഎഫിന് 90ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. അതേസയം എൽഡിഎഫ് 70-75 സീറ്റുകളും എൻഡിഎ രണ്ട് സീറ്റുകൾ വരെയുമാണ് ലക്ഷ്യമിടുന്നത്. ഭരണവിരുദ്ധ തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ നേടി അധികാരം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാൽ ജനങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്നും തുടർഭരണം ഉറപ്പാണെന്നുമാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു സീറ്റിലെങ്കിലും വിജയിക്കുകയെന്നത് അഭിമാനപ്രശ്നമാണ്. എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലമായത് പ്രതിപക്ഷ നിരയിൽ വലിയ ആവേശം പകർന്നിട്ടുണ്ട്. നാളെ രാവിലെ എട്ട് മണിക്ക് ആദ്യ സൂചനകൾ പുറത്തുവരുന്നതോടെ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം വ്യക്തമാകും.
Movies
കേരളം കാലങ്ങൾക്ക് മുൻപ് തന്നെ അപ്ഡേറ്റഡാണെന്നും ബ്രാഹ്മണന്മാരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും അഖിൽ മാരാർ.
ഐന്‍സ്റ്റീനെ വരെ ബന്ധപ്പെട്ട രാജാക്കന്മർ കേരളത്തിലുണ്ടെന്നാണ് അറിഞ്ഞതെന്നും അഖിൽ പറയുന്നു. സ്പോട്ലൈറ്റ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അഖിലിന്റെ ഈ പ്രസ്താവന.
"കേരളം എങ്ങനെയാണ് നമ്പര്‍ വണ്ണായത്. 1847ല്‍ കേരളത്തില്‍ സിഎംഎസ് കോളേജ് സ്ഥാപിച്ച കാലം മുതല്‍, ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇവിടെ വന്ന കാലം മുതല്‍, ഇവിടുത്തെ രാജാക്കന്മാരുടെ ചിന്ത മുതല്‍ നമ്മള് ഭയങ്കര അപ്ഡേറ്റഡായിരുന്നു.
മാര്‍ത്താണ്ഡ വര്‍മയുടെ കാലത്താണോ സ്വാതി തിരുനാളിന്റെ കാലത്താണോ എന്ന് എനിക്കറിയില്ല, ഐന്‍സ്റ്റീനെ വരെ ബന്ധപ്പെട്ട രാജാക്കന്മാരുണ്ടെന്നാണ് പറയുന്നത്.
അങ്ങനത്തെ രാജാക്കന്മാരുടെ ചിന്തകളിലൂടെ, അവര്‍ക്കൊപ്പം സഞ്ചരിച്ച ബ്രാഹ്മണന്മാരുടെ ചിന്തകളിലൂടെ, അന്ന് അവര്‍ക്കൊപ്പം ബ്രാഹ്മണന്മാരാണല്ലോ ഉള്ളത്, ഇനി ഞാന്‍ ജാതി പറഞ്ഞെന്ന് പറയരുത്, അതല്ല പറഞ്ഞത്, അന്നത്തെ അറിവും ബോധവമുള്ള ബ്രാഹ്മണന്മാരുടെ ചിന്ത നടപ്പിലാക്കി എടുത്തതിന്റെ ഫലമായിട്ട് കേരളം ഭരിക്കാന്‍ തുടങ്ങുന്ന കാലത്ത് തന്നെ നമ്മള് അപ്ഡേറ്റഡാണ്.'' അഖില്‍ മാരാര്‍ പറഞ്ഞു.
അതേസമയം അഖില്‍ പറഞ്ഞതിൽ ചില തെറ്റുകളുണ്ടെന്ന് ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. സിഎംഎസ് കോളേജ് 1847ല്‍ അല്ല 1817ലാണ് സ്ഥാപിതമായതെന്ന് ചിലര്‍ തിരുത്തി.
സ്വാതി തിരുനാളും മാര്‍ത്താണ്ഡ വര്‍മയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും പല കാലങ്ങളില്‍ ജീവിച്ചിരുന്നവരായിരുന്നുവെന്നും അവര്‍ എങ്ങനെ പരസ്പരം ബന്ധപ്പെടുന്നുവെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
Kerala
സംസ്ഥാനത്ത് നിരവധി ആളുകൾക്ക് ഇന്നലെ പാന്പു കടിയേറ്റു. കനത്തു ചൂടുകാരണമാണ് പാന്പുകൾ കൂടുതലായി ജനവാസമേഖലയിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്.
◄കായംകുളം►
വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. കായംകുളം എരിവ കിഴക്ക് തറയിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ മകൾ അനാമിക(15)യ്ക്കാണ് അണലിയുടെ കടിയേറ്റത്. കഴിഞ്ഞദിവസം രാത്രി 7.30 നാണ് സംഭവം. മുറ്റത്ത് കാലു കഴുകിയിട്ട് വീടിന്റെ വാതിലിലേക്ക് നടക്കുമ്പോഴാണ് കടിയേറ്റത്. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
◄കോഴിക്കോട്►
ഉള്ള്യേരിയിൽ യുവാവിന് പാമ്പ് കടിയേറ്റു. ഉള്ള്യേരി പുതിയോട്ടിൽ സുധീഷി (42)നെയാണ് വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിച്ചത്. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് പാമ്പ് കടിയേറ്റത്.
◄താമരശേരി►
താമരശേരിയില്‍ യുവതിക്കു പാമ്പുകടിയേറ്റു. ചെമ്പ്ര പുലിയാറക്കുന്ന് ശില്പ (20) യ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചശേഷം കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിനുസമീപംവച്ചാണ് കടിയേറ്റത്. പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളജിലേക്കു മാറ്റി.
◄ഒറ്റപ്പാലം►
പുല്ലുപിടിച്ചുകിടന്ന അങ്കണവാടിയുടെ മുൻവശം വൃത്തിയാക്കുന്നതിനിടെ അങ്കണവാടി വർക്കർക്കു പാന്പുകടിയേറ്റു. വെള്ളിനേഴി പഞ്ചായത്തിലെ കല്ലുംപുറം വാർഡിലെ അങ്കണവാടി വർക്കർ കളത്തിൽതൊടി വിശാല (57)ത്തിനാണ് ഇന്നലെ രാവിലെ പതിനൊന്നോടെ പാന്പുകടിയേറ്റത്. മുറ്റം വൃത്തിയാക്കുന്നതിനിടെ അങ്കണവാടിയിലെ ജോലിക്കായി മുൻവശത്തു സൂക്ഷിച്ച മണൽചാക്ക് മാറ്റുന്പോഴാണ് കൈവിരലിൽ പാന്പിന്റെ കടിയേറ്റത്. പൂഴിപ്പുളവൻ പാന്പാണ് കടിച്ചതെന്നും ഇതിനു വിഷമില്ലെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. പദ്മനാഭൻ പറഞ്ഞു.
◄പാലാ►
കടനാട്ടില്‍ രണ്ട് പേര്‍ക്ക് പാമ്പിന്റെ കടിയേറ്റു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും കാവുംകണ്ടം വാര്‍ഡു മെബറുമായ ജിജി തമ്പിക്കാണ് കഴിഞ്ഞ ദിവസം വീടിനു സമീപത്തു നിന്നും പാമ്പു കടിയേറ്റത്. ജിജി തമ്പി കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ച മുമ്പ് കടനാട് അംഗന്‍വാടിയിലെ ഹെല്‍പ്പര്‍ മോളി കല്ലറയ്ക്കലിന് വീടിനു സമീപത്തു നിന്നും പാമ്പുകടിയേറ്റിരുന്നു. കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ് മോളി.
Kerala
എറണാകുളം: എല്ലാ കാര്യങ്ങളിലും പ്രതിഷേധിക്കുന്നത് ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും മുദ്രാവാക്യം വിളികളല്ല, മറിച്ച് ചർച്ചകളും സംവാദങ്ങളുമാണ് ജനാധിപത്യത്തിന് ആവശ്യമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ശങ്കര ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിന്ദാബാദ്', 'മുർദാബാദ്' വിളികളിലൂടെ എല്ലാത്തിനെയും എതിർക്കുന്ന ശൈലി ഭാരതീയമല്ല. ആദിശങ്കരൻ വിഭാവനം ചെയ്തത് എല്ലാവരെയും ഉൾക്കൊള്ളുന്ന സംവാദത്തിന്റെ സംസ്കാരമാണെന്നും ഗവർണർ ഓർമിപ്പിച്ചു. ആദിശങ്കരന്റെ ജന്മദിനം മറ്റു പല സംസ്ഥാനങ്ങളിലും വലിയ രീതിയിൽ ആഘോഷിക്കപ്പെടുമ്പോൾ, കേരളത്തിൽ ഇത് ഒരു ഔദ്യോഗിക സംസ്ഥാന പരിപാടിയായി മാറാത്തതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
സർവകലാശാലയിൽ എത്തിയ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഗവർണർ മടങ്ങിയപ്പോൾ അദ്ദേഹത്തിന് പിന്തുണയുമായി എബിവിപി പ്രവർത്തകരും മുദ്രാവാക്യം വിളികളുമായി എത്തിയതോടെ ക്യാമ്പസിൽ നേരിയ സംഘർഷാവസ്ഥ നിലനിന്നു.
ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും കൈയടിക്കണമെന്നും, പ്രസംഗം കഴിയുന്നത് വരെ ആരും പുറത്തുപോകരുതെന്നും നിർദേശിച്ചു കൊണ്ട് സർവകലാശാല നേരത്തെ പുറത്തിറക്കിയ സർക്കുലർ വലിയ വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് അധികൃതർ ഈ സർക്കുലർ പിൻവലിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ സന്ദർശനവും തുടർന്നുള്ള പരാമർശങ്ങളും ശ്രദ്ധേയമാകുന്നത്.
ശങ്കരാചാര്യരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ഗവർണർ വേദിയിലേക്ക് എത്തിയത്. പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് ഗേറ്റിൽ വെച്ച് തടയുകയായിരുന്നു. ഗവർണർ എത്തിയപ്പോഴും പരിപാടി കഴിഞ്ഞ് മടങ്ങിയപ്പോഴും എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഗവർണർ തിരിച്ചുപോകുമ്പോൾ പിന്തുണയുമായി എബിവിപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 28-ന് സംസ്ഥാനവ്യാപകമായി ഹർത്താൽ ആചരിക്കും. നിതിൻ രാജ് ആക്ഷൻ കൗൺസിലാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും അതിൽ കടുത്ത ദുരൂഹതയുണ്ടെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.
നിതിൻ രാജിനെ ജാതീയമായി അധിക്ഷേപിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഡോ. റാം, ഡോ. സംഗീത എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യുക, ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതിൽ പോലീസ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക, മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് അർഹമായ ധനസഹായം നൽകുക, വിദ്യാർത്ഥി പീഡനം പതിവായ അഞ്ചരക്കണ്ടി ദന്തൽ കോളജിന്റെ അംഗീകാരം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷൻ കൗൺസിൽ ഉന്നയിക്കുന്നത്.
തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനവും ജാതീയ അധിക്ഷേപവുമാണ് മരണകാരണമെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. അധ്യാപകർക്കെതിരെ എസ്സി/എസ്ടി പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇവർ ഇതുവരെ പിടിയിലായിട്ടില്ല.
ലോൺ ആപ്പ് തട്ടിപ്പാണ് മരണകാരണമെന്ന കോളജ് മാനേജ്മെന്റിന്റെ വാദം പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ രംഗത്തിറങ്ങിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. 78.29 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രാത്രി 9.30 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 76 ശതമാനമായിരുന്നു പോളിംഗ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്; 81.36 ശതമാനം.
പാലക്കാട് ജില്ലയിലും പോളിംഗ് ശതമാനം 80 കടന്നു. 50 ലേറെ മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെയാണ് പോളിംഗ്. 1987നു ശേഷം ആദ്യമായാണ് വോട്ടിംഗ് ശതമാനം ഇത്രത്തോളം ഉയരുന്നത്. 1987ൽ പോളിംഗ് 80.54 ശതമാനമായിരുന്നു.
വോട്ടർ പട്ടിക ശുദ്ധീകരണത്തിനു ശേഷം (എസ്ഐആർ) നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലാണ് വോട്ടിംഗ് ശതമാനം ഉയരാൻ കാരണമായതെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്. ഇരട്ടവോട്ടുകളും മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും അടക്കമുള്ള 24.6 ലക്ഷം വോട്ടുകളാണ് എസ്ഐആറിൽ സംസ്ഥാനത്തു വെട്ടിപ്പോയത്.
യുഡിഎഫ് തരംഗമാണ് വോട്ടിംഗ് ശതമാനത്തിലെ വർധന ചൂണ്ടിക്കാട്ടുന്നതെന്നു യുഡിഎഫും സർക്കാരിന്റെ വികസന നേട്ടങ്ങളാണ് വോട്ടിംഗ് ശതമാനം ഉയരാൻ കാരണമായതെന്ന് ഇടതുമുന്നണിയും അവകാശപ്പെട്ടു.
വോട്ടെടുപ്പ് സംസ്ഥാനത്തു പൊതുവേ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഒഴിച്ചാൽ വലിയ സംഘർഷങ്ങൾ എങ്ങും റിപ്പോർട്ട് ചെയ്തില്ല. ചിലയിടങ്ങളിൽ കള്ളവോട്ടിനു ശ്രമം നടന്നതായി പരാതി ഉയർന്നു. പലരും വോട്ട് ചെയ്യാൻ എത്തിയപ്പോൾ, വോട്ട് ചെയ്തതായി കണ്ടെത്തി. തൃശൂർ കൂർക്കഞ്ചേരിയിൽ മഷി പുരട്ടേണ്ട ഇടതു കൈയിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയ ചെയ്ത പെണ്‍കുട്ടിക്ക് വോട്ടവകാശം നിഷേധിച്ച പ്രിസൈഡിംഗ് ഓഫീസറുടെ നിലപാട് ഏറെ പ്രതിഷേധത്തിന് ഇടയാക്കി.
വിവിപാറ്റ് പണിമുടക്കിയതും വോട്ടിംഗ് യന്ത്രങ്ങളുടെ വേഗക്കുറവും പലയിടത്തും വോട്ടെടുപ്പു തടസപ്പെടാനും കാലതാമസത്തിനും ഇടയാക്കിയതായി പരാതി ഉയർന്നു.
വൈകുന്നേരം ആറിന് വോട്ടെടുപ്പു സമയം അവസാനിക്കുന്പോഴും സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ചില ബൂത്തുകളിൽ 100- 150 വോട്ടർമാർ ക്യൂവിലുണ്ടായിരുന്നു. ഇവർക്ക് ടോക്കണ്‍ നൽകിയാണ് വോട്ട് ചെയ്യിച്ചത്. ഏഴു മണിയോടെയാണു മിക്കയിടത്തും വോട്ടിംഗ് നടപടി പൂർത്തിയാക്കാൻ കഴിഞ്ഞത്. അപൂർവം ചില ഇടങ്ങളിൽ വോട്ടെടുപ്പ് ഒൻപതുവരെ നീണ്ടതായാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നത്.
രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചതു മുതൽ അസാധാരണ തിരക്കായിരുന്നു വോട്ടെടുപ്പു കേന്ദ്രങ്ങളിൽ. ആദ്യ രണ്ടു മണിക്കൂറിൽ തന്നെ 16 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തി. പിന്നീടു വന്ന രണ്ടു മണിക്കൂറുകളിൽ ശരാശരി 13 ശതമാനം വീതം വോട്ട് പെട്ടിയിലായി. ഉച്ചയോടെ പകുതിയിലേറെ വോട്ടുകൾ പോൾ ചെയ്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു സാന്പത്തിക പ്രതിസന്ധി അതിരൂക്ഷം. സാന്പത്തിക വർഷം അവസാനിച്ചിട്ടും പഞ്ചായത്തുകളുടെ വികസന ഫണ്ടിന്റെ മൂന്നാം ഗഡു മുടങ്ങിയെന്ന ആരോപണം ശക്തമായി. ഇതോടെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളുടെ താളം തെറ്റുമെന്നാണ് തദ്ദേശ സ്ഥാപന അധികൃതർ പറയുന്നത്.
2150 കോടി രൂപയാണ് മൂന്നാം ഗഡുവായി പഞ്ചായത്തുകൾക്ക് നൽകേണ്ടത്. ഏപ്രിൽ, ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലായി മൂന്നു ഗഡുക്കളായാണ് വികസന ഫണ്ട് സർക്കാർ പഞ്ചായത്തുകൾക്ക് നൽകുന്നത്.
ആദ്യഗഡു 2150 കോടി ഏപ്രിലിൽ നൽകി. രണ്ടാം ഗഡു 2150 കോടി ഓഗസ്റ്റിൽ നൽകേണ്ടതിനു പകരം ഒക്ടോബറിലാണ് നൽകിയത്. ഡിസംബറിൽ നൽകേണ്ട മൂന്നാം ഗഡുവിന് ഫണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പഞ്ചായത്തുകളുടെ വികസനഫണ്ട് മുടങ്ങുന്ന സാഹചര്യം രൂപപ്പെട്ടത്.
പഞ്ചായത്തുകളുടെ വികസനഫണ്ട് വകമാറ്റിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന വാദവും ഉയരുന്നുണ്ട്.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ബില്ലിൽ അടിയന്തരമായി പുനഃപരിശോധന നടത്തണമെന്ന് കർദിനാൾ മാർ ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവ. സന്നദ്ധ സംഘടനകളുടെയും സഭയുടെ കീഴിലുള്ള ജീവകാരുണ്യ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ഈ നിയമം സാരമായി ബാധിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
സേവന മേഖലകളിൽ നിസ്തുലമായ പങ്ക് വഹിക്കുന്ന സ്ഥാപനങ്ങൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ദരിദ്രരും സാധാരണക്കാരുമായ ജനവിഭാഗങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി വിദേശ ഫണ്ട് വിനിയോഗിക്കുന്നത് നിയമം മൂലം തടസപ്പെടുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
നിയമങ്ങളിൽ സുതാര്യത ഉറപ്പാക്കാനുള്ള സർക്കാരിന്റെ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ, സേവന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്ന രീതിയിലുള്ള നിബന്ധനകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്നദ്ധ സംഘടനകൾക്ക് ഡൽഹിയിലെ നിശ്ചിത ബാങ്ക് ശാഖയിൽ തന്നെ അക്കൗണ്ട് തുടങ്ങണമെന്നതടക്കമുള്ള വ്യവസ്ഥകൾ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ചെറിയ സംഘടനകൾക്ക് വലിയ വെല്ലുവിളിയാണെന്നും കർദിനാൾ വ്യക്തമാക്കി.
ഭേദഗതിയിലെ പ്രായോഗിക തടസങ്ങൾ പരിഹരിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും കേന്ദ്ര സർക്കാർ സന്നദ്ധമാകണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. സഭാ നേതൃത്വങ്ങളും വിവിധ എൻജിഒകളും നേരത്തെ തന്നെ ഈ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ വികസന മാർഗരേഖ അദ്ദേഹം പ്രകാശനം ചെയ്യും.
"ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം" എന്ന തലവാചകത്തോടെ പുറത്തിറക്കുന്ന മാർഗരേഖ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അവതരിപ്പിക്കും. എൻഡിഎ അധികാരത്തിലെത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എൻഡിഎ നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സാബു എം. ജേക്കബ് എന്നിവർ ചടങ്ങിൽ സംസാരിക്കും. പ്രകാശ് ജാവദേക്കർ, വിനോദ് താവ്ഡെ, ശോഭ കരന്തലജെ തുടങ്ങിയ മുതിർന്ന നേതാക്കളും പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 12 മണിക്ക് ആറ്റിങ്ങലിൽ റോഡ് ഷോയോടെയാണ് ദേശീയ അധ്യക്ഷന്റെ പര്യടനം ആരംഭിക്കുന്നത്. തുടർന്ന് ഹെലികോപ്റ്റർ മാർഗം മലപ്പുറത്തെത്തുന്ന അദ്ദേഹം വൈകിട്ട് മൂന്ന് മണിക്ക് താനൂർ പുത്തൻ തെരുവിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.
ബുധനാഴ്ച മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നടക്കുന്ന റോഡ് ഷോകളിലും നിതിൻ നബിൻ പങ്കെടുക്കും. എൻഡിഎ മാർഗ്ഗരേഖയിലെ പ്രധാന പ്രഖ്യാപനങ്ങൾ ജനങ്ങളിലെത്തിക്കാൻ ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് പൂജപ്പുര ഗ്രൗണ്ടിൽ മെഗാ ഡ്രോൺ ഷോ സംഘടിപ്പിക്കും. അഞ്ഞൂറിലധികം ഡ്രോണുകളാണ് ഈ പ്രദർശനത്തിൽ അണിനിരക്കുന്നത്.
National
ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നത് നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ഔദ്യോഗിക വിശദീകരണം. പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിന് എയിംസ് അനുവദിക്കണമെന്നത് സംസ്ഥാനത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്. ഇതിനായി കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കിയിരുന്നു. എന്നാൽ, പുതിയ എയിംസുകൾ അനുവദിക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പുതിയ എയിംസ് അനുവദിക്കുന്നതിനെക്കുറിച്ച് നിലവിൽ ആലോചനയില്ല. കോഴിക്കോട് കിനാലൂരിൽ എയിംസിനായി ഭൂമി കണ്ടെത്തി നടപടികൾ പൂർത്തിയാക്കി വരികയായിരുന്നു. കേന്ദ്ര ബജറ്റിലോ മറ്റ് പ്രഖ്യാപനങ്ങളിലോ കേരളത്തിന് എയിംസ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനം.
Kerala
തിരുവനന്തപുരം: കേരളം ആരു ഭരിക്കണമെന്നു വിധിയെഴുതാൻ 2,71,42,952 വോട്ടർമാർ. നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ 1,32,20,811 പുരുഷൻമാരും 1,39,21,868 സ്ത്രീകളും 273 ട്രാൻസ്ജെൻഡർമാരുമാണുള്ളത്.
കൂടാതെ 53,984 സർവീസ് വോട്ടർമാർ കൂടിയുണ്ട്. ഇതുകൂടി ഉൾപ്പെടുന്പോൾ ആകെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,71,96,936 പേരായി ഉയരും.
18നും 19നും ഇടയിലുള്ള വോട്ടർമാർ 4,66,408 പേരുണ്ട്. 2,34,707 പുരുഷൻമാരും 2,31,701 സ്ത്രീകളുമാണ്. 20- 29 വയസിന് ഇടയിൽ 45.72 ലക്ഷം പേരുണ്ട്. 22.89 ലക്ഷം പുരുഷൻമാരും 22.83 ലക്ഷം സ്ത്രീകളും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 3,700 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
ഇതിനായുള്ള ലേലം 24ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.
National
ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി അൽപസമയത്തിനകം പ്രഖ്യാപിക്കും. വൈകുന്നേരം നാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടക്കും. വിഗ്യാൻ ഭവനിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുക.
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. ഏപ്രിൽ രണ്ടാം വാരം കഴിഞ്ഞായിരിക്കും തെരഞ്ഞെടുപ്പ് എന്നാണ് റിപ്പോർട്ട്.
തീയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അൽപസമയത്തിനകം യോഗം ചേരും. കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളില്‍ ഇത്തവണ അഞ്ച് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്.
ആസാമില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പിന്നാലെ എൽഡിഎഫിലെ പാർട്ടികൾ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിടും എന്നാണ് വിവരം. കോൺഗ്രസ് തിങ്കളാഴ്ചയും ബിജെപി ചൊവ്വാഴ്ചയും ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.
National
ന്യൂഡൽഹി: കേരളത്തിലുടനീളം മെച്ചപ്പെട്ട റെയിൽ കണക്ടിവിറ്റി ഉറപ്പാക്കാൻ മൂന്ന് ഓപ്ഷനുകളാണു പരിഗണനയിലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ. കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള അതിവേഗ റെയിൽവേ കോറിഡോറിനെ സംബന്ധിച്ചുള്ള ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈന്‍ എന്ന കെ റെയിലാണു കേന്ദ്രം പരിഗണിക്കുന്ന ഓപ്ഷനുകളിലൊന്ന്. സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിക്കു ബദലായി ആർആർടിഎസ് പദ്ധതി പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും കേന്ദ്രസർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
റെയിൽ ലൈൻ കണക്ടിവിറ്റി മെച്ചപ്പെടുത്താനായി കേന്ദ്രം പരിഗണിക്കുന്ന രണ്ടാമത്തെ ഓപ്ഷൻ കേരളത്തിലെ ഏഴ് റെയിൽ റൂട്ടുകളുടെ വികസനം സംബന്ധിച്ച പദ്ധതിയാണ്. ഷൊർണൂർ-മംഗളൂരു (3, 4 ലൈൻ), കോയന്പത്തൂർ-ഷൊർണൂർ (3, 4 ലൈൻ), ഷൊർണൂർ-എറണാകുളം (മൂന്നാമത്തെ ലൈൻ), എറണാകുളം-കായംകുളം (മൂന്നാമത്തെ ലൈൻ (കോട്ടയം വഴി), കായംകുളം-തിരുവനന്തപുരം (മൂന്നാമത്തെ ലൈൻ), തിരുവനന്തപുരം-നാഗർകോവിൽ (മൂന്നാമത്തെ ലൈൻ), മാരാരിക്കുളം-ആലപ്പുഴ പാതയിരട്ടിപ്പിക്കൽ എന്നിവയാണ് ഈ ഏഴ് റെയിൽ റൂട്ടുകൾ. ഈ റൂട്ടുകളുടെ ഡിപിആർ തയാറാക്കുന്നതിനുള്ള അനുമതി റെയിൽവേ നൽകിയിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് ജോണ്‍ ബ്രിട്ടാസിനെ രേഖാമൂലം അറിയിച്ചു.
മൂന്നാമത്തെ ഓപ്ഷനാകട്ടെ മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടു വച്ച കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയിൽ കോറിഡോർ പദ്ധതിയാണ്. ഇതിന്റെ ഡിപിആർ തയാറാക്കുന്നതിന് നിർദേശിക്കുന്ന കത്ത് ശ്രീധരനിൽനിന്നു ലഭിച്ചിട്ടുണ്ടെന്നും കത്ത് വിലയിരുത്തുന്നതിനായി ബോർഡിന് കൈമാറിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. മണിക്കൂറിൽ 180 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കുന്ന സ്റ്റാൻഡേർഡ് ഗേജിലുള്ള റെയിൽവേ ലൈനാണു ശ്രീധരന്റെ പദ്ധതി.
54,000 കോടി രൂപ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി വിശദമായി വിലയിരുത്തിയെന്നും ശ്രീധരനെ ഉടൻ ചർച്ചയ്ക്കായി വിളിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് സഭയിൽ അറിയിച്ചു.
കെ റെയിൽ പദ്ധതി എംബാങ്ക്മെന്റിലാണെങ്കിൽ ഏഴു റൂട്ടുകളുടെ പദ്ധതി പ്രധാനമായും പ്രതലത്തിലാണെന്നും ശ്രീധരന്റെ പദ്ധതി എലവേറ്റഡ് ലൈനിലാണെന്നും ഇവ മൂന്നിലുംവച്ച് ഏറ്റവും സാന്പത്തികലാഭവും മികച്ചതുമായ ഓപ്ഷൻ തെരഞ്ഞെടുക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
മന്ത്രി മറുപടി നൽകുന്നതിനിടയിൽ രാജ്യസഭയുടെ ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഈ മൂന്ന് ഓപ്ഷനുകളിൽ ഏതെങ്കിലുമൊന്ന് കേരളത്തിനു ഉറപ്പായും നൽകില്ലേയെന്നു ചോദിച്ചപ്പോൾ, റെയിൽവേ മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.
തങ്ങൾ ഏറ്റെടുത്ത പദ്ധതികളെല്ലാം പൂർണ ആത്മാർഥതയോടെ പൂർത്തീകരിച്ചിട്ടുണ്ടെന്നു മാത്രമായിരുന്നു ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാതെയുള്ള മന്ത്രിയുടെ മറുപടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
ഇതിനായുള്ള ലേലം 17ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
വിശദാംശങ്ങൾക്ക് www.finance.kerala.gov.in സന്ദർശിക്കുക.
Business
തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ മൂലധന നിക്ഷേപങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായി നിയന്ത്രണ നടപടികൾ കുറയ്ക്കുന്നതിനും ചട്ടങ്ങൾ ലളിതമാക്കുന്നതിനുമായി കൈക്കൊണ്ട പരിഷ്കരണങ്ങൾക്കുള്ള അംഗീകാരമായി കേരളത്തിന് 360 കോടി രൂപ അനുവദിച്ചു.
ഈ തുക ഒറ്റത്തവണയായി സംസ്ഥാനത്തിനു ലഭിക്കും.വ്യവസായങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിയ നിയന്ത്രണ ലഘൂകരണ നടപടികളും ഭരണപരമായ പരിഷ്കരണങ്ങളുമാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമായത്.
സംസ്ഥാനതലത്തിൽ നിയന്ത്രണ നടപടികൾ കുറയ്ക്കുകയും ചട്ടങ്ങൾ ലളിതമാക്കുകയും ചെയ്യുന്ന പദ്ധതി കഴിഞ്ഞ ഒന്‍പതു മാസമായി ഏകോപിപ്പിച്ചത് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ആണ്. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള ഈ പ്രധാന പരിഷ്കരണ പ്രവർത്തനങ്ങളിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി (എംഎസ്എംഇ) ഭൂമി, തൊഴിലാളി, യന്ത്രസാമഗ്രികൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഭവങ്ങൾ സങ്കീർണമായ അനുമതി പ്രക്രിയകളില്ലാതെ ഉപയോഗിക്കാൻ സാധിച്ചു.
അനുവദിച്ച 360 കോടി സഹായം കേരള റോഡ് ഫണ്ട് ബോർഡ്, കേരള വാട്ടർ അഥോറിറ്റി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ നടപ്പാക്കുന്ന 13 മൂലധന നിക്ഷേപ പദ്ധതികൾക്കു പിന്തുണ നൽകും. ഈ പദ്ധതികൾ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തെയും നിക്ഷേപ സൗഹൃദ ശേഷിയെയും കൂടുതൽ ശക്തിപ്പെടുത്തും.
കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവുകൾ, മാസ്റ്റർപ്ലാൻ നടപടിക്രമങ്ങൾ ലളിതമാക്കൽ, വ്യവസായ ഭൂമി ബാങ്കുകളുടെ രൂപീകരണം, കെട്ടിട നിർമാണത്തിനും ഉപയോഗത്തിനുമുള്ള അനുമതികൾ ലളിതമാക്കൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി നിയന്ത്രണ പരിഷ്കരണങ്ങൾ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ സംരംഭകർക്കും നിക്ഷേപകർക്കും കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനായി.
Kerala
കോട്ടയം: ചലന വൈകല്യ അസുഖങ്ങള്‍, പാര്‍ക്കിന്‍സണ്‍സ് ഡിബിഎസ് ചികിത്സയില്‍ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയതായി ന്യൂറോ ഡോക്ടര്‍മാരുടെ സംഘടനയായ കൈരളി ന്യൂറോസയന്‍സസ് സൊസൈറ്റി വാര്‍ഷിക സമ്മേളനം.
പക്ഷാഘാതത്തിനു തലതുറക്കാതെ ഉടനടി ശസ്ത്രക്രിയ നടത്തുന്നതിലും ന്യൂറോ സര്‍ജറിയില്‍ തക്കോല് ദ്വാര ശസ്ത്രകിയ നടത്തുന്നതിനെക്കുറിച്ചും സമ്മേളനത്തിന്റെ ഭാഗമായി ശില്പശാലകള് സംഘടിപ്പിച്ചു.
വിവിധ വിഭാഗങ്ങളിലായി ഡോക്ടര്‍മാര്‍ നൂറോളം പ്രബന്ധങ്ങളവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം കൈരളി ന്യൂറോ സയന്‍സ് സൊസൈറ്റി സ്ഥാപക രക്ഷാധികാരി ഡോ. കെ. രാജശേഖരന് നായര്‍ നിര്‍വഹിച്ചു.
കെഎന്‍എസ് പ്രസിഡന്റ് ഡോ. ജയിംസ് ജോസ് അധ്യക്ഷത വഹിച്ചു. ഡോ. അരുണ്‍ ഉമ്മന്‍, ഡോ. പി. ശ്രീകുമാര്‍, ഡോ. ജോസഫ് സൊബാസ്റ്റ്യന്‍, ഡോ. ഐപ് വി. ജോര്‍ജ്, ഡോ. ടിനു രവി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായുള്ള 3,047 പരീക്ഷാ കേന്ദ്രങ്ങളിലായി 4,18,516വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മാസം അഞ്ചു മുതലാണ് പരീക്ഷ.
ഉത്തരക്കടലാസുകളുടെ വിതരണം പൂർത്തിയായി. ചോദ്യപേപ്പർ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരുടെ നിയമനം പൂർത്തീകരിച്ചു.
എസ്എസ്എൽസി പരീക്ഷയുടെ ഇൻവിജിലേഷൻ ജോലിക്കായുള്ളത് 26,000 അധ്യാപകരാണ്. ഈ മാസം 30ന് എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കിയശേഷം ഏപ്രിൽ ഏഴിന് മൂല്യനിർണയം ആരംഭിച്ച് 28ന് പൂർത്തിയാക്കും. മേയ് മൂന്നാംവാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്തും.
Business
കൊച്ചി: നിര്‍മിതബുദ്ധിയും ഓട്ടോമേഷനും ആഗോള ഭൂപ്രകൃതിയെത്തന്നെ പുനര്‍നിര്‍മിക്കുമ്പോള്‍ ഫ്യൂച്ചര്‍ സ്കില്‍ ലാബുകള്‍ പോലുള്ള സംരംഭങ്ങള്‍ നമ്മുടെ യുവതയെ ഉന്നതശ്രേണിയിലെ തൊഴിലിനായി സജ്ജമാക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
സംസ്ഥാനത്തെ ആദ്യത്തെ ഫ്യൂച്ചര്‍ സ്കില്‍ സെന്റര്‍ അങ്കമാലി ഫിസാറ്റ് എന്‍ജിനിയറിംഗ് കോളജില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയ്ക്ക് മികച്ച തൊഴിലും സംരംഭകത്വവും ലഭ്യമാക്കാന്‍ ഇതുപോലുള്ള കൂടുതല്‍ കേന്ദ്രങ്ങള്‍ കേരളത്തിലുടനീളം കൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ആറ് അന്തര്‍ദേശീയ ലാബുകള്‍ ആരംഭിച്ചിരിക്കുന്നത്. ബംഗളൂരു എത്തനോടെക് അക്കാദമിയും ഫിസാറ്റ് എന്‍ജിനിയറിംഗ് കോളജും സഹകരിച്ചാണു പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത്. മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഓട്ടോഡെസ്ക്, വിഎല്‍എസ്ഐ, എആര്‍വിആര്‍, സ്നൈഡര്‍ തുടങ്ങിയ അന്തര്‍ദേശീയ കമ്പനികളുടെ രാജ്യാന്തര നിലവാരത്തിലുള്ള ലാബുകളാണ് ഇവ.
ചടങ്ങില്‍ ദേശീയ നൈപുണ്യ വികസന കോര്‍പറേഷനും അങ്കമാലി ഫിസാറ്റും എത്തനോട്ടക്ക് അക്കാദമിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഏഴു കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ലാബുകളില്‍ നൂതന സാങ്കേതികവിദ്യകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണന്, വാര്‍ഡ് മെംബര്‍ ഏലിയാസ് കെ. തര്യന്, ദേശീയ നൈപുണ്യ വികസന കോര്പറേഷന് സൗത്ത് റീജണല്‍ ഹെഡ് ഷെയ്ഖ് മഹ്മൂദ്, ഫെഡറല്‍ ബാങ്ക് ഇവിപിയും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ ഇക്ബാല്‍ മനോജ്, ഫിസാറ്റ് ചെയര്മാന് പി.ആര്. ഷിമിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
National
ന്യൂഡല്‍ഹി സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരള' എന്നതില്‍ നിന്നും 'കേരളം'എന്നാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് നന്ദി അറിയിക്കാന്‍ കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകര്‍ ഡല്‍ഹിയിലെത്തി. മലയാളത്തിന്റെ പ്രിയ കവി വി. മധുസൂദനന് നായര്‍, ശ്രീകുമാരന്‍ തമ്പി, ജോര്‍ജ് ഓണക്കൂര്‍ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് നന്ദി അറിയിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ പേര് മലയാളത്തനിമയോടെ 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്തതില്‍ ഇവര്‍ പ്രധാനമന്ത്രിയോട് കേരളത്തിന്റെ നന്ദി അറിയിച്ചു.
സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിയമസഭയില്‍ ഐകകണ്ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ പ്രമേയത്തിന് പിന്തുണയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭ ഇതിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്.
'മലയാള ഭാഷയ്ക്കും സംസ്കാരത്തിനും അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ട് 'കേരളം' എന്ന പേര് ഔദ്യോഗികമാക്കിയത് ചരിത്രപരമായ തീരുമാനമായാണ് സാംസ്കാരിക കേരളം വിലയിരുത്തിയത്.
National
ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകൾ ഏപ്രിൽ രണ്ടാം വാരത്തിൽ നടന്നേക്കും.
ഈസ്റ്റർ കഴിഞ്ഞ് ഏപ്രിൽ ആറിനും വിഷുദിനമായ 15നും മധ്യേ കേരളത്തിൽ വോട്ടെടുപ്പ് നടത്താനാണ് ആലോചനയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നതർ സൂചന നൽകി. ഇതനുസരിച്ച് മാർച്ച് ആറിനും 12നും ഇടയിൽ അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും.
തെരഞ്ഞെടുപ്പു പ്രഖ്യാപനം നടത്തുന്ന തീയതി മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന മാർച്ച് ഒന്പതിനു മുന്‍പായി വോട്ടെടുപ്പിന്റെ കൃത്യ തീയതികളും ഘട്ടങ്ങളും പ്രഖ്യാപിക്കാൻ ശ്രമമുണ്ട്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാകും കേരളം, തമിഴ്നാട്, ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളിൽ നടക്കുക. ആസാമിൽ എസ്ഐആർ നടത്തിയിട്ടില്ല.
2021ൽ ഏപ്രിൽ ആറിന് ഒറ്റ ദിവസമാണ് കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ആസാമിൽ മൂന്നു ഘട്ടവും പശ്ചിമബംഗാളിൽ മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ നീണ്ട എട്ടു ഘട്ടങ്ങളിലായുമായിരുന്നു പോളിംഗ്. കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളും പ്രത്യേക സന്നാഹങ്ങളും കഴിഞ്ഞതവണ ബൂത്തുകളിൽ ഒരുക്കിയിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലും രണ്ടു ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്നതു പരിഗണനയിലുണ്ട്. ബംഗാളിൽ കഴിഞ്ഞ തവണത്തേതുപോലെ എട്ടു ഘട്ടം വേണ്ടെന്നും ആറോ, ഏഴോ ഘട്ടമായി പോളിംഗ് പൂർത്തീകരിക്കാനും കമ്മീഷൻ ആലോചിക്കുന്നുണ്ട്. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ എസ്ഐആറിനുശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പശ്ചിമബംഗാൾ, തമിഴ്നാട്, ആസാം, കേരള, പുതുച്ചേരി നിയമസഭകളുടെ അഞ്ചു വർഷത്തെ കാലാവധി യഥാക്രമം മേയ് ഏഴ്, 10, 20, 23 ജൂണ്‍ 15 തീയതികളിൽ അവസാനിക്കും. ഇതിനുമുന്‍പായി തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കി പുതിയ നിയമസഭ രൂപീകരിക്കും.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ തർക്കം മുറുകുന്നു. കോൺഗ്രസ് നേതാവ് ശശി തരൂരാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നത്. സംസ്ഥാനത്തിന്റെ പേര് മാറ്റിയാൽ മലയാളികളെ ഇംഗ്ലീഷിൽ എന്ത് വിളിക്കുമെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.
നിലവിൽ കേരളത്തിലുള്ളവരെ 'കേരളൈറ്റ്' എന്നാണ് ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്നത്. എന്നാൽ പേര് 'കേരളം' എന്നാക്കി മാറ്റുമ്പോൾ ഇത് 'കേരളമൈറ്റ്' എന്നോ 'കേരളമിയൻ' എന്നോ മാറ്റേണ്ടി വരുമോ എന്ന് തരൂർ ചോദിക്കുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഈ ഭാഷാപരമായ സംശയം പങ്കുവെച്ചത്.
ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. മലയാള ഭാഷയിൽ 'കേരളം' എന്നാണ് പറയുന്നതെങ്കിലും മറ്റ് ഭാഷകളിൽ ഇത് ഇപ്പോഴും 'കേരള' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വ്യത്യാസം ഒഴിവാക്കി എല്ലാ ഭാഷകളിലും 'കേരളം' എന്നാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എന്നാൽ, പേര് മാറ്റം കൊണ്ടുവരുമ്പോൾ ഇംഗ്ലീഷിലെ പ്രയോഗങ്ങളിൽ ആശയക്കുഴപ്പമുണ്ടാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. തരൂരിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. 'മലയാളി' എന്ന വാക്ക് തന്നെ ഇംഗ്ലീഷിലും ഉപയോഗിച്ചാൽ പോരേ എന്ന് ചിലർ ചോദിക്കുമ്പോൾ, പേര് മാറ്റം അനാവശ്യമാണെന്ന് വാദിക്കുന്നവരും കുറവല്ല.
കേരള എന്നുള്ള പ്രയോഗം കേരളം എന്നാക്കി എന്ന് കരുതി കേരള ഹൈക്കോടതിയുടേ പേര് ഇംഗ്ലീഷിൽ ഹൈക്കോർട്ട് ഓഫ് കേരള എന്നു തന്നെ തുടരുമെന്നാണ് നിയമവദഗ്ധർ നൽകുന്ന വിവരം. ഹൈക്കോടതിയുടെ പേര് മാറ്റണമെങ്കിൽ അതിന് പ്രത്യേകം നിയമം പാർലമെന്റിൽ പാസാക്കണമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ പേരുമാറ്റം അതിന്റെ ഐഡന്റിറ്റിയുടെ പ്രശ്നമാണ് അതൊരു സ്പെല്ലിംഗ് മത്സരം ആക്കേണ്ടതില്ലെന്നുമാണ് സിപിഎം രാജ്യസഭാംഗം ജോൺബ്രിട്ടാസ് പ്രതികരിച്ചത്.
National
ന്യൂഡൽഹി: നാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തങ്ങളിൽപ്പെട്ടവർക്കു കൈത്താങ്ങുമായി ഫരീദാബാദ് അതിരൂപത.
വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടമായവരിൽ ഒരു കുടുംബത്തിന് താമരശേരി രൂപത സോഷ്യൽ സർവീസ് ടീമിന്റെ സഹായത്തോടെ നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം അതിരൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ഇന്ന് ഉച്ചകഴിഞ്ഞു നിർവഹിക്കും.
വയനാട് ജില്ലയിലെ പുഞ്ചിരിമട്ടത്ത് മാനന്തവാടി രൂപത സോഷ്യൽ സർവീസ് ടീമിന്റെ സഹായത്തോടെ മറ്റൊരു വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഫരീദാബാദ് അതിരൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. ജോമി വാഴക്കാലായിൽ അറിയിച്ചു.
ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരും വീടും സ്വത്തും നഷ്ടപ്പെട്ടവരും അവരുടെ ജീവിതങ്ങൾ വീണ്ടും കെട്ടിപ്പടുക്കുന്ന ഈ അവസരത്തിൽ കൈത്താങ്ങാകാൻ ഫരീദാബാദ് അതിരൂപതയ്ക്കു സാധിച്ചതിൽ ഒത്തിരി സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.
National
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിന് പകരം 'കേരളം' എന്നാക്കി മാറ്റണമെന്ന കേരള നിയമസഭയുടെ ശുപാർശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. പുതുതായി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയുടെ ഓഫീസായ 'സേവാ തീർത്ഥിൽ' വെച്ച് നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.
ഭരണഘടനയുടെ മൂന്നാമത് അനുച്ഛേദം അനുസരിച്ച് ഒന്നാം പട്ടികയിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പേര് മാറ്റുക. ഇതിനായുള്ള ബിൽ ഇനി പാർലമെന്റിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം 2024 ജൂൺ 24-ന് കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു.
മലയാളത്തിൽ 'കേരളം' എന്ന് വിളിക്കപ്പെടുമ്പോഴും ഭരണഘടനയിലും ഔദ്യോഗിക രേഖകളിലും ഇംഗ്ലീഷിൽ കേരള എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് മാറ്റണമെന്നത് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകൃതമായ കാലം മുതലുള്ള ആവശ്യമായിരുന്നു.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് അരങ്ങേറും. ധകുഖാന, സിലാപത്തര്‍ എന്നിവിടങ്ങളിലായി രാവിലെ ഒമ്പതിനും ഉച്ചകഴിഞ്ഞ് രണ്ടിനുമായാണ് നാല് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. അതോടെ ഇത്തവണത്തെ സെമി ഫൈനല്‍ ചിത്രം വ്യക്തമാകും. മത്സരങ്ങള്‍ ഫിഫ പ്ലസ് ആപ്പില്‍ തത്സമയം.
നിലവിലെ ചാമ്പ്യന്മാരായ ബംഗാളിന്റെയും ഫൈനസ്റ്റുകളായ കേരളത്തിന്റെയും മത്സരങ്ങള്‍ ഉച്ചകഴിഞ്ഞ് രണ്ടിനാണ്. ബംഗാളിന്റെ എതിരാളികള്‍ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയിലെ നാലാം സ്ഥാനക്കാരായ സര്‍വീസസ്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കേരളത്തെ കീഴടക്കിയാണ് സര്‍വീസസ് ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയത്. അതേസമയം, ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരാണ് ബംഗാള്‍.
കേരളം x ആസാം
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ മൂന്നു ജയം ഒരു സമനില ഒരു തോല്‍വി എന്നിങ്ങനെ 10 പോയിന്റ് നേടി ഒന്നാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരാണ് ആതിഥേയരായ ആസാം. മൂന്നു സമനിലയും ഒരു ജയവും ഒരു തോൽവിയുമായി ആറ് പോയിന്റാണ് ആസാം സ്വന്തമാക്കിയത്.
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ 3-1ന് പഞ്ചാബിനെ കീഴടക്കിയാണ് കേരളം പോരാട്ടം ആരംഭിച്ചത്. എന്നാല്‍, രണ്ടാം മത്സരത്തില്‍ റെയില്‍വേസുമായി 1-1 സമനിലയില്‍ പിരിഞ്ഞു. മൂന്നാം പോരാട്ടത്തില്‍ 1-0ന് ഒഡീഷയെ കീഴടക്കിയ കേരളം, നാലാം മത്സരത്തില്‍ 3-0ന് മേഘാലയയെ തകര്‍ത്തു. അവസാന മത്സരത്തില്‍ സര്‍വീസസിനോട് 1-0ന്റെ തോല്‍വി വഴങ്ങിയത് മാത്രമാണ് ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ കേരളത്തിന്റെ ഏക നെഗറ്റീവ് മാര്‍ക്ക്.
ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ തമിഴ്നാടിനോട് 1-0ന്റെ തോല്‍വി വഴങ്ങിയശേഷം ശക്തമായി തിരിച്ചെത്തിയാണ് ആസാം ക്വാര്‍ട്ടറിലേക്ക് എത്തിയിരിക്കുന്നത്.
ക്വാര്‍ട്ടര്‍ ഫിക്സ്ചര്‍
റെയില്‍വേസ് x രാജസ്ഥാന്, 9.00 am
തമിഴ്നാട് x പഞ്ചാബ്, 9.00 am
ബംഗാള്‍ x സര്‍വീസസ്, 2.00 pm
കേരളം x ആസാം, 2.00 pm
Sports
ന്യൂഡല്‍ഹി: അഞ്ചാമത് 3x3 ദേശീയ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ സെമിയില്‍. 22-13നു തെലുങ്കാനയെ കീഴടക്കിയാണ് കേരള വനിതകളുടെ സെമി പ്രവേശം. അതേസമയം, കേരള പുരുഷ ടീം നോക്കൗട്ട് കാണാതെ പുറത്തായി.
Kerala
തിരുവനന്തപുരം: പത്ര പ്രവര്‍ത്തക പെൻഷൻ 1,500 രൂപ വര്‍ധിപ്പിച്ച് 13,000 രൂപയാക്കി. ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടിയും സര്‍ക്കാര്‍ സ്കൂളിലെ വിദ്യാർഥികള്‍ക്ക് സൗജന്യ യൂണിഫോമിന് 150 കോടിയും അനുവദിച്ചു.
ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി. ലൈബ്രേറിയന്മാര്ക്ക് ശമ്പളം 1,000 രൂപ വർധിപ്പിച്ചു.
Kerala
തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടിയും ഉത്തരവാദിത്വ ടൂറിസത്തിന് 20 കോടിയും ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
അതേസമയം, അഡ്വക്കറ്റ് വെൽഫെയർ ഫണ്ട് ഘട്ടംഘട്ടമായി 20 ലക്ഷം ആയി ഉയർത്തും. കാൻസർ, ലെപ്രസി, ക്ഷയം, എയ്ഡ്സ് രോഗബാധിതരുടെ പ്രതിമാസ പെൻഷൻ 1,000 രൂപ വർധിപ്പിച്ചു.
Kerala
തിരുവനന്തപുരം: കട്ടപ്പന-തേനി തുരങ്ക പാത സാധ്യത പഠനത്തിന് 10 കോടി വകയിരുത്തി. റോഡ് സുരക്ഷക്ക് 23.37 കോടി, റോഡ് ഡിസൈൻ നിലവാരം ഉയര്‍ത്തൽ 300 കോടി രൂപയും അനുവദിച്ചു.
തലസ്ഥാന നഗര റോഡ് മാതൃകയിൽ നഗര റോഡ് വികസനത്തിന് അനുവിറ്റി പദ്ധതി 58. 89 കോടിയും കെഎസ്ആർടിസി ഡിപ്പോ വർക്ക് ഷോപ്പ് നവീകരണത്തിന് 40 കോടിയും വകയിരുത്തി.
Kerala
തിരുവനന്തപുരം: കെ ഫോണിന് 112.44 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡിജിറ്റൽ സര്‍വകലാശാലക്ക് 27.8 കോടിയും സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടിയും കെ സ്പേസിന് 57 കോടിയും അനുവദിച്ചു
പുതിയ ഐടി നയം ഉടൻ പുറത്തിറക്കുമെന്നും കൊച്ചിയിൽ കള്‍ച്ചറൽ ഇൻക്യൂബേറ്റര്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: എസ്ഐആർ ആശങ്ക അകറ്റാൻ നേറ്റിവിറ്റി കാര്‍ഡ് പദ്ധതിയുമായി കേരള സർക്കാർ. ഇതിനായി പുതിയ നിയമ നിർമാണം നടത്തും. മത-സാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ 10 കോടി വകയിരുത്തി.
അതേസമയം, പ്രവാസി വ്യവസായ പാർക്കിന് 20 കോടി നീക്കിവച്ചു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി. മലബാര്‍ സിമന്റസിന് ആറു കോടി അനുവദിച്ചു.
റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ മിഷൻ പദ്ധതിക്കായി 100 കോടി രൂപ, നെല്ലിന് സംഭരണ സമയത്ത് തന്നെ പണം നൽകും, നെൽകൃഷി വികസനത്തിന് 150 കോടി, കേര പദ്ധതിക്കായി 100 കോടി രൂപ, മൃഗസംരക്ഷണത്തിന് 318 കോടി, മണ്ണ് സംരക്ഷണത്തിന് 84.21 കോടി, കാർഷിക സർവകലാശാലയ്ക്ക് 78 കോടി രൂപ, വിള ഇൻഷുറൻസ് പദ്ധതിക്ക് 33 കോടി രൂപയും അനുവദിച്ചു.
Kerala
തിരുവനന്തപുരം: കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്. ഇതിനായി 50 കോടി വകയിരുത്തി. ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയും
കേരള പദ്ധതിക്ക് 100 കോടി, മനുഷ്യ- വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് 100 കോടി, വനവത്കരണത്തിന് 50 കോടി.
കുടുംബശ്രീ ബജറ്റ് വിഹിതം 95 കോടിയായി ഉയര്‍ത്തി, കുട്ടനാട് പാക്കേജിന് 75 കോടി, ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി, ക്ലീൻ പമ്പക്ക് 30 കോടി, അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി തുടരും, തദ്ദേശ സ്ഥാപനങ്ങൾക്ക് രണ്ട് കോടി ഗ്യാപ് ഫണ്ടും വകയിരുത്തി.
അതേസമയം, കഴിഞ്ഞ പത്തുവർഷക്കാലം പവർകട്ടോ ലോഡ് ഷെഡിംഗോ ഉണ്ടായിട്ടില്ലെന്നും 39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടുവെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
15,51,609 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകി 39.79 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകി. ഐടി കമ്പനികളുടെ എണ്ണം 650ൽ നിന്നും 1160 ആയി വർധിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം ഒന്നാമതായി.
പുതുതായി 3.92 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. 22000 കോടി രൂപയുടെ നിക്ഷേപവും 7.5 ലക്ഷം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിച്ചുവെന്നും ധനമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: റോഡ് അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത ആശുപത്രികളിലും ചികിത്സ ലഭ്യമാക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തി.
പത്താംക്ലാസ് വരെ കുട്ടികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. പൊതുമേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് നൽകും.
Kerala
തിരുവനന്തപുരം: വിരമിച്ചവർക്ക് പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി. മെഡിസെപ് 2.0 ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ അനുവദിച്ചു.
ഹരിത കര്‍മ സേനക്ക് ഗ്രൂപ്പ് ഇൻഷുറന്‍സ്, കാൻസർ ലെപ്രസി തുടങ്ങിയ രോഗ ബാധിതരുടെ പെൻഷൻ രണ്ടായിരമാക്കി വര്‍ധിപ്പിച്ചു, ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഇൻഷുറൻസ്, ഒന്ന് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ് അനുവദിച്ചു.
തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി. തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയിൽ കേരളം നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. പഞ്ചായത്തുകളിൽ സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് സ്കിൽ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 20 കോടി രൂപ അനുവദിച്ചു.
സൗരോജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി, ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി, നഗരങ്ങളിൽ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി, സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാൻ ഹബ്ബുകള്‍, ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായവും അനുവദിച്ചു.
Kerala
തിരുവനന്തപുരം: കെ റെയിലിന് പകരം ആര്‍ആര്‍ടിഎസ് അതിവേഗ പാതയുമായി സര്‍ക്കാര്‍. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചു.
നാലു ഘട്ടങ്ങളിലായി ആര്‍ആര്‍ടിഎസ് അതിവേഗ പാത നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നഗര മെട്രോകളെ ബന്ധിപ്പിക്കും. പ്രരാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ അനുവദിച്ചു. എംസി റോഡ് വികസനത്തിന് കിഫ്ബിയിൽ നിന്ന് 5317 കോടി രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണാർഥം തിരുവനന്തപുരത്ത് വിഎസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി രൂപ അനുവദിച്ചു. വിഎസിന്റെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരുന്നതിനാണ് സെന്റര്‍ ആരംഭിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
അതേസമയം, വയനാട് ദുരന്തബാധിതർക്ക് ആദ്യബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം മുതൽ നൽകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ചൈനക്കുശേഷം ആദ്യമായി അതിദാരിദ്ര്യ വിമുക്ത പരിപാടി നടപ്പിലാക്കിയത് കേരളത്തിലാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അമേരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിലാണെന്നും മന്ത്രി അറിയിച്ചു.
ദേശീയ പാത നിര്‍മാണം ദ്രുതഗതിയിലാണ് നടക്കുന്നത്. ദേശീയപാത വരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തികൊണ്ട്. കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങില്ല. വ്യവസായ വളര്‍ച്ച സമാനതകളില്ലാത്ത നിലയിലാണെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തദേശ സ്ഥാപനങ്ങള്‍ക്ക് ജനറൽ പര്‍പസ് ഫണ്ടായി 3236.76 കോടി അനുവദിച്ചു. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. 10189 കോടിയാണ് വകയിരുത്തിയത്.
അതേസമയം, മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നല്ലെന്നും മതമല്ല, മതമല്ല മതമല്ല പ്രശ്നം എന്നാണ് സർക്കാരിനെ നയിക്കുന്നതെന്നും കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞു. എരിയുന്ന വയറിലെ തീയാണ് പ്രശ്നമെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ പ്രീപ്രൈമറി അധ്യാപകർക്ക് 1000 രൂപ വർധിപ്പിച്ചു. സ്കൂൾ പാചക തൊഴിലാളികൾക്ക് ദിവസവേതനം 25 രൂപ വർധിപ്പിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം വർധിപ്പിച്ചു. വയോജന സംരക്ഷണത്തിന് എൽഡർലി ബജറ്റ്. ഖരമാലിന്യ സംസ്കരണത്തിന് അധിക വിഹിതം അനുവദിച്ചുവെന്നും ധനമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനം പിടിച്ചുനിന്നുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വികസനത്തിൽ കുറവുണ്ടായിട്ടില്ല. തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്‍ഹമായ വിഹിതം വെട്ടുകയാണ്. കേന്ദ്രം, സംസ്ഥാനത്തിനുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. വായ്പാ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുവെന്നും ധനമന്ത്രി പറഞ്ഞു
സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണെന്നും സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്രത്തിന്റെ കടന്നു കയറ്റമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ക്ഷേമ പെന്ഷന് 14500 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ആശാ, അങ്കൻവാടി വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തിൽ 1000 രൂപയുടെ വർധനവും അങ്കൻവാടി ഹെൽപ്പർമാർക്ക് 500 രൂപയും വർധിപ്പിച്ചു
കണക്ട് ടു വർക്കിന് 400 കോടിയും സാക്ഷരതാ പ്രേരകുമാർക്ക് പ്രതിമാസം 1000 രൂപയും അനുവദിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 14,500 കോടി ക്ഷേമ പെൻഷന് നൽകാൻ വകയിരുത്തി.
അതേസമയം, ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 10 വർഷം മുമ്പത്തെ കേരളമല്ല, ഇന്ന് ഇത് ന്യൂനോർമൽ കേരളമാണ്. വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചയ്ക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരണം ആരംഭിച്ചു. ഏറെ സന്തോഷത്തോടെയും ബഹുമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞു.
ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 10 വർഷം മുമ്പത്തെ കേരളമല്ല, ഇന്ന് ഇത് ന്യൂനോർമൽ കേരളമാണ്. വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചയ്ക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകള്‍ അടങ്ങിയ പെട്ടി കൈപ്പറ്റിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുക.
സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം അടക്കം ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ തമിഴ്നാട് സമനിലയില്‍ തളച്ചു. ഇന്നലെ നടന്ന നാലാം റൗണ്ട് പോരാട്ടത്തില്‍ 1-1ന് തമിഴ്നാടുമായി സമനിലയില്‍ പിരിഞ്ഞ് ബംഗാള്‍ പോയിന്റ് പങ്കുവച്ചു. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് ബംഗാള്‍ നേരത്തേ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു.
ഗോള്‍ അകന്നുനിന്ന ഒരു മണിക്കൂറിനുശേഷം 61-ാംമിനിറ്റില്‍ നന്ദകുമാര്‍ ആനന്ദരാജിലൂടെ തമിഴ്നാട് ലീഡ് സ്വന്തമാക്കി. ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ബംഗാള്‍ ആദ്യമായി പിന്നിലായ സമയം. ഗോള്‍ മടക്കാനായുള്ള ബംഗാളിന്റെ തീവ്രശ്രമത്തിന് 81-ാം മിനിറ്റില്‍ ഫലം ലഭിച്ചു. സുജിത് സന്ധുവിലൂടെ ബംഗാള്‍ 1-1ന് സമനിലയില്‍. മറ്റൊരു മത്സരത്തില്‍ ഉത്തരാഖണ്ഡ് 2-1ന് നാഗാലാന്‍ഡിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഉത്തരാഖണ്ഡിന്റെ ആദ്യ ജയമാണ്.
ആതിഥേയരായ ആസാം 3-0ന് രാജസ്ഥാനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. ആസാമിന്റെ ആദ്യ ജയമാണ്. നാല് മത്സരങ്ങളില്‍നിന്ന് അഞ്ച് പോയിന്റുമായി ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്താണ് ആസാം. നാല് പോയിന്റുമായി ഉത്തരാഖണ്ഡ് അഞ്ചാം സ്ഥാനത്തും ഒരു പോയിന്റുമായി നാഗാലാന്‍ഡ് അവസാന സ്ഥാനത്തുമാണ്. ഉത്തരാഖണ്ഡിനോട് പരാജയപ്പെട്ടതോടെ നാഗാലാന്‍ഡ് പുറത്തായി. 10 പോയിന്റുള്ള ബംഗാള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് പോയിന്റുമായി തമിഴ്നാടും ആറ് പോയിന്റുമായി രാജസ്ഥാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാനുള്ള ജയത്തിനായി കേരളം ഇന്നു കളത്തില്‍. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന മത്സരത്തില്‍ മേഘാലയയാണ് കേരളത്തിന്റെ എതിരാളികള്‍. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നു ജയിച്ചാല്‍ കേരളത്തിന് മറ്റു ടീമുകളുടെ ഫലത്തിനു കാത്തിരിക്കാതെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ടീമാണ് മേഘാലയ. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം തീപാറുമെന്നുറപ്പ്. കേരളത്തിന് ഇതുവരെ പഞ്ചാബിന് എതിരായ മത്സരത്തില്‍ മാത്രമാണ് ആധികാരികത പുലര്‍ത്താന്‍ സാധിച്ചത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ് കേരള കോൺഗ്രസ്-എം. അവരുടെ വിശ്വാസിയതയെ ചോദ്യം ചെയ്യുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പറഞ്ഞിരുന്നു. എൽഡിഎഫിലുള്ള കക്ഷികളും എൻഡിഎയിലുള്ള കക്ഷികളും നിഷ്പക്ഷരായ ആളുകളും യുഡിഎഫിന്റെ പ്ലാറ്റ്ഫോമിലേക്കു വരും.
അവര്‍ ആരൊക്കെയാണ് എന്ന് ഇപ്പോള്‍ ദയവായി ചോദിക്കരുത്. കാത്തിരിക്കാനും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് യുഡിഎഫില്‍ ചേരാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാൽ, പാർട്ടി ഇടതുമുന്നണി വിടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്. മുന്നണിമാറ്റം അഭ്യൂഹം മാത്രമാണെന്നും വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ച നടന്നതായി അറിയില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
Kerala
ന്യൂഡൽഹി: കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം തള്ളിയാണ് കോടതി നടപടികൾ പൂർത്തിയാക്കാൻ രണ്ട് ദിവസം അനുവദിച്ചത്.
കോടതി നിർദ്ദേശപ്രകാരം എന്യുമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ഈ മാസം 18 വരെ കാത്തിരിക്കണമെന്നും കമ്മീഷൻ വാദിച്ചു.
ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നൽകണമെന്നായിരുന്നു കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് രണ്ട് ദിവസത്തേക്ക് കൂടി നീട്ടാം എന്നറിയിക്കുകയായിരുന്നു. കേസ് ഡിസംബര്‍ 18ന് വീണ്ടും പരിഗണിക്കും.
എസ്ഐആറുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ബിഎൽഒമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ബിഎൽഒമാർക്ക് സുരക്ഷ കിട്ടിയില്ലെങ്കിൽ അത് അരാജകത്വത്തിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.
Leader Page
കേന്ദ്ര സഹകരണ നിയമം എത്രയോ കാലം മുന്‍പേ കേരളം കൈക്കുന്പിളിലേറ്റിയതാണ്. ജവഹർലാൽ നെഹ്റു ദശാബ്ദങ്ങൾക്കു മുന്‍പുതന്നെ സഹകരണ പ്രസ്ഥാനത്തിന്റെ അനിവാര്യത കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിന്റെയെല്ലാം വെളിച്ചത്തിൽ ലോകശ്രദ്ധ നേടിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. പരസ്പര സഹകരണം, സത്യസന്ധത, പൗരബോധം, ദേശീയത, മതനിരപേക്ഷത എന്നിവയിലൂടെ സഹകരണ പ്രസ്ഥാനം കേരളത്തിന്റെ സ്വന്തമായിരുന്നു.
ഇന്നുകാണുന്ന പല നിശബ്ദ പദ്ധതികളിലും സഹകരണം പ്രാധാന്യത്തോടെ ലയിച്ചു ചേർന്നതിൽ മികച്ച സഹകാരികളുടെ പങ്ക് നിസ്തുലമാണ്. അതിന്റെ ശ്രദ്ധേയമായ വളർച്ച കേരളത്തിലാണ് ഏറ്റവും കൂടുതൽ കാണപ്പെട്ടത്. സാധാരണക്കാരായ ജനങ്ങളുടെ ചെറിയ പങ്കാളിത്തംപോലും വലിയ തുകയായി മാറി മാറി വലിയ സംരംഭങ്ങളായത് അനുഭവസിദ്ധമാണ്. ഈ അവസ്ഥയിൽ വേണം സഹകരണ പ്രസ്ഥാനങ്ങളെ കാണേണ്ടത്.
കേരളം പലതിലും ഇന്ത്യക്കു മാതൃകയായിട്ടുണ്ട്. ഇവിടെ പല സാന്പത്തിക ലക്ഷ്യങ്ങൾക്കും വേണ്ടി ഒരുമിച്ചു ചേർന്നു പ്രവർത്തിക്കുന്ന സംഘങ്ങളെ നല്ല മനസോടെതന്നെ സ്വീകരിക്കേണ്ടതുണ്ട്. കാർഷിക, വ്യാവസായിക, വിദ്യാഭ്യാസ, ആരോഗ്യ, കലാ-സംസ്കാരിക-കായിക രംഗങ്ങളിൾ കേരളത്തിൽ സർവതലസ്പർശിയായി സഹകരണ പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട്. കേരളം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ പാഠപുസ്തകമാണ്.
ദേശീയ സഹകരണ നിയമം കൊണ്ടുവന്നിരിക്കുന്നത് ഇന്ത്യയിലാകമാനം നടപ്പാക്കാനാണ്. അത് കേരള മോഡലിന്റെ കടമെടുപ്പുകൂടിയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തിന്റെ ഭാഗമായുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ കൃത്യമായും സുതാര്യമാകുന്നു.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേരളം എല്ലാ പഞ്ചായത്തുകളിലും നേരിട്ടുതന്നെ സഹകരണ സംഘങ്ങൾ ഉണ്ടാക്കിയിരുന്നു. പ്രാഥമിക സംഘം, ജില്ലാ സംഘം, സംസ്ഥാന സംഘം എന്ന നിലയിലാണല്ലോ കേരള സ്റ്റേറ്റ് സഹകരണ സംഘം ബാങ്കായത്. ജനാധിപത്യ സഹകരണത്തെ മാറ്റിനിറുത്തി പ്രാഥമിക സംഘത്തെ ഞെരുക്കി ജില്ലാ സംഘത്തെ ഇല്ലാതാക്കി പുതിയ സംവിധാനം സൃഷ്ടിച്ചത് തികച്ചും കേന്ദ്രീകൃത സഹകരണ ജനാധിപത്യത്തിനു ചേർന്നതല്ലായിരുന്നുവെന്നു പറയാതെവയ്യാ.
ജില്ലാ സഹകരണ സംഘങ്ങൾക്കു പുനർജീവൻ നൽകേണ്ടതുതന്നെയാണ്. മാത്രവുമല്ല സഹകരണരംഗത്തു കേന്ദ്രീകൃത സഹകരണമല്ല, തട്ടുതട്ടുകളായുള്ള സഹകരണ ജനാധിപത്യമാണു വേണ്ടത്. ഇതൊന്നുമറിയാതെ കേവലം പണം കടംകൊടുക്കുന്ന ബാങ്കുകളെപ്പോലെ സഹകരണ സ്ഥാപനങ്ങളെ കരുതരുത്.
നികുതിയിളവിലെ ആശ്വാസം, മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾ, കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ നടത്തിപ്പ് എന്നിവയിലെല്ലാം കേന്ദ്രനിയമം നമുക്ക് ഗുണകരമാവും. സഹകരണരംഗത്ത് ആരെങ്കിലും അതിന്റെ ഉദ്ദേശ്യശുദ്ധിക്കു വിപരീതമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതിനായി അവരെ നിയമാനുസരണം നിലയ്ക്കു നിറുത്തുക അഥവാ തെറ്റു തിരുത്തലിന് വിധേയമാക്കുക. അതിനവസരം സഹകരണ നിയമങ്ങളിലുള്ളപ്പോൾ എന്തിനാണ് നിയമഭേദഗതി. കേരളത്തിൽ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി ശരിയായിരുന്നില്ല.
ലോക്സഭ, രാജ്യസഭ, നിയമസഭ തുടങ്ങിയ ഇടങ്ങളിലും പ്രാദേശിക ഗവണ്മെന്റുകളിലും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു ടേം എന്ന നിബന്ധനകളില്ല. എന്നാൽ കേരളത്തിൽ പുതിയ നിയമ ഭേദഗതിയിലൂടെ ടേം എന്നത് സഹകരണരംഗത്തു കടന്നുവന്നു. മാത്രവുമല്ല, തികച്ചും ജനാധിപത്യപരമായ അധികാരങ്ങളുള്ള ഭരണസമിതിയെത്തന്നെ ദുർബലമാക്കി സബ് കമ്മിറ്റികളിലും മറ്റും ഉദ്യോഗസ്ഥ, റിട്ടയേർഡ് ഉദ്യോഗസ്ഥ പ്രാതിനിധ്യത്താൽ സങ്കീർണമാക്കി.
നിലവിൽതന്നെ പൊതു ഭരണക്രമത്തിൽ ആകമാനം ബ്യൂറോക്രസി അഴിഞ്ഞാടി ഒരു സർക്കാരിനു സാധാരണ ജനങ്ങൾക്കിടയിൽനിന്നു വലിയതോതിൽ അവമതിപ്പുണ്ടാക്കുന്ന സന്ദർഭത്തിലാണ് പുതിയ ഭേദഗതി ഉണ്ടാകുന്നത്.
പുതിയ നിയമഭേദഗതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്തുതന്നെയായിരുന്നാലും ഉദ്ദേശ്യശുദ്ധി ഇല്ലാത്തതാണ്. ധാരാളം സംഘങ്ങളിലെ വ്യക്തികളുടെ സത്യസന്ധവും ആത്മാർഥവുമായ കർമഫലമായാണു സംഘങ്ങൾ നിലനിൽക്കുന്നത്. അതുകാണാതെ ടേം ഉണ്ടാക്കിയതും ഉദ്യോഗസ്ഥ മേധാവിത്വത്തിന് വഴിതെളിച്ചതും ഭൂഷണമല്ലെന്നു പറഞ്ഞേ തീരൂ.
ഈ സാഹചര്യത്തിൽ ജനകീയ കോടതിയുടെ വിധി കാത്തിരിപ്പുണ്ട്. കേന്ദ്ര സഹകരണ നിയമത്തെ അംഗീകരിക്കാതിരുന്നാൽ മറ്റു പല കാര്യങ്ങളിലുമെന്നപോലെ കേന്ദ്ര വിരുദ്ധ സമരം മാത്രമേ ശരണമായി വരൂ, സഹകരണമാണാവശ്യം. കേന്ദ്ര സഹകരണ നിയമവുമായി സഹകരിക്കുന്നതാണ് കാലികപ്രസക്തമായ ദൗത്യം. ഇനിയും കേന്ദ്ര നിയമങ്ങളെ അകറ്റി നിറുത്തണമെങ്കിൽ കേരളം മാത്രം വിചാരിച്ചാൽ പോരാതാനും. ജിഎസ്ടി അടക്കമുള്ള കാര്യങ്ങളിൽ ഇതു നാം കണ്ടതാണ്.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയം പലവട്ടം ചർച്ചചെയ്യപ്പെട്ടതും ഇനിയും എവിടെയുമെത്താത്തതുമാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ വലിയ തോതിൽ കെടുതികളുണ്ടായ കേരളത്തെ വലിയ തോതിൽ അവഗണിച്ച കേന്ദ്രം, പ്രകൃതി ദുരന്തം നേരിട്ട ഇതര സംസ്ഥാനങ്ങളെ കൈയയച്ചു സഹായിച്ചതു നാം കണ്ടതാണ്.
ഈ വൈരുദ്ധ്യം ഇപ്പോഴും നിലനിൽക്കുന്പോൾ കേന്ദ്രാധികാരത്തിന്റെ പരിധിയിലുള്ള സഹകരണ മേഖലയെ സഹായിക്കാൻ ബാധ്യസ്ഥരായ സ്ഥാപനങ്ങൾ നമ്മെ തിരിച്ചറിഞ്ഞു സഹായിക്കാതിരിക്കില്ലേ? ഇത്തരം സാഹചര്യത്തിൽ കേന്ദ്ര സഹകരണ നിയമങ്ങളുമായി യോജിച്ചു മുന്നോട്ടു നീങ്ങി കേരളത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ മുൻവിധിയില്ലാതെ മുന്നോട്ടു വരികതന്നെ വേണം.