കൊച്ചി: നിര്‍മിതബുദ്ധിയും ഓട്ടോമേഷനും ആഗോള ഭൂപ്രകൃതിയെത്തന്നെ പുനര്‍നിര്‍മിക്കുമ്പോള്‍ ഫ്യൂച്ചര്‍ സ്കില്‍ ലാബുകള്‍ പോലുള്ള സംരംഭങ്ങള്‍ നമ്മുടെ യുവതയെ ഉന്നതശ്രേണിയിലെ തൊഴിലിനായി സജ്ജമാക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
സംസ്ഥാനത്തെ ആദ്യത്തെ ഫ്യൂച്ചര്‍ സ്കില്‍ സെന്റര്‍ അങ്കമാലി ഫിസാറ്റ് എന്‍ജിനിയറിംഗ് കോളജില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയ്ക്ക് മികച്ച തൊഴിലും സംരംഭകത്വവും ലഭ്യമാക്കാന്‍ ഇതുപോലുള്ള കൂടുതല്‍ കേന്ദ്രങ്ങള്‍ കേരളത്തിലുടനീളം കൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ആറ് അന്തര്‍ദേശീയ ലാബുകള്‍ ആരംഭിച്ചിരിക്കുന്നത്. ബംഗളൂരു എത്തനോടെക് അക്കാദമിയും ഫിസാറ്റ് എന്‍ജിനിയറിംഗ് കോളജും സഹകരിച്ചാണു പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത്. മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഓട്ടോഡെസ്ക്, വിഎല്‍എസ്ഐ, എആര്‍വിആര്‍, സ്നൈഡര്‍ തുടങ്ങിയ അന്തര്‍ദേശീയ കമ്പനികളുടെ രാജ്യാന്തര നിലവാരത്തിലുള്ള ലാബുകളാണ് ഇവ.
ചടങ്ങില്‍ ദേശീയ നൈപുണ്യ വികസന കോര്‍പറേഷനും അങ്കമാലി ഫിസാറ്റും എത്തനോട്ടക്ക് അക്കാദമിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഏഴു കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ലാബുകളില്‍ നൂതന സാങ്കേതികവിദ്യകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണന്, വാര്‍ഡ് മെംബര്‍ ഏലിയാസ് കെ. തര്യന്, ദേശീയ നൈപുണ്യ വികസന കോര്പറേഷന് സൗത്ത് റീജണല്‍ ഹെഡ് ഷെയ്ഖ് മഹ്മൂദ്, ഫെഡറല്‍ ബാങ്ക് ഇവിപിയും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ ഇക്ബാല്‍ മനോജ്, ഫിസാറ്റ് ചെയര്മാന് പി.ആര്. ഷിമിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Union Minister Suresh Gopi skill development centers established Keralam