ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നത് നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ഔദ്യോഗിക വിശദീകരണം. പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിന് എയിംസ് അനുവദിക്കണമെന്നത് സംസ്ഥാനത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്. ഇതിനായി കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കിയിരുന്നു. എന്നാൽ, പുതിയ എയിംസുകൾ അനുവദിക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പുതിയ എയിംസ് അനുവദിക്കുന്നതിനെക്കുറിച്ച് നിലവിൽ ആലോചനയില്ല. കോഴിക്കോട് കിനാലൂരിൽ എയിംസിനായി ഭൂമി കണ്ടെത്തി നടപടികൾ പൂർത്തിയാക്കി വരികയായിരുന്നു. കേന്ദ്ര ബജറ്റിലോ മറ്റ് പ്രഖ്യാപനങ്ങളിലോ കേരളത്തിന് എയിംസ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനം.