ന്യൂഡല്‍ഹി സംസ്ഥാനത്തിന്‍റെ പേര് ഔദ്യോഗികമായി 'കേരള' എന്നതില്‍ നിന്നും 'കേരളം'എന്നാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് നന്ദി അറിയിക്കാന്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക നായകര്‍ ഡല്‍ഹിയിലെത്തി. മലയാളത്തിന്‍റെ പ്രിയ കവി വി. മധുസൂദനന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, ജോര്‍ജ് ഓണക്കൂര്‍ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് നന്ദി അറിയിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്‍റെ പേര് മലയാളത്തനിമയോടെ 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്തതില്‍ ഇവര്‍ പ്രധാനമന്ത്രിയോട് കേരളത്തിന്‍റെ നന്ദി അറിയിച്ചു.
സംസ്ഥാനത്തിന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിയമസഭയില്‍ ഐകകണ്‌ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ പ്രമേയത്തിന് പിന്തുണയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭ ഇതിന് ഔദ്യോഗിക അംഗീകാരം നല്‍കിയത്.
'മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ട് 'കേരളം' എന്ന പേര് ഔദ്യോഗികമാക്കിയത് ചരിത്രപരമായ തീരുമാനമായാണ് സാംസ്കാരിക കേരളം വിലയിരുത്തിയത്.
Tags : Name change Kerala Keralam Prime Minister