ന്യൂഡൽഹി: കേരളത്തിലുടനീളം മെച്ചപ്പെട്ട റെയിൽ കണക്ടിവിറ്റി ഉറപ്പാക്കാൻ മൂന്ന് ഓപ്ഷനുകളാണു പരിഗണനയിലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ. കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള അതിവേഗ റെയിൽവേ കോറിഡോറിനെ സംബന്ധിച്ചുള്ള ജോണ് ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈന് എന്ന കെ റെയിലാണു കേന്ദ്രം പരിഗണിക്കുന്ന ഓപ്ഷനുകളിലൊന്ന്. സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിക്കു ബദലായി ആർആർടിഎസ് പദ്ധതി പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും കേന്ദ്രസർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
റെയിൽ ലൈൻ കണക്ടിവിറ്റി മെച്ചപ്പെടുത്താനായി കേന്ദ്രം പരിഗണിക്കുന്ന രണ്ടാമത്തെ ഓപ്ഷൻ കേരളത്തിലെ ഏഴ് റെയിൽ റൂട്ടുകളുടെ വികസനം സംബന്ധിച്ച പദ്ധതിയാണ്. ഷൊർണൂർ-മംഗളൂരു (3, 4 ലൈൻ), കോയന്പത്തൂർ-ഷൊർണൂർ (3, 4 ലൈൻ), ഷൊർണൂർ-എറണാകുളം (മൂന്നാമത്തെ ലൈൻ), എറണാകുളം-കായംകുളം (മൂന്നാമത്തെ ലൈൻ (കോട്ടയം വഴി), കായംകുളം-തിരുവനന്തപുരം (മൂന്നാമത്തെ ലൈൻ), തിരുവനന്തപുരം-നാഗർകോവിൽ (മൂന്നാമത്തെ ലൈൻ), മാരാരിക്കുളം-ആലപ്പുഴ പാതയിരട്ടിപ്പിക്കൽ എന്നിവയാണ് ഈ ഏഴ് റെയിൽ റൂട്ടുകൾ. ഈ റൂട്ടുകളുടെ ഡിപിആർ തയാറാക്കുന്നതിനുള്ള അനുമതി റെയിൽവേ നൽകിയിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് ജോണ് ബ്രിട്ടാസിനെ രേഖാമൂലം അറിയിച്ചു.
മൂന്നാമത്തെ ഓപ്ഷനാകട്ടെ മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടു വച്ച കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയിൽ കോറിഡോർ പദ്ധതിയാണ്. ഇതിന്റെ ഡിപിആർ തയാറാക്കുന്നതിന് നിർദേശിക്കുന്ന കത്ത് ശ്രീധരനിൽനിന്നു ലഭിച്ചിട്ടുണ്ടെന്നും കത്ത് വിലയിരുത്തുന്നതിനായി ബോർഡിന് കൈമാറിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. മണിക്കൂറിൽ 180 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കുന്ന സ്റ്റാൻഡേർഡ് ഗേജിലുള്ള റെയിൽവേ ലൈനാണു ശ്രീധരന്റെ പദ്ധതി.
54,000 കോടി രൂപ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി വിശദമായി വിലയിരുത്തിയെന്നും ശ്രീധരനെ ഉടൻ ചർച്ചയ്ക്കായി വിളിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് സഭയിൽ അറിയിച്ചു.
കെ റെയിൽ പദ്ധതി എംബാങ്ക്മെന്റിലാണെങ്കിൽ ഏഴു റൂട്ടുകളുടെ പദ്ധതി പ്രധാനമായും പ്രതലത്തിലാണെന്നും ശ്രീധരന്റെ പദ്ധതി എലവേറ്റഡ് ലൈനിലാണെന്നും ഇവ മൂന്നിലുംവച്ച് ഏറ്റവും സാന്പത്തികലാഭവും മികച്ചതുമായ ഓപ്ഷൻ തെരഞ്ഞെടുക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
മന്ത്രി മറുപടി നൽകുന്നതിനിടയിൽ രാജ്യസഭയുടെ ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഈ മൂന്ന് ഓപ്ഷനുകളിൽ ഏതെങ്കിലുമൊന്ന് കേരളത്തിനു ഉറപ്പായും നൽകില്ലേയെന്നു ചോദിച്ചപ്പോൾ, റെയിൽവേ മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.
തങ്ങൾ ഏറ്റെടുത്ത പദ്ധതികളെല്ലാം പൂർണ ആത്മാർഥതയോടെ പൂർത്തീകരിച്ചിട്ടുണ്ടെന്നു മാത്രമായിരുന്നു ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാതെയുള്ള മന്ത്രിയുടെ മറുപടി.
Tags : Keralam rail project Three options under consideration Minister Ashwini Vaishnav Rajya Sabha John Brittas MP