National
കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിൽ ഋതബത്ര ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച നടപടിയില്‍ സ്റ്റേയില്ല. നിയമസഭാ സ്പീക്കര്‍ രതീന്ദ്ര ബോസിന്റെ തീരുമാനത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോൽക്കത്ത ഹൈക്കോടതി വിസമ്മതിച്ചു.
മുതിര്‍ന്ന തൃണമൂല്‍ നേതാവ് സോബന്‍ദേബ് ഛത്രോപാധ്യായ് ഫയല്‍ ചെയ്ത പരാതി ജസ്റ്റിസ് കൃഷ്ണ റാവു ആണ് പരിഗണിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എയാണ് ഋതബത്ര ബാനര്‍ജി.
പരാതിക്കാരന് അനുകൂലമായി ഒരു വിഷയവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപക്ഷ നേതാവ് ആയി മമത ബാനര്‍ജി തീരുമാനിച്ചത് ശോഭദേബ് ഛത്രോപാധ്യായെ ആയിരുന്നു. എന്നാല്‍ ഈ തീരുമാനം നിയമസഭാ സ്പീക്കര്‍ അവഗണിക്കുകയായിരുന്നു.
National
കോൽക്കത്ത: വ്യത്യസ്ത ക്രിമിനൽ കേസുകളിൽ രണ്ട് തൃണമൂൽ കോണ്‍ഗ്രസ് കൗണ്‍സിലർമാർ അറസ്റ്റിലായതിനെത്തുടർന്ന് പ്രകോപിതരായ നാട്ടുകാർ അറസ്റ്റിലായ കൗണ്‍സിലർമാർക്കു നേരേ മുട്ടയെറിഞ്ഞു.
വടക്കൻ കോൽക്കത്തയിലെ കൗണ്‍സിലർ മുഹമ്മദ് ജാസിമുദ്ദീൻ, തെക്കുകിഴക്കൻ കോൽക്കത്തയിലെ കൗണ്‍സിലർ ബപ്പാദിത്യ ദാസ് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്.
മുഹമ്മദ് ജാസിമുദ്ദീനെ അറസ്റ്റു ചെയ്യാൻ പോലീസ് എത്തിയപ്പോൾ കൗണ്‍സിലർ വീട് അകത്തുനിന്നു പൂട്ടി ഒളിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ 5.30ഓടെ കേന്ദ്രസേനയുടെ അകന്പടിയോടെ പോലീസ് എത്തിയെങ്കിലും വീടിന്റെ ഇരുന്പ് ഗേറ്റുകൾ പൂട്ടിയ നിലയിലായിരുന്നു. ആറു മണിക്കൂറോളം പോലീസ് വീടിനു മുന്നിൽ കാത്തുനിന്നു.
ഒടുവിൽ പൂട്ട് പൊളിക്കാൻ തുടങ്ങിയതോടെ ജാസിമുദ്ദീൻ പുറത്തുവന്ന് കീഴടങ്ങുകയായിരുന്നു. പിന്നീട് ഇയാളെ കൊണ്ടുപോയ പോലീസ് വാഹനത്തിന് നേരേ നാട്ടുകാർ മുട്ടയെറിഞ്ഞു.
2023ലെ പോക്സോ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഇരയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കൗണ്‍സിലറുടെ കൂട്ടാളികൾ മർദിക്കുകയും കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പ്രദേശത്ത് വ്യാപക അക്രമ സംഭവങ്ങളും നടന്നിരുന്നു.
മറ്റൊരു സംഭവത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് കൗണ്‍സിലർ ബപ്പാദിത്യ ദാസ് ഗുപ്തയെയും സഹായി സൗരഭ് ഘോഷിനെയും പാതുലി പോലീസ് അറസ്റ്റ് ചെയ്തത്. ഒരു അഭിഭാഷകയുടെ വീട്ടിൽ ഓഫീസ് തുടങ്ങുന്നതിനായി 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും, ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപ വാങ്ങുകയും ചെയ്തു എന്ന പരാതിയിലാണ് അറസ്റ്റ്.
ഞായറാഴ്ച ദാസ് ഗുപ്തയെ അലിപ്പുർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പാതുലി പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് നാട്ടുകാർ കൗണ്‍സിലർക്കെതിരേ മുദ്രാവാക്യം വിളിക്കുകയും വാഹനത്തിനു നേരേ മുട്ടയെറിയുകയും ചെയ്തു.
കോടതി ദാസ് ഗുപ്തയെ 14 ദിവസത്തേക്കും സഹായിയെ 11 ദിവസത്തേക്കും പോലീസ് കസ്റ്റഡിയിൽ വിട്ടു.
National
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. മമതയുടെ വിശ്വസ്തനായ ഫിര്‍ഹാദ് ഹക്കീം കോല്‍ക്കത്ത മേയര്‍ സ്ഥാനം രാജിവച്ചു.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബിജെപി സർക്കാർ ഭരണത്തിലെത്തിയതിന് പിന്നാലെ പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫിര്‍ഹാദ് ഹക്കീം നേരത്തെ രാജിവയ്ക്കാന്‍ അനുമതി തേടിയിരുന്നു.
എന്നാൽ ഫിര്‍ഹാദ് ഹക്കീമിനോട് രാജിവയ്ക്കരുതെന്ന് മമത ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വീണ്ടും രാജി വയ്ക്കാൻ അനുവാദം തേടി മമതയെ സമീപിച്ച ഹക്കീമിന് രാജിവയ്ക്കാൻ അനുവാദം നൽകുകയായിരുന്നെന്നാണ് ടിഎംസി എംഎല്‍എ കുനാല്‍ ഘോഷ് അറിയിക്കുന്നത്.
2018 മുതല്‍ ഫിര്‍ഹാദ് ഹക്കീം കോൽക്കത്ത മേയറായിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിരവധി തവണ മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Sports
കോല്‍ക്കത്ത: ഡിസംബറില്‍ കൊട്ടിഘോഷിച്ച്, കോല്‍ക്കത്തയില്‍ അനാച്ഛാദം ചെയ്ത അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിയുടെ കൂറ്റന്‍ ശില്‍പ്പം നീക്കംചെയ്യും.
സുരക്ഷാപ്രശ്നത്തിന്റെ പേരിലാണ് നടപടി. മെസിയുടെ ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ' പരിപാടിക്കിടെയാണ് 21 മീറ്റര്‍ (70 അടി) ഉയരമുള്ള കൂറ്റന്‍ പ്രതിമ സ്ഥാപിച്ചത്.
കാറ്റില്‍ പ്രതിമ ആടുന്നതിനാല്‍ സുരക്ഷാ പ്രശ്നമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ എന്‍ജിനിയര്‍മാര്‍ കണ്ടെത്തി. അതോടെ പ്രതിമ കയര്‍ ഇട്ട് കെട്ടിവച്ചിരിക്കുകയാണ്.
Leader Page
സ്വീഡനിൽ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽനിന്നാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യാ സന്ദർശനത്തിനു വന്നത്. അവിടെനിന്ന് നേരേ കോൽക്കത്തയിൽ ഇറങ്ങി മദർ തെരേസയുടെ കല്ലറയിലേക്ക് ഓടിയെത്തിയാണ് മേയ് 23 മുതൽ 26 വരെയുള്ള തന്റെ ഇന്ത്യാ സന്ദർശനം തുടങ്ങിയത്.ആ അപൂർവമായ സന്ദർശനം ഇന്ത്യയിലെ രാഷ്ട്രീയ മേലാളന്മാർക്ക് നിശബ്ദമെങ്കിലും സ്ഫടികംപോലെ വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത്.
മേയ് 23ന് പുലർച്ചെ കോൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ റൂബിയോ പോയത് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനമായ മദർ ഹൗസിലേക്കാണ്. അവിടെ, ‘ചേരികളുടെ വിശുദ്ധ’യുടെ കല്ലറയോട് ചേർന്നു നടന്ന സവിശേഷ കുർബാനയിൽ അദ്ദേഹം പങ്കെടുത്തു. സാധാരണ വിശുദ്ധ കുർബാനയില്ലാത്ത ഇവിടെ നിത്യേന എത്തുന്ന നൂറുകണക്കിന് തീർഥാടകരെ പ്രവേശിപ്പിക്കാതെയായിരുന്നു റൂബിയോയുടെ സന്ദർശനത്തിന് സൗകര്യമൊരുക്കിയത്.
അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക മുദ്ര പതിപ്പിച്ച കാർഡോടുകൂടി ആ കല്ലറയിൽ അദ്ദേഹം അർപ്പിച്ച പുഷ്പചക്രത്തിൽതന്നെ ആ സന്ദേശം വ്യക്തമായിരുന്നു. “അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങളുടെ ആദരവും പ്രണാമവും” എന്നായിരുന്നു ആ കാർഡിൽ എഴുതിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലും കാണുന്നതിന് മുമ്പ്, തങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറിയെ (വിദേശകാര്യ മന്ത്രി) നേരിട്ട് മദർ ഹൗസിലേക്ക് അയയ്ക്കുക എന്ന ചരിത്രപരമായ തീരുമാനമെടുക്കാൻ അമേരിക്കൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ആ വരികൾ വിശദീകരിക്കുന്നു.
ലോകമെമ്പാടുമുള്ള ‘പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ’ സേവിക്കുന്ന അയ്യായിരത്തിലധികം കന്യാസ്ത്രീകളുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനത്ത് അദ്ദേഹം ഒന്നര മണിക്കൂറോളം ചെലവഴിച്ചു. റൂബിയോയും സംഘവും പിന്നെ എ.ജെ.സി. ബോസ് റോഡിൽത്തന്നെയുള്ള ശിശുഭവനിലേക്ക് നീങ്ങി. മദർഹൗസിൽനിന്ന് 200 മീറ്റർ മാത്രം അകലെയാണിത്. അവിടെയുണ്ടായിരുന്ന ഭിന്നശേഷിക്കാരായ കുട്ടികളെയും മാനസിക വെല്ലുവിളികൾ നേരിടുന്ന അനാഥക്കുട്ടികളെയും സന്തോഷിപ്പിക്കാനായി റൂബിയോ അവർക്ക് പാവക്കരടികളെ (ടെഡി ബെയർ) സമ്മാനിച്ചു.
“കാരുണ്യത്തിന്റെയും സേവനത്തിന്റെയും മഹത്തായ ഒരു പാരമ്പര്യവും പൈതൃകവുമാണ്മാണ് മദർ തെരേസ ലോകത്തിനു സമ്മാനിച്ചത്. മദർ തെരേസയുടെ പാരമ്പര്യത്തിന് ആദരവ് അർപ്പിക്കാനും കത്തോലിക്കാ വിശ്വാസത്തിന്റെ ജീവിക്കുന്ന മാതൃക നേരിൽ കാണാനും ഇന്ന് മിഷനറീസ് ഓഫ് ചാരിറ്റി സന്ദർശിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു,” കോൽക്കത്തയിൽനിന്ന് പ്രധാനമന്ത്രി മോദിയെ കാണാനായി ന്യൂഡൽഹിയിലേക്ക് തിടുക്കത്തിൽ തിരിക്കുന്നതിനിടെ റൂബിയോ എക്സിൽ (ട്വിറ്റർ) കുറിച്ചു. പശ്ചിമ ബംഗാളിലെ പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹം പോലും അദ്ദേഹത്തിന്റെ യാത്രയെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ പെട്ടുപോയിരുന്നു.
ആത്മീയ സന്ദർശനമല്ല!
കത്തോലിക്കാ വിശ്വാസിയായ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ വെറുമൊരു ആത്മീയ സന്ദർശനം മാത്രമായിരുന്നോ ഇത്? അങ്ങനെയായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ തിരക്കിട്ട ചതുർദിന ഇന്ത്യൻ സന്ദർശനത്തിലെ ആദ്യത്തെ പരിപാടിയായി ഇത് മാറുമായിരുന്നില്ല. ഇന്ത്യാ സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഈ മദർഹൗസ് യാത്ര മോദി സർക്കാരിനുള്ള ഒരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു. ഭരണകൂടങ്ങളുടെ സംരക്ഷണത്തിൽ കുറ്റവാളികൾ യാതൊരു ഭയവുമില്ലാതെ സ്വതന്ത്രരായി വിഹരിക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അമേരിക്ക ആവർത്തിച്ചുയർത്തുന്ന ആശങ്കകൾ അടിവരയിട്ടു പറയുകയായിരുന്നു ഇതിലൂടെ.
വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരേയുള്ള വിമർശനങ്ങളെ ‘ഇന്ത്യയുടെ മഹത്തായ നിയമസംവിധാനം’ എന്ന അവകാശവാദം ഉന്നയിച്ച് പ്രതിരോധിക്കാനും ക്രൈസ്തവരെ വേട്ടയാടുന്ന ഹിന്ദുത്വ ധാർഷ്ഠ്യത്തെ വെള്ളപൂശാനും ഔദ്യോഗികവക്താക്കൾ ആവർത്തിച്ച് ശ്രമിക്കുന്നുണ്ട്. എന്നാൽ, ക്രൂരമായ യാഥാർഥ്യം പകൽപോലെ വ്യക്തമാണ്: പള്ളികൾക്ക് മുകളിൽ കാവിപ്പതാകകൾ ഉയർത്തുന്നു, പാസ്റ്റർമാരെ ക്രൂരമായി മർദ്ദിക്കുന്നു, അവരെക്കൊണ്ട് പശുവിന്റെ ചാണകം തീറ്റിക്കുകയും അവരെ ചെരുപ്പുമാല അണിയിക്കുകയും ചെയ്യുന്നു, സംസ്കരിച്ച മൃതദേഹങ്ങൾപോലും പുറത്തെടുക്കുന്ന ഈ ‘ഘർ വാപസി’ പ്രാകൃതകാലത്തെയാണ് ഓർമിപ്പിക്കുന്നത്.
അശരണർ, മരണാസന്നർ, കുഷ്ഠരോഗികൾ, എച്ച്ഐവി ബാധിതർ എന്നിവരടക്കം പതിനായിരക്കണക്കിന് ആളുകളെ പരിചരിക്കുന്ന, മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി (എംസി) സന്യാസിനീ സമൂഹവും മോദി സർക്കാരിന്റെ ശ്വാസംമുട്ടിക്കൽ തന്ത്രങ്ങളിൽനിന്ന് രക്ഷപ്പെട്ടില്ല. 2021ലെ ക്രിസ്മസിനാണ് വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള അവരുടെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയത്. 2016ൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ അവരെ ‘മോൺസ്റ്റർ തെരേസ’ (രാക്ഷസി തെരേസ) എന്ന് വിളിച്ച് അധിക്ഷേപിച്ച വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഉത്തരവായിരുന്നു അത്.
ശ്വാസംമുട്ടിക്കുന്ന നടപടികൾ
സാമൂഹിക സേവനങ്ങളെയും അവകാശ സംരക്ഷണ മുന്നേറ്റങ്ങളെയും ആസൂത്രിതമായി ശ്വാസംമുട്ടിക്കുന്ന ഈ നടപടി നേരിട്ടത് മിഷനറീസ് ഓഫ് ചാരിറ്റി മാത്രമല്ല. സർക്കാരിന്റെ എഫ്സിആർഎ ഡാഷ്ബോർഡ് ഈ വൻ വെട്ടിക്കുറയ്ക്കൽ സ്ഥിരീകരിക്കുന്നുണ്ട്. ആകെ ഉണ്ടായിരുന്ന 52,000 എഫ്സിആർഎ അക്കൗണ്ടുകളിൽ 21,979 എണ്ണം റദ്ദാക്കപ്പെട്ടു. 15,187 എണ്ണം പുതുക്കി നൽകിയില്ല. ഇപ്പോൾ 14,958 എണ്ണം മാത്രമാണ് സജീവമായിട്ടുള്ളത്. ഒഴിവാക്കപ്പെട്ട 37,000 എഫ്സിആർഎ ലൈസൻസുകളിൽ ഭൂരിഭാഗവും മതേതര അവകാശ സംരക്ഷണ-ശക്തീകരണ ഗ്രൂപ്പുകളുടെയും, ‘ബ്രെഡ് ഫോർ ദി വേൾഡ്’, ‘കംപാഷൻ ഇന്റർനാഷണൽ’ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സാമൂഹിക പ്രവർത്തന-കാരുണ്യ പ്രസ്ഥാനങ്ങളുടേതുമായിരുന്നു.
ഇന്ത്യക്കകത്തുനിന്നും രാജ്യാന്തരതലത്തിലും ഉണ്ടായ വ്യാപകമായ പ്രതിഷേധങ്ങളുടെ ചൂട് താങ്ങാനാവാതെ, രണ്ടാഴ്ചയ്ക്കുള്ളിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ ലൈസൻസ് യാതൊരു ബഹളവുമില്ലാതെ പുനഃസ്ഥാപിച്ചു നൽകാൻ മോദി സർക്കാർ നിർബന്ധിതരായി. ബ്രിട്ടീഷ് പാർലമെന്റ്പോലും പ്രമേയത്തിലൂടെ ഇതിനെ അപലപിച്ചതിനു പിന്നാലെയായിരുന്നു സർക്കാർ നടപടി.
പീഡനങ്ങളും ഭീഷണികളും നേരിടുന്ന ജനങ്ങൾക്ക് റൂബിയോയുടെ ചരിത്രപരമായ മദർഹൗസ് സന്ദർശനം ഒരു ഐക്യദാർഢ്യ പ്രഖ്യാപനവും പ്രതീക്ഷയുടെ കിരണവുമാണ് നൽകുന്നത്. മോദി അധികാരം ഏറ്റെടുത്ത 2014ൽ ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങൾ 127 ആയിരുന്നെങ്കിൽ, 2024 ആയപ്പോഴേക്കും അത് 835ലേക്ക് കുതിച്ചുയർന്നു. ഇന്ത്യയിൽ ക്രമമായി വർധിച്ചുവരുന്ന ഈ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ, റൂബിയോയുടെ ഈ മുമ്പില്ലാത്ത കോൽക്കത്ത യാത്രയിൽ വ്യക്തമായ ഒരു സന്ദേശമുണ്ട്.
(36 വർഷമായി അന്തർദേശീയ മാധ്യമങ്ങൾക്ക് ദക്ഷിണേഷ്യയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)
National
ന്യൂഡൽഹി: ചതുർദിന സന്ദർശനത്തിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി. ഇന്നലെ രാവിലെ കോൽക്കത്തയിലെത്തിയ അദ്ദേഹം മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിച്ച് വിശുദ്ധ മദർ തെരേസയുടെ കബറിടത്തിൽ പ്രാർഥിച്ചശേഷം വൈകുന്നേരം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പ്രധാനമന്ത്രിയുമായുള്ള യുഎസ് സെക്രട്ടറിയുടെ കൂടിക്കാഴ്ചയിൽ സുരക്ഷ, വ്യാപാരം, നിർണായക സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നതായി കൂടിക്കാഴ്ചയിൽ പങ്കാളിയായ ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുവേണ്ടി മാർക്കോ റൂബിയോ അടുത്ത ഭാവിയിൽത്തന്നെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിക്കുകയും ചെയ്തു.
സന്ദർശനത്തിന്റെ ആദ്യ ദിനംതന്നെ കോൽക്കത്തയിലെത്തിയ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തോടൊപ്പം തന്നെ നിർമല ശിശുഭവനും സന്ദർശിച്ചു. ഭാര്യ ജീനറ്റ് ഡി. റൂബിയോയും ഒപ്പമുണ്ടായിരുന്നു. കോൽക്കത്ത സന്ദർശനത്തിനുശേഷം ഡൽഹിയിലെത്തിയ റൂബിയോ വൈകുന്നേരത്തോടെപ്രധാനമന്ത്രിയെ സന്ദർശിച്ചു.
മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണെന്നും ഇന്തോ-പസഫിക് മേഖലയെപ്പറ്റി ചർച്ച നടന്നിട്ടുണ്ടെന്നും സെർജിയോ ഗോർ അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന വ്യാപാരമേഖലയിൽ ചൈന ആധിപത്യം നേടാൻ ശ്രമിക്കുന്നതിനിടെയാണ് മേഖലയിലെ മറ്റൊരു ശക്തിയുമായി അമേരിക്ക വിഷയത്തിൽ ചർച്ചകൾ നടത്തുന്നത്.
അമേരിക്കയിൽനിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുന്നതിനെ സംബന്ധിച്ചും ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെ സംബന്ധിച്ചും ചർച്ചകളുണ്ടാകും. ഇന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി റൂബിയോ ചർച്ച നടത്തും. നാളെ ജയ്പുരും ആഗ്രയും സന്ദർശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി അവസാനദിനം ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും പങ്കെടുക്കും.
National
കൊച്ചി: മലയാളി വിദ്യാർഥിയെ കോൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പാലാരിവട്ടം സ്വദേശി ജുവൽ ജോസ് ജെബിൻ ആണ് മരിച്ചത്.
പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസ് ( കോൽക്കത്ത)ഒന്നാംവർഷ വിദ്യാർഥിയാണ് മരിച്ച ജുവൽ ജോസ്.
അധികൃതർ കൊച്ചിയിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യുഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യോമബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി, 2026 മാർച്ച് 29 മുതൽ കോൽക്കത്തയ്ക്കും ഷാംഗ്ഹായ്ക്കും ഇടയിൽ ഇൻഡിഗോ പ്രതിദിന നോൺസ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബിസിനസ്, ടൂറിസം മേഖലകളിലെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് എ32നിയോ വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. കോൽക്കത്ത–ഗ്വാങ്ഷൂ സർവീസുകൾ പുനരാരംഭിച്ചതിനും ഡൽഹിയിൽ നിന്നുള്ള സർവീസുകൾക്ക് പിന്നാലെയും ചൈനയിലേക്കുള്ള ഇൻഡിഗോയുടെ ഏറ്റവും പുതിയ വിപുലീകരണമാണിത്.
ഇതോടെ ചൈനയിലെ പ്രധാന നഗരങ്ങളിലേക്ക് ആഴ്ചയിൽ 21 സർവീസുകൾ ഇൻഡിഗോ നടത്തും. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, പൂനെ, ജയ്പുർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി കോൽക്കത്ത വഴി എളുപ്പത്തിൽ ഷാംഗ്ഹായ്ലേക്ക് എത്താം.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, വിനോദസഞ്ചാരം, സാമ്പത്തിക ഇടപാടുകൾ എന്നിവയെ പിന്തുണയ്ക്കുകയാണ് പുതിയ റൂട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇൻഡിഗോ അറിയിച്ചു. ആഗോള സാമ്പത്തിക-വാണിജ്യ കേന്ദ്രമായ ഷാംഗ്ഹായ് ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
National
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ സി.വി. ആനന്ദബോസിനെ ഗവര്ണര്സ്ഥാനത്തുനിന്നും നീക്കിയതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. ആനന്ദബോസിനോട് കേന്ദ്രം അനീതിയാണു കാട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോല്‍ക്കത്തയില്‍ നിന്നും യാത്രതിരിക്കാനൊരുങ്ങുന്ന ആനന്ദബോസുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബംഗാളി പാരമ്പര്യവും മര്യാദയും അനുസരിച്ചാണ് ആനന്ദബോസിനെ കണ്ടത്. ഏറെക്കാലം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. നല്ല ബന്ധമാണ് ആനന്ദബോസുമായി തുടർന്നതെന്നും മമത വ്യക്തമാക്കി.
Sports
കോൽക്കത്ത: ട്വന്റി20 ലോകകപ്പിലെ സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. കോൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കുന്ന മത്സരം ജയിക്കുന്ന ടീമിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം. തോൽക്കുന്നവർ ടൂർണമെന്റിൽനിന്ന് പുറത്താകും എന്നതിനാൽ ഫൈനലിന് മുന്‍പുള്ള ഫൈനലായി മത്സരം മാറും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക സിംബാബ്വെയെ നേരിടും.
സൂപ്പർ എട്ട് ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രക്കയോട് 76 റണ്‍സിന്റെ വൻ തോൽവി ഏറ്റുവാങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എന്നാൽ സിംബാബ്വെയ്ക്കെതിരായ രണ്ടാം മത്സരത്തിൽ വന്പൻ ജയത്തിലൂടെ ഇന്ത്യ കരുത്ത് തെളിയിച്ചു.
ബാറ്റിംഗ് ഓർഡറിൽ ടോപ്പിലേക്ക് മലയാളി താരം സഞ്ജു സാംസണ് വന്നതോടെ ഇടം വലം ഓപ്പണിംഗ് കോന്പിനേഷനൊപ്പം ടോപ്പ് ഓർഡർ ബാലൻസിംഗുമായി.
സ്കോർ കുതിച്ചു. ഇത് തുടരുകയാണ് ഇന്നത്തെ മത്സരത്തിലും ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ടൂർണമെന്റിൽ കരുത്തരായി മുന്നേറിയ വിൻഡീസിനെ നേരിടുന്പോൾ ഇന്ത്യക്ക് ജീവൻ മരണ പോരാട്ടമെന്ന സമ്മർദം അതിജീവിക്കേണ്ടതുണ്ട്. വിൻഡീസും സൂപ്പർ എട്ടിൽ തോൽവി വഴങ്ങിയത് ദക്ഷിണാഫ്രിക്കയോട് ആയിരുന്നു.
കണക്കിൽ മുന്നിൽ
ഈഡൻ ഗാർഡനിലെ കണക്കുകൾ ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. ഇവിടെ വിൻഡീസിനെതിരേ നാല് മത്സരം കളിച്ച ഇന്ത്യ തോൽവി വഴങ്ങിയിട്ടില്ല. 2018ൽ നടന്ന ഒരു മത്സരത്തിലും 2022ൽ തുടർച്ചയായി നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തി.
ഇന്ത്യയെ വീഴ്ത്താനായിട്ടില്ലെങ്കിലും ഈഡൻ ഗാർഡനിൽ വെസ്റ്റ് ഇൻഡീസിന് ആശ്വാസം പകരുന്ന ഒന്നുണ്ട്. 10 വർഷം മുന്‍പ് 2016ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് വിൻഡീസ് കിരീടം ചൂടിയത് ഇതേ ഈഡൻ ഗാർഡനിലായിരുന്നു.
ആറാം ബൗളർ പ്രതിസന്ധി
സിംബാബ്വെയ്ക്കെതിരേ രണ്ടോവറിൽ 46 റണ്‍സ് വഴങ്ങിയ ശിവം ദുബെ ബൗളിംഗിൽ നിരാശപ്പെടുത്തിയതോടെ ആറാം ബൗളറായി ആരെ ആശ്രയിക്കണമെന്നത് ഇന്ത്യയുടെ പ്രതിസന്ധിയാണ്. തിലക് വർമ, അഭിഷേക് ശർമ എന്നിവരാണ് പിന്നീടുള്ള ഓപ്ഷൻ. മറ്റൊരു മാറ്റം ഫിനീഷർ റോളിലുള്ള ദുബെയെ ഒഴിവാക്കി സ്പെഷലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിനെയോ വാഷിംഗ്ടണ്‍ സുന്ദറിനെയോ പ്ലെയിംഗ് ഇലവനിലേക്ക് എത്തിക്കുക എന്നതാണ്. വിൻഡീസിന്റെ തകർപ്പൻ ബാറ്റിംഗ് ഫോം കണക്കിലെടുക്കുന്പോൾ അതിനുള്ള സാധ്യത വിരളമാണ്. അതേസമയം അക്സർ പട്ടേൽ ടീമിൽ സ്ഥാനം നിലനിർത്തും.
പേസില്‍ മാറ്റമില്ല
ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവർ പേസ് നിരയെ നയിക്കും. സപ്പോർട്ടിംഗ് റോളിൽ ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും മിന്നിയാൽ കാര്യങ്ങൾ എളുപ്പമാകും.
റണ്ണൊഴുകും പിച്ച്
ഈ ലോകകപ്പിൽ ഇതുവരെ നാലു മത്സരങ്ങളാണ് ഈഡൻ ഗാർഡനിൽ നടന്നത്. ഇറ്റലി, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സ്കോട്ലന്ഡ് ടീമുകളാണ് ഈഡനിൽ കളിച്ചത്. ഇറ്റലിക്കെതിരേ സ്കോട്ലന്ഡ് നേടിയ 207 റണ്‍സാണ് ഈഡനിലെ ടൂർണമെന്റിലെ ഉയർന്ന സ്കോർ. അതേ പിച്ചിൽ വെടിക്കെട്ട് ബാറ്റർമാർ അണിനിരക്കുന്ന ഇന്ത്യ-വിൻഡീസ് പോരാട്ടം ബാറ്റിംഗ് വിസ്മയമൊരുക്കാനാണ് സാധ്യത.
റണ്‍വേട്ടയിൽ അഭിഷേക്
ഈഡൻ ഗാർഡനിൽ നടന്ന ട്വൻി20 മത്സരങ്ങളിൽ ഇന്ത്യക്കായി ടോപ് സ്കോററായത് അഭിഷേക് ശർമയാണ്. ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ വർഷം 34 പന്തിൽ 79 റണ്‍സെടുത്ത അഭിഷേകാണ് ഇന്ത്യൻ താരങ്ങളിൽ ഉയർന്ന വ്യക്തിഗത സ്കോറർ. വിൻഡീസ് താരങ്ങളിൽ 85 റണ്‍സുമായി പുറത്താകാതെ നിന്ന മർലോണ്‍ സാമുവൽസിന്റെ പേരിലാണ് ഉയർന്ന വ്യക്തിഗത സ്കോർ.
National
കോൽക്കത്ത: നഗരത്തിലും സമീപപ്രദേശങ്ങളിലുമുണ്ടായ ഭൂചലനത്തിൽ ആളുകൾ പരിഭ്രാന്തരായി. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി.
ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ കെട്ടിടങ്ങളിൽ നിന്ന് താമസക്കാരും ഓഫീസുകളിൽ നിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായാണ് പ്രാഥമികവിവരം.
എന്നാൽ ഒരിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗ്ലാദേശാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
National
ബെംഗളൂരു: ലോകത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ 'ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്സ് 2025' റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്ട്ര തലത്തില്‍ ഗതാഗത വേഗം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു ബംഗളൂരു രണ്ടാം സ്ഥാനത്തും പൂന അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബംഗളൂരു നഗരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 30 മിനിറ്റിലധികം സമയം വേണ്ടിവരുന്നു. ലണ്ടന്‍ ആണ് ലോകത്ത് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം. മഹാരാഷ്ട്രയിലെ ഐടി ഹബ്ബായ പൂന ലോകത്തെ അഞ്ചാമത്തെ തിരക്കേറിയ നഗരമായി മാറി. പട്ടികയില്‍ മുംബൈ 18-ാം സ്ഥാനത്തും ഡല്‍ഹി 23-ാം സ്ഥാനത്തുമാണ്. കോല്‍ക്കത്ത 29-ാം സ്ഥാനത്തുമുണ്ട്.
ബംഗളൂരുവിലെ ഒരു ശരാശരി യാത്രക്കാരന് പ്രതിവര്‍ഷം 130 മണിക്കൂറിലധികം തിരക്കേറിയ സമയങ്ങളില്‍ അധികമായി ചിലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നത് നഗരങ്ങളിലെ കാര്‍ബണ്‍ ഉദ്വമനം വര്‍ധിപ്പിക്കുന്നതായും ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കു നയിക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളുടെ അഭാവവും സ്വകാര്യ വാഹനങ്ങളുടെ വര്‍ധനവുമാണ് ഇന്ത്യന്‍ നഗരങ്ങളിലെ ഈ പിന്നോക്കാവസ്ഥയ്ക്കു പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. നഗരാസൂത്രണത്തിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങളിലും അടിയന്തര മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.
National
കോൽക്കത്ത: ഇഡി റെയ്ഡിനെതിരേ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ഇന്നലെ തെരഞ്ഞെടുപ്പു കമ്മീഷനെതിരേയും പോർമുഖം തുറന്നു.
വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ പേരിൽ സംസ്ഥാനത്തെ സാധാരണ പൗരന്മാരെ നിരന്തരം ഉപദ്രവിക്കുന്ന നടപടിയിൽ കടുത്ത അമർഷം രേഖപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ ഗ്യാനേഷ് കുമാറിന് മമത കത്തയച്ചു.
വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം തുടരുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഐപാക് റെയ്ഡുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ബംഗാൾ സർക്കാരിന്റെ ഇടപെടൽ മൂലം ന്യായമായ അന്വേഷണത്തിനുള്ള അവകാശം നിഷേധിച്ചതായി ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജൻസി സുപ്രീംകോടതിയെ സമീപിച്ചത്.
കൽക്കരി കള്ളക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് അനധികൃത വസ്തുക്കൾ പിടിച്ചെടുക്കുന്നതിൽനിന്നും നിയമപരമായ പരിശോധനകൾ നടത്തുന്നതിൽനിന്നും ഉദ്യോഗസ്ഥരെ തടഞ്ഞതായി ഇഡി സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രേഖകളും മറ്റ് ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയതായും ഇഡി ആരോപിച്ചു.
തൃണമൂൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന ഐപാക് എന്ന കണ്‍സൾട്ടൻസിയിൽ ഇഡി റെയ്ഡ് നടത്തിയതോടെയാണ് സർക്കാർ രംഗത്തു വന്നത്.
Viral
കൊൽക്കത്തയിൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്ത് ഒരു കൂട്ടം യുവാക്കൾ നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.
ഖിദിർപൂർ സ്റ്റേഷന് സമീപം നടന്നുവെന്ന് കരുതപ്പെടുന്ന ഈ സംഭവത്തിൽ, റെയിൽവേ നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട്, അത്യന്തം അപകടകരമായ അഭ്യാസപ്രകടനങ്ങളാണ് യുവാക്കൾ നടത്തിയത്.
വിജനമായ കോച്ചിനുള്ളിൽ കയറിപ്പറ്റിയ ഈ സംഘം സീറ്റുകൾക്ക് മുകളിൽ കയറി നിന്ന് അപായ ചങ്ങല വലിക്കുന്നതും ട്രെയിനിന്റെ വാതിലിനടുത്ത് നിന്ന് വിചിത്രമായ ശബ്ദങ്ങൾ ഉണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മേൽക്കൂരയിൽ കയറി ഇരുന്നും, വാതിൽപ്പടിയിൽ തൂങ്ങിനിന്ന് പുറത്തേക്ക് ആഞ്ഞുമാണ് ഇവർ സാഹസികത കാണിച്ചത്.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനം ഉയരുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു.
ഇതിനോട് പ്രതികരിച്ച ആർപിഎഫ് സീൽദ വിഭാഗം, പരാതി ഔദ്യോഗികമായി രേഖപ്പെടുത്തിയതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അന്വേഷണ ചുമതല കൈമാറിയതായും അറിയിച്ചിട്ടുണ്ട്.
കുറ്റവാളികളെ തിരിച്ചറിയുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Sports
കോല്‍ക്കത്ത: ഈ മാസം 13 മുതല്‍ 15വരെ അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയില്‍ നടത്തിയ ഗോട്ട് ടൂര്‍ 2025ന്റെ സാമ്പത്തിക കണക്കുകള്‍ പുറത്ത്.
ഗോട്ട് ടൂറിനായി മെസിക്ക് 89 കോടി രൂപ പ്രതിഫലം നല്‍കിയതായാണ് വിവരം. കൂടാതെ 11 കോടി രൂപ ടാക്സ് ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിനും നല്കി. ഫലത്തില്‍ മെസിയുടെ മാത്രം വരവിനായി 100 കോടി രൂപ സ്പോണ്‍സര്‍മാര്‍ മുടക്കി.
ഗോട്ട് ടൂറിന്റെ കോല്‍ക്കത്ത സ്പോണ്‍സറായ ശതദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോല്‍ക്കത്തയിലെ പരിപാടിയില്‍ ആരാധകര്‍ മൈതാനത്തേക്ക് ഇറങ്ങി സുരക്ഷാ വീഴ്ചയുണ്ടായതിനായിരുന്നു അറസ്റ്റ്.
ദത്തയുടെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ 20 കോടി രൂപ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. മെസിയുടെ കോല്‍ക്കത്ത, ഹൈദരാബാദ് പരിപാടിയിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ചതാണ് ഈ തുകയെന്നാണ് ദത്തയുടെ അവകാശവാദം.
National
കോൽക്കത്ത: തെരഞ്ഞെടുപ്പു കമ്മീഷന്റെ കരട് വോട്ടർ പട്ടികയിൽ മരിച്ചുവെന്ന് അടയാളപ്പെടുത്തിയ തൃണമൂൽ കോൺഗ്രസിന്റെ കൗൺസിലർ തന്നെ സംസ്കരിക്കണമെന്ന ആവശ്യവുമായി ഇന്നലെ ശ്മശാനത്തിലെത്തി പ്രതിഷേധിച്ചു.
ദൻകുനി 18-ാം വാർഡിലെ സൂര്യ ഡേയുടെ പേരാണ് കരട് പട്ടികയിൽ മരിച്ചവർക്കൊപ്പമുള്ളക്. ജനപ്രതിനിധിയായ താൻ മരിച്ചതായി കണക്കാക്കിയാൽ മറ്റു സംസ്കാരക്രിയകൾകൂടി ചെയ്തുതരണമെന്നാവശ്യപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർക്ക് സൂര്യ ഇന്നലെ പരാതി നൽകുകയും ചെയ്തു.
പശ്ചിമബംഗാളിലേക്കു കുടിയേറിയവരുടെയും മറ്റും വിവരങ്ങളടങ്ങിയ കരട് വോട്ടർ പട്ടിക ഇന്നലെയാണ് കമ്മീഷൻ പുറത്തിറക്കിയത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഗൂഢാലോചനയാണിതെന്ന് സൂര്യ ഡേ കുറ്റപ്പെടുത്തി.
ശ്മശാനത്തിൽ നിൽക്കുന്ന കൗൺസിലറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
National
കോൽക്കത്ത: സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ യുവാവ് വെട്ടിക്കൊന്നു. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്ക പോലീസ് സ്റ്റേഷന് കീഴിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി) ലിമിറ്റഡിന്റെ കെൻഡുവ ആഷ് പോണ്ടിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം.
ആഷ് പോണ്ടിൽ രാത്രി കാവൽക്കാരനായി ജോലി ചെയ്തിരുന്ന ആലം ഷെയ്ഖ്(48) ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതി പന്ന ഷെയ്ഖ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് പന്ന ഷെയ്ഖ്, ആലം ഷെയ്ഖിനെ കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിടികൂടിയില്ല.
2015ൽ ജോറാപുകുരിയ ഗ്രാമത്തിൽ തർക്കത്തെ തുടർന്ന് കൊലപാതകം നടന്നിരുന്നു. പന്ന ഷെയ്ഖിന്റെ സഹോദരൻ തൗഫീഖ് ഷെയ്ക്കിനെ ആലം ഷെയ്ഖും ഒരുസംഘമാളുകളും വീട്ടിൽ നിന്നും വിളിച്ചിറക്കി തല്ലിക്കൊല്ലുകയായിരുന്നു.
സംഭവത്തിൽ ഫറാക്ക പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആലം ഷെയ്ക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദീർഘകാലം ജയിലിൽ കഴിഞ്ഞ ആലം ഷെയ്ഖ് പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
തൗഫീഖ് ഷെയ്ഖിന്റെ കൊലപാതകത്തിന് ശേഷം, അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ പന്ന ഷെയ്ക്ക് ഗ്രാമം വിട്ടുപോയിരുന്നു. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം ജോറാപുകുരിയയിലേക്ക് മടങ്ങിയെത്തി.
ഞായറാഴ്ച രാത്രി ആലം ഷെയ്ഖ് തന്റെ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ, പന്ന ഷെയ്ഖും മറ്റ് ചിലരും അദ്ദേഹത്തെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ആലം ഷെയ്ഖ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് പോലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ജംഗിപൂർ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് അയച്ചു.
പന്ന ഷെയ്ഖ് ഗ്രാമത്തിലേക്ക് മടങ്ങിയതിനുശേഷം കുടുംബത്തിന് ആശങ്ക ഉണ്ടായിരുന്നുവെന്ന് ആലം ഷെയ്ഖിന്റെ മൂത്ത സഹോദരനും തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവുമായ നബി ഷെയ്ഖ് പറഞ്ഞു.
"അവൻ തിരിച്ചെത്തിയതിനുശേഷം കുഴപ്പമുണ്ടാകുമെന്ന് ഞങ്ങൾ ഭയപ്പെട്ടു, പക്ഷേ അവൻ എന്റെ സഹോദരനെ ക്രൂരമായി കൊലപ്പെടുത്തുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല'. നബി ഷെയ്ഖ് പ്രതികരിച്ചു.
കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Sports
കോല്‍ക്കത്ത: ലോകകപ്പ് ജേതാവായ അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കാലുകള്‍ നാളെ ഇന്ത്യന്‍ മണ്ണില്‍ തൊടും. ആരാധകരുടെ ഫുട്ബോള്‍ വസന്തമായ മെസിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ്. മെസി കേരളക്കരയില്‍ എത്താത്തതില്‍ മലയാളികള്‍ക്കു നിരാശയുണ്ടെന്നതു വാസ്തവം. എങ്കിലും ഇന്ത്യന്‍ മണ്ണിലേക്കുള്ള മെസിയുടെ രണ്ടാം വരവിനായുള്ള ഒരുക്കത്തിലാണ് രാജ്യത്തെ കാല്‍പ്പന്ത് പ്രേമികള്‍.
ലയണല്‍ മെസിയുടെ ഗോട്ട് ഇന്ത്യ ടൂറിന്റെ ഔദ്യോഗിക തുടക്കം 13നാണ്. എന്നാല്‍, നാളെ രാത്രി (ശനി പുലർച്ചെ) 1.30ന് മെസി ഇന്ത്യയിലെത്തുമെന്നാണ് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചത്.
മെസിയുടെ ഇന്ത്യ ടൂറിലേക്ക് ഇനിയുള്ളത് രണ്ട് ദിനങ്ങളുടെ അകലം മാത്രം. 13, 14, 15 തീയതികളിലായി കോല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ മെസി പര്യടനം നടത്തും. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മെസി ഇന്ത്യയില്‍ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍, സച്ചിന് തെണ്ടുല്‍ക്കര്‍ അടക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ തുടങ്ങിയ വന്‍നിരയാണ് മെസിയുടെ വരവില്‍ കൈകോര്‍ക്കുന്നത്.
70 അടി പ്രതിമ; സിറ്റി ഓഫ് ജോയ്
സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന കോല്‍ക്കത്ത മെസിയെ രണ്ടാം വട്ടവും സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. 2011ല്‍ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിനായി മെസി കോല്‍ക്കത്തിയില്‍ എത്തിയിരുന്നു. 14 വര്‍ഷത്തിനുശേഷം ഫിഫ ലോകകപ്പ് ജേതാവായാണ് മെസിയുടെ കോല്‍ക്കത്തയിലേക്കുള്ള രണ്ടാം വരവ്. മെസിയെ രണ്ടു തവണ സ്വീകരിച്ചതിന്റെ സന്തോഷവും സിറ്റി ഓഫ് ജോയ്ക്ക് ഇനി സ്വന്തം.
വെള്ളി രാത്രി 1.30ന് കോല്‍ക്കത്തയില്‍ മെസി പറന്നിറങ്ങുമെന്നാണ് വിവരം. രാവിലെ 10.30നാണ് കോല്‍ക്കത്തയിലെ ചടങ്ങ്. വെര്‍ച്വല്‍ ചടങ്ങിലൂടെ തന്റെ 70 അടി ഉയരമുള്ള, ഇതുവരെയുള്ള ഏറ്റവും വലിയ ശില്‍പ്പം മെസി അനാവരണം ചെയ്യും. ശ്രീഭൂമിയില്വച്ച് പൊതു ചടങ്ങിലൂടെ അനാവരണമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, സുരക്ഷാ സംബന്ധമായ ആശങ്ക പോലീസ് അറിയിച്ചതോടെ വെര്‍ച്വല്‍ ചടങ്ങിലേക്കു മാറുകയായിരുന്നു. 25x20 അടി വലുപ്പമുള്ള തന്റെ മ്യൂറല്‍ ചിത്രവും മെസി അന്ന് അനാവരണം ചെയ്യും. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ ചടങ്ങില്‍ 70,000 ആരാധകരെ ഉള്‍ക്കൊള്ളും.
ഹൈദരാബാദ് @ 7.00 pm
കോല്‍ക്കത്തയിലെ പരിപാടിക്കുശേഷം 13ന് വൈകുന്നേരം ഏഴിന് ഹൈദരാബാദില്‍ ആരാധകര്‍ക്കു മുന്നിലെത്തും. സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന സെവന്‍സ് ഫുട്ബോളില്‍ മെസി പങ്കെടുക്കും. തുടര്‍ന്ന് 14-ാം തീയതിയാണ് മുംബൈയിലെ പരിപാടി.
മുംബൈ ഫാഷന്‍ ഷോ
മുംബൈയില്‍, ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസ്, മെസിയുടെ സഹതാരം റോഡ്രിഗോ ഡി പോള്‍, ബോളിവുഡ് താരങ്ങളായ ജോണ്‍ ഏബ്രഹാം, ടൈഗര്‍ ഷെഫോഫ്, ജാക്കി ഷെറോഫ് തുടങ്ങിയ വന്‍താരങ്ങള്‍ അണിനിരക്കുന്ന ഫാഷന്‍ ഷോ അരങ്ങേറും. ചാരിറ്റിക്കുവേണ്ടിയുള്ള ഈ ഫാഷന്‍ ഷോ 45 മിനിറ്റ് നീളുമെന്നാണ് വിവരം. 2022 ലോകകപ്പ് ഓര്മക്കുറിപ്പെന്ന രീതിയിലാണ് ചടങ്ങ്.
മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ചടങ്ങില്‍ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി തുടങ്ങിയ വന്‍നിരയും മെസിക്കൊപ്പം അണിചേരുമെന്നാണ് വിവരം.
ഡല്‍ഹിയില്‍ മോദിക്കൊപ്പം
പര്യടനത്തിന്റെ അവസാനദിനമായ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതയില്വച്ച് മെസി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ഒരു മണി മുതലാണ് 15-ാം തീയതിയിലെ മെസിയുടെ ചടങ്ങുകള്‍. ഈ വര്‍ഷം മൂന്ന് യൂറോപ്യന്‍ ട്രോഫികള്‍ (ഗോദിയ കപ്പ്, ദന കപ്പ്, നോര്‍വെ കപ്പ്) സ്വന്തമാക്കിയ മിനര്‍വ അക്കാദമിയിലെ യൂത്ത് ഫുട്ബോള്‍ താരങ്ങളുമായും മെസി കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റില്‍ ഹെല്‍സിങ്കി കപ്പിന്റെ ഫൈനലിലും മിനര്‍വയുടെ ചുണക്കുട്ടികള്‍ എത്തിയിരുന്നു. സെലിബ്രിറ്റി മത്സരത്തോടെ ഡല്‍ഹിയിലെ പര്യടനം പൂര്‍ത്തിയാക്കി മെസി തിരികെ മടങ്ങും.
National
കോൽക്കത്ത: പ്രശസ്ത ബംഗാളി നടൻ കല്യാൺ ചാറ്റർജി (81) അന്തരിച്ചു. ടൈഫോയ്ഡ് ബാധിച്ച് കോൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നാനൂറിലേറെ ചലച്ചിത്രങ്ങളിൽ ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. 1968ലാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്.
സത്യജിത് റേയുടെ പ്രതിദ്വന്ദിയിലും സുജോയ് ഘോഷിന്റെ ഹിന്ദി സിനിമ കഹാനിയിലും ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. സൗമിത്ര ചാറ്റർജി, സാബിത്രി ചട്ടോപാധ്യായ, ദീപാങ്കർ ഡേ എന്നിവരുടെ സമകാലികനായിരുന്നു കല്യാൺ ചാറ്റർജി.
National
കോൽക്കത്ത: പഞ്ചിമ ബംഗാളിൽ പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. കോൽക്കത്തയിൽ എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥിനിയെ സഹപാഠി പീഡിപ്പിച്ചു.
മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി സഹപാഠി തന്നെ പീഡിപ്പിച്ചുവെന്ന് ആനന്ദപുർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പെൺകുട്ടി ആരോപിക്കുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.
മറ്റൊരു സംസ്ഥാനത്ത് നിന്നും പഠനാവശ്യത്തിനായാണ് പെൺകുട്ടി പഞ്ചിമ ബംഗാളിൽ എത്തിയത്. താൻ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയാണ് പ്രതി മയക്കുമരുന്ന് നൽകി അതിക്രമം നടത്തിയതെന്നും പെൺകുട്ടി പോലീസിനോടു പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു.
National
ന്യൂഡൽഹി: കോൽക്കത്ത ലോ കോളജ് പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. ജൂൺ 25ന് സൗത്ത് കോൽക്കത്ത ലോ കോളജിൽ നടന്ന ബലാത്സംഗ കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
മുഖ്യപ്രതി മനോജിത് മിശ്ര, വിദ്യാർഥിനിയുടെ ഒന്നിലധികം വിഡിയോകൾ ചിത്രീകരിച്ചെന്നും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും 650 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഡിഎൻഎ, ഫൊറൻസിക് സാംപിളുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒന്നാം വർഷ വിദ്യാർഥിനിയായ പെൺകുട്ടിയെ കോളജിലെ പൂർവ വിദ്യാർഥികളായ മനോജിത് മിശ്ര, സൈബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്.
കേസിൽ നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പൂർവ വിദ്യാർഥികളായ മൂന്നു പേർക്ക് പുറമെ സുരക്ഷാ ജീവനക്കാരനും കേസിൽ പ്രതിയാണ്. പ്രതികൾ ചേർന്നു പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണത്തിനിടെ പോലീസ് കണ്ടെടുത്തിരുന്നു. പ്രതികൾ പെൺകുട്ടിയെ ബന്ദിയാക്കി വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇരയെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന വിഡിയോകൾ കണ്ടെടുത്തിരുന്നു. ചുമരിൽ സ്ഥാപിച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികൾ ഈ വിഡിയോകൾ ചിത്രീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
വീഡിയോയിലുള്ള ശബ്ദവും പ്രതികളുടെ ശബ്ദവും ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇരയെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന വിഡിയോകൾ കണ്ടെടുത്തിരുന്നു. ചുമരിൽ സ്ഥാപിച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികൾ ഈ വിഡിയോകൾ ചിത്രീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
വീഡിയോയിലുള്ള ശബ്ദവും പ്രതികളുടെ ശബ്ദവും ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
Kerala
കോൽക്കത്ത: കോളജ് കാമ്പസിൽവച്ച് നിയമവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. കോല്‍ക്കത്ത കസ്ബയിലുളള ലോ കോളേജിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളില്‍ രണ്ടുപേര്‍ ലോ കോളേജിലെ വിദ്യാര്‍ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ഥിയുമാണ്. കോളജിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. കോളജ് കെട്ടിടത്തിനുളളില്വച്ചാണ് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായത്. അതിജീവിതയുടെ പരാതിയിലാണ് കസ്ബ പോലീസ് കേസെടുത്തത്.
മൂന്ന് പ്രതികളും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ജൂലൈ ഒന്നുവരെയാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.