District News
കാസര്‍ഗോഡ്: ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളുടെ എണ്ണം19. ഇവിടങ്ങളിലെ വെബ് കാസ്റ്റിംഗും പോള്‍ മാനേജര്‍ ആപ്പിന്റെ പ്രദര്‍ശനവും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ വിലയിരുത്തി.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ രണ്ടു മുറികളിലായി ആണ് വെബ്കാസ്റ്റിംഗും പോള്‍ മാനേജര്‍ ആപ്പും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗുമായി ബന്ധപ്പെട്ട് രണ്ടു സ്ക്രീനിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന സംവിധാനത്തില്‍ ഒരു സ്ക്രീനില്‍ ഒരേസമയം ഒന്‍പത് ബൂത്തുകളിലെ ദൃശ്യങ്ങളും അടുത്ത സ്ക്രീനില്‍ അതിന്റെ വിവരങ്ങളും ലഭ്യമാകും.
പോള്‍ മാനേജര്‍ ആപ്പിന്റെ പ്രദര്‍ശന മുറിയില്‍ വലിയ സ്ക്രീനോടൊപ്പം ഒന്‍പത് ലാപ്ടോപ്പുകളും ഓരോ ലാപ്ടോപ്പുകളിലും രണ്ടുപേരുടെ ഒരു ടീമും ഉണ്ടാകും. മൊത്തം 18 പേര് വിവിധ നിയോജക മണ്ഡലങ്ങളുടെ പോളിംഗ് വിലയിരുത്തും.
District News
കാസര്‍ഗോഡ്: സ്വീകരണ വിതരണ കേന്ദ്രങ്ങളില്‍ നിന്നും വോട്ടിംഗ് മെഷീനുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ സജ്ജീകരിച്ചു. ഇനി തെരഞ്ഞെടുപ്പ്. ആകെ പോളിംഗ് ഉദ്യോഗസ്ഥര്‍ 6,584. വനിതാ ഉദ്യോഗസ്ഥര്‍ 3,995. ഉദ്യോഗസ്ഥര്‍ 2,589. സ്ത്രീകള്‍ മാത്രം പോളിംഗ് ഉദ്യോഗസ്ഥര്‍ ഉള്ള ബൂത്തുകള്‍ 179.
വരണാധികാരികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാസര്‍ഗോഡ് ഗവ. കോളജിലാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂളാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണകേന്ദ്രം ബോവിക്കാനം ബിഎആര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കുമ്പള ഗവ. സ്കൂള്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം പടന്നക്കാട് നെഹ്റു കോളജാണ്.
പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ വിതരണ സ്വീകരണകേന്ദ്രം പരപ്പ ഗവ. സ്കൂളിലാണ്. കാഞ്ഞങ്ങാട് നഗരസഭയുടെ വിതരണ സ്വീകരണ കേന്ദ്രം ഹൊസ്ദുര്‍ഗ് ഗവ. സ്കൂളും നീലേശ്വരം നഗരസഭയുടെ വിതരണ സ്വീകരണ കേന്ദ്രം നീലേശ്വരം രാജാസ് സ്കൂളുമാണ്. കാസര്‍ഗോഡ് നഗരസഭയുടെ വിതരണ സ്വീകരണ കേന്ദ്രം കാസര്‍ഗോഡ് ഗവ. കോളജിലാണ്.
ആറു ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മൂന്നു മുന്‍സിപ്പാലിറ്റി തലത്തിലുമായി ആകെ ഒമ്പതു സ്വീകരണ വിതരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്. എല്ലാ സ്വീകരണ വിതരണകേന്ദ്രത്തില്‍ നിന്നും അതാതു ബ്ലോക്ക് മുന്‍സിപ്പാലിറ്റികള്‍ക്ക് കീഴിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പോളിംഗ് സാമഗ്രികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിതരണം ചെയ്തു.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി 207 ബസ് 111 മിനി ബസ് 69 ട്രാവലര്‍ 32 ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നിങ്ങനെ ആകെ 689 വാഹനങ്ങളാണ് ഉപയോഗിച്ചത്. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമുകളില്‍ തിരികെ എത്തിക്കും.
District News
കാസര്‍ഗോഡ്: ജില്ലയില്‍ 38 ഗ്രാമ പഞ്ചായത്തുകളും മൂന്ന് നഗരസഭകളും ആറ് ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ ആകെ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2855 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇതിൽ 1382 പേർ പുരുഷന്മാരും 1473 പേർ സ്ത്രീകളുമാണ്. ജില്ലാ പഞ്ചായത്തിലേക്ക് 62 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 293 സ്ഥാനാര്‍ഥികളും ഗ്രാമപഞ്ചായത്തുകളിലേക്ക് 2167 സ്ഥാനാര്‍ഥികളും നഗരസഭകളിലേക്ക് 333 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്.
ഇവരുടെ വിധിയെഴുതാൻ ആകെ 11,12,190 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 5,24,022 പുരുഷന്മാരും 5,88,156 വനിതകളും 12 ട്രാന്‍സ്ജെന്‍ഡേഴ്സും ഉൾപ്പെടുന്നു. 129 പ്രവാസി വോട്ടര്‍മാര്‍ക്കും ജില്ലയില്‍ വോട്ട് രേഖപ്പെടുത്താൻ അവകാശം ലഭിച്ചിട്ടുണ്ട്.
രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. വൈകുന്നേരം ആറിന് ക്യൂവില്‍ നില്ക്കുന്ന മുഴുവന്‍ വോട്ടര്‍മാര്‍ക്കും ടോക്കണ്‍ നല്കി വോട്ട് ചെയ്യാന്‍ അവസരം നല്‍കും.
ഗ്രാമപഞ്ചായത്തുകളില്‍ ആകെ 725 വാര്‍ഡുകളിലേക്കായി 1242 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. നഗരസഭകളില്‍ 120 വാര്‍ഡുകളിലേക്കായി 128 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലയിലാകെ 119 പ്രശ്നബാധ്യത ബൂത്തുകളാണ് നിര്‍ണയിച്ചിട്ടുള്ളത്. ഈ ബൂത്തുകളില്‍ കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ വെബ് കാസ്റ്റിംഗിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് നിരീക്ഷിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ജില്ലാതല മോണിറ്ററിംഗ് സെന്റര്‍ പ്രവര്‍ത്തിക്കും.
District News
കൊന്നക്കാട് (കാസര്‍ഗോഡ്): സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയും തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് (ഐഎഫ്എഫ്കെ) സെലക്ഷന് നേടി മലയോരത്തിന് അഭിമാനമായി യുവസംവിധായിക ആദിത്യ ബേബി. അംബ്രോസിയ എന്ന സിനിമയാണ് സെലത്ഷന് നേടിയത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
ഗ്രീക്ക് പുരാണത്തില്‍ അമരത്വം നില്കുന്ന ഭക്ഷണം അഥവാ അമൃത് എന്നതാണ് ഈ വാക്കിന്റെ അര്‍ഥം. സങ്കല്പിക നഗരത്തിലെ ഒരു ഫൈന്‍ ഡൈനിംഗ് റസ്റ്റോറന്റിലാണ് അബ്സര്‍ഡ്, ഫാന്റസി, സറ്റയര്‍ എന്നീ ജോണറുകളില്‍ ഒരുക്കിയിരിക്കുന്ന സിനിമയുടെ കഥ നടക്കുന്നത്. കാമദേവന് നക്ഷത്രം കണ്ടു എന്ന ആദിത്യയുടെ ആദ്യസിനിമയും ഐഎഫ്എഫ്കെയിലേക്ക് സെലക്ഷന് നേടിയിരുന്നു.
പൂര്‍ണമായും മൊബൈല്‍ ഫോണ്‍ കാമറയിലായിരുന്നു ആദ്യ സിനിമ ചിത്രീകരിച്ചതെങ്കില്‍ രണ്ടാമത്തെ സിനിമ കുറച്ചുകൂടി വലിയ കാന്‍വാസിലാണ് ഒരുക്കിയിരിക്കുന്നത്. സോണി എഫ്എക്സ് 3 കാമറയിലാണ് ഷൂട്ട് ചെയ്തത്. ബ്രിട്ടീഷ് കമ്പനിയായ കൂക്ക് ഒപ്റ്റിക്സിന്റെ ലെന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. നടന് വിഷ്ണു ഗോവിന്ദന്, ഒ. ബേബി സിനിമയുടെ കാമറമാന്‍ അരുണ്‍ ചാലില്‍, ആദിത്യയുടെ പിതാവ് എ.ടി. ബേബി എന്നിവര്‍ ഉള്‍പ്പെടെ ആറുപേര്‍ നിര്‍മാതാക്കളാണ്. വിഷ്ണു ഗോവിന്ദന്, കണ്ണന് നായര്‍ എന്നിവര്‍ക്കൊപ്പം ആദിത്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
2023ല്‍ ആദിത്യ അഭിനയിച്ച നീലമുടി എന്ന സിനിമയും ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ് അമ്പഴത്തിനാല്‍ ബേബിയുടെയും ടിഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബീനയുടെയും മകളാണ്.
വള്ളിക്കടവ് സെന്റ് സാവിയോ സ്കൂളിലെയും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിലെയും പഠനത്തിനു ശേഷം തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് ആദിത്യ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. ദീപിക ബാലസഖ്യത്തിന്റെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു. സഹോദരന് ആദര്‍ശ് പിജി വിദ്യാര്‍ഥിയാണ്.
District News
ബേക്കൽ: പള്ളിക്കരയിൽ സിവിൽ എൻജിനിയർ ഉൾപ്പെടെ മൂന്നുപേർ ലഹരിമരുന്നുമായി പിടിയിൽ. നിരോധിത ലഹരിവസ്തുവായ മെത്താഫിറ്റമിനുമായാണ് കല്ലിങ്കാലിൽ സിവിൽ എൻജിനിയറിംഗ് സ്ഥാപനം നടത്തുന്ന പള്ളിക്കര തൊട്ടി സ്വദേശി പി.എം. ഫൈസൽ (38), ചട്ടഞ്ചാൽ കുന്നാറ സ്വദേശി അബ്ബാസ് അറാഫത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീൻ (21) എന്നിവർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 4.813 ഗ്രാം മെത്താഫിറ്റമിനും മെത്താഫിറ്റമിൻ കലർന്ന 618 ഗ്രാം വെള്ളവും മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു. പ്രതികളുടെ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.
കെട്ടിടങ്ങളുടെ പ്ലാൻ തയാറാക്കുന്ന സ്ഥാപനമാണ് ഫൈസൽ കല്ലിങ്കാലിൽ നടത്തുന്നത്. ഇവിടെ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെതുടർന്നാണ് ചൊവ്വാഴ്ച രാത്രി എക്സൈസ് സ്പെഷൽ സ്ക്വാഡ് സ്ഥലത്തെത്തിയത്. എക്സൈസ് സംഘം എത്തിയതറിഞ്ഞ് പ്രതികൾ മുറിയുടെ വാതിലടയ്ക്കുകയും കൈയിലുണ്ടായിരുന്ന മെത്താഫിറ്റമിൻ വെള്ളത്തിൽ കലക്കി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
അസി. എക്സൈസ് കമ്മീഷണർ പി.പി. ജനാർദനൻ, എക്സൈസ് സിഐ പ്രസന്നകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി. സുരേഷ്, പ്രിവന്റീവ് ഓഫീസർ ദിനേശൻ കുണ്ടത്തിൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
District News
ചെങ്കള: യുഡിഎഫ് സ്ഥാനാർഥിയുടെ പേരും ഫോട്ടോയും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ ചിഹ്നവും ചേർത്തുവച്ച് വ്യാജ പോസ്റ്റർ തയാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി. ചെങ്കള പഞ്ചായത്ത് 21-ാം വാർഡ് പടിഞ്ഞാർമൂലയിലെ യുഡിഎഫ് സ്ഥാനാർഥി വസന്തൻ അജക്കോടാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർക്ക് പരാതി നൽകിയത്. പട്ടികജാതി സംവരണ വാർഡിൽ ലീഗിന്റെ ഏണി ചിഹ്നത്തിലാണ് വസന്തൻ മത്സരിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായതിനാൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി കൂടിയാണ്.
വസന്തന്റെ പേരും ഫോട്ടോയും വച്ച് യുഡിഎഫ് സ്ഥാനാർഥിയായ വസന്തന് ത്രാസ് ചിഹ്നത്തിൽ വോട്ടുചെയ്യാനാവശ്യപ്പെടുന്ന പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എതിർസ്ഥാനാർഥിയായ എൽഡിഎഫ് സ്വതന്ത്രൻ ടി. മധുരാജിന്റെ ചിഹ്നമാണ് ത്രാസ്. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് എതിർസ്ഥാനാർഥിക്ക് വോട്ടുചെയ്യിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ തയാറാക്കിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
സിപിഎം അനുകൂല ഗ്രൂപ്പുകളിൽ നിന്നാണ് ഈ പോസ്റ്റർ ആദ്യം പ്രചരിച്ചതെന്നും പരാതിയിലുണ്ട്. അതേസമയം, പോസ്റ്ററുമായി എൽഡിഎഫിന് യാതൊരു ബന്ധവുമില്ലെന്ന് പഞ്ചായത്ത് കമ്മിറ്റി കൺവീനർ പി. ശിവപ്രസാദ് പറഞ്ഞു.
District News
കണ്ണൂർ: മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും സ്പീക്കറും ഇന്ന് കണ്ണൂരിൽ വോട്ട് രേഖപ്പെടുത്തും. മുഖ്യമന്ത്രി കുടുംബസമേതം പിണറായി പഞ്ചായത്തിലെ ചേരിക്കൽ ജൂണിയർ ബേസിക് എൽപി കാട്ടിൽപീടിക ഒന്നാം നന്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പാണപ്പുഴ പഞ്ചായത്ത് ഒന്‍പതാം വാർഡിലെ ചെറുവിച്ചേരി ഗവ. എൽപി സ്കൂളിലെ ഒന്നാം ബൂത്തിലും മന്ത്രി എ.കെ. ശശീന്ദ്രന് ചൊവ്വ ധർമസമാജം യുപി സ്കൂളിലുമാണ് വോട്ട്. സ്പീക്കർ എ.എൻ. ഷംസീർ തലശേരി നഗരസഭ 35-ാം വാർഡ് പുന്നോൽ എൽപി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
കഥാകൃത്ത് ടി. പദ്മനാഭൻ കണ്ണൂർ കോർപറേഷനിലെ ഏഴാം ഡിവിഷനിലെ രാമതെരു വോയ്സ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തും. കെ. സുധാകരൻ എംപിക്ക് കോർപറേഷനിലെ ആലിങ്കൽ ഡിവിഷനിലെ ആലിങ്കൽ അങ്കണവാടിയിലാണ് വോട്ട്. പി. സന്തോഷ്കുമാർ എംപിക്ക് കോർപറേഷനിലെ കാപ്പിച്ചേരി ഡിവിഷനിൽ മേലേ ചൊവ്വ തുഞ്ചത്താചാര്യ വിദ്യാലയത്തിലും കെ. ശിവദാസൻ എംപിക്ക് മുഴക്കുന്ന് പഞ്ചായത്തിൽ 15-ാം വാർഡ് പാറക്കണ്ടം മദ്രസയിലുമാണ് വോട്ട്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പായം പഞ്ചായത്തിലെ 14-ാം വാർഡിലെ തന്തോട് സെന്റ് ജോൺസ് ബാപ്സ്റ്റിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വോട്ട്. എംഎൽഎമാരായ സജീവ് ജോസഫിന് ഉളിക്കൽ പഞ്ചായത്ത് 14-ാം വാർഡിലെ വയത്തൂർ യുപി സ്കൂളിലും കെ.വി. സുമേഷിന് ചിറക്കൽ പഞ്ചായത്ത് 19-ാം വാർഡിലെ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലും എം. വിജിന് കുഞ്ഞിമംഗലം പഞ്ചായത്ത് വാർഡ് രണ്ടിലെ എടനാട് യുപി സ്കൂളിലും ടി.ഐ. മധുസൂദനന് പയ്യന്നൂർ നഗരസഭ 21-ാം വാർഡിലെ മാവിച്ചേരി അങ്കണവാടിയിലും കെ.പി. മോഹനന് കുന്നോത്തുപറമ്പ് 15-ാം വാർഡിലെ അയാത്തുൽ ഇസ്ലാം മദ്രസ പുത്തൂർ ഭാഗം ഒന്നിലുമാണ് വോട്ട്.
മട്ടന്നൂർ നഗരസഭയിൽ തെരഞ്ഞെടുപ്പ് ഇല്ലാത്തതിനാൽ കെ.കെ. ശൈലജയ്ക്ക് വോട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് എംഎൽഎയുമായ എം.വി. ഗോവിന്ദനും വോട്ടു ചെയ്യാനാകില്ല. ആന്തൂർ നഗരസഭയിലെ രണ്ടാം വാർഡായ മൊറാഴയിൽ എൽഡിഎഫ് സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുത്തതിനാൽ അവിടെ തെരഞ്ഞെടുപ്പില്ല. നഗരസഭയായതിനാൽ ബ്ലോക്കിലേക്കും ജില്ലാ പഞ്ചായത്തിലേക്കും വോട്ടില്ല.
District News
മാലോം: മണ്ണിലും വിണ്ണിലും ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ട് മാലോം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിനു മുന്നിൽ പടുകൂറ്റൻ ക്രിസ്മസ് നക്ഷത്രം മിഴിതുറന്നു. 70 അടി ഉയരത്തിലും 40 അടി വീതിയിലും നിർമിച്ച ഈ നക്ഷത്രം കേരളത്തിൽ പ്രിന്റഡ് ക്ലോത്തിൽ നിർമിക്കപ്പെട്ട നക്ഷത്രങ്ങളിൽ ഏറ്റവും വലുതായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം 600 ചെറുനക്ഷത്രങ്ങൾ കൂടി ദേവാലയത്തിന് ചുറ്റും തെളിഞ്ഞതോടെ നാടെങ്ങും ക്രിസ്മസ് ആവേശത്തിലായി.
നാല് ക്വിന്റൽ ഇരുമ്പ് പൈപ്പും 1500 സ്ക്വയർ ഫീറ്റ് പ്രിന്റഡ് തുണിയുമാണ് നക്ഷത്രത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചത്. വെളിച്ചത്തിനായി നൂറിലധികം ട്യൂബ് ലൈറ്റുകളും 30 ഹാലജൻ ലൈറ്റുകളും ഉപയോഗിച്ചു. ഒരാഴ്ച കൊണ്ടാണ് നക്ഷത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. തലശേരി അതിരുപത പാസ്റ്ററൽ കൗൺസിൽ അംഗവും ഫൊറോന കോ-ഓർഡിനേറ്ററുമായ ആർട്ടിസ്റ്റ് സാനി വി.ജോസഫ് ആണ് ഈ നക്ഷത്രം രൂപകല്പന ചെയ്ത് നിർമാണത്തിന് നേതൃത്വം നൽകിയത്.
നേരത്തേ മാലോത്ത് നടന്ന തളിര് കാർഷിക മേളയ്ക്കായി താജ് മഹൽ, ഇന്ത്യാഗേറ്റ്, ലോട്ടസ് ടെമ്പിൾ എന്നിവയുടെ മാതൃകകൾ നിർമിച്ചതിലൂടെയും സാനി ശ്രദ്ധേയനായിരുന്നു. മാലോം പള്ളിക്കു മുന്നിൽ കഴിഞ്ഞ വർഷം നിർമിച്ച നക്ഷത്രത്തേക്കാളും 10 അടി കൂടി ഉയരത്തിലാണ് ഇത്തവണ നിർമിച്ചത്. രണ്ടു ലക്ഷത്തോളം രൂപയാണ് നിർമാണത്തിനുവേണ്ടി ചെലവായത്.
ഫൊറോന വികാരി ഫാ.ജോസഫ് തൈക്കുന്നുംപുറം, അസി.വികാരി ഫാ.നിധിൻ ചെറുനിലത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇടവക സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെയാണ് നിർമാണം പൂർത്തിയാക്കിയത്. ആർട്ടിസ്റ്റ് സുമേഷ് ചിറ്റാരിക്കാൽ, ടോമി കിഴക്കനാകത്ത്, വിത്സൺ വാട്ടപ്പള്ളിൽ, ബിജു ചീരാൻകുഴിയിൽ, അഭിലാഷ് നെടുമരുതുംചാൽ, കൈക്കാരന്മാരായ സിബി തെക്കേവയലിൽ, സെർബി ഇടയോടിൽ, മുൻകൈക്കാരന്മാരായ ടോമി തരിശിൽ, ഷിന്റോ ഗണപതിപ്ലാക്കൽ, അച്ചൻ കുഞ്ഞ് അങ്ങാടിക്കൽ, ഇടവകാംഗങ്ങളായ ചാർളി മുളയ്ക്കൽ, സജി തെങ്ങുംപള്ളിൽ, ജോയി വേമ്പേനിക്കൽ, ബേബി വട്ടക്കുന്നേൽ, ബിജോ കിഴക്കേക്കുടിലിൽ, പാരിഷ് സെക്രട്ടറി റോയിച്ചൻ പേണ്ടാനത്ത് എന്നിവരും നിർമാണപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
District News
കണ്ണൂര്‍: യൂറോപ്യന്‍ ലീഗുകളില്‍ പരിചിതമായ അനലിസ്റ്റുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ ഫുട്ബോളിലും പ്രത്യേകിച്ച് സൂപ്പര്‍ ലീഗ് കേരളയിലും ഇടംപിടിച്ചിരിക്കുകയാണ്. സൂപ്പര്‍ ലീഗ് കേരളയിലെ നാല് ക്ലബുകളില്‍ എതിരാളികളുടെ കളി ശൈലികള്‍, ദൗര്‍ബല്യങ്ങള്‍, കളിക്കാരുടെ പ്രകടനം, ഹീറ്റ് മാപ്പുകള്‍, ട്രാന്സിഷന് സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവ സിസ്റ്റമാറ്റിക്കായി വിശകലനം ചെയ്യുന്നത് അനലിസ്റ്റുകളാണ്.
പാലക്കാട് കോട്ടായി സ്വദേശി കിരണ്‍ കെ.നാരായണന് (കണ്ണൂര്‍ വാരിയേഴ്സ് എഫ്സി), ഒഡീഷ സ്വദേശി അഭിനന്ദന് മോഹന്ത (കാലിക്കറ്റ് എഫ്സി), കാസര്‍ഗോഡ് സ്വദേശിനി അഞ്ജിത (മലപ്പുറം എഫ്സി), ചെന്നൈ സ്വദേശിനി അനുഷ (തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി) എന്നിവരാണ് സൂപ്പര്‍ ലീഗ് കേരളയില്‍ വിവിധ ക്ലബുകളില്‍ അനലിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ തന്നെ പരിചിതമായി വരുന്ന ഒരു പോസ്റ്റ് ആയതിനാല്‍ കേരളത്തില്‍ അനലിസ്റ്റ് കോഴ്സ് പഠിച്ചവര്‍ ചുരുക്കം പേര് മാത്രമേ ഒള്ളൂ. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എല്ലാ ക്ലബുകളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഐ ലീഗ് ക്ലബുകളില്‍ എല്ലാവരും അനലിസ്റ്റ് സൗകര്യം ഉപയോഗിക്കുന്നില്ല.
ഇന്ത്യയില്‍ നിലവില്‍ അനലിസ്റ്റ് കോഴ്സുകള്‍ പഠിക്കാന്‍ സൗകര്യമില്ല. വിദേശ രാജ്യങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കുന്നത്. യുകെ, സ്പെയിന് എന്നീ രാജ്യങ്ങളില്‍ നിന്ന് ഓണ്‍ലൈനായോ ഓഫ് ലൈനായോ ആണ് കോഴ്സ് പഠിക്കാവുന്നതാണ്. ഫുട്ബോളുമായി ബന്ധപ്പെട്ട് ടെക്നിക്കല്‍ അറിവ്, ലക്ഷങ്ങള്‍ വില വരുന്ന സോഫ്റ്റ് വെയറുകളും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാനുള്ള കഴിവ് എന്നിവയാണ് യോഗ്യത.
ഒരു ടീം വിജയിക്കുന്നതിന്റെ പിന്നില്‍ സയന്റിഫിക് പ്ലാനിംഗും റിയല്‍-ടൈം ഡാറ്റയുടെയും കൃത്യമായ ഉപയോഗവും ഒരു വലിയ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെയാണ് ഒരു പ്രഫഷണല്‍ ഫുട്ബോള്‍ ക്ലബിന് ഏറ്റവും നിര്‍ണായകമായ വിഭാഗങ്ങളില്‍ ഒന്നായി അനലിസ്റ്റുകള്‍ മാറിയിരിക്കുന്നത്. പരിശീലകരുടെ കണ്ണുകള്‍ക്ക് കാണാന്‍ പറ്റാത്ത നൂറുകണക്കിന് കാര്യങ്ങള്‍ വീഡിയോ അനാലിസിസിലൂടെ കണ്ടെത്താനാകും.
ഒരു ടീമിന് ഗോളടിക്കുന്നതിനൊപ്പം പ്രതിരോധം ശക്തമാക്കാന്‍ വേണ്ട ടീമിലെ ചെറിയ മാറ്റങ്ങള്‍ പോലും അനലിസ്റ്റുകളുടെ ഡാറ്റയിലൂടെ വ്യക്തമാകുന്നു. കേരള ഫുട്ബോളും ഈ മാറ്റം ഏറ്റെടുക്കുന്ന ഘട്ടത്തിലാണ്. യുവ താരങ്ങളുടെ വളര്‍ച്ചയ്ക്കും മുതിര്‍ന്ന താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തലിനും അനലിസ്റ്റുകളുടെ പങ്ക് നിര്‍ണായകമാണ്.
District News
പഴയങ്ങാടി: ചെറുകുന്ന് താവത്ത് ആക്രിക്കടയിൽ വൻ തീപിടുത്തം. പഴയങ്ങാടി പുഴയോട് ചേർന്നുള്ള ചെറുകുന്ന് നാലിൽ റോഡിൽ പ്രമോദ്, ദിനേശ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ പൊളിച്ചുവില്‍ക്കുന്ന ആക്രിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്കുണ്ടായ തീപിടിത്തത്തിൽ കട പൂർണമായും കത്തിനശിച്ചു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നെത്തിയ നാല്ഫയർ ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണച്ചത്.
സമീപത്തൊന്നും കെട്ടിടങ്ങൾ ഇല്ലാത്തത് അപകടത്തിന്റെ തീവ്രത കുറച്ചു. എന്നാൽ സ്ഥലത്തേയും സമീപ പ്രദേശങ്ങളിലേയും തെങ്ങുകൾ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ കത്തിനശിച്ചു. വാഹനങ്ങൾ പൊളിക്കുന്നതിനിടെ ഉണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന. വാഹനങ്ങളുടെ എണ്ണ ടാങ്കുകളും ഓയിൽ ടാങ്കുകളും പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. തീപിടിത്തത്തിൽ നിരവധി പഴയ വാഹനങ്ങൾ കത്തിയമർന്നു. തീപിടിത്ത സമയത്ത് നാലു പേരാണ് ആക്രിക്കടയിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ച്. യാതൊരു അഗ്നി സുരക്ഷ സംവിധനങ്ങളും കെട്ടിടത്തിൽ ഇല്ലായിരുന്നെന്നാണ് ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനം.
District News
കണ്ണൂർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് എക്കൗണ്ട് സ് ഓഫ് ഇന്ത്യ (ഐസിഎഐ) കണ്ണൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൻ സംഘടിപ്പിക്കുന്ന ആറാമത് കോൺഫറൻസ് നാളെയും മറ്റന്നാളുമായി പയ്യാമ്പലം നായനാർ അക്കാഡമിയിൽ നടക്കും. നാളെ രാവിലെ 9,30ന് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ ദേശീയ പ്രസിഡന്റ് ചരൻ ജോത് സിംഗ് നന്ദ വിശിഷ്ഠാതിഥിയായി പങ്കെടുക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രൊഫഷണൽ കോൺഫറൻസിൽ രാജ്യത്തെ പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റ്മാരം ഫാൽക്കറ്റികളും വിവിധ വിഷയങ്ങളിലായി ക്ലാസെടുക്കും.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എണ്ണൂറോളം ചാർട്ടേർഡ് അക്കൗണ്ടന്റുമാർ പങ്കെടുക്കും. ഒമ്പത് ബ്രാഞ്ചുകൾ സംയുക്തമായാണ് നവരത്ന കോൺഫറൻസ് സംഘടപ്പിക്കുന്നതെന്ന്സംഘടനയുടെ ബ്രാഞ്ച് ചെയർമാൻ കെ പി മുഹമ്മദ് ഫൈസൽ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ വൈസ് ചെയർമാൻ കെ. ദിനേഷ്, സെക്രട്ടറി ജെറാൾഡ് തോമസ്, ട്രഷറർ വിനീത് കൃഷ്ണൻ, മുൻ ചെയർമാൻ ടി.കെ. രജീഷ് എന്നിവരം പങ്കെടുത്തു.
District News
മാഹി: പുതുച്ചേരി സംസ്ഥാനത്ത് കഴിഞ്ഞ19 വർഷമായി നടക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളി ലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് അഡ്വ. ടി. അശോക് കുമാർ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടൻ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നൈ ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും പൊതുതാത്പര്യ ഹർജി നല്കി കേസ് നടത്തിയ അശോക് കുമാർ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം മൂന്ന് തെരഞ്ഞെടുപ്പുകൾ മാത്രമേ പുതുച്ചേരിയിൽ നടന്നിട്ടുള്ളൂ. അതു തന്നെ താൻ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് 38 വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തിയത്.
മണ്ഡല പുനർനിർണയം നടത്തി ഉടൻ തെരഞ്ഞെടുപ്പ് നടത്താൻ 2018 ൽ സുപ്രീം കോടതി ഉത്തരവിട്ടി രുനു. 2021 ൽ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയാറായെങ്കിലും, ഭരണകക്ഷിഅംഗങ്ങൾ ഒന്നടങ്കം തെരഞ്ഞെടുപ്പ് നടത്താൻ പാടില്ലെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. പുതുച്ചേ രിയിൽ ഇപ്പോൾ ഇലക്ഷൻ കമ്മീഷണർ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഇതു സംബന്ധിച്ച് ചെന്നൈ ഹൈക്കോടതിയിൽ ഹരജി നല്‍കിയിട്ടുണ്ട്. ഇലക്ഷൻ നടത്തിക്കിട്ടാൻ ഒൻപത് കേസുകളിൽ കോടതിയെ ഇതിനകം സമീപിച്ചിട്ടുണ്ടെന്ന് അഡ്വ. ടി. അശോക് കുമാർ പറഞ്ഞു.
District News
ഇരിട്ടി: തദ്ദേശ തെരഞ്ഞെടുപ്പ്-ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ്, ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസ്, കർണാടക എക്സൈസ് എന്നിവർ ചേർന്ന് കേരള- കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ സംയുക്ത പരിശോധന ആരംഭിച്ചു. കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന അതിർത്തിയായ കൂട്ടുപുഴയിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് എക്സൈസ് വാഹന പരിശോധന കർശനമാക്കിയത്.
പരിശോധനയിൽ കർണാടക എക്സൈസ് ഇൻസ്പെക്ടർമാരായ എ.ആർ. യശ്വന്ത്, ചേതൻ ബൊമനാലെ, സന്തോഷ് എന്നിവരും സബ് ഇൻസ്പക്ടർമാരായ എച്ച്.സി. ചന്ദ്ര, കുമാർ, എക്സൈസ് കോൺസ്റ്റബിൾമാരായ ഗംഗാധർ, മദൻകുമാർ, ഗോഡ്വിൻ , നന്ദഗോകുല, സന്തോഷ് , എക്സൈസ് ഡ്രൈവർമാരായ ശ്രീനിവാസ്, അഭിഷേക് ,ഇരിട്ടി റേഞ്ച് ഇൻസ്പെക്ടർ ഇ.പി. വിപിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ജോണി ജോസഫ്, കെ.കെ. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ ടി. തോമസ്, കെ. ശ്രീജിത്ത്, സി.വി. പ്രജിൽ, ടി.പി. സുദീപ്, സി. ശരണ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി. ജുനിഷ് എന്നിവരും പങ്കെടുത്തു.
District News
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിലെ ബൂത്തുകൾ സജ്ജമായി. 20 വിതരണ കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ചുമതലയുള്ള ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനുകളിലെത്തി ബൂത്തുകൾ സജ്ജീകരിച്ചു. ഇന്നലെ രാവിലെ എട്ടു മുതലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്.
വിതരണകേന്ദ്രങ്ങൾ ജില്ലാ കളക്ടർ അരുൺ. കെ. വിജയൻ, തെരഞ്ഞെടുപ്പ് പൊതു നിരീക്ഷക ആർ.കീർത്തി, അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസ്സിർ എന്നിവർ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. തെരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ റൂട്ട് ഓഫീസർമാരുടെ നേതൃത്വത്തിലാണ് വാഹനങ്ങളിൽ അതാത് ബൂത്തുകളിൽ എത്തിച്ചത്.വോട്ടർമാർ ഇന്ന് വിധിയെഴുതും.
ഇരിട്ടി: ഇരിട്ടി ഉൾപ്പെടുന്ന മലയോര മേഖലയിലെ 2.78 ലക്ഷം വോട്ടർമാർ ഇന്ന് ബൂത്തിലേക്ക്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂർത്തിയായി. ഇരിട്ടി നഗരസഭയിലെ പോളിംഗ് സാമഗ്രികൾ ഇരിട്ടി എംജി കോളജിൽ നിന്നും, പേരാവൂർ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെ പോളിംഗ് സാമഗ്രികൾ തൊണ്ടി ഹയർസെക്കൻഡറി സ്കൂളിൽ നിന്നുമാണ് വിതരണം ചെയ്തത്.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ പട്ടാന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് വിതരണം ചെയ്തത്. മേഖലയിലെ 13 പഞ്ചായ ത്തുകളും ഇരിട്ടി നഗരസഭയിലുമായി 2,78,163 പേർക്കാണ് വോട്ടവകാശം. ഇരിട്ടി നഗരസഭയിൽ 35,739 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 16,849പേർ സ്ത്രീകളും 18,890 പേർ പുരുഷ വോട്ടറുമാണ്. പടിയൂരിൽ 18,208 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 8769 പേർ വനിതകളും 9441പേർ പുരുഷൻമാരുമാണ്. മേഖലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ളത് ആറളം പഞ്ചായത്തി ലാണ്. ഇവിടെ 24,399 വോട്ടർമാരാണുള്ളത്.
അയ്യൻകുന്നിൽ 19,279 പേരും, തില്ലങ്കേരിയിൽ 12,767 പേരും, പായത്ത് 23,953 പോർക്കുമാണ് വോട്ടവകാശം ഉള്ളത്. കേളകത്ത് 14,137ഉം കണിച്ചാറിൽ 13,127ഉം, കൊട്ടയൂരിൽ 14,361 പേർക്കുമാണ് വോട്ടവകാശം. മുഴക്കുന്നിൽ 18,990 ഉം കോളയാട് 16,824 പേരും, പേരാവൂരിൽ 21,375 പേർക്കുമാണ് വോട്ടവകാശം. ഉളിക്കലിലെ 31,783 പേരാണ് ഇന്ന് ബൂത്തിലെത്തേണ്ടത്. കോളയാട് 16,824 വോട്ടർമാരും തില്ലങ്കേരിയിൽ 12,767 വോട്ടർമാരുമാണ് ഉള്ളത്.
മലയോര മേഖലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ഇപ്പോൾ എൽഡിഎഫിന്റെ നിയന്ത്രണത്തി ലാണ്. ഇരിട്ടി നഗരസഭയും ആറളം, പായം, മുഴക്കുന്ന്, പേരാവൂർ, കോളയാട്, കേളകം, കണിച്ചാർ, പടിയൂർ, തില്ലങ്കേരി പഞ്ചായത്തുകളും എൽഡിഎഫ് ഭരണത്തിലാണ്. അയ്യൻകുന്ന്, ഉളിക്കൽ, കൊട്ടിയൂർ പഞ്ചായത്തുകളും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തും മാത്രമാണ് യുഡിഎഫ് ഭരണത്തി ലുള്ളത്.
കൈയിലുള്ള പഞ്ചായത്തുകൾ നിലനിർത്താനായില്ലെങ്കിൽ എൽഡിഎഫിനത് തിരിച്ചടിയാകും. ഇരിട്ടി നഗരസഭയിലും ആറളം, കണിച്ചർ, കോളയാട് , കേളകം പഞ്ചായത്തുകളിലും ഇത്തവണ ശക്തമായ മത്സരമാണ് യുഡിഎഫ് കാഴ്ച്ചവയ്ക്കുന്നത്. പടിയൂർ, മുഴക്കുന്ന്, പായം എന്നീ പഞ്ചായ ത്തുകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വത്തിലാണ് യുഡിഎഫ് ക്യാമ്പ്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പിടിച്ചെടുക്കുന്നതിനൊപ്പം കൈയിലുള്ളവ നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസം എൽഡിഎഫിനും ഉണ്ട്.
ബിജെപിക്ക് ഇരിട്ടി നഗരസഭയിലും മുഴക്കുന്ന്, പേരാവൂർ, തില്ലങ്കേരി, അയ്യൻകുന്ന് പഞ്ചായത്തിലും മാത്രമാണ് സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞത്. നിലവിലെ സീറ്റ് നിലനിർത്തുന്നതിനൊപ്പം പുതിയ മേഖലകളിലേക്ക് കൂടി കടന്നു കയറേണ്ടത് ബിജെപിക്ക് മുന്നിലും വെല്ലുവിളിയാണ്. എസ്ഡിപി ഐ, വെൽഫെയർ പാർട്ടികൾ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള പോരാട്ടത്തിലുമാണ്.
പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിലേയും ബ്ലോക്ക് പഞ്ചായത്തിലേയും സമീപ ഗ്രാമ പഞ്ചായത്തുകളി ലേയും തെരഞ്ഞെടുപ്പിനുള്ള ബൂത്ത് ക്രമീകരണങ്ങൾ പൂർത്തിയായി.
ഇന്ന് വിധിയെഴുത്ത് നടക്കും. ഇന്നലെ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പോളിംഗ് സാമഗ്രികകൾ വിതരണം ചെയ്തത് പയ്യന്നൂർ കോളജിലായിരുന്നു. കുഞ്ഞിമംഗലം, രാമന്തളി, കരിവെള്ളൂർ - പെരളം, കാങ്കോൽ - ആലപ്പടമ്പ്, പെരിങ്ങോം- വയക്കര, എരമം- കുറ്റൂർ, ചെറുപുഴ എന്നീ പഞ്ചായത്തുകളിലേക്കുമുള്ള വോട്ടിംഗ് സാമഗ്രികകളാണ് പയ്യന്നൂർ കോളജിൽ നിന്നും വിതരണം ചെയ്തത്. പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികൾ പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിലാണ് വിതരണം ചെയ്തത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, പൊതുനിരീക്ഷക ആർ. കീർത്തി എന്നിവർ പയ്യന്നൂർ കോളജിൽ സന്ദർശനം നടത്തി.
പയ്യന്നൂർ ബോയ്സ് സ്കൂളിലെയും പയ്യന്നൂർ കോളജിലെയും പോളിംഗ് സാമഗ്രി വിതരണ കേന്ദ്രത്തി ൽ നിന്നും കൈപ്പറ്റിയ സാമഗ്രികൾ രാത്രി എട്ടോടെ അതാത് പോളിംഗ് ബൂത്തുകളിൽ സജ്ജീകരിച്ചു.
വെബ് കാമറകളുടെ ചുമതല വഹിക്കുന്നവർ കാമറ ഘടിപ്പിച്ച് പരിശോധിച്ച് ഉറപ്പുവരുത്തി. സ്ഥാനാർ ഥികളുടെ ബൂത്ത് ഏജന്റുമാർ ആവശ്യമായ ഫോറങ്ങൾ പൂരിപ്പിച്ച് പ്രിസൈഡിംഗ് ഓഫീസർമാരെ ഏൽപ്പിച്ചതോടെയാണ് ബൂത്തുകൾ തെരഞ്ഞെടുപ്പിന് സജ്ജമായത്. പയ്യന്നൂർ നഗരസഭയിൽ 46 വാർഡുകളിലായി 126 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് ഒരു ഡിവൈഎസ്പിക്കും രണ്ട് ഇൻസ്പെക്ടർമാർക്കുമാണ് സുരക്ഷയുമായി ബന്ധപ്പെട്ട ചുമതല.
കനത്ത സുരക്ഷ
ഇരിട്ടി: മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ബൂത്തുകൾ ഉൾപ്പെടെയുള്ള സാഹചര്യത്തിൽ ഇരിട്ടി ഉൾപ്പടെയുള്ള മലയോര മേഖലയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. അതീവ പ്രശ്ന സാധ്യത ബുത്തുകൾ ഇരിക്കുന്ന പ്രദേശങ്ങൾ സായുധ സേനാംഗങ്ങളുടെയും മാവോയിസ്റ്റ് ഭീഷണി ബൂത്തുകൾ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, ആന്റി നക്സൽ ഫോഴ്സ്, തണ്ടർബോൾട്ട് കമാൻഡോകളുടെ വലയത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇരിട്ടി പോലീസ് സബ് ഡിവിഷനിൽ മാത്രം 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഇരിട്ടി പോലീസ് സബ് ഡിവിഷനിൽ 170 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പോളിംഗ് ബൂത്തുകളുടെയും ഇവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെയും നിയന്ത്രണം ഇന്നലെ തന്നെ പോലീസ് ഏറ്റെടുത്തിരുന്നു. ഇരിട്ടി പോലീസ് സബ് ഡിവിഷനെ ഇരിട്ടി, കരിക്കോട്ടക്കരി എന്നിങ്ങനെ രണ്ട് ഇലക്ഷൻ സബ് ഡിവിഷനുകളാക്കിയാണ് സുരക്ഷ ഒരുക്കിയത്.
ഇരിട്ടിയിൽ നിലവിലെ ഡിവൈഎസ്പി പി.കെ. ധനജ്ഞയബാബുവിന്റെയും കരിക്കോട്ടക്കരിയിൽ സുധീർ കല്ലന്റെയും നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ. അതീവ പ്രശ്ന സാധ്യത ബൂത്തുകളിൽ വെബ് ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും 200 മീറ്റർ ചുറ്റളവിൽ വോട്ടർമാർക്ക് അല്ലാതെ മറ്റാർക്കും പ്രവേശനം ഉണ്ടാവില്ല.