പിടിയിലായ പ്രതികൾ.
ബേക്കൽ: പള്ളിക്കരയിൽ സിവിൽ എൻജിനിയർ ഉൾപ്പെടെ മൂന്നുപേർ ലഹരിമരുന്നുമായി പിടിയിൽ. നിരോധിത ലഹരിവസ്തുവായ മെത്താഫിറ്റമിനുമായാണ് കല്ലിങ്കാലിൽ സിവിൽ എൻജിനിയറിംഗ് സ്ഥാപനം നടത്തുന്ന പള്ളിക്കര തൊട്ടി സ്വദേശി പി.എം. ഫൈസൽ (38), ചട്ടഞ്ചാൽ കുന്നാറ സ്വദേശി അബ്ബാസ് അറാഫത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീൻ (21) എന്നിവർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 4.813 ഗ്രാം മെത്താഫിറ്റമിനും മെത്താഫിറ്റമിൻ കലർന്ന 618 ഗ്രാം വെള്ളവും മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു. പ്രതികളുടെ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.
കെട്ടിടങ്ങളുടെ പ്ലാൻ തയാറാക്കുന്ന സ്ഥാപനമാണ് ഫൈസൽ കല്ലിങ്കാലിൽ നടത്തുന്നത്. ഇവിടെ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെതുടർന്നാണ് ചൊവ്വാഴ്ച രാത്രി എക്സൈസ് സ്പെഷൽ സ്ക്വാഡ് സ്ഥലത്തെത്തിയത്. എക്സൈസ് സംഘം എത്തിയതറിഞ്ഞ് പ്രതികൾ മുറിയുടെ വാതിലടയ്ക്കുകയും കൈയിലുണ്ടായിരുന്ന മെത്താഫിറ്റമിൻ വെള്ളത്തിൽ കലക്കി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
അസി. എക്സൈസ് കമ്മീഷണർ പി.പി. ജനാർദനൻ, എക്സൈസ് സിഐ പ്രസന്നകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി. സുരേഷ്, പ്രിവന്റീവ് ഓഫീസർ ദിനേശൻ കുണ്ടത്തിൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Tags : narcotics nattuviesham local news