കാസര്‍ഗോഡ്: ജില്ലയില്‍ 38 ഗ്രാമ പഞ്ചായത്തുകളും മൂന്ന് നഗരസഭകളും ആറ് ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ ആകെ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2855 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇതിൽ 1382 പേർ പുരുഷന്മാരും 1473 പേർ സ്ത്രീകളുമാണ്. ജില്ലാ പഞ്ചായത്തിലേക്ക് 62 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 293 സ്ഥാനാര്‍ഥികളും ഗ്രാമപഞ്ചായത്തുകളിലേക്ക് 2167 സ്ഥാനാര്‍ഥികളും നഗരസഭകളിലേക്ക് 333 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്.
ഇവരുടെ വിധിയെഴുതാൻ ആകെ 11,12,190 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 5,24,022 പുരുഷന്മാരും 5,88,156 വനിതകളും 12 ട്രാന്‍സ്ജെന്‍ഡേഴ്സും ഉൾപ്പെടുന്നു. 129 പ്രവാസി വോട്ടര്‍മാര്‍ക്കും ജില്ലയില്‍ വോട്ട് രേഖപ്പെടുത്താൻ അവകാശം ലഭിച്ചിട്ടുണ്ട്.
രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. വൈകുന്നേരം ആറിന് ക്യൂവില്‍ നില്ക്കുന്ന മുഴുവന്‍ വോട്ടര്‍മാര്‍ക്കും ടോക്കണ്‍ നല്കി വോട്ട് ചെയ്യാന്‍ അവസരം നല്‍കും.
ഗ്രാമപഞ്ചായത്തുകളില്‍ ആകെ 725 വാര്‍ഡുകളിലേക്കായി 1242 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. നഗരസഭകളില്‍ 120 വാര്‍ഡുകളിലേക്കായി 128 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലയിലാകെ 119 പ്രശ്നബാധ്യത ബൂത്തുകളാണ് നിര്‍ണയിച്ചിട്ടുള്ളത്. ഈ ബൂത്തുകളില്‍ കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ വെബ് കാസ്റ്റിംഗിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് നിരീക്ഷിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ജില്ലാതല മോണിറ്ററിംഗ് സെന്റര്‍ പ്രവര്‍ത്തിക്കും.
Tags : 2 855 candidates nattuviesham local news