ഹരിതകര്‍മ സേനാംഗങ്ങള്‍ പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള ഓലക്കൊട്ടകള്‍ തയാറാക്കുന്നു.
കരിന്തളം: തെരഞ്ഞെടുപ്പ് ഹരിതചട്ട പ്രകാരമായിരിക്കണം എന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അതേപടി പിന്തുടര്ന്ന് മാതൃകയാകുകയാണ് കിനാന്നൂർ-കരിന്തളം പഞ്ചായത്ത്. പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍, 35 പോളിംഗ് സ്റ്റേഷനുകളിലേക്കും മാലിന്യം ശേഖരിക്കുന്നതിനായി ഓലക്കൊട്ടകള്‍ ഒരുക്കി നല്കി.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ പരമാവധി ഒഴിവാക്കി, ജൈവപരമായ രീതിയില്‍ മാലിന്യം കൈകാര്യം ചെയ്യുന്നതിന് ഓലക്കൊട്ടകള്‍ സഹായകമാകും. പോളിംഗ് സ്റ്റേഷനുകളിലേക്ക് ഉള്ള ഹരിത ബോര്‍ഡുകളും ഹരിതകര്‍മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്കി. മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന് ഈ ഓലക്കൊട്ടകള്‍ ഉപയോഗിക്കും.
കരുവാച്ചേരി വാർഡിൽ
പ്രത്യേക പോലീസ് സുരക്ഷയ്ക്ക്
ഹൈക്കോടതി ഉത്തരവ്
നീലേശ്വരം: നഗരസഭയിൾ ശക്തമായ പോരാട്ടം നടക്കുന്ന കരുവാച്ചേരി വാർഡിൽ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ഇ. ഷജീറിനും ബൂത്ത് ഏജന്റുമാർക്കും വോട്ടർമാർക്കും പോലീസ് സുരക്ഷ നൽകാൻ ഹൈക്കോടതി ഉത്തരവ്. വോട്ടെടുപ്പിന്റെ മുഴുവൻ നടപടികളും ചിത്രീകരിക്കുന്നതിനായി ബൂത്തിൽ കാമറ സ്ഥാപിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണ് ഷജീർ ഉൾപ്പെടെ പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച 82 സ്ഥാനാർഥികളുടെ അപേക്ഷകൾ ഒന്നിച്ച് പരിഗണിച്ച് അനുകൂല ഉത്തരവ് നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ, ഡിജിപി, കളക്ടർ, ജില്ലാ പോലീസ് മേധാവി, റിട്ടേണിംഗ് ഓഫീസർ, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്ക് ഉത്തരവ് കൈമാറി.
തോട്ടുംപുറം അങ്കണവാടി കെട്ടിടത്തിലാണ് കരുവാച്ചേരി വാർഡിലെ പോളിംഗ് ബൂത്ത് ഉള്ളത്. ഇവിടെ പതിവായി കള്ളവോട്ടും ബൂത്ത് പിടുത്തവും സംഘർഷവും നടക്കാറുണ്ടെന്നും തങ്ങളെ സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുവദിക്കാറില്ലെന്നും കാണിച്ചാണ് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് ഷജീർ ഹൈക്കോടതിയെ സമീപിച്ചത്.
നഗരസഭ രൂപീകരണം മുതൽ എൽഡിഎഫിന് ഒപ്പം നിൽക്കുന്ന വാർഡ് ഇക്കുറി പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ടൗൺ വാർഡിലെ നിലവിലുള്ള കൗൺസിലറും കോൺഗ്രസ് നഗരസഭാകക്ഷി നേതാവുമായ ഷജീർ ഇവിടെ മത്സരിക്കുന്നത്. സിപിഎമ്മിലെ പി. അനൂപാണ് പ്രധാന എതിർസ്ഥാനാർഥി.