ദേശീയ ഹരിതസേനയുടെയും തൃക്കരിപ്പൂർ ഗവ. വിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി കുട്ടികൾ ഇടയിലെക്കാട
തൃക്കരിപ്പൂർ: ദേശീയ ഹരിതസേനയുടെ ചെറുവത്തൂർ ഉപജില്ല തീമാറ്റിക് കാമ്പയിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ വലിയപറമ്പ് ഇടയിലക്കാട്ടിൽ പ്രകൃതി സംരക്ഷണ ബോധവത്കരണ ക്ലാസും പ്ലാസ്റ്റിക് ശേഖരണവും നടത്തി.
ജൈവവൈവിധ്യ സമ്പന്നമായ ഇടയിലക്കാട് കാവിനുള്ളിൽ നിന്നും ആറ് ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് കുട്ടികൾ ശേഖരിച്ചത്. ഇവ ഹരിതകർമ സേനയ്ക്ക് കൈമാറും.
അപൂർവമായ ഒട്ടേറെ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവിന്റെ പാരിസ്ഥിതിക പ്രാധാന്യം അടയാളപ്പെടുത്തുന്നതായിരുന്നു ബോധവത്കരണ ക്ലാസ്. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണുഗോപാലൻ ക്ലാസെടുത്തു. വെള്ളവയറൻ കടൽപരുന്ത്, ഒരിലത്താമര, മനുഷ്യരോട് ഏറെ ഇണക്കമുള്ള വാനരപ്പട തുടങ്ങിയവയുമായി ബന്ധപ്പെട്ട കൗതുകം നിറഞ്ഞ വിശേഷങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. ഇടയിലെക്കാട് എഎൽപി സ്കൂളിലെ കൊച്ചുകുട്ടികളും ഒപ്പംചേർന്നു.
ദേശീയ ഹരിതസേന ജില്ല കോ-ഓർഡിനേറ്റർ ടി.എം. സുസ്മിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.കെ. രാജേഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. രംജിത്ത്, ടി. സുജിത, സി.കെ. ശ്രീജ എന്നിവർ നേതൃത്വം നൽകി.