ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലെ തകര്‍ന്ന കോണ്‍ക്രീറ്റ് സ്ലാബ് മാറ്റാത്തതിനെതിരേ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിനു മുന്നില്‍ റീത്തുമായി
ഇരിങ്ങാലക്കുട: ഠാണ - ബസ് സ്റ്റാന്‍ഡ് റോഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലെ തകര്‍ന്ന കോണ്‍ക്രീറ്റ് സ്ലാബ് ദിവസങ്ങള്‍ പിന്നിട്ടിട്ടും മാറ്റാത്ത നഗരസഭാ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ റീത്തുമായി ധർണ നടത്തി. അപകടഭീഷണിയിലായ റോഡിലെ സ്ലാബുകള്‍ അടിയന്തരമായി മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കാട്ടൂര്‍ റോഡിലേക്കുള്ള കാനയ്ക്കു മുകളിലിട്ടിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകളിലൊന്നാണ് ഈ മാസം ആദ്യം തകര്‍ന്നത്. ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ബസുകള്‍ ഉള്‍പ്പടെ നൂറുകണക്കിനു വാഹനങ്ങള്‍ നിരന്തരം കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. അപകടം ഒഴിവാക്കാന്‍ തകര്‍ന്ന ഭാഗത്ത് താത്കാലികമായി ടാര്‍വീപ്പ സ്ഥാപിച്ചിരിക്കുകയാണ്.
കാനയ്ക്കു മുകളിലെ മറ്റ് സ്ലാബുകളും കാലപ്പഴക്കം മൂലം ബലക്ഷയത്തിലാണെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. സ്ലാബ് തകര്‍ന്നതിനു പിന്നാലെ കുഴിയില്‍ വാഴ നട്ടും എല്‍ഡിഎഫ് കൗണ്‍സിലര്‍
മാര്‍ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലും ബലക്ഷയം സംഭവിച്ച സ്ലാബുകള്‍ മുഴുവന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടി രുന്നു.
എന്നാല്‍, ഓരോ സ്ലാബും തകരുമ്പോള്‍ മാത്രം മാറ്റി പുതിയതു സ്ഥാപിക്കുന്ന സമീപനമാണ് നഗരസഭ സ്വീകരിക്കുന്നതെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.വി. ശിവകുമാര്‍ ആരോപിച്ചു. അപകടം സംഭവിച്ചശേഷം പരിഹാരം കാണുന്ന രീതിക്ക് പകരം ബലക്ഷയമുള്ള മുഴുവന്‍ സ്ലാബുകളും അടിയന്തരമായി മാറ്റിസ്ഥാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം പി.വി. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. സി.സി. ഷിബിന്‍, വിഷ്ണു പ്രഭാകര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ലാബുകള്‍ അടിയന്തരമായി മാറ്റണമെന്നാവശ്യപ്പെട്ട് 12 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട നിവേദനം നഗരസഭാ ചെയര്മാന് കൈമാറി. തകര്‍ന്ന സ്ലാബ് ഉടന്‍ മാറ്റാമെന്ന ഉറപ്പുലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചതെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
Tags :