കാട്ടാക്കട ഡിവൈഎസ്പി ബിനുവിന്റെ നേതൃത്വത്തിൽ ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ പരിശോധന നടത്തുന്നു.
മലയിൻകീഴ്: മലയിൻകീഴിലെ ക്ഷേത്രങ്ങളിൽ മോഷണ പരമ്പരയെന്നു പരാതി. ഇരട്ടക്കലുങ്ക് ദുർഗാ ഭഗവതി ക്ഷേത്രം, ആൽത്തറ ഭഗവതി ക്ഷേത്രം, വിളവൂർക്കൽ വാറുവിളാകം ശിവനാഗേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലാണു മോഷണം നടന്നതായിക്ഷേത്ര ഭരണസമിതിയംഗങ്ങൾ മലയിൻകീഴ് പൊലിസിൽ പരാതി നൽകിയിരിക്കുന്നത്.
ഇരുട്ടക്കലുങ്ക് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ വൻതോതിൽ കവർച്ച നടത്താൻ മോഷ്ടാക്കൾക്ക് സാധിച്ചില്ല. പക്ഷേ, സൗണ്ട് സിസ്റ്റത്തിനു ഉപയോഗിച്ചിരുന്ന ഡിവിഡി അപഹരിച്ചു. ഒപ്പം ക്ഷേത്ര ട്രസ്റ്റ് ഓഫീസിന്റെ ജനൽ ചില്ലുകൾ വെട്ടുകത്തി ഉപയോഗിച്ച് തകർപ്പശേഷം കത്തി ഉപേക്ഷിച്ചു കടന്നു കളയുകയും ചെയ്തു. ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്നനേർച്ച രസീത് വരവും നടവരവ് തുകയും അന്നദാന ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന തുകയും നേർച്ച എണ്ണ വിറ്റവകയിൽ സൂക്ഷിച്ചിരുന്ന തുകയും മോഷ്ടാക്കൾ കവർന്നു. ക്ഷേത്രത്തിലെ തെക്കേ നടയിലെ വാതിലിന്റെ സാക്ഷ പൊളിച്ച നിലയിൽ കണ്ടെത്തി.
ആൽത്തറ ഭഗവതി ക്ഷേത്രത്തിലെ തിടപ്പള്ളി, കമ്മിറ്റി ഓഫിസ്, സ്റ്റോർ റൂം എന്നിവ മോഷ്ടാക്കൾ തകർത്തു.ക്ഷേത്രത്തിലെത്തിയ മോഷ്ടാക്കൾ ആദ്യം വൈദ്യുതി വിച്ഛേദിച്ചതിനാൽ സുരക്ഷാ കാമാറയുടെ പ്രവർത്തനവും നിലച്ചു.
ശിവ നാഗേശ്വരി ക്ഷേത്രത്തിലെത്തിയ മോഷ്ടാക്കൾ ഒരു ബാഗ് നിറയെ സാധനങ്ങളുമായി കയറുന്ന രംഗം കാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കൾ ക്ഷേത്രത്തിലെ വാതിലുകൾ തകർക്കുകയും ഒരു കാമറ നശിപ്പിക്കുകയും ചെയ്തു. മറ്റൊന്നും അവിടെനിന്നും അവർക്ക് അപഹരിക്കാൻ കഴിഞ്ഞില്ല.
കാട്ടാക്കട ഡിവൈഎസ്പി ബിനുവിന്റെ നേതൃത്വത്തിൽ മലയിൻകീഴ് സ്റ്റേഷനിൽനിന്നുള്ള പൊലിസ് സംഘം ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. തുടർന്നു വിരലടയാളവിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Tags :