കുറുവ: കായികരംഗത്ത് പുതിയ പ്രതീക്ഷകൾക്ക് തുടക്കമിട്ട് കുറുവ ഗ്രാമപഞ്ചായത്ത് കളിസ്ഥലത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങി.
പാങ് പൂക്കോടിലുള്ള കളിസ്ഥലത്തിന്റെ നിർമാണോദ്ഘാടനം കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ സലാം നിർവഹിച്ചു.
ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
നിരവധി കായികതാരങ്ങളുള്ള കുറുവ പഞ്ചായത്തിൽ സ്വന്തമായി പൊതു കളിസ്ഥലമില്ലെന്ന ദീർഘകാലത്തെ പോരായ്മയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ മോഴിക്കൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ കെ.കെ. അബ്ദുൽ അസീസ്, പഞ്ചായത്ത് അംഗങ്ങളായ നിസാർ, മുബഷിർ, ഹരിദാസ, ഇ.കെ. ഉമ്മുഹബീബ, റഹ്മത്തുന്നീസ, ഷറഫുന്നീസ വടക്കൻ, പാങ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബഷീർ, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ സലാം, മുൻ പഞ്ചായത്ത് പ്രസിഡന്റ് നസീറാമോൾ പാലപ്ര, ശിഹാബ് പൂഴിത്തറ, എ.സി. കുഞ്ഞയമു, മുസ്തഫ, അനീഷ് , ഷഫീക് എന്നിവർ പങ്കെടുത്തു.
Tags :