വണ്ടൂരിൽ മഞ്ഞപ്പിത്ത രോഗവ്യാപനം തടയുന്നതിനായി മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ ചേർന്ന അവലോകന യോഗം.
വണ്ടൂർ: വണ്ടൂരിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്ത രോഗത്തിന്റെ രണ്ടാംഘട്ട വ്യാപന സാധ്യത തടയുന്നതിനായി പരിശോധനകൾ കൂടുതൽ കർശനമാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയതായി മന്ത്രി എ.പി. അനിൽകുമാർ. മന്ത്രിയുടെ നേതൃത്വത്തിൽ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണിത്.
നിലവിൽ പ്രദേശത്ത് 239 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിളുകൾ ഹെൽത്ത് ഇൻസ്പെക്ടർമാർ നേരിട്ടെത്തി ശേഖരിച്ച് സീൽ ചെയ്ത് പരിശോധനയ്ക്ക് അയക്കണമെന്നും ജീവനക്കാരുടെ ഹെൽത്ത് കാർഡുകൾ അംഗീകൃത ലാബുകളിൽനിന്നുള്ളവയാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
നിലവിൽ 34 പേർ രോഗബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ആരുടെയും നില ഗുരുതരമല്ല. മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ പ്രദേശത്തെ 190 ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. 25,000-ത്തോളം കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. വരും ആഴ്ച രോഗവ്യാപനത്തിൽ വളരെ നിർണായകമായതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ, മറ്റ് ജനപ്രതിനിധികൾ, മെഡിക്കൽ ഓഫിസർ ഉമ്മർ പള്ളിയാളി, ഹെൽത്ത് സൂപ്പർവൈസർ ശ്രീജിത്ത് അംബ്രക്കാട്ട്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags :