പാലം നിർമിക്കാനുദ്ദേശിക്കുന്ന കബനി പുഴ.
പുൽപ്പള്ളി: പ്രിയങ്കാഗാന്ധി എംപിയുടെ ഇടപെടലിനെത്തുടർന്ന് മൂന്ന് പതിറ്റാണ്ടിനിപ്പുറം ബൈരക്കുപ്പ പാലം യാഥാർഥ്യത്തിലേക്ക്.
കേരളം-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കബനിനദിക്ക് കുറുകെ വിഭാവനം ചെയ്ത ബൈരക്കുപ്പ പാലത്തിന് മുഖ്യമന്ത്രിമാരായിരുന്ന കെ. കരുണാകരനും വീരപ്പമൊയ്ലിയും ചേർന്ന് 32 വർഷം മുൻപാണ് പെരിക്കല്ലൂർ കടവിൽ തറക്കല്ലിട്ടത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് പാലം നിർമാണത്തിനു പച്ചക്കൊടി കാണിച്ചതോടെ കുടിയേറ്റമേഖലയും അഹ്ലാദത്തിലാണ്. കേന്ദ്രത്തിന്റെ സേതുബന്ധൻ പദ്ധതിയിൽ പാലം നിർമാണത്തിന് 27 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
40 കോടിയുടെ പദ്ധതിയാണ് കേരള സർക്കാർ ആദ്യം കേന്ദ്രത്തിനു സമർപ്പിച്ചത്. എന്നാൽ കഴിഞ്ഞമാസം എട്ടിന് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ 27 കോടിയുടെ പരിഷ്കരിച്ച പദ്ധതി രൂപരേഖ തയാറാക്കി സമർപ്പിക്കുകയും അതിന് അനുമതി നൽകുകയുമായിരുന്നു. കേന്ദ്ര അടിസ്ഥാന റോഡ് വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിനാൽ അവരുടെ മാർഗനിർദേശങ്ങൾ പാലിച്ച് കേരള സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ പാലം നിർമാണം നടത്തണമെന്നാണ് നിർദേശം. കർണാടക സർക്കാരും കേന്ദ്രത്തിന് താത്പര്യപത്രം നൽകിയിരുന്നു.
സാന്പത്തിക ബാധ്യതകളൊന്നും കർണാടക വഹിക്കില്ല. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് ഇരുഭാഗത്തും വേണ്ടിവരുന്ന സ്ഥലമെടുപ്പ്, നിർമാണം, മേൽനോട്ടം, അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം കേരള മരാമത്ത് വകുപ്പ് വഹിക്കണം. ഈ വ്യവസ്ഥകളെല്ലാം അംഗീകരിച്ചാണ് പാലം നിർമാണവുമായി മരാമത്ത് വകുപ്പ് മുന്നോട്ടുപോകുന്നത്. പ്രിയങ്കാഗാന്ധി എംപിയുടെ നിരന്തര ഇടപെടലാണ് പെരിക്കല്ലൂർ പാലവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് അവർ പെരിക്കല്ലൂരിലെത്തി സ്ഥലം സന്ദർശിക്കുകയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ കണ്ട് പാലം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ, കൃഷിമന്ത്രി ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ എന്നിവരും ഇക്കാര്യങ്ങളിൽ ഇടപെടൽ നടത്തിയിരുന്നു. മരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ ഉൾപ്പെട്ട സംഘം അടുത്തിടെ പെരിക്കല്ലൂർ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു.
Tags :