ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് കൊല്ലം സെന്ററിന്റെ ഭരണസമിതിയുടെ ചുമതലയേല്‍ക്കല്‍ ചടങ്ങ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: നഗരത്തിന്റെ വാസയോഗ്യത മെച്ചപ്പെടുത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്നും, ആധുനികവും പൈതൃകവുമായ വാസ്തുവിദ്യാരീതികള്‍ സമന്വയിപ്പിച്ചുള്ള രൂപകല്പന പൊതുഇടങ്ങളുടെ വികസനത്തിന് അനിവാര്യമാണെന്നും മന്ത്രി ബിന്ദു കൃഷ്ണ.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് കൊല്ലം സെന്ററിന്റെ ഭരണസമിതിയുടെ ചുമതലയേല്‍ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. കൊല്ലത്തെ വാസ്തുവിദ്യാ പ്രഗത്ഭരായ ആര്‍കിടെക്റ്റ് യൂജിന്‍ പണ്ടാല, പ്രഫ. എന്‍. രാമസ്വാമി എന്നിവരെ ആദരിച്ചു. കെടിഐഎല്‍ മാനേജിംഗ് ഡയറക്ടര്‍ മനോജ് കുമാര്‍ കിനി, വിഷന്‍ ആന്‍ഡ് ഡയറക്ഷന്‍ കൊല്ലം ഡവലപ്മെന്റ് എന്ന വിഷയം അവതരിപ്പിച്ചു.
വിനോദസഞ്ചാരമേഖലയില്‍ കൊല്ലത്ത് സംഭവിക്കാന്‍ പോകുന്ന വലിയ ഉണര്വിന് അനുയോജ്യമായ വികസനമാകണം നടപ്പാകേണ്ടതെന്ന് മനോജ്കുമാര്‍ കിനി പറഞ്ഞു.
ഭരണസമിതി ചെയര്‍പേഴ്സണായി ആര്‍ക്കിടെക്റ്റ് അയ്യപ്പന് ഗൗതമന്, വൈസ് ചെയര്‍പേഴ്സണായി ആര്‍ക്കിടെക്റ്റ് കരോളിന് സാറ ബെന്നി, സെക്രട്ടറിയായി ആര്‍ക്കിടെക്റ്റ് അംശുനാഥ്, ട്രഷററായി ആര്‍ക്കിടെക്റ്റ് സുബീഷ് സുരേന്ദ്രന്, ജോയിന്റ് സെക്രട്ടറിയായി ആര്‍ക്കിടെക്റ്റ് വി.വൈ. യദുകൃഷ്ണന് എന്നിവര്‍ ചുമതലയേറ്റു.
ഐഐഎ കേരള ചാപ്റ്റര്‍ ചെയര്‍ പേഴ്സണ്‍ ആര്‍ക്കിടെക്റ്റ് മോനോലിത ചാറ്റര്‍ജി, ഐഐഎ നാഷണല്‍ കൗണ്‍സില്‍ ട്രഷറര്‍ ആര്‍ക്കിടെക്റ്റ് സുധിര്‍ ബി. എന്നിവര്‍ പ്രസംഗിച്ചു.
Tags :