ചുള്ളിയോട് എംസിഎഫില്‍ മാലിന്യം നിറഞ്ഞുകവിഞ്ഞപ്പോള്‍.
ചുള്ളിയോട്: ഹരിതകര്‍മസേനയുടെ മാലിന്യശേഖരണം മുടങ്ങിയതോടെ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ (എംസിഎഫ്) നിറഞ്ഞുകവിഞ്ഞു.
ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം റോഡരികിലേക്ക് വ്യാപിച്ചതോടെ തെരുവുനായ്ക്കള്‍ പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും കടിച്ചുവലിച്ച് റോഡില്‍ ചിതറിക്കുന്നതും നാട്ടുകാര്‍ക്ക് ദുരിതമാകുകയാണ്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഹരിതകര്‍മസേന സ്ഥാപിച്ചിട്ടുള്ള എംസിഎഫുകളിലാണ് മാലിന്യം കുന്നുകൂടിയത്. നിശ്ചിത ഇടവേളകളില്‍ മാലിന്യം നീക്കം ചെയ്യാത്തതിനാല്‍ സംഭരണകേന്ദ്രങ്ങളില്‍ ഇടമില്ലാത്ത സ്ഥിതിയാണ്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം പുറത്തേക്ക് തള്ളിനില്ക്കുകയും റോഡരികില്‍ ചിതറിക്കിടക്കുകയും ചെയ്യുന്നു. ഇതോടെ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് നേരിടുകയാണ്.
മഴ പെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളായി. മാലിന്യങ്ങള്‍ക്കിടയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും നനഞ്ഞ പ്ലാസ്റ്റിക് കവറുകളില്‍നിന്ന് ദുര്‍ഗന്ധം ഉയരുന്നതും പ്രദേശവാസികളെ പ്രയാസത്തിലാക്കുന്നു. തെരുവുനായ്ക്കള്‍ മാലിന്യക്കൂമ്പാരങ്ങള്‍ വലിച്ചുകീറി ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും റോഡിലേക്കും സമീപപ്രദേശങ്ങളിലേക്കും വലിച്ചിടുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും സമാനമായ സാഹചര്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യശേഖരണവും തുടര്സംസ്കരണവും തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സംവിധാനം കാര്യക്ഷമമല്ലാത്തതാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണമെന്നാണ് ആക്ഷേപം. പുതിയ ഭരണസമിതികള്‍ അധികാരമേറ്റശേഷം ചില പഞ്ചായത്തുകളില്‍ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് പുതിയ കമ്പനികളുമായി കരാര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതും മാലിന്യനീക്കം വൈകാന്‍ കാരണമായിട്ടുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പുറത്തുനിന്നെത്തുന്ന ചിലര്‍ രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് റോഡരികില്‍ തള്ളുന്നതായും പ്രദേശവാസികള്‍ ആരോപിച്ചു.
മാലിന്യം ശേഖരിക്കുന്നതില്‍ മാത്രം ഒതുങ്ങാതെ അവ സമയബന്ധിതമായി നീക്കംചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags :