തിരുവുള്ളക്കാവ് ശ്രീധർമശാസ്താ ക്ഷേത്രം ദീപാലങ്കാരപ്രഭയിൽ.
തിരുവില്വാമല: ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിൽ നാളെ രാവിലെ 8.30ന് സരസ്വതി മണ്ഡത്തിൽ വിശേഷാൽപൂജകൾക്കു ശേഷം വിദ്യാരംഭം നടക്കും. പറക്കോട്ടുകാവിൽ പൂജയെടുപ്പ്, പഞ്ചവാദ്യം, എഴുത്തിനിരുത്തൽ എന്നിവയുണ്ടാകും. പാമ്പാടി ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കുശേഷം രാവിലെ വിദ്യാരംഭ ചടങ്ങുകൾ നടക്കും. കൊച്ചു പറക്കോട്ടുകാവിൽ രാവിലെ തായമ്പക, വാഹനപൂജ, വിദ്യാരംഭം, പ്രസാദഊട്ട് എന്നിവയുണ്ടാകും. പാമ്പാടി മന്ദം ഭദ്രകാളി ക്ഷേത്രത്തിൽ രാവിലെ സോപാനസംഗീതം, പൂജയെടുപ്പ്, വിദ്യാരംഭം, വാഹനപൂജ , ആയുധ പൂജ എന്നിവയാണ് പരിപാടികൾ. കണിയാർകോട് വടക്കേ കൂട്ടാല ഭദ്രകാളിക്ഷേത്രത്തിൽ പൂജയെടുപ്പ്, വാഹനപൂജ എന്നിവയുണ്ടാകും. പാമ്പാടി പാമ്പുംകാവിൽ വിജയദശമി ദിനത്തിൽ ഗാനരചയിതാവ് ഹരി ഏറ്റുമാനൂർ കുട്ടികളെ എഴുത്തിനിരുത്തും. തിരുവില്വാമല മഹാദേവ ക്ഷേത്രത്തിൽ രാവിലെ 7.30ന് വാഹനപൂജ, 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയാണ് പരിപാടികൾ.
ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ നാളെ പുലർച്ചെ നാലുമുതൽ എഴുത്തിനിരുത്തൽ ആരംഭിക്കും. വൈകീട്ട് അഞ്ചുമുതൽ ആറുവരേയും എഴുത്തിനിരുത്തൽ തുടരുമെന്ന് ദേവസ്വം സെക്രട്ടറി എ.എ. കുമാരൻ അറിയിച്ചു. ടി.വി. ശ്രീധരൻ വാര്യരുടെ നേതൃത്വത്തിൽ അറുപതോളം ആചാര്യൻമാർ എഴുത്തിനിരുത്തലിന് നേതൃത്വംനൽകും.
മഹാനവമി ദിവസമായ ഇന്ന് വൈകീട്ട് ക്ഷേത്രസന്നിധിയിൽ പെരുമ്പിള്ളിശേരി സെന്റർ കാവടി സമാജം, പെരുമ്പിള്ളിശേരി യുവജനസംഘം, ശ്രീധർമശാസ്താ കാവടിസംഘം മര്യാദമൂല, പൂച്ചിന്നിപ്പാടം ശ്രീബലരാമ കാവടി സമാജം, ചൊവ്വൂർ സൗഹൃദ കാവടി സമാജങ്ങളുടെ കാവടിയാട്ടമുണ്ടാകും. രാവിലെ ഏഴുമുതൽ വിവിധ സംഘങ്ങളുടെ കൈക്കൊട്ടിക്കളി, വൈകീട്ട് അഞ്ചിന് നൃത്തനൃത്യങ്ങൾ, 6.30ന് പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക എന്നിവയുണ്ടാകും. ക്ഷേത്രം പാർക്കിംഗ് കേന്ദ്രം, ചേർപ്പ്ഗവ.ഹൈസ്കൂൾ, ഖാദി പരിസരം, എം.കെ. ടിമ്പേഴ്സ് പൂച്ചിന്നിപ്പാടം, ഡ്രൈവിംഗ് പരിശീലനകേന്ദ്രം എന്നിവിടങ്ങിൽ വാഹന പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്.
പഴയന്നൂർ: ഓട്ടോ ഡ്രൈവേഴ്സിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തുന്ന നവരാത്രി മഹോത്സവം ഇത്തവണയും ആഘോഷിക്കും. നാളെ രാവിലെ 11ന് വിശേഷാൽ പ്രസാദഊട്ട് പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ നടത്തും. വൈകുന്നേരം നാലിന് പഴയന്നൂർ ശിവപാർവതി കൈകൊട്ടിക്കളി സംഘത്തിന്റെ കലാവിരുന്ന് പാട്ടുകൊട്ട് കാവിൽനിന്നു ആരംഭിച്ച് വൈകീട്ട് ഏഴിന് പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളിയും പഴയന്നൂർ പൊലിസ് സ്റ്റേഷനിലെ എസ്എച്ച്ഒയുംചേർന്ന് നിർവഹിക്കും.
Tags :