Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കല്ല വീഴ്ച സംഭവിച്ചതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരാൻ സാധിക്കാത്തത് പാർട്ടിയുടെ വീഴ്ചയാണെന്നും മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്ക്.
കോഴിക്കോട്ട് ഞായറാഴ്ച ആരംഭിച്ച മൂന്നു ദിവസത്തെ സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നുമാസമായി പാർട്ടിയുടെ എല്ലാതലങ്ങളിലും അടിത്തട്ട് വരെ എന്തുകൊണ്ടാണ് തിരിച്ചടിയുണ്ടായതെന്നും ഇത്രയും നല്ല ഭരണമുണ്ടായിട്ടും ജനം എതിരായതെന്തുകൊണ്ടെന്നും വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇനി ഇതെല്ലാം ആവർത്തിച്ചുപറയാനല്ല സംസ്ഥാന സമിതി ചേരുന്നതെന്നും രാഷ്ട്രീയവും ഭരണപരവും സംഘടനാപരവുമായ വീഴ്ചകൾ തിട്ടപ്പെടുത്തി അവ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനുമുള്ള പ്രവർത്തന പരിപാടികൾക്ക് രൂപം നൽകാനാണ് ഈ വിശാല സമിതി ചേരുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു
നേതൃത്വത്തിലെ വീഴ്ചയെന്ത്, താഴെത്തട്ടിലെ ദൗർബല്യമെന്ത് എന്നിവയെല്ലാം ചർച്ച ചെയ്തുകഴിഞ്ഞുവെന്നും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകൾ തിരുത്തിയെ മുന്നോട്ടുപോകാനാകൂ എന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
Kerala
പാലക്കാട്: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന നാല് പേരെ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖ് ആണ് മരിച്ചത്.
റസാക്കിന്റെ ഭാര്യ ഷക്കീല വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ, എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ആറിനായിരുന്നു അപകടം. ഉടനെ നാട്ടുകാർ ചേർന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുൽ റസാഖ് മരിച്ചു.
തൃശൂർ ദിശയിലേയ്ക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നു. കാറും ഡ്രൈവറെയും വടക്കഞ്ചേരി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Kerala
തൃശൂർ: സംസ്ഥാന ശിശുക്ഷേമസമിതി വഴി കേരളത്തിൽനിന്നുള്ള കുട്ടികളെ ദത്തെടുക്കാൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നതു മൂവായിരത്തിലധികംപേർ.
ഇവർക്കു മൂന്നു വർഷത്തിനുള്ളിൽ ദത്തെടുക്കൽനടപടി പൂർത്തിയാക്കി കുഞ്ഞിനെ സ്വന്തമാക്കാനാകുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവർ അടക്കമാണ് അപേക്ഷകർ.
രാജ്യത്തു മൊത്തം പതിനായിരത്തോളം പേരാണു രജിസ്ട്രേഷൻ നിർവഹിച്ചിട്ടുള്ളത്. കുട്ടികൾക്കായി കേരളം തെരഞ്ഞെടുത്തിട്ടുള്ളവരിൽ പലരും മറ്റു സംസ്ഥാനങ്ങളും തെരഞ്ഞെടുത്തിട്ടുണ്ടാകാം. മറ്റു നടപടികൾ പൂർത്തീകരിച്ചാൽ മുൻഗണനാടിസ്ഥാനത്തിലാണ് ഇവർക്കു കുട്ടികളെ ലഭിക്കുക.
കേന്ദ്ര അഡോപ്ഷൻ ഏജൻസിയായ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി(കാര) മുഖേനയാണു കുട്ടികളെ ദത്തെടുക്കാൻ അപേക്ഷിക്കേണ്ടത്. നേരത്തേ സംസ്ഥാനംതിരിച്ചു ദത്തിനുള്ള അപേക്ഷ നൽകാമായിരുന്നെങ്കിൽ നിലവിൽ ഇന്ത്യയുടെ വടക്കൻമേഖല, തെക്കൻമേഖല എന്നിങ്ങനെ തിരിച്ചാണ് അപേക്ഷ നൽകേണ്ടത്.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നര വർഷത്തിനിടെ 239 കുട്ടികൾ സ്വദേശത്തും 38 കുട്ടികൾ വിദേശത്തും ദത്തുപോയി. സംസ്ഥാനത്തെ ദത്തെടുക്കൽരംഗത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. അമ്മത്തൊട്ടിലിലൂടെ ലഭിക്കുന്ന കുഞ്ഞുങ്ങളിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കിയശേഷം ആരോഗ്യനില തൃപ്തികരമായ കുട്ടികളെ സാധാരണയായി ആറുമാസത്തിനുള്ളിൽ ദത്തുനൽകാറുണ്ട്.
ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളുടെ ദത്തെടുക്കൽ നടപടികളാണു താരതമ്യേന വൈകുക. 2002 മുതൽ സംസ്ഥാനത്ത് അമ്മത്തൊട്ടിൽവഴി 684 പെണ്കുട്ടികളും 319 ആണ്കുട്ടികളുമടക്കം 1003 കുട്ടികളെ ലഭിച്ചു. ഇതിൽ ഇരുപതിൽതാഴെ കുട്ടികൾ മാത്രമാണു ദത്തുപോകാനുള്ളത്.
അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ലഭിച്ചാൽ രണ്ടുമാസം വരെ യഥാർഥ മാതാപിതാക്കൾക്കു കുഞ്ഞിനെ തിരിച്ചെടുക്കാനുള്ള അവസരം നൽകും. ഡിഎൻഎ പരിശോധന ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയശേഷമാണു കുട്ടിയെ വിട്ടുനൽകുക. ഈ കാലയളവിൽ കുട്ടികളെ ശിശുപരിചരണകേന്ദ്രങ്ങളിൽ പരിചരിക്കും.
തൃശൂരിൽ കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നാലുപേരെയാണ് അമ്മത്തൊട്ടിൽ മുഖേന ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കാസർഗോഡ് ജില്ലകളിലെ കുട്ടികളെയാണ് ശിശുക്ഷേമസമിതി മുഖനേ ദത്തുനൽകുന്നത്. ബാക്കിയുള്ള ജില്ലകളിലേത് അതത് അഡോപ്ഷൻ ഏജൻസികളാണു കൈകാര്യം ചെയ്യുക.
National
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒമ്പത് പേർ മരിച്ചു. നിരവധി ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബണ്ട തഹസിൽ മേഖലയിലാണ് മദ്യദുരന്തമുണ്ടായത്.
ശനിയാഴ്ച രാത്രിയാണ് ആളുകള് വ്യാജമദ്യം കുടിച്ചത്. പിന്നാലെ നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി. ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കഴിച്ച മദ്യത്തിന്റെ സാംപിളുകളും ശേഖരിക്കും. വ്യാജമദ്യമാണോ മരണത്തിന് കാരണമെന്നത് പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ഞായറാഴ്ച പുലർച്ചെയോടെയാണ് മദ്യപിച്ചവർക്ക് കഠിനമായ തലവേദന, കാഴ്ചമങ്ങൽ, ശ്വാസതടസ്സം, ഛർദ്ദി എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയത്.
തുടർന്ന് ഇവരെ ബണ്ട സിവിൽ ആശുപത്രിയിലും സാഗറിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ചിലർ മരണപ്പെട്ടിരുന്നു. ചികിത്സയിലുള്ള ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ 24 മുതൽ 48 മണിക്കൂറിനുള്ളിൽ മദ്യം കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന് കളക്ടർ അഭ്യർഥിച്ചു. ഇതിനായി വിദഗ്ധ മെഡിക്കൽ സംഘങ്ങളെ ഗ്രാമങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.
ദുരന്തത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെയും വ്യാജമദ്യ മാഫിയയ്ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ഉടൻ തന്നെ സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മട്ടാഞ്ചേരി മുസ്ലിയാത്ത് വീട്ടിൽ ഷാജു (44) അറസ്റ്റിലായത്.
എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ട് ഭാഗത്തുനിന്നാന്റ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആഗസ്റ്റ് 31-ന് വൈകുന്നേരം മൂന്നോടെ ജോസ് ജംഗ്ഷന് സമീപത്തെ ചായക്കടയിൽ നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശി മാത്യൂ ഉമ്മനെയും സുഹൃത്ത് ഷമീമിനെയുമാണ് പ്രതി കുത്തിയത്.
എറണാകുളം പുളിമൂട്ടിൽ ടെക്സ്റ്റൈൽസിന് സമീപം ലോട്ടറി കച്ചവടം നടത്തിയിരുന്നയാളെ മർദ്ദിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. കത്രിക ഉപയോഗിച്ച് ഷമീമിന്റെ വയറ്റിൽ രണ്ടുതവണയും തടയാൻ ചെന്ന മാത്യൂവിന്റെ നെഞ്ചിൽ മൂന്നുതവണയുമാണ് പ്രതി കുത്തിയത്.
മാത്യൂ ഉമ്മൻ നൽകിയ പരാതിയിലാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സെൻട്രൽ സബ് ഡിവിഷന്റെ അധിക ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണർ പീറ്റർ ബാബുവിന്റെ നിർദേശപ്രകാരം സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയി, സബ് ഇൻസ്പെക്ടർമാരായ ശ്യാം കുമാർ, മനോജ് കുമാർ, പൊലിസ് ഉദ്യോഗസ്ഥരായ ഹരീഷ് ബാബു, പ്രശാന്ത് ബാബു എന്നിവരടങ്ങിയ സംഘം സിസിടിവി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പൊലിസ് കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ മുൻപും നിരവധി മോഷണ, അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലിസ് വ്യക്തമാക്കി.
National
ന്യൂഡല്ഹി: ഡൽഹിയിലെ കരട് വോട്ടർപട്ടികയിൽനിന്ന് 47.7 ലക്ഷം പേർ പുറത്ത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ഇന്നലെയാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.
നിലവിലെ 1.45 കോടി വോട്ടർമാരിൽനിന്നാണ് 47.7 ലക്ഷം പേർ പുറത്തുപോയത്. വോട്ടര് പട്ടികയില്നിന്ന് ഒഴിവാക്കപ്പെട്ടവര്ക്ക് ഫോം ആറും അനുബന്ധ രേഖകളും സമര്പ്പിച്ച് പേര് നിലനിര്ത്താമെന്നും ഇതിനായി ഈമാസം 30 വരെ സമയമുണ്ടെന്നും ഡല്ഹി ചീഫ് ഇലക്ടറല് ഓഫീസര് അറിയിച്ചു.
International
സനാ: യെമനിലെ തുറമുഖ നഗരമായ മോഖയിൽ ഹൂത്തി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നാല് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് യെമൻ ഭരണകൂടം അറിയിച്ചു.
ആറ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് നഗരത്തിലെ ജനവാസ മേഖലയെയും തുറമുഖത്തെയും ഹൂത്തി വിമതർ ആക്രമിച്ചതെന്ന് യെമൻ സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സൗദി സഖ്യസേനയുടെ സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകളുമാണ് ലക്ഷ്യമിട്ടതെന്ന് ഹൂത്തികൾ അവകാശപ്പെട്ടു. ഈ ആഴ്ച ഇത് മൂന്നാം തവണയാണ് ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള മോഖ തുറമുഖം ഹൂത്തികൾ ആക്രമിക്കുന്നത്.
Kerala
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാർക്കു നീതികിട്ടുമെന്ന ബോധ്യമുണ്ടാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
കാലങ്ങളായി പോലീസ് ജനങ്ങളിൽ ഭയമാണു സൃഷ്ടിക്കുന്നത്. അതു മാറ്റി പോലീസ് ജനങ്ങളുടെ സുഹൃത്തായും സഹായം ആവശ്യമുള്ളപ്പോൾ ഓടിയെത്തുന്ന ബന്ധുവായും മാറണം. എല്ലാ കാര്യങ്ങളും പൂർണമായി ചെയ്യാൻ പറ്റിയില്ലെങ്കിലും ജനങ്ങൾ സ്റ്റേഷനിലെത്തുന്പോഴുള്ള പെരുമാറ്റമാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങൾക്കു സംരക്ഷണം നൽകുന്ന, ചേർത്തുനിർത്തുന്ന, സങ്കടം വരുന്പോൾ ഓടിയെത്തുന്ന പോലീസ് എന്ന ആധുനിക സങ്കൽപമാണ് ഇനി വേണ്ടത്. സ്റ്റേഷനിലെത്തുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ, പലതരം സ്വഭാവക്കാർ എന്നിവരോടെല്ലാം പെരുമാറ്റം നല്ലതാകണം. അതേസമയം, കുറ്റം ചെയ്താൽ പോലീസ് കണ്ടുപിടിച്ചു നിയമത്തിനു മുന്നിലെത്തിക്കുമെന്ന ഭയം കുറ്റവാളികളിലുണ്ടാക്കണം.
സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പോലീസിനെയും പരിഷ്കരിക്കുമെന്ന് അധ്യക്ഷനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾ പോലെ ജനസേവന കേന്ദ്രങ്ങളാണ് പോലീസ് സ്റ്റേഷനുകളും.
തെറ്റ് ചെയ്യുന്നവരല്ലാതെ പോലീസിനെ പേടിക്കേണ്ടതില്ല. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി 63 സ്റ്റേഷനുകളിൽ വനിതകളെ എസ്എച്ച്ഒമാരാക്കി. പോലീസുകാരുടെ ജോലിഭാരം കുറയ്ക്കും. ഡിഐജിവരെയുള്ള ഉദ്യോഗസ്ഥർ സ്റ്റേഷനുകളിൽ പരിശോധന നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രി കെ. മുരളീധരൻ, മേയർ വി.വി. രാജേഷ്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലം, പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, എഡിജിപി പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
International
ബെര്ലിന്: ഈ വര്ഷം ജര്മനിയില് കടുത്ത ചൂടിനെത്തുടര്ന്ന് മരിച്ചത് 12,500 പേര്. 2016നുശേഷമുള്ള ഏറ്റവും ഉയര്ന്ന കണക്കാണിത്.
ബെര്ലിന് കേന്ദ്രമായ റോബര്ട്ട് കോഹ് ഇന്സ്റ്റിറ്റ്യൂട്ട് (ആര്കെഐ) ആണ് റിപ്പോര്ട്ട് തയാറാക്കിയത്. 2018ൽ 9400 പേരും 2019ൽ 7700 പേരുമാണു മരിച്ചത്.
ഈ വര്ഷത്തെ മരണസംഖ്യ റിപ്പോര്ട്ട് ചെയ്തതിനേക്കാള് ഉയര്ന്ന നിലയിലാണെന്ന് ആര്കെഐ പറയുന്നു. വയോധികരാണ് പ്രധാനമായും കടുത്ത ചൂടിനിരയായത്. മരിച്ച 6300 പേര് എണ്പത്തിയഞ്ചോ അതിലേറെയോ പ്രായമുള്ളവരാണ്.
75നും 84നും ഇടയില് പ്രായമുള്ള 3100 പേര് മരിച്ചു. 65ല് താഴെ പ്രായമുള്ള 1200 പേരാണു മരിച്ചത്. ജൂണിലാണ് കടുത്ത ചൂട് മരണം വിതച്ചത്.
Kerala
കൊച്ചി: വിവിധ ബോര്ഡുകളുടെയടക്കം തലപ്പത്തു അഴിമതിക്കാരെ നിയമിക്കാതിരിക്കാന് സര്ക്കാര് ശ്രദ്ധിക്കണമെന്നു ഹൈക്കോടതി.
അഴിമതി പ്രവണതയുള്ളവരുടെ നിയമനം അഴിമതികളും ക്രമക്കേടുകളും ആവര്ത്തിക്കാനിടയാക്കുമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന് വാക്കാല് ചൂണ്ടിക്കാട്ടി.
സിബിഐ അന്വേഷിക്കുന്ന കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില് പ്രതിയായ കെ.എ. രതീഷ് മൂന്ന് പ്രധാന സ്ഥാപനങ്ങളുടെ മേധാവിയായി തുടരുന്നത് ചോദ്യം ചെയ്ത് അഡ്വ. കെ.എം. ഷാജഹാന് നല്കിയ ഹര്ജി പരിഗണിക്കവെയാണു കോടതിയുടെ മുന്നറിയിപ്പ്.
ഹര്ജി പരിഗണിക്കവേ, രതീഷ് ചുമതലകള് രാജിവച്ചതായി സര്ക്കാര് അറിയിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി.
International
അസീസി: സ്വാർഥതയും അക്രമവും നിറഞ്ഞ ലോകത്തു ഭയത്തെയും നിരാശയെയും അതിജീവിച്ചു സ്നേഹത്തിന്റെ പുതിയ സംസ്കാരം പടുത്തുയർത്താൻ ലെയോ മാർപാപ്പയുടെ ആഹ്വാനം.
ഇറ്റലിയിലെ അസീസിയിൽ സംഘടിപ്പിച്ച ‘ഗോ! 2026’ ഫ്രാൻസിസ്കൻ യുവജനസമ്മേളനത്തിന്റെ ഭാഗമായി സാന്താ മരിയ ദെല്ലി ആഞ്ചലി (മാലാഖമാരുടെ രാജ്ഞിയായ മറിയത്തിന്റെ) പള്ളിയിൽ വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലാനും പീഡിപ്പിക്കപ്പെടുന്നവരുടെ മുറിവുകളിൽ ആശ്വാസമേകാനും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.
“നീതിനിഷേധം മൂലം സാധാരണക്കാരുടെ സ്വപ്നങ്ങൾ തകർക്കപ്പെടുന്ന ഇടങ്ങളിലേക്ക് നിങ്ങൾ കടന്നുചെല്ലണം. ഭയവും നിരാശയും ഉപേക്ഷിച്ച്, ദൈവവചനത്തിൽ വിശ്വസിച്ച് ഈ യുഗത്തിലെ പുതിയ വിശുദ്ധരാകാൻ നിങ്ങൾ ധൈര്യം കാണിക്കണം. ഭയവും അജ്ഞതയുമാണ് മനുഷ്യർക്കിടയിൽ വേലിക്കെട്ടുകളും വർഗീയതയും സൃഷ്ടിക്കുന്നത്.
മതം രാഷ്ട്രീയലാഭങ്ങൾക്കായി ചൂഷണം ചെയ്യപ്പെടരുത്” -മാർപാപ്പ പറഞ്ഞു. ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ ആത്മീയകേന്ദ്രമായ പോർസ്യുങ്കുളയിൽ നടന്ന പ്രാർഥനകൾക്കുശേഷമാണ് മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങിയത്.
Kerala
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലകളെ സംബന്ധിച്ച് ഇപ്പോൾ കേന്ദ്രസർക്കാർ വീണ്ടും ഇറക്കിയിരിക്കുന്ന കരട് വിജ്ഞാപനത്തിൽ ജനങ്ങൾ കടുത്ത ആശങ്കയിലാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു ജനവാസ, കൃഷി മേഖലകൾ ഒഴിവാക്കി 98 വില്ലേജുകളിൽ മാത്രം ഇഎസ്എ ബാധമാകുംവിധം ഭേദഗതി നിർദേശം കേന്ദ്രത്തിനു സമർപ്പിച്ചിരുന്നുവെങ്കിലും അതംഗീകരിക്കാതെയാണു വീണ്ടും കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
മുന്നണി വ്യത്യാസം നോക്കാതെ സംസ്ഥാനത്തിന്റെ പൊതുവായ വിഷയമെന്ന നിലയിൽ ഒരുമിച്ചു മുന്നോട്ടു പോകേണ്ട വിഷയമായിട്ടും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇതേവരെ പ്രതികരിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
International
റോം: കഴിഞ്ഞ വർഷം ലോകമെമ്പാടുമായി ഏകദേശം 64.5 കോടി ജനങ്ങൾ (ആഗോള ജനസംഖ്യയുടെ 7.8%) ദാരിദ്ര്യം അനുഭവിച്ചതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്.
യുഎന്നിന്റെ കീഴിലുള്ള റോം ആസ്ഥാനമായ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ, വേൾഡ് ഫുഡ് പ്രോഗ്രാം, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, യുഎൻ ചിൽഡ്രൻസ് ഫണ്ട്, ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡവലപ്മെന്റ് എന്നീ ഏജൻസികൾ ചേർന്നു തയാറാക്കിയ ‘ലോകത്തിലെ ഭക്ഷ്യസുരക്ഷയും പോഷകാഹാര നിലയും’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞവർഷം നേരിയ കുറവുണ്ടായിട്ടുണ്ട്.
2024നേക്കാൾ 1.4 കോടി ആളുകളും 2022ലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 4.3 കോടി ആളുകളും കുറവാണ് 2025ൽ പട്ടിണി നേരിട്ടത്. പ്രത്യേകിച്ച് തെക്കേ അമേരിക്കയിലും തെക്കൻ ഏഷ്യയിലും ഭക്ഷ്യസുരക്ഷയിൽ പുരോഗതിയുണ്ടായി.എങ്കിലും സാഹചര്യങ്ങൾ ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകുന്നു.
ആഫ്രിക്കയിൽ അഞ്ചിൽ ഒരാൾ വീതം (30.9 കോടി ആളുകൾ) ഇപ്പോഴും പട്ടിണിയിലാണ്. കുട്ടികളിലെ പോഷകാഹാരക്കുറവും സ്ത്രീകളിലെ വിളർച്ചയും ഉയർന്ന നിലയിൽത്തന്നെ തുടരുന്നു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഇന്ധന-വളം വിലവർധനവ്, എൽ നിനോ പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ നിലവിലെ പുരോഗതിക്കു ഭീഷണിയാകാൻ സാധ്യതയുണ്ട്.
അതിനാൽ കർഷകർക്ക് ആവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ഉറപ്പാക്കാനും കൃഷി-സംഭരണ മേഖലകളിൽ കൂടുതൽ ദീർഘകാല നിക്ഷേപങ്ങൾ നടത്താനും ലോകരാജ്യങ്ങളോട് യുഎൻ ഏജൻസികൾ ആവശ്യപ്പെട്ടു.
International
ബെയ്ജിംഗ്: ആയിരം കിലോമീറ്റർ വിസ്തൃതിയുള്ള ബാവി ചുഴലിക്കൊടുങ്കാറ്റിനെ നേരിടുന്നതിനു മുന്നോടിയായി കിഴക്കൻ ചൈനയിൽ 18 ലക്ഷം പേരെ ഒഴിപ്പിച്ചു മാറ്റി.
ഫിലിപ്പീൻസ്, ജപ്പാൻ, തായ്വാൻ എന്നിവടങ്ങളിലേതിനു സമാനമായി ചൈനയിലും ബാവി വലിയ ദുരന്തം വിതച്ചേക്കുമെന്നാണ് അനുമാനം.
ഇന്നു രാവിലെ കിഴക്കൻ ചൈനയിലെ ഷെജിയാംഗ്, ഫുജിയാൻ പ്രവിശ്യകളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. ഷെജിയാംഗിൽ 17ഉം ഫുജിയാനിൽ ഒന്നും ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി.ഷെജിയാംഗിലെ വെൻഷൗ നഗരത്തിൽ കടുത്ത ജാഗ്രത പുലർത്തുന്നു.
ബാവിയുടെ പ്രഭാവം മൂലം കനത്ത മഴ അനുഭവപ്പെട്ട ഫിലിപ്പീൻസിലെ മിണ്ടനാവോ ദ്വീപിൽ മണ്ണിടിച്ചിലുണ്ടായി 17 പേർ മരിച്ചു. ഒട്ടേറെപ്പേരെ കാണാതായി. തായ്വാനിലും ജപ്പാനിലും ആളപായം ഉണ്ടായില്ലെങ്കിലും നാശനഷ്ടങ്ങളുണ്ടായി.
International
കാരക്കസ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 3,535 ആയി ഉയർന്നു. ദുരന്തത്തിൽ 16,740 പേർക്കു പരിക്കേൽക്കുകയും 17,854 പേർ പൂർണമായും ഭവനരഹിതരാകുകയും ചെയ്തതായും വെനസ്വേലൻ പാർലമെന്റ് അധ്യക്ഷൻ ഹോർഗെ റോഡ്രിഗസ് വ്യക്തമാക്കി.
ഏകദേശം 50,000 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് യുഎൻ വ്യക്തമാക്കുന്നത്. കാണാതായവരുടെ എണ്ണം 30,000 മുതൽ 42,000 വരെയാണെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും റിപ്പോർട്ട് ചെയ്യുന്നു.
ദുരന്തത്തിൽ കൃത്യമായി എത്രപേരെ കാണാതായിട്ടുണ്ടെന്ന ഔദ്യോഗികമായ അന്തിമ കണക്കുകൾ വെനസ്വേലൻ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
ദുരന്തം നടന്ന് 13 ദിവസം പിന്നിട്ടിട്ടും തലസ്ഥാനമായ കാരക്കാസിലും സമീപത്തെ തീരദേശ മേഖലകളിലും പതിനായിരക്കണക്കിന് ആളുകൾ ഇപ്പോഴും ഭവനരഹിതരായി തുടരുകയാണ്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കാരക്കാസ്, ലാ ഗ്വൈറ എന്നിവിടങ്ങളിലെ 80 താത്കാലിക പുനരധിവാസ ക്യാമ്പുകളിലായി 12,800ലധികം ആളുകൾ കഴിയുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ജൂൺ 24ന് ഏതാനും സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഇരട്ട ഭൂകന്പങ്ങൾ ഉണ്ടായത്.
37 ബില്യൺ ഡോളറിന്റെ നാശനഷ്ടമെന്ന് യുഎൻ
അതേസമയം, വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പങ്ങളെത്തുടർന്നുണ്ടായ നേരിട്ടുള്ള ഭൗതിക നാശനഷ്ടങ്ങൾ ഏകദേശം 37 ബില്യൺ യുഎസ് ഡോളർ (3,51,048 കോടി രൂപ) വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ.
കെട്ടിടങ്ങൾ, വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവ തകർന്നതുവഴി 24 ബില്യൺ യുഎസ് ഡോളറിന്റെ നാശമുണ്ടായതായാണ് കണക്കാക്കുന്നത്. കൂടാതെ അടിസ്ഥാനസൗകര്യ വികസന മേഖലയ്ക്ക് 13 ബില്യൺ യുഎസ് ഡോളറിന്റെ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.
വെനസ്വേലൻ സർക്കാരുമായി സഹകരിച്ച് ദുരിതബാധിതർക്കുള്ള സഹായങ്ങൾ ഐക്യരാഷ്ട്രസഭയും പങ്കാളിത്ത സംഘടനകളും വിപുലീകരിച്ചു വരികയാണെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ദുജാറിക് ന്യൂയോർക്കിൽ പറഞ്ഞു.
ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെയാണെന്ന് യൂണിസെഫ് പറയുന്നു. 2,34,000 കുട്ടികൾ ഉൾപ്പെടെ 6,50,000 ആളുകൾക്ക് അടിയന്തരമാനുഷിക സഹായം ആവശ്യമായി വരുമെന്നാണ് യൂണിസെഫിന്റെ കണക്കുകൂട്ടൽ.
ഇതിനോടകംതന്നെ അടിയന്തര രക്ഷാപ്രവർത്തകരെ വിന്യസിച്ച യൂണിസെഫ്, മെഡിക്കൽ സാമഗ്രികൾ, കുടിവെള്ള-ശുചിത്വ ഉപകരണങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുൾപ്പെടെ 68 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചിട്ടുണ്ട്.
Kerala
കോന്നി: സ്കൂൾ വിദ്യാർഥിനിയായ പതിമൂന്നുകാരിയെ സഹപാഠികളായ വിദ്യാർഥികൾ ചേർന്നു പീഡിപ്പിച്ചതായി പരാതി. ഒന്പതാം ക്ലാസ് വിദ്യാർഥിനിയാണ് ക്രൂരതയ്ക്കിരയായത്. സംഭവത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത എട്ടുപേരാണ് കേസിലെ പ്രതികളെന്നാണു സൂചന. ഇതിൽ ആറുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.
സ്കൂളിൽ നടന്ന പതിവ് കൗൺസലിംഗിനിടെയാണ് കുട്ടി തനിക്കുണ്ടായ ദുരനുഭവം കൗൺസലറോട് തുറന്നുപറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.
കുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികൾതന്നെയാണു പ്രതിപ്പട്ടികയിലുള്ളത്. സ്കൂളിനു സമീപത്തും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽവച്ചും പീഡനം നടന്നതായാണു പെൺകുട്ടിയുടെ മൊഴി. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരായതിനാൽ നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പോലീസ് തുടർനടപടി സ്വീകരിക്കുന്നത്.
National
ന്യൂഡൽഹി: ഭക്ഷണവും ഹോട്ടലുകളും റേറ്റ് ചെയ്യുന്നതുപോലെ പൊതുജനങ്ങൾക്ക് പഞ്ചായത്തുകളെ റേറ്റ് ചെയ്യാവുന്ന സംവിധാനവും സർക്കാർ പരിഗണിക്കുന്നതായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.എം.ഷാജി.
ഓരോ പഞ്ചായത്തിലും സവിശേഷ ക്യൂആർ കോഡുകൾ നൽകി ജനങ്ങൾക്ക് അതു സ്കാൻ ചെയ്തു റേറ്റ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ആലോചിക്കുന്നതെന്നും കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ഡൽഹി ഘടകം സംഘടിപ്പിച്ച ‘മൈക്ക് ടുഗെദർ’ സംവാദപരിപാടിയിൽ സംസാരിക്കവേ ഷാജി അറിയിച്ചു.
പഞ്ചായത്തുകളിലെ ക്യൂആർ കോഡുകൾ സ്കാൻ ചെയ്തു പൊതുജനങ്ങൾക്ക് ആ പഞ്ചായത്തിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താമെന്നും അതത് പഞ്ചായത്തുകളുടെ റേറ്റിംഗും അഭിപ്രായങ്ങളും തുടർച്ചയായി പരിശോധിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ആശയമായാണ് റേറ്റിംഗ് സംവിധാനത്തെ മന്ത്രി വിലയിരുത്തുന്നത്.
ഗ്രാമസഭകളിലെ പങ്കാളിത്തവും പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിന് ഓൺലൈൻ ഗ്രാമസഭകളും നടപ്പിലാക്കുന്നത് പരിഗണിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പ്രവാസികളായ മലയാളികൾക്ക് പങ്കെടുക്കാവുന്ന ഓൺലൈൻ ഗ്രാമസഭകൾ പരീക്ഷണാർഥം നടത്തിയത് വിജയമായതു കണ്ടാണ് കേരളത്തിലുടനീളം ഓൺലൈൻ ഗ്രാമസഭകൾ നടത്തുന്നത് പരിഗണിക്കുന്നത്-മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 11 പേരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്.
നിപ രോഗബാധിതന്റെ സമ്പക്കപ്പട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട നാലു പേരും ഉയർന്ന വിഭാഗത്തിൽപ്പെട്ട 14 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗി വെന്റിലേറ്ററിൽ തുടരുകയാണ്.
15 പേർക്കുകൂടി ഷിഗെല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 15 ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളിലാണ് ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട്-8, മലപ്പുറം 3, വയനാട് 2, കണ്ണൂർ, കൊല്ലം ജില്ലകളിൽ 1 വീതം എന്നിവടങ്ങളിലാണ് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്.
Kerala
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും സാധാരണക്കാരുടെ ജീവിത പ്രതിസന്ധികൾക്കും യാതൊരു പരിഹാരവും നിർദേശിക്കാത്ത ബജറ്റാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിച്ചത്.
തെരഞ്ഞെടുപ്പു സമയത്ത് യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ഇന്ദിരാ ഗ്യാരണ്ടികളിൽ പ്രധാനപ്പെട്ട കോളജ് വിദ്യാർഥിനികൾക്കു പ്രതിമാസം 1000 രൂപ ധനസഹായവും യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെ ഈടില്ലാ വായ്പയും ബജറ്റിൽ എവിടെയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
National
റായ്പുർ: ഛത്തീസ്ഗഡിലെ കോറിയ ജില്ലയിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ്, അദ്ദേഹത്തിന്റെ ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷിത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി സോൻഹത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ നൗഗയിൻ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഭരത് സിംഗും സംഘവും സഞ്ചരിച്ചിരുന്ന കാർ ട്രക്കുകൾ ഉപയോഗിച്ച് വളഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഭരത് സിംഗ് സംഭവസ്ഥലത്തും നാഗേന്ദ്ര സിംഗും വീരേന്ദ്ര സിംഗും ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മായങ്ക് സിംഗ് എന്നയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മണൽ ഖനനത്തെച്ചൊല്ലി ഭരത് സിംഗിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മിൽ മാസങ്ങളായി തർക്കം നിലനിന്നിരുന്നു. മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഒന്പത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ നാലു പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. ചിതറ അരിപ്പ സമരഭൂമിക്കു സമീപത്തുവച്ച് സമരഭൂമിയിലെ താമസക്കാരായ വിനോദ്, ദീപു എന്നിവരെയാണ് പ്രതി വെട്ടിയത്.
ഇവർക്കൊപ്പമിരുന്ന് മദ്യപിച്ച പ്രതി വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന കൊടുവാളുകൊണ്ട് വിനോദിന്റെ തലക്ക് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച വിനോദിന്റെ സുഹൃത്തായ ദീപുവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ ജിജോയെ അഞ്ചൽ പോലീസിന്റെ സഹായത്തോടെയാണ് ചിതറ പോലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ചിതറ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Kerala
കോഴിക്കോട്: ജില്ലയില് പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. എന്നാല്, ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില് പ്രവേശിപ്പിക്കുകയും സ്രവങ്ങള് പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നിലവില് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്ക്ക് മെഡിക്കല് ബോര്ഡിന്റെ തീരുമാനപ്രകാരം ഐഎംസിആര് മാനദണ്ഡങ്ങള് പാലിച്ച് മോണോ ക്ലോണല് ആന്റിബോഡി ആദ്യത്തെ ഡോസ് നല്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുതുതായി 10 പേരെ കൂടി സമ്പര്ക്ക പട്ടികയില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തില് നാലു പേരും ഹൈ റിസ്കില് 16 പേരും ലോ റിസ്കില് 67 പേരും ഉള്പ്പെടെ നിലവില് 87 പേരാണ് പട്ടികയിലുള്ളത്. നിലവില് സമ്പര്ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്ട്രോള് റൂമില്നിന്ന് വിളിച്ച് വിവരങ്ങള് ശേഖരിക്കുന്നുണ്ട്.
പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി നിപ റിപ്പോര്ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില് ആരോഗ്യ പ്രവര്ത്തകര് സര്വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള് ഇവരില് കണ്ടെത്തിയിട്ടില്ല.
Kerala
കല്പ്പറ്റ: ഓപ്പറേഷന് തൂഫാന് ദി നര്കോ ഹണ്ടിന്റെ ഭാഗമായി വയനാട്ടില് ജൂണ് ഒന്നിനുശേഷം 51 കേസുകളില് 53 പേരെ അറസ്റ്റുചെയ്തു. 2.130 കിലോഗ്രാം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയില്, കഞ്ചാവ് നിറച്ച 43 സിഗരറ്റ് എന്നിവ പിടിച്ചെടുത്തു.
ലഹരിവസ്തുക്കള് കണ്ടെടുക്കുന്നതിന് പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തില് കര്ശന പരിശോധയാണ് നടക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നര്കോടിക് സ്നിഫര് ഡോഗുമായി പോലീസ് ഡോഗ് സ്ക്വാഡ് പരിശോധനയില് സജീവമാണ്.
ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള് പൊതുജനങ്ങള് പോലീസുമായി പങ്കുവയ്ക്കുന്നുണ്ട്. പരിശോധനയ്ക്ക് ഡ്രോണ് ഉപയോഗപ്പെടുത്തുന്നുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച കാറിടിച്ച് അഞ്ച് പേർക്ക് പരിക്ക്. അപകടത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് 15 കാരൻ സംഭവസ്ഥലത്തു നിന്ന് ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു.
നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് പാഞ്ഞുകയറി കാൽനടയാത്രക്കാരുടെ നേരെ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇരുചക്രവാഹം ഓടിക്കുകയായിരുന്ന യുവാവിന്റെ കാലിന് ഗുരുതരമായി ഒടിവുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്. ഒളിവിൽ കഴിയുന്ന കൗമാരക്കാരനായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
Special News
അടുത്തിടെ, ഒരു സംഘടനയിലെ ചില അംഗങ്ങൾ തമ്മിലുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്, പാരയും പരദൂഷണവും അപവാദ പ്രചാരണങ്ങളും കൊണ്ടുള്ള ഉപദ്രവങ്ങളെ പറ്റി കേട്ടപ്പോൾ പെട്ടെന്ന് മനസിൽ വന്നത്, ഗോസിപ്പ് അഥവാ പരദൂഷണത്തെപ്പറ്റി ‘സാപ്പിയൻസി’ൽ യൂവാൽ ഹരാരി കുറിച്ചതാണ്.
മനുഷ്യന്റെ ഇന്നത്തെ ജീവിതത്തിലേക്കുള്ള പരിണാമത്തിലും മറ്റു ജീവിവർഗങ്ങളെ പിൻതള്ളി ലോകം അടക്കി വാണതിലും പരദൂഷണത്തിനു വലിയ പങ്കുണ്ടായിട്ടുണ്ട്. പഴയ കാലത്തെ മനുഷ്യരെ തമ്മിൽ ചേർത്തു നിർത്തിയിരുന്നതും എന്തിനേറെ പറയുന്നു, നമ്മുടെ ഭാഷകൾ ഉരുത്തിരിഞ്ഞു വന്നത് പോലും, മറ്റുള്ളവരെ കുറിച്ച് ഗോസിപ്പ് പറയാൻ വേണ്ടിയാണെന്നു ഹരാരി പറയുമ്പോൾ ചിരി വന്നേക്കാം.
എന്നാൽ, നിർദോഷമായ കുശുമ്പും കുന്നായ്മയും പറയുന്നതിനപ്പുറം വ്യക്തിഹത്യയിലേക്കും കൂട്ടം ചേർന്നുള്ള ബുള്ളിയിംഗിലേക്കും (bullying) കടക്കുമ്പോൾ ഗോസിപ്പിംഗ് ഒരു സാമൂഹിക വൈകല്യമാകുന്നു. ചിന്തകൾക്കും വികാരങ്ങൾക്കും സഹാനുഭൂതിക്കും കാര്യമായ പരിണാമം ഉണ്ടാകാതെ ശിലായുഗത്തിൽ ജീവിക്കുന്ന കുറെയേറെ മനുഷ്യർ, അവരുമായി ഇടപെടുന്ന മറ്റു മനുഷ്യരെ പറ്റി അപവാദം മെനഞ്ഞുണ്ടാക്കി ഇന്നത്തെ കാലത്തും പഴയ വേട്ടയാടൽ ജീവിതം തുടരുന്നത് ചുറ്റും കാണാം.
ഇത്തരം ഉപദ്രവത്തിൽ മനസ് തകർന്ന് ഒരാൾക്കു ഡിപ്രഷൻ വരുമ്പോൾ, മറ്റൊരാളുടെ കുടുംബബന്ധം തകരുമ്പോൾ, വേറൊരാൾ ആത്മഹത്യ ചെയ്യുമ്പോൾ അതൊരു നേരം പോക്കോ സ്വഭാവരീതിയോ മാത്രമായി നിസാരവത്കരിക്കാനാകില്ല. മറ്റൊരാളുടെ ജീവിതത്തിന്റെ ബൗണ്ടറികൾ ഭേദിച്ചു കൊണ്ട് നടത്തുന്ന എന്ത് തരം ഇടപെടലുകളും തെറ്റാണ്. വ്യക്തിഹത്യ ക്രിമിനൽ കുറ്റമാണ്!
വർക്ക് പ്ലേസ് ഗോസിപ്പ്
ചുറ്റുമുള്ള അന്തരീക്ഷത്തെ ഏറ്റവും മലിനമാക്കാൻ ഗോസിപ്പിംഗിനു കഴിയും. ഒരാൾ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ജോലി സ്ഥലത്തായതു കൊണ്ടും ജോലി ചെയ്യുന്നവർക്കിടയിൽ എപ്പോഴും അദൃശ്യമായ ഒരു കോമ്പറ്റിഷൻ നടക്കുന്നതു കൊണ്ടും ഒരു പക്ഷേ ഏറ്റവുമധികം ‘ഗോസിപ്പ് പൊളിറ്റിക്സ്’ അനുഭവിക്കേണ്ടി വരുന്നത് അവിടെയാവാം. ഒരു പ്രശ്നത്തെ ചൂണ്ടിക്കാട്ടിയതിന്, പരാതി പറഞ്ഞതിന്, തെറ്റിനു കൂട്ട് നില്കാത്തതിന്, ആരോടും അധികം അടുപ്പത്തിനു പോകാതെ സ്വന്തം ജോലി ചെയ്തു പോകുന്നതിന്, എന്തിനു സൗന്ദര്യമോ കഴിവോ മികവോ ഉള്ളതു കൊണ്ട് പോലും പരദൂഷണത്തിനിരയായേക്കാം.
അതിൽത്തന്നെ അവിവാഹിതരും വിവാഹമോചിതരുമാണ് ഏറ്റവുമധികം ടാർഗെറ്റെഡ് ആകുന്നത്. അപവാദ പ്രചാരണം നടത്തുന്ന ആളുകളെ സംബന്ധിച്ച്, മറ്റൊരാളുടെ സ്വകാര്യജീവിതത്തോടുള്ള അമിതമായ താത്പര്യത്തേക്കാൾ ഒരു തരം ബുള്ളിയിംഗ് മെന്റാലിറ്റിയും തനിക്ക് അസൂയയോ ഇഷ്ടക്കേടോ ഉള്ള ഒരാൾ വേദനിച്ചു കാണാനുള്ള സാഡിസ്റ്റ് മെന്റാലിറ്റിയും കൂടുതലാവാം. സ്വന്തം ജീവിതത്തിലെ പോരായ്മകളെ മറക്കാനുള്ള ഒരുപാധി കൂടിയാകാം മറ്റു മനുഷ്യരെ അവമതിക്കാനുള്ള താത്പര്യം.
എന്തു ചെയ്യാം?
വ്യക്തിഹത്യ ചെയ്യുന്നവർക്കെതിരെ മാനനഷ്ടത്തിനു കേസു കൊടുക്കാവുന്നതാണ്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 356 അനുസരിച്ച് ഒരു വ്യക്തിയുടെ സൽപ്പേരിനു കളങ്കം വരുത്തുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒപ്പം നഷ്ടപരിഹാരവും ആവശ്യപ്പെടാവുന്നതാണ്. എന്നാൽ, എല്ലാ അവസരങ്ങളിലും ഈ പ്രതിവിധി പ്രായോഗികമല്ല. പ്രത്യേകിച്ചു സമയം, ചെലവ്, കോടതി പരിഗണിക്കുന്ന തെളിവുകൾ എന്നിവ കൈയിലില്ലാത്തപ്പോൾ. പുറമെയുള്ള പ്രതിവിധികൾക്കൊപ്പമോ അല്ലാതെയോ ഇത്തരം അപവാദ പ്രചാരണങ്ങളെ മാനസികമായി നേരിടാനും നമ്മൾ പ്രാപ്തി നേടേണ്ടതുണ്ട്. അതുകൊണ്ട് അവിടെനിന്നു തുടങ്ങാം.
പ്രകോപിതരാകാതിരിക്കുക
ഗോസിപ്പ് ഉപജ്ഞാതാവിന്റെ താത്പര്യങ്ങളെന്താണ്? അവർ പറയുന്നത് മറ്റുള്ളവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന വാലിഡേഷൻ, ഇരയുടെ പ്രതികരണം, സോഴ്സ് ആയ താൻ മറഞ്ഞിരിക്കുന്നതിന്റെ ഗൂഢസന്തോഷം തുടങ്ങിയവ ഇതിൽപ്പെടും.
ഗോസിപ്പിംഗിന് ഇരയാകുന്ന വ്യക്തിക്കു സമാധാനം നഷ്ടമാകും. സ്വാഭാവികമായി സങ്കടവും ദേഷ്യവും അപമാനവുമെല്ലാം അനുഭവപ്പെടും. എന്നാൽ, പ്രകോപിതരാകരുത് എന്നു സ്വയം തീരുമാനിക്കണം. പെട്ടെന്നുള്ള റിയാക്ഷനുകൾ ഒഴിവാക്കുക. എല്ലാ കാര്യങ്ങളും നമ്മുടെ പ്രതികരണങ്ങൾ ആവശ്യപ്പെടുന്നില്ല. നായകൾ കുരയ്ക്കുന്നതു കേട്ട് ഓടിക്കൊണ്ടിരിക്കുന്ന കാർ നിർത്തേണ്ടതില്ലല്ലോ. നിങ്ങൾ നിങ്ങളുടെ സാധാരണ ജോലികളിൽ മുഴുകുക. ഗോസിപ്പിനെ പറ്റി ചിന്തിച്ചും പ്രതികരിച്ചും നഷ്ടപ്പെടുന്ന സമയത്തെ പ്രൊഡക്ടീവ് ആയി വിനിയോഗിക്കുക.
ഡോണ്ട് ടേക്ക് ഇറ്റ് പേഴ്സണലി
ഗോസിപ്പുകളെ വ്യക്തിപരമായി ഉള്ളിലേക്കെടുക്കാതിരിക്കുക. അവർ പറയുന്ന ആദ്യത്തേയോ അവസാനത്തേയോ ഗോസിപ്പല്ല ഇത്. ഇന്നു നിങ്ങളെങ്കിൽ ഇന്നലെ മറ്റൊരാൾ. ഇനി നാളെ വേറൊരാൾ. ഇന്ന് അവരാർക്കൊപ്പമാണോ ഒരു ഗോസിപ്പ് പങ്കുവയ്ക്കുന്നത്, നാളെ ചിലപ്പോൾ ഗോസിപ്പ് അവരെ കുറിച്ചായിരിക്കും.
നിങ്ങളോടാണ് മറ്റൊരാൾ വന്നു ഗോസിപ്പ് പറയുന്നതെങ്കിൽ അതിൽ താത്പര്യം പ്രകടിപ്പിക്കാതിരിക്കുക. ഗോസിപ്പിംഗിനു വരുന്നവരെ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം, അവർ ആരെ കുറിച്ചാണോ പറഞ്ഞു കൊണ്ടിരിക്കുന്നത്, ‘ഇപ്പോൾ തന്നെ അയാളെ വിളിച്ചു ഇത് ശരിയാണോ എന്ന് ചോദിക്കാം’ എന്ന് പറയുക. കഥ പറയാൻ വന്നവർക്കു നിങ്ങളിലുള്ള താത്പര്യം അപ്പോൾത്തന്നെ നഷ്ടപ്പെടും.
നിലത്തുനിന്നുയരുക
ചുറ്റുമുള്ള കൂടുതൽ പേരും ഇത്തരം ചെളിവാരിയെറിയലുകളിലും പരദൂഷണങ്ങളിലും മുഴുകിയിരിക്കുന്നതായി തോന്നുമ്പോൾ അതിൽനിന്നു മാറി നിൽക്കാനാഗ്രഹിക്കുന്നവർക്ക് ഒറ്റപ്പെടൽ തോന്നും. ‘ഈ ലോകമെന്താ ഇങ്ങനെ!’ എന്ന് നിരാശ അനുഭവപ്പെടും. അപ്പോൾ നിങ്ങൾ അവിടെ നിന്നും ഉയർന്നു പറക്കുന്നതായി സങ്കൽപ്പിച്ചു നോക്കുക.
എന്നിട്ട് താഴേക്ക് നോക്കുമ്പോൾ, അവിടെയുള്ളവരെല്ലാം ചേർന്ന് ഒരൊറ്റ മാലിന്യക്കൂമ്പാരമായി നില്കുന്നത് കാണാനാവും. അതിനു പേരില്ല, വ്യക്തിത്വമില്ല, ദുർഗന്ധം മാത്രമേയുള്ളൂ! അതിൽനിന്ന് അക്ഷരാർഥത്തിൽ ഉയർന്നു പറക്കാനാവണം നിങ്ങളുടെ ശ്രമം. വളർച്ചയില്ലാതെ, ജീവനില്ലാതെ കെട്ടിക്കിടക്കുന്ന എന്തിൽനിന്നും “ഔട്ട്-ഗ്രോ” ചെയ്യേണ്ടതുണ്ട്. ഇത്തരം മാലിന്യ സംസ്കരണത്തിനുള്ള മികച്ച വഴി അവയെ നിങ്ങളുടെ വളർച്ചയ്ക്കു വളമാക്കുക എന്നുള്ളതാണ്; മോശം സാഹചര്യങ്ങളെ അതിജീവനത്തിനുള്ള പ്രചോദനമാക്കുക എന്നതാണ്.
Kerala
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.
ബ്രെന്റ് ക്രൂഡ് വില താഴുന്പോഴും വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നതു പകൽക്കൊള്ളയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുവച്ച് വോട്ട് കഴിഞ്ഞാൽ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന ബിജെപിയുടെ പതിവ് തട്ടിപ്പ് ആവർത്തിക്കുകയാണെന്നും അദ്ദഹം കുറ്റപ്പെടുത്തി.
International
കൊളംബോ: ശ്രീലങ്കയിൽ കനത്ത മഴയെ തുടർന്ന് രണ്ട് പേർ മരിച്ചു. ബട്ടിക്കലോവ, ജാഫ്ന എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. അഞ്ച് ദിവസമായി തുടരുന്ന മഴയിൽ രാജ്യത്തെ എട്ട് ജില്ലകളെയാണ് ബാധിച്ചത്.
29 കുടുംബങ്ങളെ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 88 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
ചിലയിടങ്ങളിൽ 150 മില്ലിമീറ്റർ വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Kerala
കോഴിക്കോട്: ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കോഴിക്കോട് കോട്ടൂർ സ്വദേശിയായ ഒൻപത് വയസുകാരനു കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.
ഇതിനു പിന്നാലെ ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിയായ പത്തൊൻപതുകാരനും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെയും നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കോട്ടൂർ സ്വദേശിയായ ഒൻപതു വയസുകാരൻ കൂട്ടുകാർക്കൊപ്പം മൂന്ന് ദിവസം മുൻപ് വീടിനു സമീപത്തെ കനാലിൽ കുളിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം പിടിപെട്ടതെന്നാണ് നിഗമനം. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഈ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പനി ഭേദമാകാതെ വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പിടിപെട്ടത് കനാലിലെ ജലത്തിൽനിന്ന് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പ് അന്വേഷണം ഊർജിതമാക്കി. കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. ഇതിന്റെ പരിശോധനാ ഫലം വന്നാൽ മാത്രമേ ഉറവിടത്തെക്കുറിച്ച് വ്യക്തത വരികയുള്ളു.
ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിക്ക് രോഗലക്ഷണങ്ങളായ പനിയും കടുത്ത തലവേദനയും അനുഭവപ്പെട്ടിരുന്നു. കോഴിക്കോട് എത്തിയ ശേഷവും പനിയും തലവേദനയും മാറാത്തതിനെ തുടർന്നാണ് സ്രവപരിശോധനയ്ക്ക് വിധേയനായത്. ഇതിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.
National
ന്യൂഡൽഹി: വിസ്മയമായ ജനനായകൻ വി.ഡി. സതീശൻ ഇനി കേരള നായകൻ. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ കോണ്ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. യുഡിഎഫിന്റെ 102 സീറ്റ് ജയം ഉൾപ്പെടെയുള്ള സതീശന്റെ ആത്മവിശ്വാസത്തിന്റെ തെളിവായി ഇനി “വനവാസമല്ല, പട്ടാഭിഷേകം’’ തന്നെ.
മുഖ്യമന്ത്രിപദവിയിലേക്കു സതീശനോടൊപ്പം പരിഗണിച്ചിരുന്ന കോണ്ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.
സോണിയാ ഗാന്ധിയുമായി കൂടിയാലോചിച്ചായിരുന്നു തീരുമാനം. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി ടെലിഫോണിൽ സംസാരിച്ചശേഷമായിരുന്നു വേണുഗോപാലിനു പകരം അവസാനനിമിഷം സതീശനെ നായകനാക്കാൻ ഹൈക്കമാൻഡിൽ ധാരണയായത്.
ഡൽഹി അക്ബർ റോഡിലെ പഴയ കോണ്ഗ്രസ് ആസ്ഥാനത്ത് ഇന്നലെ ഉച്ചയ്ക്കു 12ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത്. കേന്ദ്ര നിരീക്ഷകരായി കേരളത്തിലെത്തിയ എഐസിസി ട്രഷറർ അജയ് മാക്കൻ, ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മാധ്യമവിഭാഗം തലവൻ ജയ്റാം രമേശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
“മേയ് ഏഴിന് തിരുവനന്തപുരത്ത് കോണ്ഗ്രസ് നിയമസഭാകക്ഷി യോഗം ചേർന്നു. കേരളം സംസ്ഥാനത്തിലെ കോണ്ഗ്രസ് പാർലമെന്ററി പാർട്ടിയുടെ (സിഎൽപി) പുതിയ നേതാവിനെ നിയമിക്കാൻ കോണ്ഗ്രസ് പ്രസിഡന്റിനെ അധികാരപ്പെടുത്താൻ ഏകകണ്ഠമായി തീരുമാനിച്ചു. വി.ഡി. സതീശനെ സിഎൽപിയുടെ നേതാവായി നിയമിക്കാൻ തീരുമാനിച്ചു’’ -ദീപാ ദാസ് മുൻഷി പ്രഖ്യാപിച്ചു. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
ഹൈക്കമാൻഡ് തീരുമാനം സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി സതീശനു പൂർണ പിന്തുണയും ആശംസയും നേരുന്നുവെന്നും ഡൽഹിയിലെ തന്റെ വസതിയിലെത്തിയ പത്രലേഖരോടു വേണുഗോപാൽ പ്രതികരിച്ചു.
Kerala
കൊച്ചി: ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളിലേക്കു കൊച്ചിയില്നിന്ന് ആരംഭിച്ച സീപ്ലെയിന് പദ്ധതി നേട്ടമാകുക വിനോദസഞ്ചാരികള്ക്കും ഉദ്യോഗസ്ഥര്ക്കും. ലക്ഷദ്വീപിലേക്കു മടങ്ങാന് ടിക്കറ്റ് ലഭിക്കാതെ കൊച്ചിയില് കുടുങ്ങിക്കിടക്കുന്ന നൂറു കണക്കിനു സാധാരണക്കാരായ പ്രദേശവാസികള്ക്കു കാര്യമായ നേട്ടം സീപ്ലെയിന് വരുന്നതിലൂടെ കിട്ടില്ലെന്നാണു വിലയിരുത്തല്. വിമാന നിരക്കോളം പണം നല്കാന് കഴിയുന്നവര്ക്കാകും സീപ്ലെയിന് സൗകര്യം പ്രയോജനപ്പെടുത്താനാകുക.
കേന്ദ്ര വ്യോമയാന മന്ത്രാലയം ആവിഷ്കരിച്ച ഉഠാന് സ്കീം പ്രകാരം 4000 മുതല് 6000 വരെയാണു സീപ്ലെയിന് യാത്രയ്ക്കായി ഒരാള്ക്കു നല്കേണ്ടിവരിക. കൊച്ചി-അഗത്തി വിമാന നിരക്കാകട്ടെ 5000 മുതല് 14,000 വരെയാണ്. വിമാന നിരക്കിനെ അപേക്ഷിച്ച് സീപ്ലെയിന് യാത്രയ്ക്ക് ചെലവ് കുറവാണെങ്കിലും 400 മുതല് 1500 രൂപ മാത്രമേ കപ്പല് യാത്രയ്ക്കു വരൂ.
യാത്രക്കാരെ ഉള്ക്കൊള്ളതിലും സീപ്ലെയിന് പരിമിതിയുണ്ട്. 18 സീറ്റാണ് ആകെയുള്ളത്. ഇതില് കൊച്ചിയില്നിന്നുള്ള യാത്രയ്ക്ക് 10 സീറ്റുകള് മാത്രമേ യാത്രക്കാര്ക്കായി നല്കു. ദ്വീപുകള്ക്കിടയിലുള്ള യാത്രയ്ക്ക് 14 യാത്രക്കാരെ വരെ ഉള്ക്കൊള്ളിക്കും. ദിവസേന കൊച്ചിയില്നിന്ന് ഒരു ട്രിപ്പ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
രാവിലെ 8.30ന് നെടുമ്പാശേരി വിമാനത്താവളത്തില്നിന്നാണു സര്വീസ് പുറപ്പെടുക. കല്പ്പേനി ദ്വീപിലാണ് ആദ്യം സീപ്ലെയിന് പറന്നിറങ്ങുക. അവിടെനിന്നു കവരത്തിയിലേക്കും തുടര്ന്ന് അഗത്തിയിലേക്കും പ്ലെയിന് പറന്നുയരും. അഗത്തിയില്നിന്നു കവരത്തിയിലേക്കു തിരികെവന്നശേഷം കടമം ദ്വീപിലേക്കു പോകും.
കവരത്തിയിലേക്കു മടങ്ങിയെത്തുന്ന ജലവിമാനം കഠ്മത്ത് ദ്വീപിലേക്കും കല്പ്പേനിയിലേക്കും സര്വീസ് നടത്തും. കല്പ്പേനിയില് നിന്നാണു കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ മടക്കയാത്ര. വൈകുന്നേരം 6.30 ഓടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില് സര്വീസ് അവസാനിപ്പിക്കും.
സര്വീസ് തുടങ്ങിയ ഇന്നലെ ഒന്നര മണിക്കൂര് വൈകിയാണു ജലവിമാനത്തിന്റെ യാത്ര ആരംഭിച്ചത്. സിവില് ഏവിയേഷന് ഡയറക്ടര് ജനറല്മാരായ സ്വാതി, വൈഭവ്, ശ്വേത, വിമാന നടത്തിപ്പ് കമ്പനിയായ സ്കൈ ഹോപ്പിന്റെ ഓപ്പറേഷന് ഹെഡ് മനീഷാ ജാ, വൈസ് പ്രസിഡന്റ് നീലേഷ് എന്നിവര് ആദ്യയാത്രയില് പങ്കെടുത്തു. നെടുമ്പാശേരി ഒഴികെ ദ്വീപുകളിലെല്ലാം കടലിലാണ് വിമാനം ലാന്ഡ് ചെയ്യുന്നത്. യാത്രക്കാര് ഇറങ്ങുന്നതിനും പ്രവേശിക്കുന്നതിനുമായി അഞ്ചു ദ്വീപുകളിലും ജെട്ടികള് നിര്മിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കേരളത്തില് സര്ക്കാര് രൂപീകരണം വൈകുന്നതുമൂലം ജനങ്ങള്ക്ക് ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങള് നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് ഹ്യൂമന് റൈറ്റ്സ് പ്രൊട്ടക്ഷന് മിഷന് (എച്ച്ആര്പിഎം) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല പറഞ്ഞു.
ആരോഗ്യ, ക്ഷേമ പ്രവര്ത്തനങ്ങളെ സര്ക്കാര് രൂപീകരണം വൈകുന്നത് പ്രതിസന്ധിയിലാക്കും. എസ്എസ്എല്സി, പ്ലസ്ടു ഫലപ്രഖ്യാപനം വരാനിരിക്കെ ബന്ധപ്പെട്ട വകുപ്പിന് മന്ത്രിപോലും ഇല്ലാത്തതു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും, ജനങ്ങളെ മാനിക്കാത്ത വാക്കും പ്രവർത്തിയുമാണ് എൽഡിഎഫ് സർക്കാരിന്റെ പരാജയത്തിന് മുഖ്യ കാരണമെന്ന് കേരളാ കോണ്ഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു.
നേതാക്കളുടെ വാക്കും പ്രവർത്തിയും മറ്റെന്തിനേക്കാൾ ജനങ്ങൾ ഗൗരവത്തിൽ എടുക്കുമെന്ന വലിയ പാഠമാണ്, തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. അകാരണമായി മാധ്യമങ്ങളെ ശത്രു പക്ഷത്ത് നിർത്തുകയും, അത് തങ്ങളുടെ പ്രത്യേക കഴിവാണെന്ന് കരുതുകയും ചെയ്ത ചില നേതാക്കൾക്കുള്ള തിരിച്ചടികൂടിയാണ് ഈ പരാജയം.
ആദർശത്തിന്റെ പേരിൽ ശരിയായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ മടിച്ചുനിന്ന കേരളാ കോണ്ഗ്രസ് -എം പാർട്ടിയും ജനഹിതത്തിന്റെ തിക്ത ഫലം അനുഭവിക്കേണ്ടിവന്നു. മുന്നണി സംവിധാനത്തിനിടയിലും കേരളാ കോണ്ഗ്രസ് -എം വ്യക്തിത്വം നിലനിർത്തി മുന്നോട്ട് പോകണമെന്ന മുന്നറിയിപ്പ് കൂടിയാണിതെന്നും ആനന്ദകുമാർ ഓർമിപ്പിച്ചു.
Leader Page
ഓരോ മണിക്കൂറിലും ഏകദേശം നൂറ് ആളുകൾ ഏകാന്തതകൊണ്ട് ലോകത്തിൽ മരിക്കുന്നതായും പ്രതിവർഷം ഇത് 8,71,000ൽ അധികമാണെന്നും ലോകാരോഗ്യ സംഘടനയുടെ 2025ലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഞ്ച്-ആറ് മണിക്കൂറോളം ആരോടും ഒരു വാക്ക് സംസാരിക്കാതെ തീവ്രമായ ഒറ്റപ്പെടൽ അനുഭവിക്കുന്നത്, പതിനഞ്ചോളം സിഗരറ്റ് വലിക്കുന്നതിനു തുല്യമായ പ്രത്യാഘാതങ്ങൾ ശരീരത്തിലുണ്ടാക്കുന്നുവെന്നാണ് യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തിയുടെ നിരീക്ഷണം.
നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളും യഥാർഥത്തിൽ നടക്കുന്ന കാര്യങ്ങളും തമ്മിലുള്ള വ്യത്യാസമാണ് ഏകാന്തത. ഏകാന്തത നമ്മുടെ ശരീരത്തെ ബാധിക്കുന്നത് പല രൂപങ്ങളിലാണ്. ഹൃദ്രോഗമോ ഡയബറ്റിസോ കൊളസ്ട്രോളോ ഉയർന്ന രക്തസമ്മർദമോ ഉള്ള ഒരാൾ ഒറ്റപ്പെട്ടുപോയാൽ ആ രോഗങ്ങൾ പെട്ടെന്നു വർധിക്കുകയും വല്ലാത്ത ആൻസൈറ്റിയും ഡിപ്രഷനും ഉണ്ടാവുകയും ചെയ്യും. സാധാരണ ഗതിയിൽ ഒന്നുരണ്ടു മണിക്കൂർ ആരോടെങ്കിലും അയാൾ സംസാരിക്കുകയാണെങ്കിൽതന്നെ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുന്നതാണ്.
ശരീരഭാഷാ വിദഗ്ധരായ അലൻ പീസും ബാർബർ പീസും The Definitive Book of Body Language എന്ന ശരീരഭാഷയെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിൽ പറഞ്ഞിരിക്കുന്നത്, സാമാന്യ മനുഷ്യർ ഒരു ദിവസത്തിൽ മണിക്കൂറുകളോളം സംസാരിക്കേണ്ടത് അത്യാവശ്യമാണ് എന്നാണ്. സ്ത്രീകൾ ഒരു ദിവസം പതിനയ്യായിരം മുതൽ ഇരുപതിനായിരം വാക്കുകളെങ്കിലും സംസാരിക്കണം. പുരുഷൻ ആറായിരം മുതൽ എണ്ണായിരം വരെയും. ഇങ്ങനെ സംസാരിക്കുമ്പോൾ മാത്രമാണ് ഒരാളുടെ സ്ട്രസ് ലെവൽ താഴുക. അതൊരു പ്രകൃതിനിയമമാണ്.
ഈ വിഷയത്തിൽ നടത്തിയ മറ്റൊരു സർവേയിൽ പറയുന്നത്, മനുഷ്യൻ ഇപ്പോൾ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ശരാശരി സംസാരിക്കുന്നത് അരമണിക്കൂർ മാത്രമാണെന്നാണ്. അതായത്, ഒരു ദിവസം ആയിരം വാക്കുകളിൽ കൂടുതൽ ആരും മിണ്ടുന്നില്ല എന്ന ഗതികേടിൽ നമ്മൾ ചെന്നുപെട്ടിരിക്കുന്നു. ചൈനയിലും അമേരിക്കയിലുമാകട്ടെ പതിനഞ്ചോ ഇരുപതോ മിനിറ്റ് മാത്രം. ഇന്ത്യയിലിത് നാല്പത്തിയഞ്ചു മിനിറ്റു വരെയാണ്. കഷ്ടിച്ച് ഒരു മണിക്കൂറിന് അപ്പുറത്തേക്ക് നമ്മുടെ സംസാരം നീണ്ടുപോകുന്നില്ല.
സന്തോഷവും സന്താപവും ആഗ്രഹങ്ങളും ആശങ്കകളുമൊന്നും ആരോടും പങ്കുവയ്ക്കാതെ വല്ലാത്ത ഒറ്റപ്പെടലിലാണ് മനുഷ്യർ ചെന്നുപെട്ടിരിക്കുന്നത്. നമുക്കുണ്ടാകുന്ന പ്രയാസങ്ങൾ ആരോടെങ്കിലും പങ്കുവച്ചില്ലെങ്കിൽ മാനസിക സമ്മർദം കൂടുമെന്നത് എത്രയെത്ര പഠനങ്ങളാണ് തെളിയിച്ചിട്ടുള്ളതെന്നറിയുക.
പുരുഷന്മാരേക്കാൾ സ്ത്രീകളാണ് ഒറ്റപ്പെടൽ കൂടുതൽ അനുഭവിക്കുന്നത് എന്ന പഠനവും പുറത്തുവന്നിരിക്കുന്നു. പരമ്പരാഗതമായി സ്ത്രീകൾ അയൽവാസികളും കൂട്ടുകാരുമായ മറ്റു സ്ത്രീകളോട് തങ്ങളുടെ കാര്യങ്ങൾ പങ്കിടുക പതിവുണ്ടായിരുന്നു. ഇപ്പോൾ അത്തരം സംഭാഷണങ്ങളൊന്നും നടക്കുന്നില്ല. നടന്നാൽ തന്നെ അഞ്ചുമിനിറ്റിനപ്പുറമതു നീണ്ടുപോകുന്നുമില്ല.
ഇസ്രേലി ചരിത്രകാരനും ചിന്തകനുമായ യൂവൽ നോഹ് ഹരാരി, അദ്ദേഹത്തിന്റെ ‘ഹോമോ ദേയൂസ്’ എന്ന പുസ്തകത്തിൽ പറയുന്നത് ശ്രദ്ധിക്കുക. യുദ്ധങ്ങളിൽ ഒരു വർഷത്തിൽ ഒരു ലക്ഷം പോലും ആളുകൾ മരിക്കുന്നില്ല! പക്ഷേ, ഡയബറ്റിസ്കൊണ്ട് എട്ടു ലക്ഷവും റോഡപകടങ്ങളിൽ പന്ത്രണ്ടു ലക്ഷവും മരിക്കുന്നുണ്ട്. എങ്കിലും നമ്മെ ഭയപ്പെടുത്തുന്നത് മറ്റൊരു കണക്കാണ്. വാർധക്യസഹജമായ ഒറ്റപ്പെടൽകൊണ്ടു മരിക്കുന്നത് പത്തുലക്ഷത്തിലധികം ആളുകളാണത്രേ!
എട്ടു മുതൽ അൻപതു വയസുവരെയുള്ളവർ നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. സ്വന്തം അനുഭത്തിന്റെ തിരിച്ചറിവിൽനിന്നാണ് ഞാനിതു പറയുന്നത്.
എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും രാവിലെ ഒന്ന്-ഒന്നര മണിക്കൂർ നടക്കണം. അത് നമ്മുടെ വീട്ടിനു പുറത്തുതന്നെയാവുകയും വേണം. ഭാര്യയും ഭർത്താവും ഒരുമിച്ചോ സുഹൃത്തുക്കളുമായോ നടത്തമാവാം. ഒരു മണിക്കൂറിലധികം നടക്കുകയും തുടർന്ന് പാർക്കിലോ മറ്റെവിടെയെങ്കിലുമോയിരുന്ന് അരമണിക്കൂറിൽ കൂടുതൽ പരസ്പരം സംസാരിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിനകത്ത് നമുക്കുണ്ടായ പ്രശ്നങ്ങളുടെ സ്ട്രെസ് ലെവൽ നമ്മളറിയാതെ തന്നെ താഴേക്കു വരും.
മറ്റൊരു കാര്യം, ഏറ്റവും കുറഞ്ഞത് മൂന്നു പേരോടെങ്കിലും ദിവസവും ഫോണിലൂടെ സംസാരിക്കുക എന്നതാണ്. പൂർവകാല സുഹൃത്തുക്കളോ ബന്ധുക്കളോ മക്കളോ പേരക്കിടാങ്ങളോ, ആരോ ആവട്ടെ അവരോടു സംസാരിക്കുമ്പോൾ അവർക്കും നമുക്കും നല്ല ഫീൽ ഉണ്ടാവും. ഈ സംഭാഷണങ്ങളിലൂടെ നമ്മുടെ പല പ്രശ്നങ്ങൾക്കും അവർ വഴികാട്ടിയായി മാറാം. അതോടൊപ്പം നമ്മുടെ മാനസിക പിരിമുറുക്കത്തിന് അയവുണ്ടാവുകയും ചെയ്യും.
കൂടാതെ, നമ്മുടെ അത്താഴസമയത്തെങ്കിലും നിർബന്ധമായും ഫോണെല്ലാം മാറ്റിവച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് ആ ദിവസത്തിൽ എന്തൊക്കെ സംഭവിച്ചു എന്നു പങ്കുവയ്ക്കുക. പരിഹരിക്കപ്പെടേണ്ട വിഷയം ഉണ്ടെങ്കിൽ കുട്ടികളും രക്ഷിതാക്കളും പരസ്പര സംഭാഷണങ്ങളിലൂടെ അതിനു പരിഹാരം കാണണം. ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരമായി നമ്മൾ ആ സമയത്തെ വിനിയോഗിക്കണം. ആദ്യ കുറച്ചു ദിവസങ്ങളിൽ കുട്ടികളെ ഇക്കാര്യത്തിൽ നമുക്ക് നിർബന്ധിക്കേണ്ടി വന്നേക്കാം. എങ്കിലും അതിനു സമയവും താത്പര്യവും കണ്ടെത്തിയേ മതിയാവൂ.
തീൻമേശകളിൽ മൊബൈൽ ഫോൺ നിയന്ത്രണം രക്ഷിതാക്കൾ ഉറപ്പാക്കണം. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഫോൺ ബെഡ്റൂമിൽനിന്നു മാറ്റി ഒരു പൊതുസ്ഥലത്ത് സൂക്ഷിക്കാൻ എല്ലാവരും വ്യവസ്ഥയുണ്ടാക്കണം. എട്ടു മുതൽ പതിനേഴു വയസുവരെയുള്ള കുട്ടികൾ കഴിയുന്നതും ഒരു മണിക്കൂർ മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻപാടുള്ളൂ എന്ന കാര്യം അവരോട് നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കണം. ഒരു ദിവസമല്ലെങ്കിൽ മറ്റൊരു ദിവസം ഇതിന്റെ ഫലം കുട്ടിയിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്. രക്ഷിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ കുട്ടികൾക്ക് മാതൃകയാകണം.
പുതിയ പഠനം പറയുന്നത് ഇന്ത്യയിൽ രക്ഷിതാക്കൾ അഞ്ചുമണിക്കൂറും കുട്ടികൾ നാലു മണിക്കൂറും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നാണ്. ഇക്കാര്യത്തിൽ കുട്ടികൾ പറയുന്നത് രക്ഷിതാക്കൾ ഉപയോഗിക്കുന്നത് എന്തായാലും നല്ലതാവുമല്ലോ എന്നു കരുതിയാണ് തങ്ങളും ഉപയോഗിക്കുന്നതത്രെ! കുട്ടികൾ വീട്ടിൽ ഇല്ലാത്ത സമയത്ത് രക്ഷിതാക്കൾ അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ മൊബൈലിൽ നോക്കുന്നതാവും ഉചിതം. കുട്ടികൾ കൂടെയുള്ളപ്പോൾ ഒരു മണിക്കൂർ എന്നത് പ്രാവർത്തികമാക്കാൻ രക്ഷിതാക്കളും ശ്രദ്ധിക്കണം. ഒറ്റപ്പെടലിലേക്കു മനുഷ്യരെ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് സെൽഫ് ഫോൺ ആണ് എന്നു നമ്മൾ തിരിച്ചറിയണം.
മാസത്തിൽ ഒരു തവണയെങ്കിലും നമ്മൾ കുടുംബസമേതം ഔട്ടിംഗിനു നിർബന്ധമായും പോകണം. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട്ടിലോ റെസ്റ്ററന്റുകളിലോ സിനിമയ്ക്കോ പാർക്കിലോ ബീച്ചിലോ എവിടെ വേണമെങ്കിലും മാറിമാറി ആവാം. അപ്പോൾ ആരൊക്കെയൊ നമുക്കൊപ്പമുണ്ട് എന്ന തോന്നൽ വരികയും ആത്മവിശ്വാസം വർധിക്കുകയും ഭയം ഒഴിവാകുകയും ചെയ്യും.
മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഏകാന്തത മാറ്റാനും സ്ട്രസ് ലെവൽ താഴേക്കു കൊണ്ടുവരാനും കഴിയും. അതോടൊപ്പം കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താനും സാധിക്കും. രോഗങ്ങൾകൊണ്ട് നമുക്കു മരണം സംഭവിച്ചേക്കാം. പക്ഷേ ഏകാന്തത കൊണ്ട് നമ്മൾ മരണത്തെ ക്ഷണിച്ചുവരുത്തേണ്ടതുണ്ടോ?
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയെന്ന് വി.ഡി. സതീശൻ. രാജ്യത്തിന് മുന്നിൽ ജയിച്ചത് മതേതര കേരളമാണ്. ജനങ്ങൾക്കായി ഒരു പുതുയുഗം ഒരുക്കുമെന്നും സതീശൻ പറഞ്ഞു.
യുഡിഎഫ് തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കും. കോണ്ഗ്രസിന് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. ഞങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടുവെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുഭീതി ഒഴിയുന്നില്ല. ഇന്ന് എട്ട് പേർക്ക് പാമ്പുകടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കയാണ് കാസർഗോഡ് എളേരിത്തട്ടിൽ നാലരവയസുകാരി ഋതു ചന്ദ്രയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.
ഞായറാഴ്ച പാമ്പുകടിയേറ്റ കണ്ണൂർ പട്ടുവം സ്വദേശി നമ്പ്രോൻ നാരായണിയുടെ ആരോഗ്യനിലയും ഗുരുതരമാണ്. ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കി, കോഴിക്കോട് ,തിരുവനന്തപുരം എന്നിവടങ്ങളിൽ നാല് പേർക്ക് പാമ്പുകടിയേറ്റു.
കഴിഞ്ഞ ദിവസം രാത്രിയിൽ കോട്ടയം രാമപുരത്ത് വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റിരുന്നു. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ല. കണ്ണൂരിൽ പട്ടുവം മാധവനഗറിൽ വീടിനകത്ത് കണ്ടെത്തിയ മൂർഖനെ പിന്നീട് പിടികൂടി. പയ്യന്നൂരിലെ അരവഞ്ചാലിൽ വീട്ടുവളപ്പിലെ വിറകുപുരയിൽ നിന്നും മൂർഖനെ പിടികൂടി.
Kerala
തിരുവനന്തപുരം: നിതിന് രാജിന്റെ മരണത്തില് പ്രതിഷേധിച്ച് ദളിത് സംഘടനകള് ആഹ്വാനം ചെയ്ത ഹര്ത്താലില് ജനങ്ങള് വലഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്, കണിയാപുരം, നെടുമങ്ങാട്, കാട്ടാക്കട, തമ്പാനൂര് ഉള്പ്പെടെയുള്ള കെഎസ്ആര്ടിസി ഡിപ്പോകളില് നിന്നു സര്വീസ് നടത്താനൊരുങ്ങിയ ബസുകള് ഹര്ത്താല് അനുകൂലികള് തടഞ്ഞു.
തമ്പാനൂരില് ബസ് യാത്രക്കാരും ഹര്ത്താല് അനുകുലികളും തമ്മില് വാക്കേറ്റം ഉണ്ടായി. ജില്ലയിലെ വിവിധ സ്ഥലങ്ങളില് കടകള് ബലമായി അടപ്പിച്ചു. ഹര്ത്താല് അനുകൂലികള് ബസുകള് തടഞ്ഞതും കടകള് ബലമായി അടപ്പിച്ചതും പോലീസുകാര് നോക്കി നിന്നു. യാതൊരു നടപടിയും സ്വീകരിക്കാതെ പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ആക്ഷേപം ഉയര്ന്നിട്ടുണ്ട്.
കീം പരീക്ഷ എഴുതാന് പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോയ വിദ്യാര്ഥികളും വിഐടി എന്ട്രന്സ് എഴുതാന് എത്തിയവരും റോഡില് കുടുങ്ങി. രാവിലെ ഒന്പതിന് രജിസ്ട്രേഷന് അവസാനിപ്പിച്ച സമയത്തുപോലും വിദ്യാര്ഥികള്ക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരാന് സാധിച്ചില്ല.
ദേശീയപാതയില് കഴക്കൂട്ടം മുതല് കണിയാപുരം വരെയും ആറ്റിങ്ങല് മുതല് മംഗലപുരം വരെയും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹര്ത്താല് അനുകുലികള് വാഹനങ്ങള് തടഞ്ഞതാണ് ഗതാഗതകുരുക്കിനു കാരണമായത്.
കണ്ണൂർ പഴയങ്ങാടിയിൽ രാവിലെ ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞു. പയ്യന്നൂരിൽ കടകൾ അടഞ്ഞുകിടക്കുകയാണ്. കണ്ണൂർ നഗരത്തിൽ രാവിലെ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് റോഡ് ഉപരോധിച്ചെങ്കിലും പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ഹർത്താൽ അനുകൂലികൾ കാൽടെക്സിൽ റോഡ് ഉപരോധിച്ചു.
കോട്ടയ ജില്ലയിലെ തിരുനക്കര, ചിങ്ങവനം, അയര്ക്കുന്നം, കുറവിലങ്ങാട് കുറിച്ചി, തലയോലപ്പറമ്പ്, വൈക്കം, മുണ്ടക്കയം, കടുത്തുരുത്തി, പൊന്കുന്നം എന്നിവിടങ്ങളിൽ സമരാനുകൂലികള് വാഹനങ്ങള് തടഞ്ഞു.
സര്വീസ് നടത്തിയ കെഎസ്ആര്ടിസി ബസുകള് പലയിടത്തും ഹര്ത്താലനുകൂലികള് തടഞ്ഞിട്ടു. ഇതോടെ വിവിധ ഡിപ്പോകളില്നിന്നുള്ള സര്വീസുകള് അവസാനിപ്പിക്കുകയും തുടര്ന്ന് പോലീസ് സംരക്ഷണത്തില് സര്വീസുകള് ആരംഭിക്കുകയും ചെയ്തു.
തിരുനക്കരയില് ഇരു ചക്ര വാഹനങ്ങള് ഉള്പ്പെടെയുള്ള സ്വകാര്യവാഹനങ്ങള് ഹര്ത്താലനുകൂലികള് സംഘടിച്ച് തടഞ്ഞു.
വാഹന ഉടമകളും ഹര്ത്താലനുകൂലികളും തമ്മില് പലയിടത്തും വാക്കേറ്റമുണ്ടായി. ചിലയിടങ്ങളില് വാക്കേറ്റം സംഘര്ഷത്തിന്റെ വക്കിലെത്തി. കോട്ടയത്ത് കേരള ബാങ്കും അര്ബന് ബാങ്കും സമാരാനുകൂലികള് അടപ്പിച്ചു. മുണ്ടക്കയത്ത് ദേശീയ പാതയില് സമാരാനുകൂലികള് വാഹനങ്ങള് തടഞ്ഞു. കോട്ടയത്ത് ലുലുമാള് അടപ്പിക്കാന് ഹര്ത്താലനുകൂലികള് ശ്രമം നടത്തി.
ജില്ലയില് കടകമ്പോളങ്ങള് അടഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളും ചുരുക്കം ചില കടകളും മാത്രമാണു തുറന്നിരിക്കുന്നത്. സ്വകാര്യ ബസുകള് സര്വീസ് നടത്തിയില്ല. പ്രധാനപ്പെട്ട കേന്ദ്രങ്ങളില് ഹര്ത്താലനുകൂലികള് രാവിലെ പകടനം നടത്തി.
ഹര്ത്താൽ അനുകൂലികളുടെ നേതൃത്വത്തില് കടുത്തുരുത്തിയില് വാഹനങ്ങള് തടഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് സംഭവം. ആക്ഷന് കൗണ്സിലാണു പ്രകടനത്തിനും വഴിതടയലിനും നേതൃത്വം നല്കിയത്.വന് പോലീസ് സന്നാഹവും കടുത്തുരുത്തി ടൗണിലുണ്ടായിരുന്നു. പോലീസ് ഇടപെട്ട് സമരക്കാരെ നീക്കം ചെയ്തു വാഹനഗതാഗതം പുനഃസ്ഥാപിച്ചു.
ഹര്ത്താല് കാഞ്ഞിരപ്പള്ളിയിലും പൂര്ണമായിരുന്നു. കടകമ്പോളങ്ങള് പൂര്ണമായും അടഞ്ഞുകിടന്നു. തുറന്ന ചില കടകള് സമരക്കാര് പ്രടനമായെത്തി അടപ്പിച്ചു. സ്വകാര്യ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും നിരത്തിലിറങ്ങി.
രാവിലെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില് സമരക്കാര് വാഹനങ്ങള് തടഞ്ഞെങ്കിലും പിന്നീടു വാഹനം വിട്ടു. മുണ്ടക്കയത്ത് രാവിലെ മുതൽ ആക്ഷൻ കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ തുറന്ന് പ്രവർത്തിച്ച വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും അടപ്പിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും ഹർത്താലുമായി സഹകരിക്കണമെന്ന് യാത്രക്കാരോട് ഹർത്താൽ അനുകൂലികൾ ആവശ്യപ്പെട്ടു.
മുണ്ടക്കയത്ത് തുറന്നു പ്രവർത്തിച്ച പെട്രോൾ പമ്പ്, സ്വകാര്യ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ അടപ്പിച്ചു. നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ പ്രകടനവും നടന്നു.
സ്വകാര്യ ബസുകൾ പൂർണമായും സർവീസ് ഒഴിവാക്കി. കെഎസ്ആർടിസി ബസ് ദീർഘദൂര സർവീസുകൾ നടത്തുന്നുണ്ട്. കെഎസ്ഇബി ഓഫീസ് അടക്കമുള്ള അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.
പത്തനംതിട്ട ജില്ലയിലെ അടൂരിലും കണ്ണൂരിലെ പഴയങ്ങാടിയിലും ബസുകൾ തടഞ്ഞു.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ 13 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സ്റ്റുമോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നായ ചത്തതിന് പിന്നാലെ നഗരസഭ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലിരുത്തി.
ഗവൺമെന്റ് ആശുപത്രി, വെറ്റിനറി ആശുപത്രി പ്രതിനിധികളും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില് പങ്കെടുത്തിരുന്നു. സമാന ലക്ഷണങ്ങളുള്ള മറ്റൊരു നായയെ കണ്ടെത്തിയതിനാല്, ഡോഗ് കാച്ചേഴ്സിനെ വിളിപ്പിച്ച് മുന്കരുതല് നടപടി സ്വീകരിക്കാനും, നഗരപരിധിയിലെ നായകൾക്ക് വാക്സിനേഷൻ നൽകാനും തീരുമാനമായി.
Kerala
തിരുവനന്തപുരം: കോൺഗ്രസും യുഡിഎഫും ഡീൽ നടത്തുന്നത് നേരിട്ട് ജനങ്ങളുമായിട്ടാണെന്ന് ശശി തരൂർ എംപി. ഭരണവിരുദ്ധ വികാരം കേരളത്തിൽ അതിശക്തമാണെന്നും യുഡിഎഫ് മികച്ച മാർജിനോടു കൂടി ഭരണത്തിൽ എത്തുമെന്നും തരൂർ പറഞ്ഞു. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഭരണ വിരുദ്ധ വികാരം തിരിച്ചുവിടാൻ വേണ്ടി വോട്ടുകൾ ബിജെപിയിലേക്ക് പോയാലും നഷ്ടമില്ല എന്ന നിലപാടാണ് എൽഡിഎഫിന്. ബിജെപിക്ക് ആകട്ടെ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ദേശീയ തലത്തിൽ തങ്ങൾക്ക് അതൊരു വലിയ കുറവാണെന്ന് കരുതി തങ്ങൾക്ക് വോട്ട് കിട്ടിയില്ലെങ്കിലും സിപിഎമ്മിന് വോട്ട് കിട്ടിയാൽ മതി എന്ന നിലപാട് ചിലയിടങ്ങളിലും ഉണ്ട്. ഇത് അവർ തമ്മിലുള്ള ഡീൽ ആണ്. തങ്ങൾക്ക് ഇതിൽ പേടിയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
കേരളത്തിലെ 59 മണ്ഡലങ്ങളിൽ നേരിട്ട് പോകാൻ കഴിഞ്ഞു. ഇത്രയും ജനങ്ങളുടെ താല്പര്യം കൂടിയ ഒരു തെരഞ്ഞെടുപ്പ് ആദ്യമായി കാണുകയാണ്. ഐക്യമുന്നണിയിലെ ഐക്യം മറ്റു പാർട്ടികളെ നിരാശപ്പെടുത്തുന്നുണ്ട്. ചെറുപ്പക്കാരുടെ ഇടയിൽ ഭാവിക്കായുള്ള ഭരണം എന്ന നിലയിലാണ് യുഡിഎഫിനെ അവർ നോക്കിക്കാണുന്നത്.
കേരളത്തെ ഇനി ആരാണ് നയിക്കേണ്ടത് എന്ന ചോദ്യത്തിന് മികച്ച മറുപടി ഇത്തവണ ഉണ്ടാകും. ഏറ്റവും മികച്ച ടീം കോൺഗ്രസും യുഡിഎഫും മുന്നോട്ട് നയിക്കുന്നതാണ്. സുരക്ഷിത ഭൂരിപക്ഷം കുറഞ്ഞത് 85 - 90 സീറ്റ് ഞങ്ങൾക്ക് കിട്ടുമെന്ന് തന്നെ കരുതുന്നു. കോൺഗ്രസ് പ്രവർത്തന പട്ടികയിലുള്ള, കോൺഗ്രസ് അജണ്ടയിൽ ഉള്ള വാഗ്ദാനങ്ങൾ എല്ലാം തങ്ങൾ നടപ്പാക്കുമെന്നും തരൂർ പറഞ്ഞു.
കർണാടകയിൽ പറഞ്ഞതെല്ലാം നടപ്പാക്കി കഴിഞ്ഞു. പിണറായി വിജയന്റെ പോഗ്രസ് കാർഡിൽ യാതൊരു സത്യസന്ധതയുമില്ല. ലൈഫ് പദ്ധതിയായാലും കേരളത്തിലെ റോഡ് വികസനം ആയാലും ഹൈവേ വികസന ആയാലും മഹാത്മാഗാന്ധി തൊഴിൽ പദ്ധതിയായാലും വിഴിഞ്ഞം തുറമുഖം ആയാലും എല്ലാം കോൺഗ്രസ് കാലത്ത് കൊണ്ടുവന്ന പദ്ധതികളാണ്.
ഇനിയും മദ്യവും ലോട്ടറിയും കൊണ്ട് മാത്രം കേരളത്തെ മുന്നോട്ടു നയിക്കാം എന്ന് ആരും കരുതേണ്ട. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയോ, ടിക്കറ്റ് കിട്ടാത്തത് ചൊല്ലിയോ ഇപ്പോൾ യാതൊരു പിണക്കവും പരിഭവവുമില്ല. ഭാവിക്കായുള്ള ഭരണം കോൺഗ്രസിനെ തേടിയെത്തുക തന്നെ ചെയ്യുമെന്നും ശശി തരൂർ പറഞ്ഞു.
District News
ഇരിങ്ങാലക്കുട: കേരളത്തില് എല്ഡിഎഫിന് ജനങ്ങളുമായാണ് ഡീല് എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. വിജൂ കൃഷ്ണന്. എല്ഡിഎഫ് പൊറത്തിശേരി മാപ്രാണം മേഖലാ തെരഞ്ഞെടുപ്പു റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി ഉറങ്ങാന് കിടന്ന് രാവിലെ ഉണരുമ്പോള് ബിജെപിയിലേക്ക് പോയ ഇരുന്നൂറിലധികം കോണ്ഗ്രസ് നേതാക്കളുടെ ചരിത്രം പരിശോധിച്ചാല് ആര്ക്കാണ് ബിജെപിയുമായി ഡീല് എന്ന് ജനങ്ങള്ക്ക് മനസിലാകും.
മണിപ്പൂര് മുഖ്യമന്ത്രി ബീരേന് സിംഗ്, അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്മ്മ തുടങ്ങിയ ബിജെപിയുടെ മുഖ്യമന്ത്രിമാര് മുമ്പ് കോണ്ഗ്രസുകാരായിരുന്നു എന്നോര്ക്കണം.
കേരളത്തിലെ എല്ഡിഎഫ് സ്ഥാനാര്ഥികള് ജനങ്ങള്ക്ക് പ്രിയപ്പെട്ടവരാകുമ്പോള് യുഡിഎഫ് സ്ഥാനാര്ഥികള് ഉമ്മന്ചാണ്ടിയുടെ പ്രിയപ്പെട്ടവന്, കെ.സുധാകരന് പ്രിയപ്പെട്ടവന്, വി.ഡി.സതീശന് പ്രിയപ്പെട്ടവര് എന്നിങ്ങനെയുള്ളവരാണ്. ബിജെപി യുടെ കേരള ജനതക്കുള്ള വാഗ്ദാനങ്ങള് ഒന്നും നടപ്പാക്കാനുള്ളതല്ല. കേരളത്തിന് എയിംസും, ശബരി റെയില്പാതയും, തിരുവനന്തപുരം കോഴിക്കോട് മിനിമെട്രോ പദ്ധതിയും യൂണിയന് ബജറ്റില് ഉള്പ്പെടുത്താത്തവര് ഇപ്പോള് തെരഞ്ഞെടുപ്പില് നല്കുന്ന വാഗ്ദാനങ്ങള് ജനങ്ങളെ പറ്റിക്കാനാണ്.
റാലിക്ക് ശേഷം മാപ്രാണം സെന്ററില് ചേര്ന്ന പൊതുസമ്മേളനത്തില് പി.സി.രഘു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി, എല്ഡിഎഫ് സ്ഥാനാര്ത്ഥി ഡോ.ആര്.ബിന്ദു, കേരള കോണ്ഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡന്റ്് ടി.കെ. വര്ഗീസ്, ജെഡിഎസ് മണ്ഡലം പ്രസിഡന്റ്് രാജു പാലത്തിങ്കല്, എൻസിപി മണ്ഡലം പ്രസിഡന്റ് ഗിരീഷ് മണപ്പെട്ടി, ആര്.എല്. ശ്രീലാല്, ആര്.എല്. ജീവന്ലാല്, രാജന് പുല്ലരിക്കല്, എം.ബി. രാജു തുടങ്ങിയവര് പ്രസംഗിച്ചു.
District News
എഴുകുംവയൽ: ഇടുക്കി രൂപതയുടെ ഔദ്യോഗിക തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പിലെ ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽനിന്ന് വിശ്വാസികൾ പ്രാർഥനാപൂർവം മലകയറി. ദുഃഖവെള്ളിയാഴ്ച മാത്രം കാൽ ലക്ഷത്തിലധികം പേർ മലകയറി. നാല്പതാം വെള്ളിയാഴ്ച ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന രൂപത കാൽനട തീർത്ഥാടനത്തിൽ ആയിരക്കണക്കിനാളുകളാണ് മലകയറിയത്.
ദുഃഖവെള്ളിയാഴ്ച അതിരാവിലെ മുതൽ മലയിൽ തീർഥാടകരുടെ തിരക്കായിരുന്നു. രാവിലെ ഏഴിനു ഏഴുകുംവയൽ കപ്പേളയിൽനിന്നു മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി ആരംഭിച്ചു. മലമുകളിലെ ദേവാലയത്തിൽ നടന്ന പീഡാനുഭവ ശുശ്രൂഷകൾക്ക് ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. രൂപത കേന്ദ്രത്തിലെ വൈദികരും മറ്റു വൈദികരും സഹകാർമികരായി.
ഇടുക്കി രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. മാത്യു അഴകനാക്കുന്നേൽ വചനസന്ദേശം നൽകി. വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കലിന്റെ നേതൃത്വത്തിൽ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ നടത്തി. തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോസഫ് ചുനയന്മാക്കൽ, അസി. വികാരി ഫാ. നിർമൽ കളത്തിൽക്കാട്ടിൽ, സുനിൽ ജോസ് ഈഴക്കുന്നേൽ, ഷാജി മാത്യു ഓവേലിൽ എന്നിവരുടെ നേതൃത്വത്തിൽ 500 പേരടങ്ങുന്ന വിവിധ കമ്മിറ്റികൾ എഴുകുംവയലിൽ തീർഥാടനത്തിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.
District News
ചങ്ങനാശേരി: ജനമധ്യത്തില് നരേന്ദ്രമോദി കാറില്നിന്നിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തതു പെരുന്നയ്ക്ക് ആവേശമായി.
പെരുന്ന എന്എസ്എസ് ഹിന്ദുകോളജ് മൈതാനത്ത് ഹെലികോപ്റ്ററില് വന്നിറങ്ങി തിരുവല്ലയില്നടന്ന എന്ഡിഎ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില് പങ്കെടുക്കാനായി പോകുംവഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെരുന്ന മന്നം ജഗ്ഷനില് വാഹനം നിര്ത്തി ആളുകളെ അഭിവാദ്യം ചെയ്തത്. അപ്രതീക്ഷിതമായി പ്രധാനമന്ത്രി കാറില്നിന്നിറങ്ങി അഭിവാദ്യം ചെയ്തപ്പോള് റോഡിന് ഇരുവശവും നിന്നവര് കൈകളുയര്ത്തി പ്രധാനമന്ത്രിക്ക് ജയ്വിളികള് മുളക്കി.
ഇരുനൂറ് മീറ്റളോളം ദൂരം ജനങ്ങളെ അഭിവാദ്യംചെയ്തശേഷമാണ് നരേന്ദ്രമോദി കാറിനുള്ളിലേക്കു കടന്നത്. ജനങ്ങള്ക്ക് പ്രധാനമന്ത്രിയെ കാണാവുന്നവിധം സാവധാനമാണ് അദ്ദേഹം സഞ്ചരിച്ച വാഹനം കടന്നുപേയത്. സുരക്ഷാ ഉദ്യോഗസ്ഥര് കൈമാറിയ താമരചിഹ്നവും അദ്ദേഹം ഉയര്ത്തിക്കാട്ടി.
ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്രധാനമന്ത്രി പെരുന്ന എന്എസ്എസ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററില് ഇറങ്ങിയത്. തിരുവല്ലയിലെ സമ്മേളനത്തിനുശേഷം വൈകുന്നേരം അഞ്ചിനു തിരികെ പെരുന്നയില് എത്തി ഹെലികോപ്റ്റര് മാര്ഗം മടങ്ങി. മോദിയുടെ സന്ദര്ശനവുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചമുതല് വൈകുന്നേരം ആറുവരെ ചങ്ങനാശേരിയിലും പരിസരമുള്ള പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളും കടുത്ത ഗതാഗത നിയന്ത്രണങ്ങളും ഏര്പ്പെടുത്തിയിരുന്നു.
International
ജുബ: സൗത്ത് സുഡാനിലെ സ്വർണഖനിയിലുണ്ടായ തർക്കത്തെത്തുടർന്ന് 70 പേരെ അക്രമിസംഘം വെടിവച്ചു കൊന്നു. ഒട്ടേറെ പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ജുബയ്ക്കു സമീപം കഴിഞ്ഞയാഴ്ച അവസാനമാണു സംഭവം.
നിരവധി മൃതദേഹങ്ങൾ തുറസായ സ്ഥലത്ത് കിടക്കുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. സെൻട്രൽ ഇക്വറ്റേറിയ സംസ്ഥാനത്തെ ജെബെൽ ഇറാക്കിലെ സ്വർണഖനിയിലാണ് കൂട്ടക്കൊല അരങ്ങേറിയത്.
ഒട്ടേറെ പേർ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. മുൻകാലത്തും ഈ സ്വർണഖനിയിൽ ഖനന കന്പനികളും അനധികൃത ഖനനക്കാരും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്.
District News
കൊട്ടാരക്കര: എൽഡിഎഫിന് ഡീൽ ഉള്ളത് ജനങ്ങളുമായി മാത്രമാണെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ.കൊട്ടാരക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അവസരവാദ രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പിൽ പരിഹാരം ഉണ്ടാകും. എൽഡിഎഫിന്റെ തുടർ ഭരണം കേരള ജനത ആഗ്രഹിക്കുകയാണ്. 2016ൽ എൽഡിഎഫിന് ഭരണം ലഭിച്ചപ്പോൾ നമ്മുടെ നാട് മാറ്റത്തിന് അനുസരിച്ചു മുന്നോട്ട് പോകുന്നില്ല എന്നായിരുന്നു മുഖ്യ പരാതി. എന്നാൽ ഭരണം ലഭിച്ചപ്പോൾ കാലാനുസൃതമായ മാറ്റം കേരളത്തിൽ അനുഭവപ്പെട്ടു തുടങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞു.
എ.മന്മഥൻ നായർ അധ്യക്ഷനായിരുന്നു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ, ജോർജ് മാത്യു, എസ്. സുദേവൻ, കെ.രാജഗോപാൽ, സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ, എ.ഷാജു, ആർ.രഞ്ജിത്, സൂസൻ കോടി, വി.സുമലാൽ എന്നിവർ പ്രസംഗിച്ചു
Kerala
ക്രിസ്തുവിന്റെ കുരിശ് ഉയർത്തുന്ന ആധ്യാത്മിക വെല്ലുവിളി, അതിനെ അതിജീവിക്കുന്ന ആത്മീയ വിജയം എന്നിവയെക്കുറിച്ചാണ് നമ്മൾ വിശുദ്ധ വാരത്തിൽ ചർച്ച ചെയ്യുന്നത്. ഈശോ പങ്കുവയ്ക്കുന്ന ആത്മവിശ്വാസം നോക്കുക.
"എന്നാൽ, നിങ്ങൾ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോകുകയും ചെയ്യുന്ന സമയം വരുന്നു; അല്ല അതു വന്നുകഴിഞ്ഞു. എങ്കിലും ഞാൻ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്'(യോഹ 16:32). ഒരാളുടെ വിശ്വാസം പരിപക്വമാകുന്നത് അഥവാ അവന്റെ ദൈവവിശ്വാസത്തിന്റെ പൂർണത എന്നു പറയുന്നതു ദൈവം അവനെ വിശ്വസിക്കുന്ന ഒരു കാലഘട്ടമാണ്. "യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവൻ അവരെയെല്ലാം അറിഞ്ഞിരുന്നു' (യോഹ 2:24).
ദൈവം ഒരാളെ വിശ്വസിച്ചോ എന്നു നമുക്ക് എങ്ങനെ തിരിച്ചറിയാം? ഏറ്റവും വലിയ വിഷമസന്ധിയിൽ ദൈവത്തിന്റെ സാന്നിധ്യം നമുക്ക് അനുഭവവേദ്യമാകാതെ വരും. ലോകത്തിന്റെ എല്ലാ കുരിശുകളെയും മുൾക്കിരീടങ്ങളെയും തിരുവിലാവിലെ മുറിവിനെയും ആണിപ്പഴുതിനെയും അതിജീവിച്ചു ലോകത്തെ കീഴടക്കുന്നതു ദൈവം വിശ്വസിച്ച വ്യക്തികളാണ്. അതു നാം തിരിച്ചറിയുന്നത് അന്ത്യവിനാഴികയിലാണ്.
» ഉപേക്ഷിച്ചതായി തോന്നിയാലും «
അന്ത്യ വിനാഴികയിൽ ഈശോയെ ദൈവം കുരിശിൽ ഉപേക്ഷിക്കുന്നതായിട്ട് ഈശോതന്നെ പറയുന്നുണ്ട്. എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു? ആ എന്തുകൊണ്ട് എന്നുള്ളതിനാണ് ഏറ്റവും വലിയ പ്രാധാന്യം. ഹെബ്രാ 13:5ൽ നാം വായിക്കുന്നു, ഒരു കാരണവശാലും ഞാൻ നിന്നെ ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ഇല്ല. പക്ഷേ, ക്രിസ്തുവിനു സംഭവിച്ചതോ? അതിന് ഒറ്റ കാരണമേയുള്ളൂ, ക്രിസ്തുവിൽ ദൈവപിതാവിനു തികഞ്ഞ വിശ്വാസമുണ്ട്. അസാന്നിധ്യത്തിലും ക്രിസ്തുവിന്റെ വിശ്വാസം ലോകജനതയ്ക്കു മുഴുവൻ ലോകത്തിന്റെ പ്രകാശമായി എക്കാലത്തും മാതൃകാ വിശ്വാസമായി നിലനിൽക്കും.
എന്താണ് കാരണം? ക്രിസ്തു ആ നിമിഷം പറഞ്ഞു:എന്റെ പിതാവേ നീ എന്നെ ഉപേക്ഷിച്ചതായി കാണപ്പെട്ടാലും ഞാൻ എന്റെ ആത്മാവിനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. ദൈവം നമ്മളിൽ വിശ്വസിക്കുന്നു എന്നുള്ളതാണ് നമുക്ക് ഇടയ്ക്കിടെ ദൈവസാന്നിധ്യം അനുഭവപ്പെടാത്തതിന്റെ ഒരു കാരണം. ആ സമയത്ത് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് നമ്മുടെ ജീവിതത്തെ സമർപ്പിച്ച് ക്രിസ്തുവിനെ പോലെ അതിജീവനത്തിന്റെ അവസാന മാതൃകയാകാൻ വിശുദ്ധ വാരം നമ്മെ സഹായിക്കട്ടെ.
National
ന്യൂഡൽഹി: പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കുറച്ച കേന്ദ്രസർക്കാർ നടപടി സാധാരണ ജനങ്ങൾക്ക് യാതൊരു ആശ്വാസം നൽകാത്തതും മറിച്ച് പെട്രോളിയം കന്പനികൾക്കു ലാഭം ഉറപ്പാക്കുന്ന നീക്കവുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ഇതിലൂടെ പൊതുജനങ്ങൾക്കു ലഭിക്കേണ്ടിയിരുന്ന നേരിട്ടുള്ള വിലക്കുറവ് സർക്കാർ ബോധപൂർവം ഒഴിവാക്കി. പെട്രോളിയം കന്പനികളെ സഹായിക്കുന്നതിനായി സർക്കാരിനു ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ നികുതിയും കന്പനികളുടെ താത്പര്യത്തിനായി കേന്ദ്രസർക്കാർ നഷ്ടപ്പെടുത്തുകയാണ്. ഇതു സാധാരണ ജനങ്ങൾക്കുവേണ്ടി കൈക്കൊണ്ട തീരുമാനമല്ല.
പെട്രോളിയം കന്പനികൾ നേരിടുന്ന നഷ്ടം നികത്തുന്നതിനായുള്ള ഒരു സാന്പത്തിക ക്രമീകരണം മാത്രമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ധന നികുതികൾ ഉയർത്തി കേന്ദ്രം വൻ വരുമാനം സന്പാദിച്ചു. ഇപ്പോൾ പ്രതിസന്ധിസമയത്ത് ആ വരുമാനമുപയോഗിച്ച് കന്പനികൾക്ക് ആശ്വാസം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു
Kerala
കല്പ്പറ്റ: സംസ്ഥാനത്തെ ദുര്ഭരണത്തില്നിന്നു രക്ഷിക്കാന് ജനം മുന്നോട്ടുവരണമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ചന്ദ്രഗിരി ഓഡിറ്റോറിയത്തില് എന്ഡിഎ നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അഴിമതിയും കമ്മ്യൂണിസ്റ്റ് ഭീകരതയും അവസാനിപ്പിക്കാന് ബിജെപിക്കു മാത്രമേ കഴിയൂ. കേരളത്തില് നിലവില് 29.9 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ലക്ഷക്കണക്കിന് യുവാക്കള് തൊഴിലിനും വിദ്യാഭ്യാസത്തിനും നാടുവിടേണ്ടി വരുന്നത് സംസ്ഥാന ഭരണത്തിന്റെ പിടിപ്പുകേടുമൂലമാണ്.
ശബരിമല ഉള്പ്പെടെ ക്ഷേത്രങ്ങളിലെ വരുമാനം കൊള്ളയടിക്കുന്ന സര്ക്കാരുകള് വിശ്വാസ പാരമ്പര്യം തകര്ക്കുകയാണ്. കേന്ദ്ര സര്ക്കാര് ആവിഷ്കരിക്കുന്ന വികസന പദ്ധതികള് കേരളത്തില് വേണ്ടവിധം നടപ്പാക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കുപ്രചാരണം നടത്തി കോണ്ഗ്രസും സിപിഎമ്മും ജനങ്ങളെ വഞ്ചിക്കുകയാണ്.
ഇടനിലക്കാരില്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്ക്ക് പണമെത്തിക്കാന് എന്ഡിഎ സര്ക്കാരിന് കഴിഞ്ഞു. ഭാരതം വികസനത്തിന്റെ പാതയിലാണ്. കേരളം വികസന വഴിയില്നിന്നു മാറിനില്ക്കരുത്. വയനാട്ടിലെ വോട്ടര്മാര് ത്രിപുരയുടെ പാത സ്വീകരിക്കണം. വികസനത്തില് മുന്നിലെത്താനാണ് മത്സരിക്കണ്ടത്. രാഷ്ട്രീയ കൊലപാതകങ്ങളും മാഫിയ വാഴ്ചയും അവസാനിപ്പിക്കുന്നതില് ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും മാണിക് സാഹ പറഞ്ഞു.
Kerala
അമ്പലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും വിമർശനവുമായി ജി. സുധാകരൻ. മുഖ്യമന്ത്രി എനിക്ക് ചെറ്റ എന്നു പേരിട്ടു. ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ- ഇക്കാര്യം ജനം ചിന്തിക്കണം.
ഭരണഘടനാ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും കേസിന് പോയാൽ പ്രശ്നമാണെന്നും ജി. സുധാകരൻ പറഞ്ഞു. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് മുഖ്യമന്ത്രി വിളിച്ചു. വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചു.
എത്രപേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്. കോൺഗ്രസുകാർക്ക് ആളെ കൂട്ടിത്തരുന്നുണ്ട്. കോൺഗ്രസിൽ ആള് കൂടുന്നത് നല്ല പ്രവൃത്തികൊണ്ട് മാത്രമാണ്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ല നേതാക്കളില്ല.
പണ്ടൊക്കെ നേതൃനിര കണ്ട് കെഎസ്യുക്കാർ അസൂയപ്പെട്ടിരുന്നു. നാലാളറിയുന്ന ആരും ഇന്ന് ഡിവൈഎഫ്ഐയിലില്ല. ഏരിയ സെക്രട്ടറി കള്ളുഷാപ്പിലിരുന്ന് ജി. സുധാകരന്റെ തന്തയ്ക്ക് വിളിക്കുന്നു.
പാർട്ടിക്കാർ കള്ളുഷാപ്പിലിരുന്ന് ഫേസ്ബുക്കിൽ തനിക്കെതിരേ പോസ്റ്റിടുന്നു. ഭാവിയിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ ആളില്ലാതെ വരുമെന്നും കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ഈ നാടിന് ആവശ്യമാണെന്നും ജി. സുധാകരൻ പറഞ്ഞു.
International
ടെഹ്റാൻ: ദേശസുരക്ഷ അപകടത്തിലാക്കുന്ന ഇന്റർനെറ്റ് പ്രവർത്തനങ്ങൾ ചെയ്തുവെന്നു കണ്ടെത്തിയ 466 പേരെ അറസ്റ്റ് ചെയ്തതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ്-ഇസ്രേലി ആക്രമണം ആരംഭിച്ചശേഷം ഇറാനിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലാകുന്ന സംഭവമാണിത്.
ദേശദ്രോഹ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേർ ഈ മാസം ഇറാനിൽ അറസ്റ്റിലായിട്ടുണ്ട്.
International
ദോഹ: ഖത്തറിൽ ഹെലികോപ്റ്റർ തകർന്നുവിണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴുപേരിൽ ആറു പേരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തി.
ആറു പേരുടെ മരണം ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. കാണാതായ ഏഴാമത്തെ ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീഴുകയായിരുന്നു. സാങ്കേതിക കാരണം മൂലമാണ് അപകടമെന്നാണ് വിശദീകരണം. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
District News
ഹൃദയം തൊട്ട് അപു ജോണ് ജോസഫ്
തൊടുപുഴ: യുഡിഎഫ് സ്ഥാനാര്ഥി അപു ജോണ് ജോസഫിന്റെ പ്രചാരണ ഭാഗമായുള്ള പഞ്ചായത്തുതല കണ്വന്ഷനുകള് തുടങ്ങി. വഴിത്തല ടൗണിന്റെ കിഴക്കേ അറ്റത്തുനിന്ന് ആരംഭിച്ച പുറപ്പുഴ മണ്ഡലം കണ്വന്ഷനിലും പ്രകടനത്തിലും നൂറുകണക്കിനാളുകള് പങ്കെടുത്തു. സ്ഥാനാര്ഥിയുടെ പോസ്റ്റര് പതിച്ച പ്ലക്കാര്ഡുമായാണ് പ്രവര്ത്തകര് പ്രകടനത്തില് പങ്കെടുത്തത്.
വഴിത്തല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില് നടന്ന കണ്വന്ഷന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂര് ഉദ്ഘാടനം ചെയ്തു. കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ്പ്രഫ. എം.ജെ.ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.വാഗ്ദാന ലംഘനങ്ങള് നടത്തിയ ഇടതു സര്ക്കാരിനെതിരേയുള്ള വിധിയെഴുത്താകണം ഈ തെരഞ്ഞെടുപ്പെന്ന് അപു ജോണ് ജോസഫ് പറഞ്ഞു.
മണക്കാട്, കരിങ്കുന്നം പഞ്ചായത്തുകളിലും മണ്ഡലംതല കണ്വന്ഷനുകളും നടന്നു. എസ്.അശോകന്, ഷീല സ്റ്റീഫന്, ജോണ് നെടിയപാല, ടി. എസ്.ഷംസുദീന്, ബ്ലെയ്സ് ജി. വാഴയില്, ടി.വി. പാപ്പു, ജിജി വര്ഗീസ്, ചാര്ളി ആന്റണി, സോമി വട്ടക്കാട്ട് , ജോബി മാത്യു പൊന്നാട്ട് , റെനീഷ് മാത്യു ,ടോമിച്ചന് പി.മുണ്ടുപാലം, ബിബിത അനൂപ്, പി.ജി. വിജയന് തുടങ്ങിയവര് പ്രസംഗിച്ചു. കരിങ്കുന്നം, പുറപ്പുഴ, മണക്കാട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില് സ്ഥാനാര്ഥി വോട്ടു തേടി.
ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങി സിറിയക്ക് ചാഴികാടന്
തൊടുപുഴ: ജില്ലയിലെ ആദ്യകാല സിപിഎം നേതാവും മുന് എംഎല്എയുമായിരുന്ന എം.ജിനദേവന്റെ സഹോദരിയും കുടുംബാംഗങ്ങളും എല്ഡിഎഫ് സ്ഥാനാര്ഥി സിറിയക്ക് ചാഴികാടന് വിജയാശംസകള് നേര്ന്നു. കോലാനിയിലുള്ള പുത്തന്പുരയ്ക്കല് വീട്ടിലെത്തിയപ്പോള് ജിനദേവന്റെ സഹോദരി സരളയും ഭര്ത്താവ് നാരായണനും സ്ഥാനാര്ഥിയെ ഷാള് അണിയിച്ച് സ്വീകരിച്ചു.
തുടര്ന്ന് കോലാനി ചേരിയിലെത്തി സ്ഥാനാര്ഥി വോട്ടഭ്യര്ഥിച്ചു. ആലയ്ക്കല് പ്രദേശത്ത് സ്ഥാനാര്ഥിയെ കാണന് വീട്ടമ്മമാരടക്കമുള്ളവര് കാത്തുനിന്നു. അഞ്ചപ്ര പാറയില് കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കമുള്ളവര് സിറിയക്ക് ചാഴികാടനെ വരവേറ്റു. തുടര്ന്ന് പാറക്കടവ് ഉന്നതിയും സന്ദര്ശിച്ചു.
ആവേശം നിറച്ച് റോയി വാരികാട്ട്
തൊടുപുഴ: എന്ഡിഎ സ്ഥാനാര്ഥി റോയി വാരികാട്ട് വണ്ണപ്പുറം, മുള്ളരിങ്ങാട്, കോടിക്കുളം പ്രദേശങ്ങളില് വോട്ടഭ്യര്ഥിച്ചു. വിവിധ മേഖലകളില് നടന്ന സന്ദര്ശനങ്ങളില് സ്ഥാനാര്ഥിക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു. രാവിലെ മുതലക്കോടം സെന്റ് ജോര്ജ് ഫൊറോന പള്ളിയിലെത്തി അനുഗ്രഹം തേടിയ ശേഷമാണ് അദ്ദേഹം പര്യടനം ആരംഭിച്ചത്.
തുടര്ന്ന് പഞ്ചാമല ക്ഷേത്രം, പുളിക്കത്തൊട്ടി എസ്എന്ഡിപി ശാഖായോഗം ഓഫീസ്, മുള്ളരിങ്ങാട് ലൂര്ദ്മാതാ പള്ളി, കോടിക്കുളം ചന്ദരപ്പിള്ളി ക്ഷേത്രം, തൃക്കോവില് ക്ഷേത്രം എന്നിവിടങ്ങള് സന്ദര്ശിച്ചു. മുള്ളരിങ്ങാട് മേഖലയില് വന്യജീവിശല്യം വര്ഷങ്ങളായി പരിഹാരമില്ലാതെ തുടരുകയാണെന്നും ബിജെപി നയിക്കുന്ന എന്ഡിഎ സര്ക്കാര് വന്നാല് മാത്രമേ ഇതിനു പരിഹാരം കാണാന് കഴിയു എന്നും റോയി വാരികാട്ട് പറഞ്ഞു.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന വഴി മുള്ളരിങ്ങാട് പ്രദേശത്ത് ലഭിച്ച റോഡ് വികസനം ജനങ്ങള് വലിയ നേട്ടമായി കാണുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
International
വത്തിക്കാൻ സിറ്റി: തുടരുന്ന ഭീകരാക്രമണങ്ങൾക്കിടയിൽ രാജ്യത്തെ ജനങ്ങൾ നേരിടുന്ന ദുരവസ്ഥ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കുമുന്നിൽ വിവരിച്ച് നൈജീരിയൻ മെത്രാന്മാർ.
ആദ്ലിമ്ന സന്ദര്ശനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ മെത്രാന്മാർ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യത്തെ നിലവിലുള്ള അവസ്ഥ വിശദീകരിച്ചു.
നൈജീരിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥ ആശങ്കാജനകമാണെന്ന് കർദിനാൾ പീറ്റർ ഒക്പലെകെ പറഞ്ഞു. ഫെഡറൽ ഭരണഘടനയിൽ നൈജീരിയൻ ക്രൈസ്തവര് വിവേചനം നേരിടുന്നുവെന്ന് ഒവേരിയിലെ ആർച്ച് ബിഷപ് ലൂഷ്യയസ് ഇവെജുരു ഉഗോർജിയും ചൂണ്ടിക്കാട്ടി.
ഭരണഘടന പരിശോധിക്കുമ്പോൾ, അത് ഇസ്ലാമിന് അനുകൂലമായി ഒരു വശത്തേക്ക് മാറിയിരിക്കുന്നത് കാണാൻ കഴിയും. ക്രൈസ്തവർ പലപ്പോഴും ഒഴിവാക്കപ്പെടുന്നു.
ഫുലാനി തീവ്രവാദികള് നിരവധി സമൂഹങ്ങളെ പിഴുതെറിഞ്ഞിട്ടുണ്ട്. സർക്കാരിന്റെ കഴിവില്ലായ്മയോ നടപടിയെടുക്കാൻ തയാറാകാത്തതോ കാരണം ഈ തീവ്രവാദ ഗ്രൂപ്പുകൾ അഴിഞ്ഞാടുകയാണെന്നും ആർച്ച്ബിഷപ് ലൂഷ്യയസ് കൂട്ടിച്ചേര്ത്തു.
തങ്ങളുടെ ജനങ്ങളുടെ നിലവിളി മാർപാപ്പയ്ക്കു മുന്നില് അവതരിപ്പിക്കാനും രാജ്യത്തെ ക്രൈസ്തവര് നേരിടുന്ന സാഹചര്യത്തെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരിൽനിന്നുള്ള തെറ്റായ വിവരണങ്ങളെ ചെറുക്കാനുമുള്ള അവസരമായാണ് നൈജീരിയൻ ബിഷപ്പുമാർ സന്ദര്ശനത്തെ വിശേഷിപ്പിച്ചത്.
തങ്ങളുടെ സന്ദർശനം ലെയോ മാർപാപ്പയുമായുള്ള പുത്രബന്ധത്തിന്റെ പ്രകടനമാണെന്നും തങ്ങളുടെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വിശ്വാസം മാർപാപ്പയ്ക്കു മുന്നില് സ്ഥിരീകരിക്കാനുള്ള അവസരമാണെന്നും നൈജീരിയൻ ബിഷപ്പുമാർ പറഞ്ഞു.
ലോകത്തു ക്രൈസ്തവർക്കെതിരേ നടക്കുന്ന കൊലപാതകങ്ങളുടെ 72ശതമാനവും നൈജീരിയയിലാണെന്നാണ് ഓപ്പൺ ഡോർസിന്റെ 2026ലെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോര്ട്ടില് പറയുന്നത്.
Kerala
കണ്ണൂർ: ഓൺലൈൻ പണമിടപാട് തട്ടിപ്പു കേസിൽ സഹകരണ സംഘം പ്രസിഡന്റായ കോൺഗ്രസ് നേതാവ് ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ ഡിസിസി സെക്രട്ടറിയും കണ്ണർ ലേബർ ബാങ്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കല്ലിക്കോടൻ രാഗേഷ്, സെക്രട്ടറി കെ. ജിതേഷ് എന്നിവരെയാണ് തമിഴ്നാട് സൈബർ ക്രൈം ഡെപ്യൂട്ടി സൂപ്രണ്ട് ആർ.വി. ഗൗതമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തമിഴ്നാട് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെന്ററിൽ തമിഴ്നാട് സ്വദേശി ബാലമുരുഗൻ (25) എന്നയാൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നടപടി. 1.67 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ കല്ലിക്കോടൻ രാഗേഷ് പ്രസിഡന്റായ സൊസൈറ്റിയിൽ പണം എത്തിയതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. നാഷണൽ സൈബർ ക്രൈം വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന സൊസൈറ്റിയിലെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ടൗൺ പോലീസും കേസെടുത്തിരുന്നു.
ഞായറാഴ്ചയാണ് കല്ലിക്കോടൻ രാഗേഷിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇതിനു പിന്നാലെ സൊസൈറ്റി സെക്രട്ടറി ജിതേഷിനെ നഗരത്തിനടുത്ത ചെട്ടിപ്പീടികയിലെ വീട്ടിലെത്തിയും കസ്റ്റഡിയിലെടുത്തു. ട്രാൻസിറ്റ് വാറണ്ടിന്റെ ഭാഗമായി ഇരുവരെയും ഇന്നലെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതിയിൽ ഹാജരാക്കി ടൗൺ പോലീസ് തമിഴ്നാട് പോലീസിന് കൈമാറി.
സൊസൈറ്റിയുടെ മുൻ പ്രസിഡന്റിന്റെ പേരിൽ ആരംഭിച്ച അക്കൗണ്ടിലേക്കാണ് പണം എത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ 1.67 കോടി രൂപയോളമാണ് അക്കൗണ്ടിലെത്തിയത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ സൈ-ഹണ്ടിന്റെ ഭാഗമായും സൊസൈറ്റിക്കെതിരേ കേസ് എടുത്തിരുന്നു.
കഴിഞ്ഞ ഡിസംബർ മാസം മൂന്നു ദിവസങ്ങളിലായി 45,64031 രൂപയും ബാങ്കിലെ അക്കൗണ്ടിൽ എത്തിയതായും കണ്ടെത്തിയിരുന്നു.
Kerala
കൊച്ചി: തൃശൂരുകാരെ വിശ്വാസമാണെന്നും ഇത്തവണ അവർ കൈവിടില്ലെന്നും ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. പദ്ധതികൾ നടപ്പാക്കാൻ പിതാവ് കരുണാകരൻ കാട്ടിയ ധൈര്യം തനിക്കുമുണ്ടെന്നും അതിനാൽ ജനങ്ങൾ തന്റെ ഒപ്പം നിൽക്കുമെന്ന് ഉറപ്പാണെന്നും പദ്മജ അവകാശപ്പെട്ടു. തൃശൂർ മണ്ഡലത്തിൽ പദ്മജ ബിജെപി സ്ഥാനാർഥി ആകുമെന്നാണ് സൂചന.
ഇത്തവണ ബിജെപി തന്നോട് എവിടെ മത്സരിക്കണമെന്ന് ചോദിച്ചപ്പോൾ തൃശൂർ മതിയെന്ന് താൻ പറഞ്ഞുവെന്നും പദ്മജ പ്രതികരിച്ചു. ബിജെപിക്കാരെ സംബന്ധിച്ച് പ്രസ്ഥാനം അവർക്ക് വലുതാണ്. അല്ലാതെ വ്യക്തികൾ എന്തുപറയുന്നു എന്നല്ല അവർ നോക്കുന്നത്. പാർട്ടി പറയുന്നവരെ ജയിപ്പിക്കുന്നവരാണ് അവർ. അതുകൊണ്ട് നല്ല ആത്മവിശ്വാസമുണ്ടെന്നും പദ്മജ പറഞ്ഞു.
കോണ്ഗ്രസുകാരും തനിക്ക് പരസ്യമായി പിന്തുണ നൽകുന്നുണ്ടെന്ന് പത്മജ അവകാശപ്പെട്ടു. അച്ഛനെ പോലെ തനിക്കും ഒരുപേടിയുമില്ല. അച്ഛനെ വിശ്വസിച്ചവർക്ക് തന്നെയും വിശ്വസിക്കാമെന്നും പത്മജ പറഞ്ഞു.
എന്നാൽ കോൺഗ്രസുകാർ കെ. മുരളീധരനെ പിന്നിൽ നിന്ന് കുത്തുമെന്ന് പദ്മജ പറഞ്ഞു. തന്നെ പിന്നിൽ നിന്ന് കുത്തിയ കോൺഗ്രസുകാർ മുരളിയെയും ചതിക്കുമെന്നാണ് പദ്മജ പറഞ്ഞത്.
District News
കോതമംഗലം: ചരിത്രപ്രാധാന്യമുള്ള ആലുവ-മൂന്നാർ രാജപാത പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. രാജപാത തുറന്നു കിട്ടിയാൽ കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള ദൂരത്തിൽ 20 കിലോമീറ്ററോളം കുറവുണ്ടാകും.
ഈ വഴിയിലെ യാത്രാവകാശം പുനസ്ഥാപിക്കുക, തകർന്നുപോയ പഴയ പാത യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കുക, വിനോദസഞ്ചാര മേഖലയ്ക്കും മാങ്കുളം, കുട്ടമ്പുഴ നിവാസികൾക്കും വലിയ ഗുണകരമാകുന്ന പാതയോടു ചേർന്നുള്ള വികസനസാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജനങ്ങൾ ഉയർത്തുന്നത്.
പഴയ പൊതുമരാമത്ത് പാതയാണിതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പാതയുടെ നിയമപരമായ അവകാശം പിഡബ്ല്യുഡിക്ക് തന്നെ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് ജനകീയ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
1924-ലെ മഹാപ്രളയത്തിന് മുമ്പ് വരെ ഹൈറേഞ്ചിലെ പ്രധാന ഗതാഗത മാർഗമായിരുന്ന രാജ പാത, പിഡബ്ല്യുഡി രേഖകളിൽ ഇന്നും നിലനിൽക്കുന്നതാണ്. എന്നാൽ വനംവകുപ്പിന്റെ തടസവാദങ്ങൾ മൂലമാണ് ഈ പാത ഉപയോഗശൂന്യമായി കിടക്കുന്നതിനു കാരണമെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
രാജപാത തുറന്നു കിട്ടുന്നതിനായി എറണാകുളം, ഇടുക്കി ജില്ലകളിലെ മലയോരമേഖലകളിലുള്ളവർ കാലങ്ങളായി നിയമ, സമര പോരാട്ടങ്ങളിലാണ്. കോതമംഗലം പൂയംകുട്ടിയിൽ നിന്ന് കുറത്തിക്കുടി, പെരുമ്പൻകുത്ത്, കരിന്തിരി വഴി മൂന്നാറിലേക്കെത്തിയിരുന്ന പഴയ റോഡാണ് രാജപാത. കോതമംഗലത്തു നിന്നു പൂയംകുട്ടിവരെയുള്ള 28.5 കിലോമീറ്റർ പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്തു നിർമാണം നടത്തിയിരുന്നു.
തുടർന്നുള്ള 26 കിലോമീറ്ററിൽ വനംവകുപ്പ് അവകാശം ഉന്നയിച്ചിട്ടുള്ളതാണ് തടസമായത്. ഇതുസംബന്ധിച്ച കേസുകൾ നിലവിലുണ്ട്. സർക്കാർ ഇടപെട്ട് പാത പൊതുമരാമത്തു വകുപ്പിനു പൂർണമായി വിട്ടുനൽകാൻ നടപടി സ്വീകരിക്കുകയാണ് പരിഹാരം.
കോതമംഗലത്ത് ജനകീയ മാർച്ചും ധർണയും നാളെ
കോതമംഗലം: ആലുവ-മൂന്നാർ രാജപാത തുറന്നു നൽകണമെന്നാവശ്യപ്പെട്ടു ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ കോതമംഗലത്ത് ജനകീയ മാർച്ചും ധർണയും നടത്തും. രാവിലെ 10ന് ചെറിയപള്ളിത്താഴത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ സമാപിക്കും. ധർണ കോതമംഗലം ബഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളിലെ കർഷകരും വ്യാപാരികളും പൊതുജനങ്ങളും പ്രതിഷേധ പരിപാടിയിൽ അണിനിരക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. രൂപതാധ്യക്ഷൻ നേരിട്ട് സമരത്തിന് നേതൃത്വം നൽകുന്നത് പ്രക്ഷോഭത്തിന് വലിയ ജനപിന്തുണയാണ് നൽകുന്നത്. വനംവകുപ്പ് ജനകീയ ആവശ്യത്തിന് വഴങ്ങുന്നതുവരെ പ്രക്ഷോഭം നിർത്താൻ ഉദ്ദേശിക്കുന്നില്ല.
ജനങ്ങളുടെ യാത്രാവകാശം പുനസ്ഥാപിക്കുന്നതിനായി ഏതറ്റം വരെയും പോകാനും തയാറാണ്. പാത ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത് വരെ സഭയും ജനകീയ സമിതിയും പിന്നോട്ടില്ലെന്ന്ജനകീയ ആക്ഷൻ കൗൺസിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഫാ.അഡ്വ.റോബിൻ പടിഞ്ഞാറേക്കുറ്റ്, ഫാ.ജോസ് ചിരപ്പറമ്പിൽ, ഷാജി പയ്യാനി, അഡ്വ. ദേവസ്യ ഐമനതിൽ, ആദർശ് പണിക്കർ തുടങ്ങിയവർ അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളില്വച്ച് എസ്എഫ്ഐ പ്രവര്ത്തകരും പോലീസുകാരനും തമ്മിലുണ്ടായ സംഘര്ഷത്തിന്റെ പഴി എസ്എഫ്ഐയുടെ തലയില് ഇടാന് ചിലര് നോക്കുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.
നടന്നത് വ്യക്തിപരമായ സംഘര്ഷമാണെന്നും ഒരു പോലീസുകാരനെയും തല്ലാന് എസ്എഫ്ഐ ആഹ്വാനം ചെയ്തിട്ടില്ലെന്നും ശിവപ്രസാദ് ഫേസ്ബുക്കില് പങ്കുവച്ച കുറിപ്പില് പറഞ്ഞു.
ഒരു സംഘര്ഷത്തെയും എസ്എഫ്ഐ അനുകൂലിക്കുന്നില്ല. എസ്എഫ്ഐയുടെ തലയില് ഇടാന് ചിലര് നോക്കുന്നു. ചെറിയ ശതമാനം പുഴുക്കുത്തുകള് പോലീസിലും ഉണ്ട്. അത്തരക്കാര്ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് സമീപകാല അനുഭവമെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി.
National
ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ടെന്നും തന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആര്ക്കും തടുക്കാനാവില്ലെന്നും പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. വോട്ടെടുപ്പ് ദിവസം തമിഴ്നാട്ടിലെ ഓരോ വീടുകളില് നിന്നും ഓരോ വിജയ് വോട്ടര് ഐഡിയുമായി ഇറങ്ങിവരുമെന്നും തമിഴ് ജനതയുടെ കണ്ണീര് തുടയ്ക്കാനാണ് തമിഴക വെട്രി കഴകം ആരംഭിച്ചതെന്നും വിജയ് പറഞ്ഞു.
ടിവികെ രണ്ടാം വാര്ഷികദിനത്തില് പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു വിജയ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില് ഡിഎംകെയെ പരാജയപ്പെടുത്താന് തമിഴക വെട്രി കഴകത്തിന് മാത്രമേ സാധിക്കുകയുളളുവെന്നും വിജയ് അവകാശപ്പെട്ടു.
"1977-ല് എംജിആര് ഒരു അഭിമുഖം കൊടുത്തു. അതില് പറഞ്ഞത് അണ്ണാ ഇരുന്ന സ്ഥലത്ത് ഇങ്ങനെയുളളവര് ഇരിക്കുന്നതോര്ത്ത് ഞാന് കരഞ്ഞു. ആ കണ്ണീര് തുടയ്ക്കാന് ഞാന് ആരംഭിച്ചതാണ് എഐഎഡിഎംകെ എന്നാണ്. അതുപോലെ 2017-നും 2021-നും ശേഷം തമിഴ്നാടിനെക്കുറിച്ചോര്ത്ത് തമിഴ് ജനത കരഞ്ഞു. ആ കണ്ണീര് തുടയ്ക്കാന് ആരംഭിച്ചതാണ് തമിഴക വെട്രി കഴകം.'-വിജയ് പറഞ്ഞു.
ഡിഎംകെയെ പരാജയപ്പെടുത്താന് നമുക്ക് മാത്രമേ കഴിയൂ. വിജയ് വീട്ടില് നിന്ന് പുറത്തിറങ്ങൂ എന്ന് പറയുന്നവര് കാണും, വോട്ടെടുപ്പ് ദിവസം ഓരോ വീട്ടില് നിന്നും ഓരോ വിജയ് വോട്ടര് ഐഡിയുമായി ഇറങ്ങിവരും. എന്തിനാണ് വിജയ്യെ വിളിച്ചതെന്ന് ഓര്ത്ത് അവര് പശ്ചാത്തപിക്കും.
തമിഴ്നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ട്. അതെങ്ങനെ ഉണ്ടാവും എന്ന് ചോദിച്ചാല്, വിസില് ചിഹ്നം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ടിവികെ ഉണ്ട്. എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആര്ക്കും തടുക്കാനാവില്ല. നമ്മള് രക്തബന്ധമാണെന്ന് കരുതുന്ന ജനങ്ങളെ എത്ര പണംകൊടുത്തും വാങ്ങാന് പറ്റില്ല. ടിവികെ മാത്രമാണ് ജനങ്ങളുടെ ഏക ഓപ്ഷനെന്നും വിജയ് പറഞ്ഞു.
Kerala
കൊച്ചി: ഉദയംപേരൂരില് വീട്ടമ്മയുടെ തല കടിച്ചുകീറി തെരുവുനായ. ശനിയാഴ്ച രാവിലെ ഏഴോടെയാണ് ഉദയംപേരൂര് അതിര്ത്തി റോഡ് തെക്കേ പുളിപ്പറമ്പില് സതിക്ക് (52) തെരുവുനായയുടെ കടിയേറ്റത്. ഓടിവന്ന നായ മുറ്റമടിക്കുകയായിരുന്ന സതിയുടെ തലയില് ആഴത്തില് കടിച്ചു വലിക്കുകയായിരുന്നു.
മാംസം അടര്ന്നതിനെത്തുടർന്നു വെട്ടുകൊണ്ടതു പോലെ ആഴത്തില് മുറിവുണ്ടായി. ഭര്ത്താവ് വിജയനും നാട്ടുകാരും ചേർന്ന് സതിയെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടര്ന്ന് എറണാകുളം ജനറല് ആശുപത്രിയിലും എത്തിച്ചു. നിലവില് എറണാകുളം മെഡിക്കല് കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തൃപ്പൂണിത്തുറ പുതിയകാവിലും ഉദയംപേരൂര് പ്രദേശത്തുമായി തെരുവുനായ ആക്രമണത്തില് നാലുവയസുള്ള കുട്ടി ഉള്പ്പെടെ ഏഴു പേര്ക്കാണ് ഗുരുതര പരിക്കേറ്റത്. ഉദയംപേരൂര് ഉദയഗിരി റോഡ് ഭാഗത്ത് വാടക വീട്ടില് താമസിക്കുന്ന തമിഴ്നാട് സ്വദേശി തങ്കവേലുവിന്റെ നാലു വയസുകാരനായ മകന് ഭുവനേശിനെ നായ ആക്രമിച്ചത് അങ്കണവാടിയില്നിന്നു വീട്ടിലേക്കു വരുന്ന വഴിക്കാണ്. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് വീടിനു സമീപത്തെ അങ്കണവാടിയില്നിന്നു വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. കുട്ടിയുടെ കവിളിലും ചുണ്ടിലും നായയുടെ കടിയേറ്റു.
ഉദയംപേരൂര് വലിയകുളം കിഴക്ക് ആരോണ് എന്ന പന്ത്രണ്ടുകാരനും തെരുവുനായയുടെ കടിയേറ്റു. കുട്ടിയുടെ തലയ്ക്കും മുഖത്തും മുതുകിലും മുറിവുണ്ട്. ആശുപത്രിയില് ചികിത്സ തേടി.
വീട്ടിലേക്കു കയറി വന്നാണ് ഉദയംപേരൂര് ഉദയഗിരി നഗര് മാടാനയില് അന്നമ്മയെ(60) തെരുവുനായ കടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു ഇത്. രണ്ടു കൈത്തണ്ടയിലും കടിയേറ്റു. ഇടതു കൈത്തണ്ടയില് കടിച്ചിട്ടു പോയ നായ പിന്നിടു തിരിച്ചുവന്നു വലതു കൈത്തണ്ടയിലും കടിക്കുകയായിരുന്നു. വലതു കൈക്ക് ആഴത്തിലുള്ള മുറിവുണ്ട്.
National
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ജനങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾ വിവരിക്കാൻ പ്രചാരണപരിപാടികളുമായി ബിജെപി. 150 ഇടങ്ങളിൽ നൂറിലധികം വാർത്താസമ്മേളനങ്ങൾ നടത്തിയും സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ വിനിയോഗിച്ചും ജനങ്ങളിലേക്ക് എത്തിച്ചേരാനാണു പ്രചാരണപരിപാടികളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ബിജെപി ദേശീയ സെക്രട്ടറി തരുണ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ബജറ്റ് പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
രാജ്യത്തുടനീളം ബജറ്റിന്റെ വാർത്തകളെത്തിക്കാൻ ബിജെപി മന്ത്രിമാരും മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമുൾപ്പെടെയുള്ളവർ ബജറ്റ് പ്രഖ്യാപനത്തിനുശേഷമുള്ള ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്യും.
National
ന്യൂഡൽഹി: ആർആർടിഎസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ആത്മാർഥത ഇല്ലാത്ത നീക്കങ്ങൾ. ആത്മാർഥത ഉള്ള സർക്കാർ വരും. വികസന പദ്ധതികൾ നടപ്പിലാക്കും. വെയിറ്റ് ആൻഡ് സീ എന്നും വേണുഗോപാൽ പറഞ്ഞു.
സംസ്ഥാന ബജറ്റ് ഇടതു മുന്നണിയുടെ മാനിഫെസ്റ്റോ ആണ്. അതിനപ്പുറം ഒരു പ്രധാന്യവും ഇല്ല. അഞ്ചു വർഷം മുമ്പ് പുറത്തിറക്കിയ മാനിഫെസ്റ്റോ പോലും നടപ്പാക്കിയില്ല. പ്രഖ്യാപനം കൊണ്ട് മാത്രം ശമ്പള പരിഷ്കരണം നടപ്പാകില്ല. ക്ഷേമ പെൻഷൻ 2500 ആണ് മാനിഫെസ്റ്റോയിൽ പറഞ്ഞത്. അത് നടപ്പിലായോ എന്നും കെ.സി ചോദിച്ചു.
കേന്ദ്രത്തിൽ മോദിക്കെതിരെ പോരാടുന്നത് കോൺഗ്രസ് ആണ്. ഇക്കൊണോമിക് സർവേയേ ചോദ്യം ചെയ്തത് ആരാണ്. കേന്ദ്ര സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത് കോൺഗ്രസ് ആണെന്നും വേണുഗോപാൽ വ്യക്തമാക്കി.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥയെ അടിമുടിമാറ്റി താലിബാൻ ഭരണകൂടം പുതിയ ക്രിമിനൽ നടപടിക്രമം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സദ ഒപ്പിട്ട പുതിയ നിയമം, ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കുകയും ഓരോ വിഭാഗത്തിനും വ്യത്യസ്ത ശിക്ഷകൾ നിശ്ചയിക്കുകയും ചെയ്യുന്നു. ഇതോടെ അഫ്ഗാനിൽ പൗരവകാശവും സമത്വവും ഇല്ലാതാകുകയാണ്.
സാമൂഹിക വിഭജനം
പുതിയ നിയമപ്രകാരം അഫ്ഗാൻ സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നു:
മതപണ്ഡിതർ (ഉലമ/മുല്ലമാർ)- ഇവർ കുറ്റം ചെയ്താൽ "ഉപദേശം' നൽകി വിട്ടയക്കും. ഇവർക്കു നിയമത്തിനു മുന്നിൽ പൂർണ പരിരക്ഷ. എത്ര വലിയ കുറ്റമാണെങ്കിലും ഇവർ ശിക്ഷാ നടപടികൾക്ക് അതീതരാണ്.
ഉന്നത കുലജാതർ (അഷ്റഫ്)- ഇവർക്കു കോടതിയിൽ ഹാജരാകാൻ സമ്മൻസ് നൽകുകയും തുടർന്ന് ഉപദേശിക്കുകയും ചെയ്യും.
മധ്യവർഗം- ഇവർ ചെയ്യുന്ന കുറ്റങ്ങൾക്കു തടവുശിക്ഷ ലഭിക്കും.
താഴ്ന്ന വിഭാഗം- പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ഈ വിഭാഗത്തിനു തടവുശിക്ഷയ്ക്കു പുറമെ അതിക്രൂരമായ ശാരീരിക ശിക്ഷകളും (ചാട്ടവാറടി ഉൾപ്പെടെ) ലഭിക്കും.
തിരിച്ചുവരുന്നു അടിമത്തം
അന്താരാഷ്ട്ര തലത്തിൽ കർശനമായി നിരോധിച്ചിട്ടുള്ള "അടിമത്തം' പുതിയ നിയമസംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. നിയമത്തിലെ വിവിധ വകുപ്പുകളിൽ "സ്വതന്ത്ര മനുഷ്യർ' എന്നും "അടിമകൾ' എന്നും വേർതിരിച്ചു കാണിച്ചിട്ടുണ്ട്. ഇത് ആധുനിക ലോകത്ത് അടിമത്തത്തെ നിയമവിധേയമാക്കുന്നതിനു തുല്യമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
കോടതി പേരിനു മാത്രം
പുതിയ നിയമപ്രകാരം പ്രതികൾക്ക് അഭിഭാഷകനെ വയ്ക്കാൻ അവകാശമില്ല. കുറ്റസമ്മതമൊഴികളും സാക്ഷിമൊഴികളും മാത്രമാണു ശിക്ഷാവിധിക്ക് ആധാരം. സ്വതന്ത്രമായ അന്വേഷണമോ തെളിവെടുപ്പോ പുതിയ നിയമത്തിൽ നിർബന്ധമല്ല. ഡാൻസ് ചെയ്യുന്നതും സംഗീതം കേൾക്കുന്നതുമെല്ലാം കൊടിയ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതൊരു നീതിന്യായ വ്യവസ്ഥയല്ല, മറിച്ച് അധികാരത്തിലുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകുന്ന വിവേചനപരമായ നിയമമാണ്. മതനേതാക്കൾ നിയമത്തിനു മുകളിലാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സാധാരണക്കാരുടെ ജീവിതം താലിബാൻ അപകടത്തിലാക്കിയിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
നിയമം ഉടൻ പിൻവലിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. നീതി എന്നത് എല്ലാവർക്കും തുല്യമായി ലഭിക്കേണ്ട ഒന്നാണെന്ന ആഗോള തത്വം അഫ്ഗാനിസ്ഥാനിൽ ഇതോടെ പൂർണമായും ഇല്ലാതായിരിക്കുകയാണ്.