ന്യൂഡൽഹി: വിസ്മയമായ ജനനായകൻ വി.ഡി. സതീശൻ ഇനി കേരള നായകൻ. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ കോണ്ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. യുഡിഎഫിന്റെ 102 സീറ്റ് ജയം ഉൾപ്പെടെയുള്ള സതീശന്റെ ആത്മവിശ്വാസത്തിന്റെ തെളിവായി ഇനി “വനവാസമല്ല, പട്ടാഭിഷേകം’’ തന്നെ.
മുഖ്യമന്ത്രിപദവിയിലേക്കു സതീശനോടൊപ്പം പരിഗണിച്ചിരുന്ന കോണ്ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.
സോണിയാ ഗാന്ധിയുമായി കൂടിയാലോചിച്ചായിരുന്നു തീരുമാനം. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി ടെലിഫോണിൽ സംസാരിച്ചശേഷമായിരുന്നു വേണുഗോപാലിനു പകരം അവസാനനിമിഷം സതീശനെ നായകനാക്കാൻ ഹൈക്കമാൻഡിൽ ധാരണയായത്.
ഡൽഹി അക്ബർ റോഡിലെ പഴയ കോണ്ഗ്രസ് ആസ്ഥാനത്ത് ഇന്നലെ ഉച്ചയ്ക്കു 12ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത്. കേന്ദ്ര നിരീക്ഷകരായി കേരളത്തിലെത്തിയ എഐസിസി ട്രഷറർ അജയ് മാക്കൻ, ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മാധ്യമവിഭാഗം തലവൻ ജയ്റാം രമേശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
“മേയ് ഏഴിന് തിരുവനന്തപുരത്ത് കോണ്ഗ്രസ് നിയമസഭാകക്ഷി യോഗം ചേർന്നു. കേരളം സംസ്ഥാനത്തിലെ കോണ്ഗ്രസ് പാർലമെന്ററി പാർട്ടിയുടെ (സിഎൽപി) പുതിയ നേതാവിനെ നിയമിക്കാൻ കോണ്ഗ്രസ് പ്രസിഡന്റിനെ അധികാരപ്പെടുത്താൻ ഏകകണ്ഠമായി തീരുമാനിച്ചു. വി.ഡി. സതീശനെ സിഎൽപിയുടെ നേതാവായി നിയമിക്കാൻ തീരുമാനിച്ചു’’ -ദീപാ ദാസ് മുൻഷി പ്രഖ്യാപിച്ചു. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
ഹൈക്കമാൻഡ് തീരുമാനം സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി സതീശനു പൂർണ പിന്തുണയും ആശംസയും നേരുന്നുവെന്നും ഡൽഹിയിലെ തന്റെ വസതിയിലെത്തിയ പത്രലേഖരോടു വേണുഗോപാൽ പ്രതികരിച്ചു.
Tags : High Command people V.D. Satheesan Congress