Kerala
തിരുവനന്തപുരം: ആരോപണ വിധേയനായ മന്ത്രി കെ.ബി. ഗണേഷ് കുമാർ അടിയന്തരമായി രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. ഇല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി വാങ്ങണം.
മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രിക്കെതിരായി ഉന്നയിച്ചിട്ടുള്ളത്. ആ ഗുരുതരമായ ആരോപണങ്ങൾ മൂന്നു ദിവസം മുന്‍പു പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.
മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് ഈ കാര്യങ്ങളെല്ലാം പറഞ്ഞുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ തന്നെ വെളിപ്പെടുത്തി. ഇത്രയും ഗുരുതരമായ ഒരു സാഹചര്യം ഉണ്ടായിട്ടും മൂന്നു ദിവസം പിണറായി വിജയൻ നിങ്ങൾ ഉറങ്ങുകയായിരുന്നോ എന്ന് രമേശ് ചോദിച്ചു.
കേരളത്തിലെ ഒരു മന്ത്രിയുടെ ഭാര്യക്കു പോലും സുരക്ഷിതത്വം ഇല്ലെങ്കിൽ കേരളത്തിലെ മറ്റു സാധാരണ സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ലഭിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടി ഗണേഷ് കുമാറിന്റെ രാജി വാങ്ങിയത് എന്തിനാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായിക്കാണുമല്ലോ എന്നും രമേശ് ചോദിച്ചു.
Kerala
കൊല്ലം: നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയതു സര്‍ക്കാരിന്റെ കരണത്തേറ്റ അടിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതിലും വലിയ അടി അടുത്തകാലത്തൊന്നും കിട്ടാനില്ല. തെരഞ്ഞെടുപ്പ് ഒരുക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കൊണ്ട് നടത്തിപ്പിക്കാനായിരുന്നു ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ഉത്തരവാദിത്വത്തിൽനിന്നു ദേവസ്വംമന്ത്രി വി.എൻ. വാസവന് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
ഏഴു കോടി രൂപയുടെ ആഗോള സംഗമം നടത്തിയ ശേഷമാണോ സ്പോണ്‍സർമാരെ തിരക്കി നടക്കുന്നത്. ടെൻഡർ വിളിക്കാതെയാണ് ഊരാളുങ്കലിന്റെ സബ്സിഡിയറി കന്പനിക്കു ചുമതല നൽകിയത്. ഇതിൽ അടിമുടി അഴിമതിയാണ്.
ഇക്കാര്യത്തിൽ ശരിയായ അന്വേഷണം ഉണ്ടാകണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
കൊച്ചി: പഞ്ചായത്തില്‍പോലും മത്സരിക്കാന്‍ യോഗ്യതയില്ലാത്ത ആളുകളെ നിയമസഭയിലേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ നിരന്തരം വരുന്നുണ്ടെങ്കിലും സീറ്റ് ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നതാണ് തന്റെ നിലപാട്.
കോണ്‍ഗ്രസ് എല്ലാകാലത്തും ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും സീറ്റ് കൊടുത്തിട്ടുണ്ട്. ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ തിരിച്ച് യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചനയുണ്ടായിട്ടില്ല.
സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് പ്രതിപക്ഷനേതാവ് പോയതും സംസാരിച്ചതും താന്‍ അടക്കമുള്ള നേതാക്കളുടെ അറിവോടു കൂടിയാണ്. അതില്‍ യാതൊരു തെറ്റുമില്ല. പി.വി. അന്‍വറിന് സീറ്റ് കൊടുക്കണമോ എന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയിൽ ഒരു പ്രശ്നവും ഇല്ലെന്നും കോൺഗ്രസ് പരിപൂർണമായും ജനാധിപത്യ പാർട്ടിയാണെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
പാർട്ടി ഓഫീസിൽനിന്നു ചിലർ കൊടുക്കുന്ന ലിസ്റ്റ് വച്ച് കാര്യങ്ങൾ തീരുമാനിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്.
എല്ലാവരുടെയും അഭിപ്രായമറിഞ്ഞ് കൂടിയാലോചന നടത്തിയാണു തീരുമാനമെടുക്കുക. പാർട്ടിക്കുള്ളിൽ ഒരു തരത്തിലുള്ള ആശയക്കുഴപ്പങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
District News
ആലപ്പുഴ: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ 15-ാം ചരമവാർഷിക ദിനാചരണത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി.
അനുസ്മരണ സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയത്തിൽ ലീഡർ എന്ന വിളിക്ക് ഏറ്റവും അനുയോജനമായ വ്യക്തിയാണ് അദ്ദേഹമെന്നു ചെന്നിത്തല പറഞ്ഞു. എന്നെപ്പോലെ ആയിരക്കണക്കിനു പ്രവർത്തകന്മാർക്ക് വളർന്നു വരാനുള്ള അവസരം നൽകിയത് കെ. കരുണാകരൻ എന്ന ലീഡർ ആണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബുപ്രസാദ് അധ്യക്ഷനായ യോഗത്തിൽ. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഉത്തരവാദികളായ മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതന്മാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
ദേവസ്വം ബോർഡിന്റെ രണ്ടു മുൻപ്രസിഡന്റുമാർ ഈ മോഷണത്തിൽ പ്രവർത്തിക്കണമെങ്കിൽ വകുപ്പ് മന്ത്രിമാരുടെ അറിവും സമ്മതവും ഉണ്ടാകണം എന്നത് ഏത് കൊച്ചുകുട്ടിക്കും അറിയുന്ന കാര്യമാണ്. അവരെ രാഷ്ട്രീയമായി സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമം അവസാനിപ്പിക്കണം.
സാധാരണഗതിയിൽ ക്രിമിനൽ നടപടി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞാൽ അടുത്ത നടപടി തൊണ്ടിമുതൽ കണ്ടെത്തുക എന്നുള്ളതാണ്. ഇവിടെ മോഷണം പോയ സ്വർണത്തിന് എന്തു സംഭവിച്ചു എന്നതാണു പ്രസക്തമായ ചോദ്യം. ഇതിനുള്ള ഉത്തരം തേടുന്പോഴാണ് പൗരാണിക വസ്തുക്കളും ദിവ്യവസ്തുക്കളും വിൽക്കുന്ന അന്താരാഷ്ട്ര പൗരാണിക കരിഞ്ചന്തയുമായുള്ള ബന്ധം വെളിവാകുന്നത്. ഇക്കാര്യം താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ മൊഴിയിൽ പറയുന്നുണ്ട്. അന്താരാഷ്ട്ര ആന്റിക്സ് മാഫിയ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു എന്നുള്ളതു വളരെ വ്യക്തമാണ്. അത് കണ്ടെത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.
വാസു ദേവസ്വം ബോർഡ് പ്രസിഡന്റും കടകംപള്ളി സുരേന്ദ്രൻ മന്ത്രിയുമായിരിക്കുന്ന കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള പഴയ ഉരുളി, ചെന്പ്, വിളക്കുകൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കളായിട്ടുള്ളതെല്ലാം ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നു. അന്ന് അതിനെ അന്നത്തെ പ്രതിപക്ഷ നേതാവ് എന്നുള്ള നിലയിൽ താൻ ശക്തമായി എതിർത്തു. ദേവസ്വം ബോർഡിന് ഇതുമായി ബന്ധപ്പെട്ട് കത്ത് കൊടുത്തു. കേരളത്തിലെ ക്ഷേത്രങ്ങളിലെ ഈ പഴയ ഉരുപ്പടികൾ വയ്ക്കാൻ സ്ഥലമില്ലെന്നാണ് അന്ന് ഇവർ പറഞ്ഞത്.
കേരളത്തിലെ ക്ഷേത്രങ്ങളിലെ മുഴുവൻ പുരാവസ്തുക്കളും വിൽപന നടത്താനും അതിൽ നിന്ന് വൻതോതിലുള്ള പണം ഉണ്ടാക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സ്വർണക്കൊള്ള എന്നു വ്യക്തമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. കാലിക്കട്ട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ ഭരണനേട്ടമല്ല, വര്‍ഗീയത പറഞ്ഞാണ് എല്‍ഡിഎഫ് വോട്ടു പിടിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള ജനം വിഷയമാക്കും.
കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ ജയിലിലായിട്ടും മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി വരുമ്പോള്‍ മുഖ്യമന്ത്രി മൗനിയാകും.
കോടതി മേല്‍നോട്ടം വഹിച്ചില്ലെങ്കില്‍ ശബരിമല സ്വര്‍ണകൊള്ള സ്വര്‍ണകടത്ത് കേസു പോലെ ആവിയായി പോയേനെയെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിമാരായ കടകംപള്ളിയും വാസവനും ചോദ്യം ചെയ്യപ്പെടേണ്ട വ്യക്തികളാണ്.
പത്മകുമാര്‍ പറഞ്ഞതുപോലെ ദൈവതുല്യനായ ആള്‍ക്ക് വേണ്ടിയാണ് ഇവര്‍ അത് ചെയ്തതെങ്കില്‍ അത് കാരണഭൂതനല്ലേയെന്നും ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയം വഴിതിരിച്ച് വിടാനാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ കേസ് ഉയര്‍ത്തുന്നത്.
രാഹുലിനെതിരെ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിച്ചതാണ്. രാഹുലിന്റെത് വ്യക്തിപരമായ കേസാണെന്നും നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാർ ഉൾപ്പെടെ രണ്ടു മുൻ പ്രസിഡന്റുമാർ അറസ്റ്റിലായതിനു പിന്നാലെ ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
പ്രതിപക്ഷം കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന ഗുരുതരമായ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഈ അറസ്റ്റുകൾ. യഥാർഥ സൂത്രധാരന്മാർ മന്ത്രിമാരും സിപിഎമ്മിന്റെ ഉന്നതനേതാക്കളുമാണ്. അന്വേഷണം അവരിലേക്കു വ്യാപിപ്പിക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ സംഘ്പരിവാറിന്റെ വർഗീയ പ്രചാരണത്തിന് വിദ്യാർഥികളെ ഉപയോഗിച്ച റെയിൽവേയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ചെന്നു മാത്രമല്ല, അതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതു പോലെ ഇന്ത്യൻ റെയിൽവേയെയും കേന്ദ്ര സർക്കാർ വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വർഗീയ വിഷം കലർത്തി, ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘപരിവാറിന്റെ സങ്കുചിത രാഷ്ട്രീയമാണ് വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിലും കണ്ടത്. ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
ഗണഗീതം പാടിച്ചത് നിന്ദ്യം: രമേശ് ചെന്നിത്തല
പുതിയ വന്ദേ ഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് അത്യന്തം നിന്ദ്യമായ രാഷ്ട്രീയ ഗൂഢാലോചന ആണെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇത് ഒരു രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യമാണ്. കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവത്കരണ ഗൂഢാലോചനയാണിതെന്ന് ചെന്നിത്തല പറഞ്ഞു.