കൊല്ലം: ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം കബളിപ്പിക്കുന്നതാണെന്നും വിശ്വാസികളെ വെല്ലുവിളിക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തെ സംബന്ധിച്ചു മുഖ്യമന്ത്രി പരമാർശിക്കുന്നില്ല. ശബരിമലയിൽ സ്വർണം കട്ടവരെ സർക്കാർ സംരക്ഷിക്കുകയാണ്. അതുപോലെതന്നെ ആഗോള അയ്യപ്പസംഗമത്തിൽ കോടികൾ വെട്ടിച്ചു.
ശബരിമല കേസിൽ ഭാഗികമായ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾ രക്ഷപ്പെടില്ലായിരുന്നു. എന്നാൽ സർക്കാർ മനപ്പൂർവം പ്രതികളെ രക്ഷിക്കുകയായിരുന്നു. ഇതെല്ലാം വിശ്വാസികളുടെ മനസിലുണ്ടാക്കിയ വേദന ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കാനുള്ള നീക്കമാണ് എൽഡിഎഫ് നടത്തുന്നത്. പിഡിപി എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചാൽ വർഗീയതാക്കി ചിത്രീകരിക്കുന്നവർ ഇപ്പോൾ മൗനത്തിലാണ്.
ആരാണ് മുഖ്യമന്ത്രി എന്നതിൽ ഇപ്പോൾ ചർച്ചയില്ല. പകരം ഒന്നിച്ചുനിന്നു അധികാരം പിടിക്കുക മാത്രമാണ് ലക്ഷ്യമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. 100ലധികം സീറ്റുകൾ നേടി അധികാരത്തിൽവരുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജി. രാജേന്ദ്രപ്രസാദ്, യുഡിഎഫ് ചെയർമാൻ കെ.സി. രാജൻ എന്നിവരും പങ്കെടുത്തു.
Tags : Sabarimala women's entry Chennithala Satyawangmoolam faithful Remesh Chennithala