തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഓപ്പറേഷൻ തൂഫാനിലൂടെ 2954 കേസുകൾ രജിസ്റ്റർ ചെയ്തെന്നു മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്നുകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ടു സംസ്ഥാനത്താകെ 3176 പേരെ അറസ്റ്റു ചെയ്തു.
കൂടാതെ പുകയില ഉത്പന്നങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സിഒടിപിഎ നിയമപ്രകാരം 1421 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്തെ 84 പോലീസ് സബ് ഡിവിഷനുകളിലായി പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
▲അഴിമതി: ഉദ്യോഗസ്ഥരെ പിടിക്കുന്നതിനു ട്രാപ്പ് കേസുകൾ രജിസ്റ്റർ ചെയ്തു വരുന്നു
അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ പിടിക്കുന്നതിലേക്കായി ട്രാപ്പ് കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്തു വരികയാണെന്നു മന്ത്രി രമേശ് ചെന്നിത്തല. അഴിമതി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾക്കു യഥാസമയം വിജിലൻസ് ആസ്ഥാനത്ത് അറിയിക്കുന്നതിലേക്കായി 1064 എന്ന ട്രോൾ -ഫ്രീ നന്പർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
▲വിജിലൻസ് മാന്വൽ അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്പു പരിഷ്കരിക്കും
വിജിലൻസ് മാന്വൽ അടുത്ത നിയമസഭാ സമ്മേളനത്തിനു മുന്പായി പരിഷ്കരിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല. നിലവിലുള്ള വിജിലൻസ് മാന്വലിന്റെ പോരായ്മകൾ സർക്കാർ പരിശോധിച്ചു വരികയാണെന്നും കാലാനുസൃതമായ മാറ്റങ്ങൾ വിജിലൻസ് വകുപ്പിലും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.