കൊച്ചി: യുഡിഎഫിൽ അടുത്ത മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വിജയത്തിനാണു മുൻഗണന . ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും പാർട്ടി ഒറ്റക്കെട്ടായി അംഗീകരിക്കും.
സിപിഎമ്മിൽ ഒരു നേതാവ് മാത്രമുള്ളപ്പോൾ, കോൺഗ്രസിൽ ഭരണത്തിനു നേതൃത്വം നൽകാൻ പ്രാപ്തിയുള്ള ഒട്ടനവധി നേതാക്കളുണ്ട് എന്നതാണു പാർട്ടിയുടെ കരുത്ത്.
ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം സർക്കാർ അട്ടിമറിച്ചതിൽ ബിജെപി -സിപിഎം ഡീൽ വ്യക്തമായി. ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുകയാണ്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ രാഷ്ട്രീയക്കച്ചവടം നടക്കുകയാണ്.
പാലക്കാടും ഏറ്റുമാനൂരും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിനിർണയത്തിൽ വരുത്തിയ മാറ്റങ്ങളും ട്വന്റി 20 പോലുള്ള സംഘടനകളെ ഉപയോഗിച്ചുള്ള നീക്കങ്ങളും യുഡിഎഫിനെ തകർക്കാൻ മോദിയും അമിത് ഷായും പിണറായി വിജയനും ചേർന്നുണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമാണ്. ബിജെപിക്കു ചെയ്യുന്ന ഓരോ വോട്ടും പിണറായി വിജയനെ സഹായിക്കാനാണെന്നു ജനം തിരിച്ചറിയും.
ശബരിമല കേസിൽ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാൻ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതെ അവർക്ക് ജാമ്യം ലഭിക്കാൻ എസ്ഐടിക്ക് മേൽ സർക്കാർ സമ്മർദം ചെലുത്തി.
വിശ്വാസികളുടെ ഹൃദയം മുറിപ്പെടുത്തിയ മുഖ്യമന്ത്രി പത്തനംതിട്ടയിൽ എത്തുമ്പോൾ ജനങ്ങളോട് മാപ്പ് പറയാൻ തയാറാകണം. ജി. സുധാകരനെപ്പോലെയുള്ള മുതിർന്ന നേതാവിനെതിരേ മുഖ്യമന്ത്രി ഉപയോഗിച്ച ഭാഷ കേരളീയ സംസ്കാരത്തിനു നിരക്കാത്തതാണ്.
പാണക്കാട് സാദിഖലി തങ്ങൾക്കെതിരേ സിപിഎം സൈബർ വിംഗിനെ ഉപയോഗിച്ചു നടത്തുന്ന തരംതാണ ആക്രമണങ്ങൾ ദൗർഭാഗ്യകരമാണ്. രമേഷ് പിഷാരടിയെ തോമസ് ഐസക് കോമാളി എന്നു വിളിച്ചത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.
Tags : UDF Chief Minister Remesh Chennithala no dispute Kerala Assembly Election Niyama Sabha Election