ന്യൂഡൽഹി: ഫേസ്ബുക്ക് തുറക്കുമ്പോഴെല്ലാം ഒരേതരം വീഡിയോകളും പോസ്റ്റുകളും കണ്ട് മടുത്തോ? എങ്കിൽ ഉപയോക്താക്കൾക്ക് സ്വന്തം ഫീഡ് പൂർണമായും നിയന്ത്രിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.
'യുവർ അൽഗോരിതം' എന്ന് പേരിട്ടിരിക്കുന്ന ഈ എഐ അധിഷ്ഠിത ഫീച്ചറിലൂടെ, ഫേസ്ബുക്കിൽ എന്തൊക്കെ കാര്യങ്ങൾ കൂടുതൽ കാണണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും ഉപയോക്താക്കൾക്ക് നേരിട്ട് പ്ലാറ്റ്ഫോമിനോട് പറയാൻ സാധിക്കും.
താല്പര്യമില്ലാത്ത വീഡിയോകൾ വെറുതെ സ്ക്രോൾ ചെയ്ത് വിടുന്നതിന് പകരം, ഇനി ഉപയോക്താക്കൾക്ക് അവരുടെ താല്പര്യങ്ങൾ നേരിട്ട് കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും കഴിയും. ഫേസ്ബുക്ക് ഫീഡിലും റീൽസിലും ഈ പുതിയ മാറ്റം ലഭ്യമാകും.
സ്വന്തം വാക്കുകളിൽ തന്നെ താത്പര്യങ്ങൾ ടൈപ്പ് ചെയ്ത് നൽകുന്നതിലൂടെ ഫീഡിലെ ഉള്ളടക്കം എങ്ങനെ മാറ്റിയെടുക്കാമെന്ന് നവംബർ 10ന് പ്രസിദ്ധീകരിച്ച എൻജിനീയറിങ് ബ്ലോഗ് പോസ്റ്റിലൂടെയാണ് മെറ്റ വിശദീകരിച്ചത്.
പുതിയ 'യുവർ അൽഗോരിതം' പേജിൽ പ്രധാനമായും രണ്ട് ലിസ്റ്റുകളാണ് ഉണ്ടാവുക — ' ഇന്ററസ്റ്റഡ് ഇൻ, 'നോട്ട് ഇന്ററസ്റ്റഡ് ഇൻ ഉപയോക്താവിന്റെ മുൻകാല പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് മനസിലാക്കിയ ഇഷ്ടങ്ങളാണ് ആദ്യ ലിസ്റ്റിൽ ഉണ്ടാവുക. കാണാൻ താത്പര്യമില്ലാത്ത വിഷയങ്ങളാണ് രണ്ടാമത്തെ ലിസ്റ്റിൽ ഉൾപ്പെടുന്നത്.
ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഈ ലിസ്റ്റുകളിൽ മാറ്റം വരുത്താം. യാത്രാ വീഡിയോകളോ, ടെക്നോളജി വാർത്തകളോ, പാചക വീഡിയോകളോ കൂടുതൽ കാണണമെങ്കിൽ സ്വന്തം വാക്കുകളിൽ അത് വിവരിച്ച് ലിസ്റ്റിലേക്ക് ചേർക്കാം.
അതുപോലെ, മടുത്ത വിഷയങ്ങൾ 'നോട്ട് ഇൻറ്ററസ്റ്റഡ് ഇൻ' ലിസ്റ്റിലേക്ക് മാറ്റുകയും ചെയ്യാം. ഉപയോക്താക്കൾ അടുത്തിടെ കണ്ട കാര്യങ്ങളുടെ ചുരുക്കവിവരണം നൽകുന്ന 'ലേറ്റ്ലി സമ്മറി'എന്ന ഭാഗവും ഇതിന്റെ മുകളിലായി ഉണ്ടാകും. ഫീഡിനും റീൽസിനും വെവ്വേറെ സെറ്റിംഗ്സുകൾ മാറ്റേണ്ടതില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.
യാത്ര, ഭക്ഷണം, സ്പോർട്സ് തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിന് അപ്പുറം, ഉള്ളടക്കത്തിന്റെ സ്വഭാവവും നിലവാരവും നിയന്ത്രിക്കാനും ഈ ഫീച്ചർ സഹായിക്കും. ഉദാഹരണത്തിന്, എഐ നിർമിത പോസ്റ്റുകളോ അശ്ലീല ചുവയുള്ള ഉള്ളടക്കങ്ങളോ കുറയ്ക്കാൻ ഫേസ്ബുക്കിനോട് ആവശ്യപ്പെടാം. കൂടാതെ, ഏതെങ്കിലും പ്രത്യേക ക്രിയേറ്ററുടെ പോസ്റ്റുകൾ കാണാൻ താത്പര്യമില്ലെങ്കിൽ അതും വ്യക്തമാക്കാവുന്നതാണ്.
ഉപയോക്താക്കളുടെ പഴയ ലൈക്കുകളെയും വ്യൂസിനെയും മാത്രം ആശ്രയിക്കാതെ, അവരുടെ ഇപ്പോഴത്തെ താത്പര്യങ്ങൾക്ക് അനുസരിച്ച് ഫീഡ് മാറ്റിയെടുക്കുകയാണ് മെറ്റയുടെ ലക്ഷ്യം. ഒരു പുതിയ വിഷയം തെരഞ്ഞെടുത്താൽ ഉടൻ തന്നെ ഫീഡ് മുഴുവൻ ആ വിഷയത്തിലുള്ള പോസ്റ്റുകൾ കൊണ്ട് നിറയുന്ന രീതിയിലല്ല ഇതിന്റെ രൂപകൽപ്പന.
പകരം, മറ്റ് വിഷയങ്ങൾക്കൊപ്പം പുതിയ താത്പര്യങ്ങൾക്കും അർഹമായ പ്രാധാന്യം നൽകും. മാറ്റങ്ങൾ വരുത്തിയാൽ സാധാരണ അപ്ഡേറ്റ് സൈക്കിളിനായി കാത്തുനിൽക്കാതെ തന്നെ വേഗത്തിൽ ഫീഡിൽ മാറ്റങ്ങൾ പ്രതിഫലിക്കുമെന്നും മെറ്റ വ്യക്തമാക്കുന്നു.
Tags : Facebook algorithm meta facebookalgorithm makeover feed