മിറ മുരാട്ടി
സാൻഫ്രാൻസിസ്കോ: ഓപ്പൺ എഐയുടെ മുൻ ചീഫ് ടെക്നോളജി ഓഫീസർ മിറ മുരാട്ടി കഴിഞ്ഞ വർഷം സ്ഥാപിച്ച എഐ സ്റ്റാർട്ടപ്പായ 'തിങ്കിംഗ് മെഷീൻസ്' തങ്ങളുടെ ആദ്യ ജനറൽ പർപ്പസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ പുറത്തിറക്കി.
'ഇങ്ക്ലിംഗ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മോഡൽ ഒരു 'ഓപ്പൺ-വെയ്റ്റ്' മോഡലാണ്. ക്ലോസ്ഡ്-സോഴ്സ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോക്താക്കൾക്ക് ഇതിന്റെ സിസ്റ്റം ഡൗൺലോഡ് ചെയ്യാനും സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാനും സാധിക്കും.
ചൈനീസ് എഐ ലാബുകളിൽ നിന്നുള്ള ജനപ്രിയ ഓപ്പൺ സോഴ്സ് മോഡലുകൾക്ക് പകരമായി പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഉയർത്തിക്കാട്ടാൻ സാധിക്കുന്ന മികച്ചൊരു ബദലായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
ഒരു എഐ സിസ്റ്റം വിവരങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്ന് നിർണ്ണയിക്കുന്ന 975 ബില്യൺ പാരാമീറ്ററുകൾ ഉള്ള ഈ മോഡൽ, ഇത്തരത്തിലുള്ളതിൽ വെച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ എഐ മോഡലുകളിൽ ഒന്നാണ്.
തിങ്കിംഗ് മെഷീൻസ് കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ, എഐ മോഡലുകൾ കസ്റ്റമൈസ് ചെയ്യാൻ സഹായിക്കുന്ന 'ടിങ്കർ' എന്ന പ്ലാറ്റ്ഫോമിലും മറ്റ് ഡെവലപ്പർ പ്ലാറ്റ്ഫോമുകളിലും ഇങ്ക്ലിംഗ് ഇപ്പോൾ ലഭ്യമാണ്.
ആന്ത്രോപിക് , ഗൂഗിൾ , ഓപ്പൺഎഐ എന്നിവയുടെ ക്ലോസ്ഡ് മോഡലുകളുമായും ചൈനീസ് മോഡലുകളുമായും താരതമ്യം ചെയ്യുമ്പോൾ, ഏജന്റ് അധിഷ്ഠിത ടാസ്ക്കുകളിൽ ഇങ്ക്ലിംഗ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ചൈനീസ് മോഡലുകളോട് നേരിട്ട് മത്സരിക്കാൻ കെൽപുള്ള ശക്തമായൊരു പാശ്ചാത്യ ബദലായി മിറ മുരാട്ടിയുടെ ഇങ്ക്ലിംഗ് വിപണിയിലേക്ക് എത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കളെയും ബിസിനസുകളെയും ആകർഷിക്കാൻ ഈ മോഡലിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Tags : technology startup thinkingmachine inkling