കാണ്ഡമാൽ– ക്രൈസ്തവ ദർശനത്തിന്റെ നേർസാക്ഷ്യം: സിസിഎഫ്
കൽപ്പറ്റ: പീഡനങ്ങളിൽ ഉരുകിയൊലിച്ചുപോകുന്നതല്ല ക്രൈസ്തവ ദർശനങ്ങളും വിശ്വാസവുമെന്നും ഒറീസയിലെ കാണ്ഡമാലിൽ നീണ്ടകാലത്തെ പീഡനങ്ങളേറ്റുവാങ്ങിയിട്ടും വിശ്വാസജീവിതത്തെ മുറുകെപിടിച്ചു ജീവിക്കുന്നവർ അതിന്റെ നേർസാക്ഷ്യമാണെന്നും സിസിഎഫ് സംഘടിപ്പിച്ച ക്രിസ്ത്യൻ രക്തസാക്ഷി ദിനാചരണത്തിൽ ചൂണ്ടിക്കാട്ടി. ഒന്നാം നൂറ്റാണ്ടു മുതൽ ലോകം മുഴുവനുമുള്ള ക്രൈസ്തവർ വിവിധ കാലഘട്ടങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ആക്രമിക്കപ്പെടുകയും രക്തസാക്ഷികളാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവിടങ്ങളിലെല്ലാം പിന്നീട് വിശ്വാസവും സഭയും വളരുന്നതായിട്ടാണ് കാണാൻ സാധിച്ചിട്ടുള്ളത്. ലോകത്തൊരിടത്തും മതവിശ്വാസത്തെ ആയുധം കൊണ്ടു ഒതുക്കിനിർത്തിയ ചരിത്രമില്ല എന്നതും പീഡിപ്പിക്കുന്നർ മനസിലാക്കാണം. സമീപ നാളുകളിൽ ഇന്ത്യ ദർശിച്ച സമാനതകളില്ലാത്ത ദുരന്തമായിരുന്നു കാണ്ഡമാലെന്ന് അവിടെ പീഡനങ്ങൾക്കിരയായ ഫാ. പ്രബോധ് കുമാർ പ്രധാനും അധ്യാപകനായ കാർത്തിക് നായകും തങ്ങളുടെ പ്രസംഗങ്ങളിൽ ചൂണ്ടികാട്ടി.

ഇന്ത്യൻ ഭരണഘടനയേയും ഭരണസംവിധാനങ്ങളേയും നോക്കുകുത്തികളാക്കി ഒരുസംഘം വർഗീയവാദികളുടെ നരനായാട്ടാണ് അവിടെ നടന്നതെന്ന് അവർ പറഞ്ഞു. ഇന്ത്യയിൽ ജനിക്കുകയും പാരമ്പര്യമായി ഇവിടെ ജീവിച്ചുവരികയും ചെയ്യുന്ന തങ്ങൾ ഒരുമതവിശ്വാസത്തിന്റെ ഭാഗമായി എന്നതുകൊണ്ടു മാത്രം ഇവിടെനിന്നും ഒളിച്ചോടുന്നതിന് ഉദ്ദേശിച്ചിട്ടില്ല. ഇതേ ക്രൈസ്തവ വിശ്വാസത്തിൽ തുടർന്നു കൊണ്ടു രക്തസാക്ഷിയായി തീരുന്നതിന് മടിയില്ല. കാണ്ഡമാലിലെ നൂറിലധികം ആളുകൾ അത് തെളിയിച്ചതാണ്. ആ വഴികളിലൂടെ നടന്നുനീങ്ങുന്നതിന് മടിയില്ലെന്ന് ഇന്നും അവിടെ വിശ്വാസത്തിൽ തുടരുന്ന ആയിരക്കണക്കിന് വിശ്വാസികളുടെ ജീവിതസാക്ഷ്യം തെളിയിക്കുന്നു. ഒന്നാം കലാപത്തിൽ വല്യച്ഛനും രണ്ടാം കലാപത്തിൽ അച്ഛന്റെ സഹോദരനും കൊലചെയ്യപ്പെട്ടുകയും നിരന്തരമായി ആക്രമിക്കപ്പെടുകയും ഒടുവിൽ ഭരണകൂട ഭീകരതയുടെ ഇരയായി കള്ളക്കേസിൽ കുടുങ്ങി 63 ദിവസം പീഡനങ്ങളേറ്റു ജയിലിൽ കിടന്നിട്ടും വിശ്വാസം കൈവിടാതെ നിലനിന്ന കാർത്തിക് നായിക്കിന്റെ വാക്കുകൾ ഏറെ ശ്രദ്ധേയമായി. വിശ്വാസമൂഹത്തെ അക്രമകാരികളിൽ നിന്നും രക്ഷിച്ചുകൊണ്ടു പോകവെ വധിക്കപ്പെടുന്നതിന് തൊട്ടുമുൻപ് ഒരുഹിന്ദു സ്ത്രീ തന്റെ ഭവനത്തിനുള്ളിൽ അഭയം നൽകി രക്ഷിച്ച സംഭവം മറക്കാനാവാത്തതാണെന്ന് ഫാ. പ്രബോധ്കുമാർ പ്രധാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

കാണ്ഡമാലിൽ വിശ്വാസത്തെപ്രതി പീഡനമേറ്റുവാങ്ങിയവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടു ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്ത്യൻ രക്തസാക്ഷി ദിനാചരണം കൽപ്പറ്റയിൽ കേരള റീജ്യണൽ ലാറ്റിൻ കത്തോലിക്ക കൗൺസിൽ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഫാ. വില്യം രാജൻ ഉദ്ഘാടനം ചെയ്തു.