സൗദിയിൽ വിദേശികൾക്ക് സ്ഥാപനങ്ങൾ തുടങ്ങാൻ നിയമം ഭേദഗതി ചെയ്യും: ഡോ. മജീദ് അൽ ക്വാസബി
Monday, February 27, 2017 10:15 AM IST
ദമാം: വിദേശികൾക്ക് നിയമപരമായി കച്ചവട സ്ഥാപനങ്ങൾ നടത്തുന്നതിനും നിക്ഷേപം നടത്തുന്നതിനും അവസരം ഒരുക്കുന്നതിനെക്കുറിച്ചു പഠനം നടത്തി വരികയാണെന്ന് വാണിജ്യ മന്ത്രി ഡോ. മജീദ് ബിൻ അബ്ദുള്ള അൽ ഖസ്ബി. ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.

നിയമപരമായിതന്നെ സ്ഥാപനങ്ങൾ നടത്തുന്നതിനും നിക്ഷേപം നടത്തുന്നതിനും വിദേശികൾക്ക് അവകാശം നൽകുന്ന നിയമം കൊണ്ടു വരാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഇതുവഴി കാര്യങ്ങൾ മറച്ചുവയ്ക്കാതെ പരസ്യമായി തന്നെ കച്ചവടങ്ങൾ നടത്താൻ വിദേശികൾക്ക് വഴിയൊരുക്കുകയും അതിന് അവരിൽ നിന്നു നികുതി ചുമത്തുകയും വേണമെന്ന് മന്ത്രി പറഞ്ഞു.

വിദേശികൾ നിയമപരമായി സ്ഥാപനങ്ങൾ നടത്തുന്നതോടെ തൊഴിലവസരങ്ങൾ കൂടുകയും പുതിയ വ്യാപാര സാധ്യതകൾ തുറക്കുകയും ചെയ്യും.

നിലവിലുള്ള നിയമമനുസരിച്ച് സൗദിയിൽ കച്ചവട സ്ഥാപനം നടത്താൻ വിദേശികൾക്ക് അനുമതിയില്ല. വിദേശ നിക്ഷേപക ലൈസൻസ് കരസ്ഥമാക്കി മാത്രമേ വിദേശികൾക്ക് ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാനാവൂ. ഈ നിയമത്തിൽ ഭേദഗതി വരുത്താനാണ് മന്ത്രാലയം ആലോചിക്കുന്നത്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം