ജംഇയ്യത്തുൽ അൻസാർ ഖുർആൻ വിജ്ഞാന മത്സരം
Wednesday, May 24, 2017 7:25 AM IST
ജിദ്ദ: പരിശുദ്ധ റമദാനിൽ, ഇന്ത്യൻ പ്രവാസി സമൂഹത്തിന്‍റെ വിശുദ്ധഖുർആനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സംഘടിപ്പിക്കുന്ന ’വിഷൻ റമദാൻ 1438’ കാന്പയിന്‍റെ ഭാഗമായി ജിദ്ദയിലെ വിദ്യാർത്ഥീ വിദ്യാർത്ഥിനികൾക്കായി ജംഇയ്യത്തുൽ അൻസാർ ഖുർആൻ വിജ്ഞാന മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് ലാപ്ടോപ്, ടാബ് തുടങ്ങിയ ആകർഷണീയമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണെന്ന് ജിദ്ദാ ജംഇയ്യത്തുൽ അൻസാർ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

എട്ടാംതരം വരെയുള്ള കുട്ടികൾക്ക് ജൂനിയർ വിഭാഗത്തിലും ഒന്പത് മുതൽ പ്ലസ്ടൂ വരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലുമായിട്ടായിരിക്കും പരീക്ഷ. ഇംഗ്ലീഷ് മലയാളം ഭാഷകളിൽ തയ്യാറാക്കിയിട്ടുള്ള ചോദ്യോത്തര സംഹിതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങളായിരിക്കും മത്സരപ്പരീക്ഷക്ക് ഉണ്ടായിരിക്കുക. ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിൽ ഏതെങ്കിലും ഒന്നിൽ പരീക്ഷ എഴുതാവുന്നതാണ്. ജൂണ്‍ പതിനാറിന് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ അൽ ബൈക്കിന് സമീപമുള്ള ബോംബെ ഡിലൈറ്റ് ഹോട്ടലിൽ വെച്ചായിരിക്കും പരീക്ഷ.

വാർത്താ സമ്മേളനത്തിൽ ജിദ്ദാ ജംഇയ്യത്തുൽ അൻസാർ പ്രസിഡന്‍റ് കെ.കെ. യഹ് യ, സെക്രട്ടറി ഇസ്മാഈൽ വേങ്ങര, കാംപൈൻ ഇൻചാർജ് എം. എ. കരീം, ഫാസിൽ തിരൂർ, നജ്മുദ്ധീൻ ഉൗരകം, , മനാഫ് ഐക്കരപ്പടി, ഫസൽ റഹീം, പി. ഏ. മുഹമ്മദ് എന്നിവർ പങ്കെടുത്തു.

വിജ്ഞാന മത്സരത്തിന്‍റെ രജിസ്റ്ററേഷനും മറ്റു വിശദ വിവരങ്ങൾക്കും, 053 214 6526, 050 955 0833, 055 134 6453 എന്നീ മൊബൈൽ നന്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.


റിപ്പോർട്ട്: മുസത്ഫ കെ.ടി