പ്രവാസി യാത്രാ ദുരിതം; കേന്ദ്ര സർക്കാരിൽ ശ്രദ്ധ ചെലുത്തും: വി.മുരളീധരൻ
Saturday, May 27, 2017 8:27 AM IST
അബാസിയ: കുവൈത്തിൽ പതിറ്റാണ്ടുകളായി പ്രവാസികൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിൽ കേന്ദ്ര സർകാരിന്‍റെ ശ്രദ്ധ കൊണ്ടുവരുമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരൻ പറഞ്ഞു. ഭാരതീയ പ്രവാസി പരിഷത്തിന്‍റെ സമ്മേളനത്തിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയതായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള എയർ ഇന്ത്യയുടെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും മുന്നറിയിപ്പില്ലാതെയുള്ള സർവീസ് റദ്ദാക്കൽ തുടങ്ങിയ നടപടികൾ ഇല്ലാതാക്കുവാനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കുവാൻ സർക്കാരിനോട് ആവശ്യപ്പെടും. കഴിഞ്ഞ ദിവസം കേന്ദ്ര പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഓർഡിനൻസിനെ കുറിച്ചുള്ള വിശദാംശങ്ങൾ അറിവായിട്ടില്ല. നിയമം അനുശാസിക്കുന്ന ഏതൊരു ഭക്ഷണവും കഴിക്കാനുള്ള അവകാശം ഓരോ പൗരന്േ‍റയും അവകാശമാണ്. അത്തരം സ്വാതന്ത്ര്യങ്ങൾക്ക് നേരെ സർക്കാർ ഇടപെടുമെന്ന് കരുതിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കന്നുകാലികളെ അറുക്കുന്നതിനുള്ള നിരോധനം നിലവിൽ ഇരുപത്തിനാലോളം സംസ്ഥാനങ്ങളിലുണ്ടന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയെന്ന് അവകാശപ്പെട്ട് ഭരണത്തിലേറിയ പിണറായി സർക്കാരിൽ മാർകിസ്റ്റ് അണികൾ പോലും തൃപ്തരല്ലന്ന് വി.മുരളീധരൻ ആരോപിച്ചു. ഭരണ പ്രതിപക്ഷ ഐക്യത്തിനിടയിലും ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കൃത്യമായ രീതിയിൽ ഭരണസിരാ കോവിലിൽ ഉയർത്തുവാൻ സാധിക്കുന്നുവെന്നതാണ് ബിജെപി പ്രതിനിധിയായ ഒ. രാജഗോപാലിന്‍റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനത്തിൽ ഭാരതീയ പ്രവാസി പരിഷത്ത് നേതാക്കളായ ആർ.രാജശേഖരൻ, പി.വി. വിജയരാഘവൻ, നാരായണൻ ഒതയോത്ത്, എം.കെ.സുമോദ് എന്നിവരും സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ