അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു
Wednesday, July 22, 2015 7:53 AM IST
ഡാളസ്: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കുടംബമേളക്ക് സമാപനം. സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അനുഗ്രഹീത സാന്നിധ്യത്താലും ആത്മീയത നിറഞ്ഞു നിന്ന വിവിധ പരിപാടികളാലും ഈ വര്‍ഷത്തെ കുടുംബ സംഗമം സഭാ വിശ്വാസികളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കു ഒരു പുത്തന്‍ ഉണര്‍വു നല്‍കി.

ഭദ്രാസനാധിപന്‍ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ മേല്‍നോട്ടവും നിഷ്കര്‍ഷയും സംഘാടകരുടെ മികച്ച ആസൂത്രണവും കുടുംബ മേളയുടെ വന്‍ വിജയത്തിനു കാരണമായി. മാത്യൂസ് മാര്‍ തീമോത്തിയോസ് (പാത്രിയര്‍ക്കാ സെക്രട്ടറി), മാത്യൂസ് മാര്‍ അന്തീമോസ്, മാര്‍ എഡ്വേര്‍ഡ് യാക്കോബ് എന്നീ മെത്രാപ്പോലീത്താമാരുടെ സാന്നിധ്യം ഏറെ അനുഗ്രഹപ്രദമായിരുന്നു. ഭദ്രാസന സെക്രട്ടറി റവ. മാത്യു തോമസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പാ സ്വാഗതമാശംസിച്ചു. ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അനുഗ്രഹീത സന്ദേശം റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പാ യോഗത്തില്‍ വായിച്ചു.

'ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാര്‍, നിങ്ങള്‍ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹ നിര്‍മാണം 1 കൊരി 3:9' എന്നതായിരുന്നു ഈ വര്‍ഷത്തെ കുടുംബ സംഗമത്തിലെ പ്രധാന ചിന്താവിഷയം.

കുടുംബ സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷകനായ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അന്തീമോസ് നല്‍കിയ സന്ദേശത്തില്‍ നമ്മുടെ പ്രവര്‍ത്തി പഥത്തിലൂടേയും ശുശ്രൂഷയിലൂടേയും ദൈവത്തെ ലോകത്തിനു കാണിച്ചു കൊടുക്കുമ്പോഴാണ് നാം യഥാര്‍ഥത്തില്‍ ദൈവത്തിന്റെ കൂട്ടു വേലക്കാര്‍ ആകുന്നതെന്ന് ഓര്‍പ്പിച്ചു. ജീവനുളള ഭവനങ്ങളായി ദൈവത്തിന്റെ യഥാര്‍ഥ കൂട്ടുവേലക്കാരായി തീരുവാന്‍ തിരുമേനി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. തുടര്‍ന്നു അനുഗ്രഹീത സന്ദേശം നല്‍കിയ മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, നാം ദൈവത്തിന്റെ മന്ദിരമാകുന്നുവെന്നും ദൈവം വസിക്കുന്ന നമ്മുടെ ശരീരങ്ങളെ വിശുദ്ധിയോടെ കാത്തു സൂക്ഷിക്കുവാന്‍ നാം കടപ്പെട്ടിരിക്കുന്നുവെന്നും വാക്കു കൊണ്േടാ നോട്ടം കൊണ്േടാ പ്രവൃത്തി കൊണ്േടാ അത് അശുദ്ധമാക്കുവാന്‍ നമുക്കധികാരമില്ലെന്നും ഓര്‍മിപ്പിച്ചു.

'കൂട്ടു കുടുംബവും ന്യൂക്ളിയര്‍ കുടുംബവും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ മാര്യേജ് കൌണ്‍സിലറും മികച്ച വാഗ്മിയുമായ റവ. ഏബ്രഹാം കടവില്‍ കോര്‍ എപ്പിസ്കോപ്പാ, മോഡറേറ്ററായി നടത്തിയ സെമിനാര്‍ ഏറെ വിജ്ഞാന പ്രദവും മികവുറ്റതുമായിരുന്നു. വാദ്യമേളങ്ങളുടെ താള കൊഴുപ്പോടെ പാത്രിയര്‍ക്കാ പതാകക്ക് പിന്നിലായി തിരുമേനിമാര്‍, വൈദികര്‍, ശെമ്മാശന്മാര്‍, കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ തനി കേരളീയ പാരമ്പര്യം വിളിച്ചറിയിക്കും വിധത്തിലുളള വേഷ വിധാനങ്ങളുമായി അതാത് ഇടവക ബാനറിന്‍ കീഴില്‍ അണി നിരന്നു കൊണ്ട്, അടക്കും ചിട്ടയോടും കൂടി, നടത്തിയ ഘോഷയാത്ര ഏവര്‍ക്കും കൌതുകമായി മാറി.

സമാപന ദിവസമായ ശനിയാഴ്ച പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെ ഈ വര്‍ഷത്തെ കുടുംബ സമ്മേളനം സമാപിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍