ഷാര്‍ജയില്‍ കുടുങ്ങിയ രണ്ടാം സംഘം നാട്ടിലേക്കു മടങ്ങി
Thursday, September 3, 2015 2:05 AM IST
കണ്ണൂര്‍: ശമ്പളവും ജോലിയുമില്ലാതെ കഴിഞ്ഞ പത്തു മാസമായി ദുരിതമനുഭവിച്ചു വന്ന ഷാര്‍ജയിലെ 25 ഓളം ബേക്കറി ജീവനക്കാരില്‍ മലയാളികള്‍ ഉള്‍പ്പെടുന്ന രണ്ടാം സംഘം സൌജന്യ നിയമസഹായത്താല്‍ നാട്ടിലേക്കു മടങ്ങി. രണ്ടാം ഘട്ടത്തില്‍ ആറു തൊഴിലാളികളെയാണു വീസ റദ്ദാക്കല്‍ നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചത്. ആദ്യഘട്ടത്തില്‍ ഏഴു പേര്‍ നാട്ടിലേക്കു മടങ്ങിയിരുന്നു.

കണ്ണൂര്‍ ചെറുകുന്ന് സ്വദേശി മുരളീധരന്‍ പുതിയപുരയില്‍, ആലപ്പുഴ സ്വദേശി അനില്‍ കുമാര്‍, പാലക്കാട് സ്വദേശി ദാമോധരന്‍, തൃശൂര്‍ സ്വദേശികളായ ലോഹിതാക്ഷന്‍, വിദ്യാസാഗര്‍, തെലുങ്കാന സ്വദേശി ഗംഗാദര്‍ ബണ്ഢാരി എന്നിവരാണു മടങ്ങിയത്. മറ്റു തൊഴിലാളികളുടെ വീസ റദ്ദാക്കല്‍ നടപടി നടന്നുവരുന്നതായും മൂന്നു ജീവനക്കാരുടെ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ പാസ്പോര്‍ട്ട് പുതുക്കി ലഭിക്കുന്ന മുറയ്ക്ക് അവര്‍ക്കും നാട്ടിലേക്കു പോകാന്‍ കഴിയുമെന്നും ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റസിന്റെ നിയമപ്രതിനിധി സലാം പാപ്പിനിശേരി പറഞ്ഞു.

ഷാര്‍ജ വ്യവസായ മേഖലയിലെ ബേക്കറി ജീവനക്കാരാണ് ഇവര്‍. തൊഴിലാളികള്‍ക്ക് ഇവിടെനിന്നു കൃത്യമായി ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കിയിരുന്നില്ല. വീസ കാലാവധി കഴിഞ്ഞവര്‍ക്കു വീസ പുതുക്കി നല്‍കുകയോ വീസ റദ്ദാക്കി നാട്ടിലേക്ക് അയയ്ക്കുകയോ ചെയ്തില്ല.

പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ കമ്പനി അധികൃതര്‍ പിടിച്ചുവയ്ക്കുകയും ചെയ്തു.

തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചെങ്കിലും കമ്പനി അധികൃതര്‍ നിഷേധ സമീപനമാണു സ്വീകരിച്ചത്. കണ്ണൂര്‍ സ്വദേശി മുരളീധരന്റെ പിതാവ് മരിച്ചിട്ടു പോലും നാട്ടില്‍ പോകാന്‍ കമ്പനി അധികൃതര്‍ പാസ്പോര്‍ട്ട് നല്‍കിയില്ല.

സൌജന്യ നിയമസഹായം നല്‍കുന്ന ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റസ് വിവരമറിഞ്ഞ ഉടന്‍ ഇവര്‍ക്കു ദ്രുതഗതിയില്‍തന്നെ വീസ റദ്ദാക്കുന്നതിനും ആനുകൂല്യം ലഭിക്കുന്നതിനും താമസസ്ഥലത്തെ സൌകര്യം പുനസ്ഥാപിക്കുന്നതിനും വേണ്ട സഹായം ചെയ്തുകൊടു ക്കുകയായിരുന്നു.