മെർക്കലിന്റെ പഞ്ച് ഡയലോഗ് ഭരണമുന്നണിയെ ഉലയ്ക്കുന്നു
Wednesday, August 31, 2016 8:32 AM IST
ബർലിൻ: കുടിയേറ്റക്കാരെയും അഭയാർഥികളെയുമെല്ലാം രാജ്യത്തിന്റെ ഭാഗമാക്കി മാറ്റാമെന്നും അതിനുള്ള പ്രവർത്തനങ്ങൾ കൂട്ടായി നടത്തുമെന്നും ചാൻസലർ ആംഗല മെർക്കൽ. നമുക്കതു സാധിക്കും (വീ ക്യാൻ ഡൂ ഇറ്റ്) എന്ന, ഇതിനകം പ്രശസ്തമായ ഉദ്ധരണി പ്രഖ്യാപിച്ച് ഒരു വർഷത്തിനുള്ളിൽ ജർമൻ ചാൻസലർ മെർക്കലിന്റെ നാവിൽ നിന്ന് കുടിയേറ്റം സംബന്ധിച്ച പുതിയ പഞ്ച് ഡയലോഗ്– ജർമനി ജർമനിയായി തുടരും (ജർമനി വിൽ റിമെയ്ൻ ജർമനി).

അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ ആശങ്കയും ആകാംക്ഷയും വളർന്നത് മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ, അതിന് അഭയാർഥികളെ ആകമാനം അകറ്റി നിർത്തുന്നതു ശരിയല്ലെന്നും അവർ ആവർത്തിച്ചു.

എന്നാൽ ചൊവ്വാഴ്ച മെർക്കൽ ഭരണമുന്നണിയിൽ കൂട്ടുകക്ഷികൾ തമ്മിൽ വാഗ്വാദം ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ചാൻസലർ മെർക്കലും ഉപചാൻസലർ സീഗ്മാർ ഗാബ്രിയേലും തമ്മിൽ അഭയാർഥിപ്രശ്നത്തിന്റെ പേരിൽ നീരസം ഉളവാക്കുന്ന രീതിയിൽ ഉച്ചത്തിൽ വാക്പോരുണ്ടായതായിട്ടാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. കുറെക്കാലമായി ഭരണമുന്നണിയിലെ ഘടകകക്ഷിയായ എസ്പിഡിയും മെർക്കലും തമ്മിൽ അത്ര സുഖകരമല്ലെന്നുള്ള യാഥാർഥ്യം മറനീക്കി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

അടുത്ത തവണ ചാൻസലറാകാനുള്ള ഉപായം തേടി നടക്കുന്ന മെർക്കലിനെ അടുത്ത തവണ എസ്പിഡി തുണയ്ക്കില്ലെന്നും ഇതോടെ വ്യക്‌തമായി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ