കാലാവസ്‌ഥാ വ്യതിയാനത്തിനെതിരായ പാരീസ് ഉടമ്പടി അന്താരാഷ്ര്‌ട നിയമമായി
Saturday, November 5, 2016 10:38 AM IST
പാരീസ്: കഴിഞ്ഞ ഡിസംബറിൽ പാരിസിലെ ലോക കാലാവസ്‌ഥ ഉച്ചകോടിയിൽ രൂപംനൽകിയ പാരിസ് ഉടമ്പടി വെള്ളിയാഴ്ച മുതൽ അന്താരാഷ്ര്‌ട നിയമമായി മാറി. ആഗോള താപനത്തിന്റെ തോത് കുറയ്ക്കുന്നതിനായി രാഷ്ര്‌ടങ്ങൾ കൈക്കൊള്ളേണ്ട നടപടികൾ വിശദമാക്കുന്ന ഉടമ്പടിയിൽ ഇതിനകം 96 രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്.

ആഗോള താപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതലായി പുറന്തള്ളുന്ന രാജ്യങ്ങളായ അമേരിക്ക, ചൈന, ഇന്ത്യ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയൊക്കെ ഉടമ്പടി അംഗീകരിച്ച് ഒപ്പുവച്ചിട്ടുണ്ട്.

മൊത്തം ഹരിതഗൃഹ വാതകങ്ങളിൽ മൂന്നിൽ രണ്ടും പുറന്തള്ളുന്നത് ഈ രാജ്യങ്ങളിലെ വ്യവസായശാലകളിൽ നിന്നാണെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.

കാർബൺ ബഹിർഗമനം പരമാവധി കുറച്ച് ആഗോളതാപനത്തിന്റെ തോത് രണ്ടു ഡിഗ്രിയെങ്കിലും കുറയ്ക്കുക എന്നതാണ് ഉടമ്പടിയുടെ ആത്യന്തിക ലക്ഷ്യം. ഇത്രയെങ്കിലും ചെയ്യാനായില്ലെങ്കിൽ ഭൂമിയുടെ ജീവൻതന്നെ അപകടത്തിലാകുമെന്നാണ് ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പ്.

ലോകത്തെ വിവിധ സിവിൽ സമൂഹങ്ങളുമായി യോജിച്ച് പാരിസ് ഉടമ്പടി കൂടുതൽ ഫലപ്രദമായ രീതിയിൽ നടപ്പാക്കാനാണ് യുഎൻ പദ്ധതി. ഇതുസംബന്ധിച്ച് യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. പാരിസ് ഉടമ്പടി വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

വിഖ്യാതമായ ക്യോട്ടോ പ്രോട്ടോകോൾ നടപ്പാക്കാൻ ഏഴു വർഷമെടുത്തപ്പോൾ പത്തു മാസംകൊണ്ട് പാരിസ് ഉടമ്പടി അന്താരാഷ്ര്‌ട നിയമമാക്കാനും വൻ വ്യവസായ രാഷ്ര്‌ടങ്ങളെ അത് അംഗീകരിപ്പിക്കാനും കഴിഞ്ഞുവെന്ന് യുഎൻ കേന്ദ്രങ്ങൾ പറയുന്നു. അതേസമയം, ഉടമ്പടി പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതു സംബന്ധിച്ച് ഗവേഷക ലോകത്തിന്റെ ആശങ്ക ഇപ്പോഴും അവസാനിച്ചിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ