അമേരിക്കൻ കാറ്റിൽ ആടിയുലയുന്ന ജർമനി
Thursday, January 19, 2017 7:10 AM IST
ബെർലിൻ: അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്‍റായി ചുമതലയേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബറാക് ഒബാമയുടെ കാലത്ത് ശക്തി പ്രാപിച്ച യുഎസ് - ജർമനി ബന്ധം ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തോടെ തന്നെ അപകടത്തിലായിരുന്നു. പ്രായോഗിക തലത്തിലെങ്കിലും അതു തകരാതെ പിടിച്ചു നിൽക്കാൻ പാടുപെടുകയാണ് ജർമൻ സർക്കാരും നയതന്ത്രജ്ഞരും ഇപ്പോൾ.
ട്രംപ് പ്രചാരണത്തിനിറങ്ങിയ കാലം മുതൽ അദ്ദേഹത്തെ തുറന്നെതിർക്കാനും വിമർശിക്കാനും ജർമനിയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾ പോലും വിമുഖത കാട്ടിയിട്ടില്ല. ട്രംപിന്‍റെ ജയം ഉറപ്പായപ്പോഴും അവർ വിമർശനങ്ങൾ തുടർന്നു. അധികാരമേൽക്കുന്ന ഒറ്റ നിമിഷത്തോടെ ഇതു മുഴുവൻ മറക്കാൻ ഇരു പക്ഷത്തിനും സാധിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല.

ഏറ്റവുമൊടുവിൽ, ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ അഭയാർഥി നയത്തെയും ജർമനിയുടെ കുടിയേറ്റ നയത്തെയും ജർമൻ കാർ നിർമാണ മേഖലയെയും അടച്ചാക്ഷേപിക്കുന്ന ട്രംപിനെയും ഇതിനെതിരേ രൂക്ഷമായി പ്രതികരിക്കുന്ന ജർമൻ നേതാക്കളെയുമാണ് കാണാനായത്. മെർക്കലും ഒബാമയും സൂക്ഷിച്ചിരുന്ന ഉൗഷ്മളമായ നയതന്ത്ര ബന്ധമോ വ്യക്തിബന്ധമോ ട്രംപിന്‍റെ കാലത്ത് പ്രതീക്ഷിക്കാനാവില്ലെന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായി ഇത്.
മെർക്കലിന്േ‍റതടക്കം ജർമൻ നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും ഫോണ്‍ കോളുകൾ അമേരിക്കൻ ചാരൻമാർ ചോർത്തിയിരുന്നു എന്ന വെളിപ്പെടുത്തൽ വന്നപ്പോൾ പോലും യുഎസ് - ജർമനി ബന്ധത്തിൽ കാര്യമായ ഉലച്ചിൽ തട്ടിയിരുന്നില്ല. എന്നാൽ, ഇങ്ങനെയൊരു വെളിപ്പെടുത്തൽ ട്രംപിന്‍റെ കാലത്താണെങ്കിൽ ബന്ധം സന്പൂർണ തകർച്ചയിലെത്തുമെന്ന കാര്യത്തിൽ സംശമൊന്നും വേണ്ട.
യൂറോപ്യൻ യൂണിയനുമായുള്ള ട്രാൻസ് അറ്റ്ലാന്‍റിക് വ്യാപാര കരാറിൽനിന്നു പിൻമാറുമെന്നത് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം തന്നെയായിരുന്നു. ജയിച്ചു കഴിഞ്ഞും അദ്ദേഹം ഇതേ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഇതു ജർമനിയുമായി മാത്രമല്ല, യൂറോപ്യൻ യൂണിയനുമായി മൊത്തത്തിലുള്ള അമേരിക്കയുടെ ബന്ധത്തെ തന്നെ ബാധിക്കും.

ഇതിനു പുറമേയാണ് നാറ്റോ സഖ്യത്തോട് ട്രംപിനുള്ള നയപരമായ എതിർപ്പ്. നാറ്റോയിൽനിന്ന് യുഎസ് പൂർണമായി പിൻമാറിയില്ലെങ്കിലും നിർണായക വേഷത്തിൽനിന്നു മാറി നിൽക്കുന്നത് വരും നാളുകളിൽ കാണാം. ഇതു മുൻകൂട്ടി കണ്ട് ബദൽ സൈനിക സഖ്യം രൂപീകരിക്കാൻ യൂറോപ്പിൽ ശ്രമവും തുടങ്ങിക്കഴിഞ്ഞു.
അതേസമയം, മെർക്കലുമായി നല്ല ബന്ധമാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ ഉപദേശക സംഘത്തിൽ അംഗമായ അന്തോണി സ്കാറാമൂച്ചി വ്യക്തമാക്കി. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്കാറാമൂച്ചി. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായും ഇതുപോലെ ഉൗഷ്മളമായ ബന്ധമാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ആംഗല മെർക്കലിനെതിരേ ട്രംപ് ഉന്നയിച്ച വിമർശനങ്ങൾ അനുചിതമായിപ്പോയെന്നാണ് സ്ഥാനമൊഴിയുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടത്. സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിലുള്ള തന്‍റെ അവസാന നയതന്ത്ര പര്യടനം കഴിഞ്ഞുള്ള മടക്കയാത്രയ്ക്കിടെ ലണ്ടനിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കെറി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ