ശിവപ്രസാദിന്‍റെ സംസ്കാരം മാർത്താണ്ഡത്ത് നടക്കും; മൃതദേഹം ഫ്യൂണറൽ ഹോം ഡയറക്ടർ ഏറ്റെടുത്തു
Friday, January 20, 2017 5:17 AM IST
ലണ്ടൻ: മൂന്നാഴ്ചയോളത്തെ കാത്തിരിപ്പിന് അറുതി വരുത്തി ഡിസംബർ അവസാന വാരം മരിച്ച തിരുവനന്തപുരം സ്വദേശി ശിവപ്രസാദിന്‍റെ മൃതദേഹം ഇന്നലെ ഫ്യൂണറൽ ഹോം ഡയറക്ടർ ഏറ്റെടുത്തു. അകാരണമായ സാങ്കേതിക തടസങ്ങളിൽ പെട്ടതിനാൽ കഴിഞ്ഞ ഒരാഴ്ചയായി മൃതദേഹം എന്ന് നാട്ടിലെത്തിക്കാൻ കഴിയുമെന്ന അനിശ്ചിത്വത്തം നിലനിന്നതോടെ വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായ സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യൻ എംബസി അടക്കമുള്ള ഏജൻസികൾ ശ്രമം ഉൗർജിതമാക്കിയതോടെയാണ് മൃതദേഹം നാട്ടിൽ എത്തിക്കാൻ വഴി തുറന്നത്.

ലഭ്യമായ വിവരം അനുസരിച്ചു ചൊവ്വാഴ്ച രാത്രി ഹീത്രു എയർപോർട്ടിൽ നിന്നും എമിരേറ്റ്സ് വിമാനത്തിൽ മൃതദേഹം അയയ്ക്കാൻ കഴിയും വിധമാണ് ക്രമീകരങ്ങൾ പൂർത്തിയാക്കുന്നത്. ഇതിനായി ലണ്ടൻ എംബസിയിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയാണ്് മൃതദേഹം ഏറ്റെടുത്ത സൗത്താൽ ഫ്യൂണറൽ ഹോം ഡയറക്ടർ ഏജൻസി അറിയിച്ചത്.

ലണ്ടൻ എമ്ബാസി സീനിയർ അഡ്മിനിസ്ട്രേറ്റർ ടി. ഹരിദാസ്, ഓൾ യുകെ ഹിന്ദുസമാജം കൗണ്‍സിലിനുവേണ്ടി കെന്‍റ് ഹിന്ദു സമാജം ജനറൽ സെക്രട്ടറി വിജയ്, ശിവപ്രസാദിന്‍റെ കുടുംബ സുഹൃത്തായ ന്യൂകാസിൽ സ്വദേശി രാജേഷ് എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ശിവപ്രസാദിന്‍റെ മരണത്തോടെ അനാഥരായ ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും പ്രായമായ അച്ഛനും അമ്മയ്ക്കും തണലേകാൻ നിരവധി മനുഷ്യ സ്നേഹികളും രംഗത്ത് എത്തിയിട്ടുണ്ട്. ഇക്കാര്യത്തിനായി സ്വരൂപിച്ച ധനസഹായം ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടന്നു വരുന്നു. ശിവപ്രസാദിന്‍റെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച നടപടിക്രമങ്ങൾ, അദ്ദേഹം താമസിച്ചിരുന്ന മുറിയിലെ പ്രധാനപ്പെട്ട രേഖകളും കുടുംബത്തിന് അവകാശപ്പെട്ട മറ്റു സാധന സമഗ്രഗികളും നാട്ടിൽ എത്തിക്കുന്നതിനായി സാമൂഹ്യ പ്രവർത്തകൻ സുഗതൻ തെക്കേപ്പുരയുടെ നേതൃത്വത്തിൽ മറ്റൊരു വിഭാഗവും രംഗത്തുണ്ട്. മൃതദേഹം മാർത്താണ്ഡത്ത് സംസ്കരിക്കുമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം അനാഥമായി സ്വന്തം ഫ്ളാറ്റിൽ കണ്ടെത്തിയ ശിവപ്രസാദിന്‍റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നത് സംബന്ധിച്ച് മലയാളി സംഘടനകൾ ഇരുട്ടിൽ തപ്പിയപ്പോൾ ഒടുവിൽ കുടുംബത്തിന് തണലായി മാറുന്നത് യുകെയിലെ ഏതാനും മനുഷ്യ സ്നേഹികളും വിവിധ ഹൈന്ദവ സംഘടനകളുമാണ്.