ടൈറ്റാനിക് യാത്രക്കാരിയുടെ ഗൗണ്‍ ലേലം ചെയ്തു
Thursday, April 27, 2017 4:44 AM IST
ലണ്ടൻ: 1912ൽ മുങ്ങിയ വിഖ്യാത ആഡംബര കപ്പലായ ടൈറ്റാനിക്കിലെ ഒരു വസ്തുകൂടി ലേലത്തിൽ വിറ്റു. കപ്പലപകടത്തിൽനിന്ന് രക്ഷപ്പെട്ട മേബൽ ബെന്നെറ്റ് എന്ന യാത്രിക നിശാവസ്ത്രമായി ഉപയോഗിച്ച കോട്ടാണ് 1,81,000 പൗണ്ടിന് (ഏതാണ്ട് 149,98,283 ഇന്ത്യൻ രൂപ) ലേലത്തിൽ വിറ്റത്. 80,000 പൗണ്ടിന് ലേലത്തിൽ വച്ച കോട്ട് പ്രതീക്ഷിച്ചതിനെക്കാൾ ഇരട്ടിവിലയ്ക്കാണ് ബ്രിട്ടീഷുകാരനായ ആൻഡ്രു അൽഡ്രിഡ്ജ് ലേലത്തിൽ സ്വന്തമാക്കിയത്.

1974ൽ 96ാം വയസിൽ മരിച്ച മേബൽ ബെന്നെറ്റ് അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രമായിരുന്നു ഇത്. 1960കളുടെ തുടക്കത്തിലാണ് ഈ വസ്ത്രം ബെന്നെറ്റ് മരുമകളുടെ മകൾക്ക് കൈമാറിയത്. കോട്ടിനോടൊപ്പം മരുമകളുടെ മകൾ എഴുതിയ കത്തും കൈമാറിയിട്ടുണ്ട്. ഉയർന്ന ക്ലാസിൽ യാത്രചെയ്തിരുന്ന മേബൽ ബെന്നെറ്റ് തണുപ്പിൽനിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു കോട്ട് ധരിച്ചതെന്നും രക്ഷാബോട്ടിൽ കയറിയാണ് രക്ഷപ്പെട്ടതെന്നും കത്തിൽ പറയുന്നുണ്ട്.

1912 ഏപ്രിൽ ഒന്പതിനാണ് ലണ്ടനിൽനിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട കപ്പൽ നോർത്ത് അത്ലാന്‍റിക് സമുദ്രത്തിൽ മഞ്ഞുമലകളിൽ തട്ടി തകർന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ