"ടേയ് ക്വോണ്‍ ടോ’ ഇംഗ്ലീഷ് ജൂണിയർ മിഡിൽ വെയിറ്റ് സ്പാറിംഗ് ചാന്പ്യൻഷിപ്പ് ബെഞ്ചമിൻ ഐസക്കിന്
Friday, April 28, 2017 8:13 AM IST
സ്റ്റീവനേജ് (ലണ്ടൻ): മാർഷ്യൽ ആർട്സിലെ പ്രശസ്തമായ "ടേയ് ക്വോണ്‍ ടോ’ സ്പോർട്സ് വിഭാഗത്തിൽ നടന്ന ഇംഗ്ലീഷ് നാഷണൽ മത്സരത്തിൽ ജൂണിയർ മിഡിൽ വെയിറ്റ് വിഭാഗം സ്പാറിംഗിൽ മലയാളി ബാലന് വിജയം. സ്റ്റീവനേജിൽ നിന്നുള്ള ബെഞ്ചമിൻ ഐസക് ആണ് വൂസ്റ്ററിൽ നടന്ന നാഷണൽ മത്സരത്തിൽ കിരീടമണിഞ്ഞത്.

ഒന്പതാം ക്ലാസ് വിദ്യാർഥിയായ ബെഞ്ചമിൻ സ്റ്റീവനേജിലെ നോബൽ സ്കൂളിലാണ് പഠിക്കുന്നത്. ഡ്രോയിംഗിലും പെയിന്‍റിംഗിലും കലാ വാസനയുള്ള ബെഞ്ചമിൻ ഒരു മൃഗ സ്നേഹികൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭാഷയായ ചൈനയുടെ മാൻഡറിൻ അനായാസം ഉപയോഗിക്കുവാനും ഭാഷയിൽ വളരെ പ്രാഗൽഭ്യം തെളിയിക്കുവാനും ബെഞ്ചമിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. "ഷോട്ടോകാൻ കരാട്ടെ’യിൽ അടിസ്ഥാന പരിശീലനം നേടിയ ബെഞ്ചമിൻ ആറാം ക്ലാസിൽ പഠിക്കുന്പോൾ സെന്‍റ് നിക്കോളാസ് സ്കൂളിലെ ഏറ്റവും നല്ല സ്പോർട്സ്മാനും ഇന്‍റർ കൗണ്ടി സ്കൂൾ ജാവലിൻ ത്രോ മത്സരത്തിൽ ചാന്പ്യനും ആയിരുന്നു.

മൂവായിരത്തോളം വർഷങ്ങളുടെ ചരിത്രം അവകാശപ്പെടുന്ന മാർഷ്യൽ ആർട്സിൽ ഏറ്റവും ജനപങ്കാളിത്തം നേടിയ "ടേയ് ക്വോണ്‍ ടോ’ കായിക ക്ഷമതയും വിനോദവും സ്വയരക്ഷയും പ്രധാനം ചെയ്യുന്ന ഒരു ആകർഷകമായ സ്പോർട്സിനമാണ്. ഏറ്റവും നവീന ഇനമായി ഒളിംപിക് സ്പോർട്സിൽ ഈ മത്സരം ഉൾപ്പെടുത്തിക്കഴിഞ്ഞു.

ലോക പ്രശസ്ത ന്ധസ്പോർട്ടിംഗ് ആൻഡ് സെൽഫ് ഡിഫൻസ്’ അഭ്യാസ കലയായ കൊറിയൻ "ടേയ് ക്വോണ്‍ ടോ’ സ്പോർട്സിൽ 184 രാജ്യങ്ങളിലായി 60 മില്യണ്‍ ജനങ്ങൾ പരിശീലിച്ചു വരുന്നു. ടേയ് ക്വോണ്‍ ടോ എന്ന പേരിന്‍റെ അർഥം പാദവും മുഷ്ടിയും ഉപയോഗിച്ച് തർക്കിക്കുയോ, അക്രമിക്കുകയോ ചെയ്യുന്ന കല എന്നാണ്. 1983 ൽ യുകെയിൽ ആരംഭിച്ച ഈ സ്പോർട്സിനം ദേശീയ അംഗീകാരവും യുകെ സ്പോർട്സ് കൗണ്‍സിൽ അംഗത്വവും നേടിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ നല്ലില വാഴപ്പള്ളിൽ കുടുംബാംഗവും സ്റ്റീവനേജിൽ സ്ഥിരതാമസക്കാരനുമായ ഐസക് (റെജി) ന്‍റേയും കണ്ണൂർ തേർമല സ്വദേശിയും സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ നഴ്സുമായ സിബിയുടെയും മകനാണ് ബെഞ്ചമിൻ. സഹോദരൻ എട്ടാം ക്ലാസ് വിദ്യാർഥിയായ ബെനഡിക്ട്.

ബെഞ്ചമിന്‍റെ ഉന്നത നേട്ടത്തിൽ സ്റ്റീവനേജ് മലയാളികളുടെ കൂട്ടായ്മയായ സർഗം സ്റ്റീവനേജിനുവേണ്ടി ഭാരവാഹികളായ ഏബ്രാഹം കുരുവിള, മനോജ് ജോണ്‍, ഷാജി ഫിലിഫ് എന്നിവർ അനുമോദിച്ചു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ