വേനലിലെ വെള്ളപ്പൊക്കം: ജർമൻ നഗരം വെള്ളത്തിനടിയിൽ
Wednesday, July 26, 2017 8:07 AM IST
ബർലിൻ: വേനലിലെ കനത്ത മഴയിൽ ജർമനിയിലെ പലനഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടായെങ്കിലും നീഡർ സാക്സണ്‍, സാക്സണ്‍ അൻഹാൾട്ട് എന്നീ സംസ്ഥാനങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിൽ ഇതുവരെയായി ഒരു മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടയിൽ മൂന്നു ഫയർഫോഴ്സ് സേനാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശക്തമായ വേനൽ മഴയിൽ ഒട്ടേറെ കെടുതികളാണ് സംഭവിച്ചിരിയ്ക്കുന്നത്. നീഡർസാക്സനിലെ ചെറുപട്ടണമായ ഗോസ്ലാർ മുഴുവൻ വെള്ളത്തിനടിയിലാണ്. വീടുകളും കടകളും മറ്റു സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വീടിന്‍റെ നിലവറകളിൽ കയറിയ വെള്ളം പുറത്തേയ്ക്കു കളയാനാവാതെ ജനവാസികൾ നട്ടം തിരിയുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് സർക്കാർ അപായസൂചനയും മുഴക്കിയിട്ടുണ്ട്. റോഡുകളും റെയിൽവേ പാളങ്ങളും വെള്ളത്തിനടിയിലാണ്. തദ്ദേശവാസികളെ മുഴുവൻ കുടിയൊഴുപ്പിച്ചു മറ്റു സ്ഥലങ്ങളിലേയ്ക്കു മാറ്റി പാർപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വാരാന്ത്യംവരെ കനത്ത മഴയാണ് പ്രവചിച്ചിട്ടുള്ളത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ