നവജീവൻ അന്തേവാസികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മാർ ജോസഫ് ശ്രാന്പിക്കൽ
Saturday, August 12, 2017 8:30 AM IST
കോട്ടയം: ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് ശ്രാന്പിക്കൽ തന്‍റെ അന്പതാം പിറന്നാൾ ആഘോഷം കോട്ടയത്തെ നവജീവൻ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. മെഡിക്കൽ കോളജിലെയും നവജീവൻ അന്തേവാസികളോടൊപ്പം പിറന്നാൾ ആഘോഷിച്ച മാർ ശ്രാന്പിക്കൽ മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സായാഹ്ന ഭക്ഷണ വിതരണത്തിൽ പങ്കുചേർന്നും രോഗികൾക്ക് മധുര പലഹാരം വിതരണം ചെയ്തും പിറന്നാൾ ആഘോഷം ധന്യമാക്കി.

ദിവസവും അയ്യായിരത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകുന്ന നവജീവൻ ട്രസ്റ്റിന്‍റെ ഒപ്പം പിറന്നാൾ ആഘോഷിക്കുവാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് മാർ സ്രാന്പിക്കൽ പറഞ്ഞു.

ആശുപത്രിയിലെ ഭക്ഷണ വിതരണത്തിനുശേഷം നവജീവനിലെത്തിയ മാർ സ്രാന്പിക്കലിനെ നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ് സ്വീകരിച്ചു. തുടർന്നു നടന്ന അനുമോദന യോഗത്തിൽ പി.യു. തോമസ്, മാത്യു കൊല്ലമലക്കരോട്ട്, രാജി മാത്യു എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ