ആദ്രകലാ കേന്ദ്രയുടെ നൃത്തസന്ധ്യ ബ്രിസ്റ്റോളിലെ കലാസ്നേഹികൾക്ക് നവ്യാനുഭവമായി
Sunday, December 3, 2017 3:25 AM IST
ബ്രിസ്റ്റോൾ: ആദ്രകലാ കേന്ദ്രയുടെ നേതൃത്തത്തിൽ നവംബർ 25-നു ഇന്ത്യൻ ഡാൻസ് നൈറ്റായ നൃത്ത സന്ധ്യ ഗംഭീരമായി അരങ്ങേറി. പരിപാടിയുടെ ഉദ്ഘാടനം മലയാള സിനിമയിലെ ആദ്യകാല നടൻ ശങ്കറാണ് നിർവഹിച്ചത്.

ബ്രിസ്ക പ്രസിഡന്‍റ് മാനുവൽ മാത്യുവാണ് പരിപാടിക്ക് അധ്യക്ഷം വഹിച്ചത്. നേഹ ദേവലാൽ പരിപാടിക്ക് പ്രാർത്ഥന ആലപിച്ചു. ഡോ. റാണി സെബാസ്റ്റ്യൻ സ്വാഗതം പ്രസംഗം നിർവഹിച്ചു. കുച്ചിപ്പുടി പോലുള്ള ക്ലാസിക്കൽ ഇന്ത്യൻ നൃത്തനൃത്ത്യങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പരിപാടി അരങ്ങേിയത്. ഇതിന് പുറമെ മറ്റ് നൃത്തരൂപങ്ങളും വേദിയെ സന്പന്നമാക്കിയിരുന്നു. ഓരോ നൃത്ത ഇനത്തിന്‍റെയും മൗലികത കാത്തുസൂക്ഷിച്ച് കൊണ്ടാണ് ഇവ കാണികളെ ആസ്വാദനത്തിന്‍റെ ഉന്നത സോപാനങ്ങളിലേക്ക് നയിച്ചത്. ഇവിടെ പഠിക്കുന്ന കുട്ടികൾ മണിപ്പൂരി നൃത്തം മുതൽ സിനിമാറ്റിക് ഡാൻസ് വരെയുള്ള വ്യത്യസ്തമായ ഇനങ്ങൾ പരീക്ഷിച്ചായിരുന്നു ജനത്തെ കൈയിലെടുത്തത്. സിബി മാത്യുന്‍റെ ഗാനാലാപനം പരിപാടിക്ക് മാറ്റ് കൂട്ടി.



സൗമ്യ വിപിനാണ് 2008മുതൽ ബ്രിസ്റ്റോളിൽ പ്രവർത്തനം ആരംഭിച്ച ഈ നൃത്ത വിദ്യാലയത്തിന്‍റെ സ്ഥാപക. അടുത്തിടെ കേരള സ്റ്റേറ്റ് സംഗീത നാടക അക്കാദമി അവാർഡ് നേടിയ നൃത്ത പ്രതിഭ കലാമണ്ഡലം മോഹന തുളസിയുടെ ശിഷ്യയാണിവർ.നിരവധി പേരെ നൃത്ത രംഗത്തേക്ക് ചുവട് വയ്ക്കാൻ ഈ വിദ്യാലയം വഴികാട്ടിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായിട്ടാണ് ഈ കലാകേന്ദ്രയിൽ ഇത്തരത്തിലുള്ള ഒരു നൃത്ത സന്ധ്യ നടന്നതെന്ന പ്രത്യേകതയുണ്ട്.

കുറ്റമറ്റ രീതിയിൽ കോ-ഓഡിനേറ്റ് ചെയ്ത പരിപാടിയായിരുന്നു ഇതെന്നു എടുത്ത് പറയേണ്ടുന്ന കാര്യമാണ്. പരിപാടിയിൽ പങ്കെടുത്ത എല്ലാവരും വളരെ നല്ല അഭിപ്രായമായിരുന്നു പുറപ്പെടുവിച്ചത്.ഈ പ്രോഗ്രാമിന് ലൈറ്റും സൗണ്ടുമേകിയത് ജിജി ലൂക്കോസാണ്. വീഡിയോ, ഫോട്ടോ കവറേജ് പ്രദാനം ചെയ്തത് ബെറ്റർ ഫ്രെയിംസാണ്. സ്റ്റേജും ഹാളും ഡെക്കറേറ്റ് ചെയ്തത് യുകെയിലെ പ്രശസ്തമായ ഇവന്‍റ് മാനേജ്മെന്‍റ് കന്പനിയായ ബ്രിസ്റ്റോളിലെ 4എം ഇവന്‍റ്സാണ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കെല്ലാം ലഘുഭക്ഷണം നൽകിയിരുന്നു.