റഷ്യക്കെതിരേ പുതിയ ഉപരോധങ്ങളുമായി യുഎസ്
Friday, March 16, 2018 9:12 PM IST
ബർലിൻ: ബ്രിട്ടീഷ് ചാരനും മകൾക്കും നേരേ വിഷ പ്രയോഗം നടത്തിയ സംഭവത്തിൽ യുഎസും റഷ്യയ്ക്കെതിരേ നടപടിയെടുക്കുന്നു. ബ്രിട്ടനുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രാൻസും ജർമനിയും നേരത്തെ റഷ്യയ്ക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയ ശേഷമാണ് യുഎസും ഇതിൽ പങ്കുചേർന്നിരിക്കുന്നത്.

റഷ്യയിലെ അഞ്ച് സ്ഥാപനങ്ങൾക്കും പത്തൊന്പത് വ്യക്തികൾക്കുമെതിരേയാണ് യുഎസ് പുതിയ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. 2016 ലെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടു എന്നാരോപിച്ചാണ് വ്യക്തികൾക്കെതിരായ നടപടി.

റഷ്യൻ ചാരനെതിരേ ബ്രിട്ടനിൽ നടന്ന ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്നാണു കരുതുന്നതെന്ന് ട്രംപിന്‍റെ പ്രതികരണം. റഷ്യക്കാരൻ തന്നെയായ സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കുമെതിരേ ബ്രിട്ടനിൽ വച്ച് രാസായുധമാണ് പ്രയോഗിച്ചിരിക്കുന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിതെന്നും ട്രംപ് പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആദ്യമായാണ് യൂറോപ്പിൽ ഇത്തരമൊരു രാസവസ്തു മനുഷ്യർക്കു നേരേ പ്രയോഗിക്കപ്പെടുന്നതെന്നു യുഎസും യുകെയും ഫ്രാൻസും ജർമനിയും ചേർന്നു പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ