ക്രോക്കസിന്‍റെ നിയോഗങ്ങൾ പ്രകാശനം ഏപ്രിൽ 7 ന്
Saturday, March 24, 2018 10:03 PM IST
ലണ്ടൻ: മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന യുകെയിലെ പ്രമുഖ സാഹിത്യകാരി ബീന റോയിയുടെ "ക്രോക്കസിന്‍റെ നിയോഗങ്ങൾ' എന്ന കവിതാസമാഹാരത്തിന്‍റെ
പ്രകാശനകർമം ഏപ്രിൽ 7 നു (ശനി) നടക്കും.

ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ വർണനിലാവി”നോടനുബന്ധിച്ചു ഈസ്റ്റ് ഹാമിൽ ട്രിനിറ്റി സെന്‍ററിൽ വൈകുന്നേരം 5 ന് യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് പുസ്തകത്തിന്‍റ പ്രഥമ കോപ്പി സാഹിത്യകാരി സിസിലി ജോർജിനു നൽകി പ്രകാശനം കർമം നിർവഹിക്കും. സാഹിത്യകാരൻ ജിൻസണ്‍ ഇരിട്ടി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും.

ഭാഷാ പരിജ്ഞാനം കൊണ്ടും പദ സന്പന്നത കൊണ്ടും അനുഗൃഹീതയായ എഴുത്തുകാരിയാണ് ബീന റോയി. ആശയത്തോടും അവതരണത്തോടും പ്രകടിപ്പിക്കുന്ന ആഴമേറിയ പ്രതിബദ്ധത പ്രകടമാക്കുന്ന കവിതകളുടെ സമാഹാരമാണ് ക്രോകസിന്‍റെ നിയോഗങ്ങൾ. പ്രസിദ്ധ സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ എഴുതിയ പ്രൗഢമായ അവതാരികയും ആധുനിക കവികളിൽ മുന്നിൽ നിൽക്കുന്ന കുഴുർ വിൽസണ്‍ എഴുതിയ ആസ്വാദനവും കൃതിയുടെ മഹത്വം വർധിപ്പിക്കുന്നു. ബീന റോയിയുടെ കവിതകൾ ആദ്യമായിട്ടാണ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്.

ബ്രിട്ടനിലെ കെന്‍റിൽ കുടുംബസമേതം താമസിക്കുന്ന ബീന റോയി യുകെയിലെ പ്രിയ ഗായകൻ റോയി സെബാസ്റ്റ്യന്‍റെ ഭാര്യയാണ്. അനാമിക് കെന്‍റിന്‍റെ ബാനറിൽ അടുത്തയിടെ പുറത്തിറങ്ങിയ വീഡിയോ സംഗീത ആൽബം ബൃന്ദാവനിയുടെ ഗാനങ്ങൾ രചിച്ചത് ബീനയും പ്രധാന ഗായകൻ റോയിയും ആയിരുന്നു.

റിപ്പോർട്ട്: രാജി ഫിലിപ്പ് തോമസ്