കുടുംബസംഗമം 2018 ന്‍റെ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു
Tuesday, May 22, 2018 11:48 PM IST
ഡബ്ലിൻ: അയർലൻഡിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഈ വർഷത്തെ ഫാമിലി കോണ്‍ഫറൻസിന്‍റെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. മേയ് 20 നു (ഞായർ) ഡബ്ലിൻ, സെന്‍റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. ബിജു പാറേക്കാട്ടിൽ, ആദ്യ രജിസ്ട്രേഷൻ ബിനു അന്തിനാടിനും കുടുംബത്തിനും നൽകി നിർവഹിച്ചു.

സെപ്റ്റംബർ 28, 29, 30 തീയതികൽ ഡബ്ലിനിലെ കാസിൽനോക്ക്, സെന്‍റ് വിൻസെന്‍റ്സ് കോളജിലാണ് കുടുംബസംഗമം നടത്തപ്പെടുന്നത്.

28 നു (വെള്ളി) വൈകുന്നേരം കൊടിയേറ്റിനും 5.30 ന് സന്ധ്യാ നമസ്കാരത്തിനും ശേഷം ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിച്ച് ഞായർ 9.30 ന് വിശുദ്ധ കുർബാനാനക്കും റാലിക്കും സമാപന സമ്മേളനത്തിനും ശേഷം കൊടിയിറക്കോടുകൂടി പര്യവസാനിക്കും.

ഇടവക മെത്രാപോലീത്ത ഡോ.മാത്യൂസ് മോർ അന്തിമോസ്, ഫാ. എബി വർക്കി (ഇന്ത്യ), ഫാ. എൽദോസ് വട്ടപ്പറന്പിൽ (ഡെൻമാർക്ക്), ബെൽഫാസ്റ്റ് സെന്‍റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിൽ നിന്നും സണ്‍ഡേ സ്കൂളിൽനിന്നുള്ള അധ്യാപകരും ചടങ്ങിൽ സംബന്ധിക്കും. ഭദ്രാസന തലത്തിലും ഇടവക തലത്തിലും വിവിധ കമ്മിറ്റികൾ രൂപീകരിച്ച് കുടുംബസംഗമത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നതായി സെക്രട്ടറി ഫാ. ജിനോ ജോസഫ് അറിയിച്ചു.

റിപ്പോർട്ട്: പോൾ പീറ്റർ