വാട്ടർഫോർഡ് മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ്–പുതുവൽസരാഘോഷങ്ങൾ വർണാഭമായി
Wednesday, January 11, 2017 8:29 AM IST
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള വാട്ടർഫോർഡ് മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ്–പുതുവർഷാഘോഷപരിപാടികൾ വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി ഏഴിന് സ്റ്റാഫോർഡിലെ സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികളിൽ എ.സി. ജോർജ് ക്രിസ്മസ്–പുതുവൽസര സന്ദേശം നൽകി. വാട്ടർ ഫോർഡ് മലയാളി കമ്യൂണിറ്റി പ്രസിഡന്റ് ബിനു സക്കറിയ, സേവ്യർ കുര്യാപ്പിള്ളി, ഷാജി ജോർജ് കല്ലൂർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ക്രിസ്മസ് നവവൽസരാഘോഷങ്ങളെ അവിസ്മരണീയമാക്കിയ വൈവിധ്യമേറിയ കലാ പ്രകടനങ്ങളായ കരോൾ ഗാനങ്ങൾ, ലളിതഗാനങ്ങൾ, കാവ്യശില്പങ്ങൾ, ഉപകരണ സംഗീതം, നൃത്തങ്ങൾ തുടങ്ങിയവ അരങ്ങേറി. വാട്ടർഫോർഡ് മലയാളി കമ്യൂണിറ്റിയുടെ മുതിർന്നവരും കൊച്ചു കലാകാരന്മാരും കലാകാരികളുമായ ബിയമോൾ, അനൂപ്, ആഷ്ലി തോമസ്, മീരബെൽ മനോജ്, ഐറീൻ സക്കറിയ, ജൂലിയ റോൺസി, സെബാൻ സാം കോട്ടയം, ഏലിയാസ് വർക്കി, ജാക്ക് സെബാൻ, നവീൻ ജോസഫ, സണ്ണി ജോസഫ്, ജീമോൻ, മനോജ്, ഡൈജു തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജീമോൻ നെടുംപറമ്പിൽ പരിപാടികളുടെ അവതാരകനായിരുന്നു.

ചടങ്ങിൽ വാട്ടർഫോർഡ് മലയാളി കമ്യൂണിറ്റിയുടെ പുതിയ പ്രവർത്തക സമിതിയേയും തെരഞ്ഞെടുത്തു. ഏബ്രഹാം വർഗീസ് (പ്രസിഡന്റ്), ജോസ് മാത്യു (വൈസ് പ്രസിഡന്റ്), റോൺസി ജോർജ് (സെക്രട്ടറി), ബിജിനോസ് സേവ്യർ (ജോയിന്റ് സെക്രട്ടറി), ഷിബു ജോൺ (ട്രഷറർ), ഡൈജു മുട്ടത്ത് (ജോയിന്റ് ട്രഷറർ), മൻജു മനോജ് (പ്രോഗ്രാം കോ–ഓർഡിനേറ്റർ), സോണി സൈമൺ (ഫുഡ് കോ–ഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്ത് ചുമതലപ്പെടുത്തി. ഡിന്നറോടെ ആഘോഷപരിപാടികൾ സമാപിച്ചു.