ജർമനിയിൽ വ്യാജവാർത്ത പ്രസിദ്ധീകരിച്ച ദിനപത്രം വിവാദത്തിൽ
Friday, February 23, 2018 12:45 AM IST
ബർലിൻ: റഷ്യൻ ഇമെയിൽ വാർത്ത വ്യാജമാണെന്നറിയാതെ പ്രസിദ്ധീകരിച്ച ജർമനിയിലെ ഏറ്റവും വലിയ ദിനപത്രം ബിൽഡ് വിവാദത്തിൽ. സറ്റയർ മാഗസിനിൽ വന്ന വാർത്തയുടെ ഉറവിടം അന്വേഷിക്കാതെ, വാർത്ത സത്യമാണെന്ന് വിശ്വസിച്ചാണ് ബൈൽഡ് പ്രസിദ്ധീകരിച്ചത്.

ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ യുവജന വിഭാഗം നേതാവ് കെവിൻ കുനേർട്ടും റഷ്യയിൽനിന്നുള്ള നിഗൂഢ വ്യക്തിയുമായുള്ള ഇമെയിൽ ആശയവിനിമയങ്ങൾ സംബന്ധിച്ചായിരുന്നു വ്യാജ വാർത്ത. എസ്പിഡി ജർമനിയിലെ സർക്കാർ രൂപീകരണത്തിൽ പങ്കെടുക്കുന്നതിനെ ശക്തമായി എതിർക്കുന്ന നേതാവാണ് കുനേർട്ട്. ഈ പശ്ചാത്തലത്തിൽ, എസ്പി ഡിയിൽ പുതിയ ധ്രുവീകരണം എന്ന മട്ടിൽ വാർത്ത പ്രസിദ്ധീകരിച്ച പത്രം പത്തു ലക്ഷം കോപ്പികളാണ് വിതരണം ചെയ്തത്.

സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസിനെതിരേ പ്രചാരണം നടത്താനും സർക്കാർ രൂപീകരണത്തിനെതിരായ കുനേർട്ടിന്‍റെ നിലപാടിന് പൊതുജന പിന്തുണ ആർജിക്കാനുമുള്ള ചർച്ചകളാണ് റഷ്യൻ ഏജന്‍റുമായി നടന്നതെന്നായിരുന്നു വാർത്ത. 4000 - 5000 യൂറോ ഇതിനായി സംഭാവന ചെയ്യാമെന്ന റഷ്യക്കാരന്‍റെ വാഗ്ദാനം കൂടിയായതോടെ വാർത്ത കൊഴുത്തു.

യുഎസിലെയും ഫ്രാൻസിലെയും റഷ്യൻ ഇടപെടൽ കത്തി നിൽക്കുന്ന സമയത്ത് സംഭവം ജർമനിയിലെ റഷ്യൻ ഇടപെടൽ വരെയായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് വാർത്ത ആക്ഷേപഹാസ്യം മാത്രമായിരുന്നുവെന്നും അതു കോപ്പിയടിച്ച ബിൽഡിന് അമളി പറ്റിയതായിരുന്നുവെന്നും വ്യക്തമായത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ